Wednesday, October 17, 2018 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 03.13 PM

പ്രശ്‌നക്കാരനും നല്ലവനും

മക്കളെ വളര്‍ത്തുക ഏറെ ക്ലേശകരവും ഉത്തരവാദിത്തവുമുള്ള കാര്യമാണ്. കുട്ടികളെ എങ്ങനെ നന്നായി വളര്‍ത്താമെന്നു സോദാഹരണം വ്യക്തമാക്കുന്ന പ്രമുഖ മോട്ടിവേഷണല്‍ ട്രെയിനറും ഫാമിലി കൗണ്‍സിലറും എഴുത്തുകാരനുമായ പ്രൊഫ. പി. എ.വര്‍ഗീസിന്റെ പംക്തി
uploads/news/2018/08/238290/GOODPARENTING020818.jpg

പരസ്പരം സ്‌നേഹിക്കാത്ത മാതാപിതാക്കള്‍ക്ക് കുട്ടികളെ സ്‌നേഹിക്കാനോ, അവരില്‍ സുരക്ഷിതത്വബോധം ജനിപ്പിക്കാനോ കഴിയില്ല. വൈകാരികത കൂടുതല്‍ അമ്മയ്ക്കും സ്‌നേഹപ്രകടനത്തില്‍ പിശുക്ക് കാണിക്കുന്നത് അച്ഛനുമാണ്.

അച്ഛനും അമ്മയും കുട്ടിയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും അത് പ്രകടമാക്കുകയും വേണം. പരസ്പര സ്‌നേഹമില്ലാത്തവര്‍ക്ക് ഇതിന് കഴിയുമോ? ഏതെങ്കിലും ഒരാള്‍ കുഞ്ഞിനെ സ്‌നേഹിക്കുകയും മറ്റേയാള്‍ നിസ്സംഗതപാലിക്കുകയും ചെയ്യുന്നത് ശരിയല്ല. കുട്ടിയോട് വെറുപ്പോ, ഇഷ്ടക്കുറവോ കാണിക്കുന്നത് തികച്ചും തെറ്റാണ്. അത് കുട്ടിയുടെ വികാസത്തെ പ്രതികൂലമായി ബാധിക്കുകയേ ചെയ്യൂ.

പരസ്പര സ്‌നേഹം


മാതാപിതാക്കളുടെ ബന്ധം കുട്ടിയുടെ വൈകാരികജീവിതത്തിന്റെ അടിസ്ഥാനമാണ്. വിവാഹബന്ധം നേര്‍വഴിക്കല്ലെങ്കില്‍ കുട്ടികള്‍ വഴിതെറ്റിപ്പോകാനിടയുണ്ട്. അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന വീടുകളിലെ കുട്ടികളാണ് സ്‌നേഹം കിട്ടുന്നിടത്തേക്ക് ഒളിച്ചോടുക.

സമ്പത്തുള്ള കുടുംബങ്ങളിലെ സുന്ദരികളായ പെണ്‍കുട്ടികള്‍പോലും ഏടാകൂടങ്ങളില്‍ ചെ ന്നു പെടാറുണ്ട്. വേശ്യാത്തെരുവില്‍ എത്തിച്ചേരുന്ന പല പെണ്‍കുട്ടികളുടേയും കുടുംബത്തില്‍ വഴക്കും വക്കാണവും കൊടികുത്തി വാഴുന്നുണ്ടാവും. നല്ല വീടുകളിലെ കുട്ടികളും അറിയാതെ അഴുക്കുചാലില്‍ ചെന്നെത്തുന്നില്ല എന്നല്ല. അതിന്റെ സാധ്യത വളരെ കുറവാണ്.

അരക്ഷിതാവസ്ഥയുള്ള കുടുംബത്തില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് ഒന്നിലും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞെന്ന് വരില്ല. സ്വത്തും പണവും ഇല്ലെങ്കിലും മാതാപിതാക്കള്‍ തമ്മില്‍ ധാരണയും സ്‌നേഹവുമുണ്ടെങ്കില്‍ കുട്ടികള്‍ വഴിതെറ്റാനുള്ള സാധ്യത കുറവാണ്.

ഉപാധികളില്ലാത്ത സ്‌നേഹം


കുട്ടി പ്രശ്‌നക്കാരനോ, നല്ലവനോ ആകാം. പക്ഷേ, രണ്ട് കൂട്ടര്‍ക്കും ഉപാധികളില്ലാത്ത സ്‌നേഹം കിട്ടിയിരിക്കണം. കുട്ടി സുന്ദരനോ, വിരൂപനോ, ബുദ്ധിമാനോ, ബുദ്ധി അല്പം കുറഞ്ഞവനോ ആകാം. അവനെ പൂര്‍ണ്ണമായി അംഗീകരിക്കണം. മാതാപിതാക്കള്‍ രണ്ടുപേരും കുട്ടിയെ സ്‌നേഹിക്കണം.
അവന്റെ നിറത്തിനും മുഖസൗന്ദര്യത്തിനും ബുദ്ധിക്കും മടിക്കുമൊന്നും അവനല്ലല്ലോ ഉത്തരവാദി. കുട്ടിയിലുള്ളതെന്തും മാതാപിതാക്കളില്‍നിന്ന് ലഭിക്കുന്നതാണ്. അവന്റെ സ്വഭാവവും വൈകാരിക നിലയും കുടുംബ സാഹചര്യങ്ങളില്‍നിന്നുമാണ് രൂപപ്പെടുത്തിയെടുക്കുന്നത്.

