Friday, November 16, 2018 Last Updated 10 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 02.23 AM

ഇതരസംസ്‌ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്തണം

uploads/news/2018/08/238206/editorial.jpg

ഇതരസംസ്‌ഥാന തൊഴിലാളി ഉള്‍പെടുന്ന മറ്റൊരു കുറ്റകൃത്യം കൂടി കേരളത്തില്‍ നടന്നിരിക്കുകയാണ്‌. എറണാകുളം ജില്ലയിലെ കിഴക്കമ്പലം നോര്‍ത്ത്‌ അമ്പുനാട്‌ അന്തിനാട്‌ വീട്ടിലെ നിമിഷയെന്ന ഇരുപത്തിരണ്ടു വയസ്സുകാരി ഇക്കഴിഞ്ഞ തിങ്കളാഴ്‌ച കൊല്ലപ്പെട്ടത്‌ നാടിനെ നടുക്കിയ സംഭവമായിരുന്നു. വിദ്യാര്‍ഥിനിയായ നിമിഷയുടെ വീടിനടുത്തുള്ള കമ്പനിയിലെ തൊഴിലാളിയായ ഇതരസംസ്‌ഥാന തൊഴിലാളിയായ ബിജു മുള്ള മോഷണ ശ്രമത്തിനിടെ നിമിഷയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തുകയായിരുന്നു. പശ്‌ചിമബംഗാള്‍ സ്വദേശിയായ ബിജു മുള്ള വീട്ടിലെത്തി മുത്തശ്ശി സാറാമ്മയുടെ മാല പൊട്ടിച്ച്‌ ഓടിയപ്പോള്‍ തടയാന്‍ ശ്രമിക്കവെയാണു നിമിഷ ആക്രമിക്കപ്പെട്ടത്‌. അവള്‍ അവിടെത്തന്നെ മരിച്ചുവീണു. ഏതാനും നിമിഷങ്ങള്‍ കൊണ്ട്‌ ഒരു കുടുംബത്തെതന്നെ തര്‍ത്തുകളഞ്ഞ അക്രമമായിരുന്നു ഇത്‌.

സംഭവത്തെ തുടര്‍ന്നു ബിജു മുള്ള ജോലി ചെയ്യുന്ന സ്‌ഥാപനത്തിനുനേരേ നാട്ടുകാര്‍ ആക്രമണം നടത്തി. പ്രതിഷേധത്തോടെ നില്‍ക്കുന്ന ജനങ്ങള്‍ ഇങ്ങനെ പ്രതികരിക്കുന്നത്‌ സ്വാഭാവികം മാത്രമാണ്‌. പോലീസിന്റെ ഉചിതമായ ഇടപെടലിലൂടെ ജനങ്ങളെ തടഞ്ഞു നിര്‍ത്തി. എന്നാല്‍, ഇതരസംസ്‌ഥാന തൊഴിലാളികള്‍ക്കെതിരേ വികാരം ഉയര്‍ന്നു വരുന്നതാണു കാണുന്നത്‌. കേരളത്തിന്റെ പൊതുസമൂഹത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്‌ ഇതരസംസ്‌ഥാന തൊഴിലാളികള്‍. മലയാളികള്‍ ചെയ്യാന്‍ മടിക്കുന്ന ജോലികള്‍ മാത്രമല്ല, മലയാളികള്‍ക്ക്‌ അനായാസം ചെയ്യാവുന്ന ജോലികള്‍ക്കു പോലും ഇവരാണ്‌ ഇന്നുള്ളത്‌. കേരളത്തിലെ അങ്ങാടികളിലെ കടകളില്‍ ഭൂരിപക്ഷത്തിലും ഇതരസംസ്‌ഥാന തൊഴിലാളികള്‍ നിറഞ്ഞിരിക്കുകയാണ്‌. അവരെ കേരളം അംഗീകരിച്ചു കഴിഞ്ഞിരിക്കുകയുമാണ്‌. മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ വിലക്കുകളും വിവേചനങ്ങളുമില്ലാതെ ജീവിക്കാമെന്നതിനാല്‍ ഇതരസംസ്‌ഥാനക്കാരും സന്തുഷ്‌ടരാണ്‌. ഇവരുടെ ഉന്നമനത്തിനായി സര്‍ക്കാരും മുന്‍കൈയെടുക്കുന്നുണ്ട്‌.

എന്നാല്‍, ഇവരില്‍ ഒരു ന്യൂനപക്ഷം ചെയ്യുന്ന അക്രമപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇവരൊന്നടങ്കം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന അവസ്‌ഥ ഉടലെടുത്തിട്ടുണ്ട്‌. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകവും കോട്ടയം പാറമ്പുഴയിലെ ഒരു കുടുംബത്തിലെ മൂന്നു പേരുടെ കൊലപാതകവും ഇതരസംസ്‌ഥാന തൊഴിലാളികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. ഈ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്‌ഥലങ്ങളില്‍ അന്യോന്യം ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നടന്നിട്ടുണ്ട്‌. ഇവര്‍ക്കിടയില്‍ ക്രിമിനലുകളും ഉണ്ടെന്നാണ്‌ ഇതില്‍നിന്നെല്ലാം മനസ്സിലാക്കേണ്ടത്‌. ബംഗാളികള്‍ എന്ന പേരില്‍ ബംഗ്ലാദേശില്‍നിന്നുള്ളവരും കേരളത്തില്‍ കഴിയുന്നുണ്ടെന്ന്‌ വ്യാപകമായ ആരോപണവുമുണ്ട്‌. ഈ സ്‌ഥിതിക്ക്‌ അന്യസംസ്‌ഥാന തൊഴിലാളികളുടെ കൃത്യമായ വിവരം ശേഖരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ശ്രമകരമായ ദൗത്യമാണെങ്കിലും തദ്ദേശ സ്‌ഥാപനങ്ങളുടെ സഹായത്തോടെ ഇതു ചെയ്യാവുന്നതേയുള്ളു. കേരളത്തിലുള്ള അന്യസംസ്‌ഥാന തൊഴിലാളികളുടെ ഡേറ്റബേസ്‌ ഉണ്ടാക്കിക്കഴിഞ്ഞാല്‍ ഇത്തരം അക്രമങ്ങള്‍ ഒരു പരിധി വരെ തടയാന്‍ സാധിക്കും. ഇതിലൊന്നും പെടാത്തവര്‍ക്കു സമാധാനത്തോടെ ഇവിടെ ജീവിക്കാനും ഇതുവഴി കഴിയും.

Ads by Google
Thursday 02 Aug 2018 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW