Tuesday, April 23, 2019 Last Updated 7 Min 26 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖിക
Thursday 02 Aug 2018 09.53 AM

ചുമട്ടുജോലി മുതല്‍ കള്ളക്കടത്ത് വരെ, വിഷാദാത്മക ഗസല്‍ പോലെ ഒരു ജീവിതയാത്ര

Umbai story

കൊച്ചി: ഒരു വിഷാദാത്മക ഗസല്‍ പോലെ ദുരിതാനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു ഉമ്പായിയുടെ ജീവിതയാത്ര. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഗസലുകളില്‍ തീവ്രാനുഭവങ്ങളുടെ ചൂടും ചൂരുമുണ്ടായിരുന്നു. ചുമട്ടുജോലി മുതല്‍ കള്ളക്കടത്ത് വരെയുള്ള ജോലികള്‍ തുടക്കത്തില്‍ ചെയ്തിട്ടുണ്ട്. തന്റെ ആത്മകഥയായ രാഗം ഭൈരവിയില്‍ അദ്ദേഹം ജീവിതത്തെക്കുറിച്ച് തുറന്നെഴുതി.


കല്‍വത്തി സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുമ്പാള്‍ തബലയോടായിരുന്നു താല്‍പര്യം. എങ്ങനെയും ഒരു തബലിസ്റ്റാകണം. സ്വന്തമായി ഒരു റേഡിയോ ഇല്ലായിരുന്നു.
സ്‌കൂള്‍ വിട്ടാല്‍ മട്ടാഞ്ചേരി സ്റ്റാര്‍ തിയറ്ററിനു മുന്നിലേക്കോടും പാട്ടു കേള്‍ക്കാന്‍. ഏറ്റവും പുതിയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ റെക്കോഡ് സ്റ്റാര്‍ തിയറ്ററില്‍ വയ്ക്കുമായിരുന്നു.

റേഡിയോയിലെ ബിനാക്ക ഗീത്മാല കേള്‍ക്കാനായി ചായക്കടയിലും ബാര്‍ബര്‍ ഷോപ്പിലും പതിവായി പോകുമായിരുന്നു. അന്ന് ഓര്‍മയില്‍ ആഴത്തില്‍ പതിഞ്ഞ പാട്ടുകളാണ് ഏതു വേദിയിലും ആസ്വാദകരെ തൃപ്തിപ്പെടുത്താന്‍ ഉമ്പായിയെ സഹായിച്ചിരുന്നത്.

തബല വാദനത്തില്‍ കമ്പം കൂടിയതോടെ മുംബൈയിലേക്കു വണ്ടി കയറി. ബാപ്പയുടെ സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു ജീവിതം. ഉസ്താദ് മുജാവര്‍ അലീഖാന്റെ കീഴില്‍ തബല പഠനത്തിനിടെ കേട്ട ശിഷ്യന്റെ സ്വരമാധുരിയാണ് ഉമ്പായിയെ ഗസല്‍ ഗായകനാക്കിയത്. അലീഖാന്‍ ഉമ്പായിയെ ഏഴു വര്‍ഷത്തോളം ഹിന്ദുസ്ഥാനി പഠിപ്പിച്ചു.
ഉമ്മയുടെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങിയ ഉമ്പായി പിന്നെ തന്റെ കര്‍മ്മരംഗമാ
യി തെരഞ്ഞെടുത്തത് കൊച്ചിയാണ്. സുഹൃത്തായിരുന്ന കൊച്ചിയുടെ ജനകീയ ഗായകന്‍ മെഹബൂബിന്റെ കൂടെ ഗാനമേളകളില്‍ പങ്കെടുത്തു. ഇതിനിടയില്‍ ജീവിക്കാന്‍ വേണ്ടി ചെയ്യാത്ത പണികളില്ല. ചുമട്ടുതൊഴിലാളിയായും കള്ളക്കടത്തുകാരനായും ഡ്രൈവറായും ഇലക്ട്രീഷ്യനായും ജോലി ചെയ്തു. മുംബൈയില്‍നിന്നു ഫോറിന്‍ സാധനങ്ങള്‍ നികുതിവെട്ടിച്ച് കൊച്ചിയിലെത്തിച്ചു വില്‍പന നടത്തി.

ചെമ്മീന്‍ ഫാക്ടറിയില്‍ ഡ്രൈവറായി. ഹെവി ലൈസന്‍സ് സ്വന്തമാക്കിയ ആദ്യ കൊച്ചിക്കാരിലൊരാളും ഉമ്പായിയായിരുന്നു. മദ്യമടക്കമുള്ള തെറ്റായ മാര്‍ഗങ്ങളിലേക്കു വഴുതിവീണപ്പോഴും കൂടെയുണ്ടായിരുന്ന സംഗീതമാണ് പിന്നീട് നേര്‍വഴിക്കു നയിച്ചതെന്നു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സന്ധ്യകളാണ് ഉമ്പായിയിലെ ഗായകനെ വളര്‍ത്തിയത്. ഒരിക്കല്‍ ന്യൂഡല്‍ഹിയില്‍ ഒരു സദസില്‍ ഹിന്ദി, ഉര്‍ദു ഗാനങ്ങള്‍ അവതരിപ്പിച്ചശേഷം സദസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഭാര്‍ഗവീ നിലയത്തിലെ 'താമസമെന്തേ വരുവാന്‍' എന്ന ഗാനമാലപിച്ചു. സദസ് നിറഞ്ഞ കൈയടിയോടെയാണ് ഇതു സ്വീകരിച്ചത്. ഇതിനുശേഷമാണു മലയാളത്തില്‍ എന്തുകൊണ്ട് ഗസലുകള്‍ ആയിക്കൂടാ എന്ന് അദ്ദേഹം ചിന്തിച്ചത്. ചലച്ചിത്ര മേഖലയില്‍നിന്നു നിരവധി ഓഫറുകള്‍ വന്നിട്ടും അതില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി. സംവിധായകരുടെ ഇംഗിതത്തിനനുസരിച്ച് വിട്ടുവീഴ്ച ചെയ്യാന്‍ ഉമ്പായി ഒരുക്കമല്ലായിരുന്നു.

ആദ്യം കവിതകള്‍ നല്‍കാതിരുന്ന ഒ.എന്‍.വിയും പി. ഭാസ്‌ക്കരനും യൂസഫലി കേച്ചേരിയുമെല്ലാം പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ കൈയൊപ്പു പതിഞ്ഞ ഗസലുകള്‍ കേട്ട് വാരിക്കോരി കവിതകള്‍ നല്‍കി.

ഒ.എന്‍.വി ഏറ്റവും ഇഷ്ടത്തോടെ എന്നും കേള്‍ക്കുന്നതും അദ്ദേഹത്തിന്റെ തന്നെ കവിതയായ പാടുക സൈഗാള്‍ പാടൂ എന്ന ഗസല്‍ തന്നെ.
സച്ചിദാനന്ദന്‍ നാല്‍പതിലധികം കവിതകള്‍ പിന്നീട് നല്‍കിയപ്പോഴും കവികളുടെ ആഗ്രഹത്തിനനുസരിച്ച് സംഗീതം നിര്‍വഹിക്കാന്‍ ഈ കലാകാരന്‍ തയാറായില്ല.

Ads by Google
സ്വന്തം ലേഖിക
Thursday 02 Aug 2018 09.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW