Thursday, June 13, 2019 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 02.21 AM

സൈബര്‍ ലോകത്തെ 'കീലേരി അച്ചു'മാര്‍

uploads/news/2018/08/238205/bft1.jpg

രാഷ്‌ട്രീയക്കാര്‍ പൊതുവേ സാമൂഹികമാധ്യമങ്ങളുടെ സ്‌ഥിരം ഇരയാണെങ്കിലും അടുത്തിടെക്കണ്ട ഒരു ട്രോള്‍ എന്നെ ഞെട്ടിച്ചു. "മകനേ എത്രയും വേഗം മടങ്ങിവരൂ, കാഞ്ഞിരപ്പള്ളിക്കാര്‍ കാത്തിരിക്കുന്നു..." എന്നായിരുന്നു എന്റെ ചിത്രം സഹിതമുള്ള ട്രോള്‍! തലേന്നു വൈകിട്ടും എന്നെ കാഞ്ഞിരപ്പള്ളിയില്‍ കണ്ടവര്‍ അതിരാവിലെ വിളിച്ചു. "ഇവന്മാര്‍ക്കിത്‌ എന്തിന്റെ കേടാ, ഇന്നലെയും സാര്‍ മണ്ഡലത്തിലുണ്ടായിരുന്നല്ലോ?" എന്നായിരുന്നു അവരുടെ ചോദ്യം.
ട്രോളിനോടു പ്രതികരിച്ചവരില്‍ എന്റെ രാഷ്‌ട്രീയപ്രസ്‌ഥാനത്തോട്‌ അനുഭാവമില്ലാത്തവരും ഉണ്ടായിരുന്നു. ഉള്ളതിനും ഇല്ലാത്തതിനും പഴി കേള്‍ക്കേണ്ടിവരുന്ന രാഷ്‌ട്രീയക്കാരുടെ ഗതികേടിനെക്കുറിച്ച്‌ അവരോട്‌ എന്തുപറയാന്‍? ട്രോളുകളുടെ മനഃശാസ്‌ത്രം മനസിലാകണമെങ്കില്‍ കേംബ്രിഡ്‌ജ്‌ ഇംഗ്ലീഷ്‌ നിഘണ്ടുവില്‍ ആ വാക്കിന്റെ നിര്‍വചനമറിയണം. "വൃത്തികെട്ട ഗുഹകളില്‍ മാത്രം കാണുന്ന ഭീമാകാരനോ കുള്ളനോ ആയി ചിത്രീകരിക്കപ്പെടുന്ന ഒരുതരം ജീവി" എന്നാണ്‌ ആ വാക്കിന്റെ പച്ചമലയാളത്തിലുള്ള അര്‍ത്ഥം.
ചെറുതോണി അണക്കെട്ട്‌ 1992-ല്‍ തുറന്നുവിട്ട ചിത്രം (അന്തരിച്ച ഫോട്ടോഗ്രാഫര്‍ വിക്‌ടര്‍ ജോര്‍ജ്‌ എടുത്തത്‌) സമകാലികസാഹചര്യത്തില്‍ ഞാന്‍ ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ചിരുന്നു. അതിനു താഴെക്കണ്ട ഒരു കമന്റ്‌ "താന്‍ ആരാ?" എന്നായിരുന്നു. നടക്കുന്ന വഴിയെല്ലാം തുപ്പിനാശമാക്കുന്ന ഒരാളെ ചെറുപ്പത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. ഒരു പ്രത്യേക മാനസികാവസ്‌ഥയാണത്‌. സാമൂഹികമാധ്യമങ്ങളില്‍ ചിലരുടെ പ്രതികരണങ്ങള്‍ ഇത്തരത്തിലാണ്‌. വയലാറിന്റെ കവിതയിലെ ചില വരികള്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചപ്പോള്‍, "താങ്കളെ എം.എല്‍.എയാക്കി വിട്ടത്‌ കവിതയെഴുതാനല്ല" എന്നു കമന്റിട്ട ഒരു മഹാനുമുണ്ട്‌. മനസില്‍ തോന്നിയ മറുപടി മറ്റൊരു വയലാര്‍ കവിതയാണ്‌- "അവിടുത്തെ മുന്‍പില്‍ ഞാനാര്‌, ദൈവമാര്‌...". നടന്നുപോകുമ്പോള്‍ തലയില്‍ കാക്ക കാഷ്‌ഠിച്ചാല്‍ തൂത്തുകളയുകയല്ലാതെ മറ്റെന്തു ചെയ്യാന്‍? അതുകൊണ്ട്‌ ഇത്തരം കമന്റുകള്‍ പൊതുവേ അവഗണിക്കാറാണു പതിവ്‌.