ഭംഗിയുള്ള കുട്ടിയെ കൂടുതല്‍ സ്‌നേഹിക്കുക, മാര്‍ക്ക് കൂടുതല്‍ വാങ്ങുന്നവളെ കൂടുതല്‍ ലാളിക്കുക അല്ലെങ്കില്‍ ഇഷ്ടപ്പെടുക ഇതൊന്നും അഭിലഷണീയമല്ല. മാര്‍ക്ക് കുറഞ്ഞാല്‍, മടികാണിച്ചാല്‍ വഴക്ക് പറയുന്ന മാതാപിതാക്കള്‍ ധാരാളമുണ്ട്. അതുപോലെ നല്ല പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ സ്‌നേഹിക്കുകയും മറ്റ് ചിലപ്പോഴൊക്കെ സ്‌നേഹിക്കാതിരിക്കുകയും ചെയ്യുന്നത് ശരിയല്ല.

ഇത് ഒരിക്കലും സ്‌നേഹിക്കാത്തതുപോലെ തന്നെയാണ്. പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നാല്‍ അമിതമായി സ്‌നേഹിക്കുന്നവരുണ്ട്. ഈ മാറ്റം കുട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അച്ഛനമ്മമാരുടെ പ്രതീക്ഷയ്‌ക്കൊത്ത് തനിക്കുയരാന്‍ കഴിയുമോ എന്നൊരു ആധി കുട്ടിയുടെ മനസ്സിലുണ്ടാകും.

അമ്മയുടെ സ്‌നേഹക്കുറവ്


പ്രസവശേഷം അമ്മയ്ക്ക് കുഞ്ഞിനോട് ഇഷ്ടക്കുറവുണ്ടെങ്കില്‍ കുഞ്ഞിനത് മനസ്സിലാകും. കുഞ്ഞിന്റെ കരച്ചില്‍ കൂടും. പ്രശ്‌നങ്ങളുണ്ടാക്കും. അസ്വസ്ഥത കാണിക്കും. അമ്മയും അച്ഛനും കുഞ്ഞിനോട് താല്പര്യം പ്രകടിപ്പിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ ലോകം ഇരുളടഞ്ഞതാകും.

മാതാപിതാക്കള്‍


കുട്ടിയെ പരിപാലിക്കുവാന്‍ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ട്. മിടുക്കന്മാരായ, നല്ലവരായ കുട്ടികള്‍ക്ക് പ്രശ്‌നക്കാരായ കുട്ടിയെ പരിപാലിക്കുവാന്‍ താല്പര്യമില്ലാത്ത, മാതാപിതാക്കളെ കിട്ടിയാല്‍ അവര്‍ പ്രശ്‌നക്കാരായി വളര്‍ന്നുവരും. കുട്ടി പ്രശ്‌നക്കാരന്‍ കൂടിയാണെങ്കില്‍ കഷ്ടകാലമാണ്. അവന്‍/അവള്‍ പീഡിപ്പിക്കപ്പെടാം, ഉപേക്ഷിക്കപ്പെടാം.

കുട്ടിയുടെ ഭാവി


ഭാവി നിശ്ചയിക്കുന്നത് പാരമ്പര്യ ഘടകങ്ങളും കുടുംബസാഹചര്യവും പ്രധാനമായി മാതാപിതാക്കള്‍ തമ്മിലുളള സ്‌നേഹവും ഒത്തുചേര്‍ന്നാണ്. മാതാപിതാക്കളുടെ സ്വഭാവരീതികള്‍ കുട്ടിയെ സ്വാധീനിക്കും. തിരിച്ചും അങ്ങനെ തന്നെ.

പ്രശ്‌നക്കാരായ കുട്ടികള്‍ മാതാപിതാക്കളെപ്പോലും ചീത്തയാക്കിയെന്നു വരാം. ജന്മനാ ലഭിക്കുന്ന ഘടകങ്ങളും സ്വഭാവവും മാതാപിതാക്കളുടെ സമീപനവുമാണ് കുട്ടിയുടെ വ്യക്തിത്വം തീരുമാനിക്കുന്നത്. അതിലൂടെ കുഞ്ഞിന്റെ ഭാവിയും.

പ്രശ്‌നക്കാരായ കുട്ടികള്‍ പോലും നല്ല അമ്മയുടേയും അച്ഛന്റേയും കരങ്ങളില്‍ സുരക്ഷിതരായിരിക്കും. സ്‌നേഹവും നല്ല വളര്‍ത്തലും കുട്ടിയിലെ ദുഷ്പ്രവണതകളെ ഇല്ലായ്മ ചെയ്യും.

അതുകൊണ്ട് കുട്ടി എങ്ങനെയുള്ളതാണെങ്കിലും സ്‌നേഹവും സംരക്ഷണവും ക്ഷമയോടെയുള്ള ശ്രദ്ധയുമാണ് പകര്‍ന്നു നല്‍കേണ്ടത്. നല്ല സ്വഭാവമുള്ള കുട്ടി നല്ലൊരമ്മയുടെ കൈകളില്‍ വരുമ്പോഴാണ് വിജയിയാകുന്നത്.

പ്രൊഫ. പി.എ.വര്‍ഗീസ്
മോട്ടിവേഷന്‍ ട്രെയിനര്‍ ഫാമിലി കൗണ്‍സിലര്‍
കൊച്ചി , 0484 4064568

Ads by Google
Ads by Google
Loading...
TRENDING NOW