സോഷ്യല്‍ മീഡിയ ട്രോളുകളെപ്പറ്റി ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. "ട്രോളന്മാര്‍" പൊതുവേ പരപീഡനരതി(സാഡിസം)യില്‍ തത്‌പരരാണ്‌ എന്നതാണ്‌ ഒരു കണ്ടെത്തല്‍. വിഖ്യാത മനഃശാസ്‌ത്രജ്‌ഞന്‍ സിഗ്‌മന്റ്‌ ഫ്രോയിഡിന്റെ സിദ്ധാന്തത്തില്‍ സൂചിപ്പിക്കുന്ന സ്‌തംഭനം (ഫിക്‌സേഷന്‍) ഇവര്‍ക്കും ബാധകമാണ്‌. മനുഷ്യന്റെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും സുഖം ആസ്വദിക്കാനുള്ള അഭിവാഞ്‌ഛ അന്തര്‍ലീനമാണ്‌; കുഞ്ഞുങ്ങള്‍ വിരല്‍ വായിലിടുന്നതുപോലെ. വ്യക്‌തിത്വവികസനത്തിന്റെ ഘട്ടത്തില്‍ പലരും പലതും ആയിത്തീരാന്‍ ആഗ്രഹിക്കും. പ്രശസ്‌തരാകാനുള്ള ആഗ്രഹം ഉള്ളിലൊതുക്കേണ്ടിവരുമ്പോള്‍ സാങ്കല്‍പിക പരകായപ്രവേശത്തിലൂടെ അപരവ്യക്‌തിത്വവും ഉള്ളിലിരിപ്പും പുറത്തുചാടും. ഉപബോധമനസിന്റെ കളിയാണത്‌. അതുകൊണ്ടുതന്നെ ഇവര്‍ പൊതുവേ അപകടകാരികളല്ല. ചേരയെപ്പോലെ കാടിളക്കിവരുമെന്നു മാത്രം. നാട്ടിന്‍പുറങ്ങളില്‍ കൊച്ചുപിച്ചാത്തിയുമായി ആളുകളെ ഭയപ്പെടുത്തിയിരുന്ന "കീലേരി അച്ചു"മാരില്‍നിന്ന്‌ ഒട്ടും വ്യത്യസ്‌തരല്ല ഇക്കൂട്ടര്‍. ആളുകള്‍ ഒഴിഞ്ഞുപോകുന്നത്‌ പേടിച്ചിട്ടല്ലെന്നു മനസിലാകാത്തത്‌ ഇവര്‍ക്കു മാത്രമായിരിക്കും.
ചേരകളെപ്പോലെ വിഷമില്ലാത്തവരാണു പല ട്രോളന്മാരും. എന്നാല്‍ തികച്ചും അപകടകരമാണു ചില ആസൂത്രിത ട്രോളുകള്‍. കൃത്യമായ അജന്‍ഡയുടെ ഭാഗമായി, സമൂഹത്തില്‍ ആര്‍ക്കുനേരെയും ആക്രമണങ്ങള്‍ അഴിച്ചുവിട്ട്‌, അവരെ വ്യക്‌തിപരമായി തളര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ട്‌. അവരുടെ ലക്ഷ്യം പലപ്പോഴും മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയില്ല. കേംബ്രിഡ്‌ജ്‌ നിഘണ്ടുവിലെ ട്രോളിന്റെ നിര്‍വചനം അര്‍ത്ഥവത്താകുന്നത്‌ ഇത്തരക്കാരുടെ കാര്യത്തിലാണ്‌. സംഘടിത ട്രോളുകള്‍ ചീറ്റുന്ന വിഷം നന്മയുടെ പച്ചപ്പുകളെ കരിച്ചുകളയും. ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും ആവിഷ്‌കൃതമാകുന്നതിന്‌ എത്രയോ മുമ്പേ മനുഷ്യകുലത്തിന്റെ മനോവ്യാപാരത്തെക്കുറിച്ചു ഫ്രോയിഡ്‌ ദീര്‍ഘദര്‍ശനം ചെയ്‌തത്‌ അത്ഭുതത്തോടെയേ കാണാനാകൂ. അദ്ദേഹത്തിന്റെ ഡിഫന്‍സ്‌ മെക്കാനിസത്തില്‍ ചിലതൊക്കെ ട്രോളുകള്‍ക്കും ബാധകമാണ്‌. യുക്‌തീകരണതന്ത്രം ഒരാളുടെ ബലഹീനതകളുടെയും പരാജയങ്ങളുടെയും കഴിവുകേടുകളുടെയും പരോക്ഷപ്രകാശനമാണ്‌. തനിക്കു നേടാന്‍ കഴിയാതെപോയ ആഗ്രഹങ്ങളെ, അതു നേടിയ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിലൂടെ ആത്മസംതൃപ്‌തിയടയുന്ന പ്രവണത ട്രോളുകളിലും കാണാം. മോഹഭംഗങ്ങളില്‍നിന്നുണ്ടാകുന്ന കൈയേറ്റങ്ങള്‍ രണ്ടു തരത്തിലുണ്ട്‌- പ്രത്യക്ഷവും പരോക്ഷവും. ട്രോളുകള്‍ സാധാരണയായി പരോക്ഷകൈയേറ്റങ്ങളാണ്‌.
രാജാവ്‌ തെറ്റുചെയ്‌തപ്പോള്‍ ഭംഗ്യന്തരേണ അവതരിപ്പിച്ച കുഞ്ചന്‍ നമ്പ്യാരുടെ ഫലിതപൈതൃകം മലയാളിക്കുണ്ട്‌. എന്നെ വെറുതേവിടരുത്‌ എന്നു കാര്‍ട്ടൂണിസ്‌റ്റ്‌ ശങ്കറിനോടു ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത്‌ ഉദാത്തഫലിതം ആസ്വദിക്കാനുള്ള ഉയര്‍ന്ന മാനസികതലമുള്ളതുകൊണ്ടായിരുന്നു. എന്നാല്‍ സാമൂഹികമാധ്യമങ്ങളിലെ പല വിമര്‍ശനങ്ങളും നന്മയുടെ ലക്ഷ്‌മണരേഖകള്‍ ലംഘിക്കുന്നവയാണ്‌. ആര്‍ക്കും എന്തും പറയാനുള്ള ഇടമാണു സാമൂഹികമാധ്യമങ്ങളെന്നു കരുതുന്ന മനോരോഗികള്‍ വര്‍ധിച്ചുവരുന്നതു ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്‌. ഹനാന്‍ എന്ന പെണ്‍കുട്ടിക്കെതിരേ നടത്തിയ അവഹേളനങ്ങളും തിരുപ്പൂരില്‍ യൂട്യൂബ്‌ പ്രസവത്തിനൊരുങ്ങി മരണമടഞ്ഞ യുവതിയും വ്യാജ ഹര്‍ത്താലിനുള്ള ആഹ്വാനങ്ങളുമൊക്കെ സാമൂഹികമാധ്യമങ്ങളുടെ ഇരുണ്ടവശങ്ങളാണ്‌.
സൈബര്‍ ലോകത്ത്‌ എല്ലാം സുരക്ഷിതമാണെന്നാണു പൊതുധാരണ. അതങ്ങനെയല്ലെന്ന്‌ ഹനാന്‍ കേസിലുള്‍പ്പെടെ അറസ്‌റ്റുകള്‍ ഉണ്ടായപ്പോള്‍ മലയാളിക്കു മനസിലായിവരുന്നതേയുള്ളൂ. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി നടപടിയെടുത്താല്‍ ജയിലുകള്‍ ഇനിയുമേറെ പണിയേണ്ടിവരുമെന്നാണ്‌ ഒരു സുഹൃത്ത്‌ പറഞ്ഞത്‌. പിടിച്ചുപറിക്കാരുടെയും അടയ്‌ക്കാ മോഷ്‌ടാക്കളുടെയും കാലം മാറി. സാങ്കേതിക പരിജ്‌ഞാനമുള്ള സൈബര്‍ കുറ്റവാളികള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത്‌ സാമൂഹികമാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ കൂടുതല്‍ ശക്‌തമായ സംവിധാനമുണ്ടാകണം.

Ads by Google
Thursday 02 Aug 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW