Sunday, July 07, 2019 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 02.21 AM

തട്ടമില്ലാതെ സഞ്ചരിച്ചാലും തട്ടും; തട്ടമിട്ട്‌ ഡാന്‍സ്‌ കളിച്ചാലും തട്ടും!

uploads/news/2018/08/238204/bft2.jpg

സൈബര്‍ ലോകത്തെ സദാചാരഗുണ്ടകളെക്കാള്‍ അപകടകാരികളാണു സൈബര്‍ തീവ്രവാദികള്‍. മുസ്ലിം പെണ്‍കുട്ടി തട്ടമിടാതെ പുറത്തിറങ്ങിയാലും തട്ടമിട്ട്‌ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടാലും കൊലവിളി മുഴക്കാനും ഇക്കൂട്ടര്‍ക്കു മടിയില്ല.
കേരളത്തില്‍ ഇതരഭാഷാ നടന്‍മാരുടെ പേരിലുമുണ്ട്‌ സൈബര്‍ ഫാന്‍സ്‌ ഗുണ്ടകള്‍. അല്ലുവിന്റെ സിനിമയെ വിമര്‍ശിച്ചാല്‍ കൊല്ലുമെന്നാണു ഭീഷണി. കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്നവരില്‍ സൈബര്‍ യുവനേതാക്കളും.
ലസിത പാലയ്‌ക്കലിനെതിരേ രാഷ്‌ട്രീയ എതിരാളികളും ഹിമ ശങ്കറിനെതിരേ സൈബര്‍ ഞരമ്പുരോഗികളുമാണു സാമൂഹികമാധ്യമങ്ങളില്‍ അഴിഞ്ഞാടിയതെങ്കില്‍, കെ.എസ്‌.യു. മുന്‍നേതാവും സാമൂഹികപ്രവര്‍ത്തകയുമായ മലപ്പുറം പത്തപ്പിരിയം സ്വദേശി ജസ്‌ല മാടശേരിക്കെതിരെ "ഫത്വ" പുറപ്പെടുവിച്ചതു സൈബര്‍ തീവ്രവാദികളാണ്‌. കൊലപാതക/ബലാത്സംഗഭീഷണികളും അശ്ലീലപ്രയോഗങ്ങളും മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങളും കൊണ്ടു ജസ്‌ലയുടെ ഫെയ്‌സ്‌ബുക്‌ പേജ്‌ നിറഞ്ഞു. അഭിമന്യു വധക്കേസില്‍ ആരോപണവിധേയരായ എസ്‌.ഡി.പി.ഐയുടെ അനുഭാവികള്‍തന്നെയാണു ജസ്‌ലയ്‌ക്കെതിരേയും തിരിഞ്ഞത്‌.
ആദ്യമൊക്കെ ഒരുപാടു വിഷമിച്ചെങ്കിലും ഇപ്പോള്‍ ഇതൊക്കെ അവജ്‌ഞയോടെ അവഗണിക്കുകയാണെന്നു ജസ്‌ല പറഞ്ഞു. വധഭീഷണികള്‍ മാത്രം നൂറിലേറെയായിരുന്നു. മൂന്നു കാര്യങ്ങളാണ്‌ ഈ പെണ്‍കുട്ടിക്കെതിരേ ഫത്വയിറക്കാന്‍ സൈബര്‍ "സുഡാപ്പികള്‍" ആയുധമാക്കിയത്‌. അതില്‍ രണ്ടെണ്ണം തട്ടത്തിന്റെ പേരിലായിരുന്നു. നാലുവര്‍ഷം മുമ്പാണു തുടക്കം. പതിവായി ബൈക്കില്‍ സഞ്ചരിക്കാറുള്ള ജസ്‌ല യാത്രാവിവരണങ്ങള്‍ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്യുമായിരുന്നു. അവയ്‌ക്കൊപ്പം തട്ടമിടാത്ത ഫോട്ടോകളും കണ്ടതോടെ സുഡാപ്പികള്‍ക്കു ഹാലിളകി. "നീ മുസ്ലിം പെണ്‍കുട്ടിയാണ്‌.
വീട്ടിലിരുന്നാല്‍ മതി. മുസ്ലിംകള്‍ക്കു ചീത്തപ്പേരുണ്ടാക്കരുത്‌" തുടങ്ങിയ മുന്നറിയിപ്പുകളായിരുന്നു ആദ്യം. അതിനെല്ലാം ചുട്ടമറുപടി കൊടുത്തതോടെ വധഭീഷണിയും മോര്‍ഫിങ്ങും അസഭ്യവര്‍ഷവുമായി. തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേള(ഐ.എഫ്‌.എഫ്‌.കെ)യില്‍ തട്ടമണിഞ്ഞ്‌ ഫ്‌ളാഷ്‌മോബ്‌ നടത്തിയതാണു രണ്ടാമത്തെ സംഭവം. ഇതോടെ സൈബര്‍ ആക്രമണത്തിന്റെ ശക്‌തികൂടി. ഇതേത്തുടര്‍ന്നു ജസ്‌ല പോലീസില്‍ പരാതിപ്പെടുകയും നാലുപേര്‍ അറസ്‌റ്റിലാകുകയും ചെയ്‌തു.
ഫ്‌ളാഷ്‌മോബ്‌ വിഷയത്തില്‍ മുസ്ലിംലീഗ്‌ പ്രവര്‍ത്തകരും എതിരായതോടെയാണു കെ.എസ്‌.യു. മലപ്പുറം ജില്ലാ വൈസ്‌ പ്രസിഡന്റായിരുന്ന തന്നെ സംഘടനയില്‍നിന്നുതന്നെ പുറത്താക്കിയതെന്നു ജസ്‌ല പറയുന്നു. ജോലിക്കുപോകുന്ന സ്‌ത്രീകളെ മോശമായി ചിത്രീകരിച്ച മതപ്രഭാഷകന്‍ മുജാഹിദ്‌ ബാലുശേരിയെ ഫെയ്‌സ്‌ബുക്‌ ലൈവിലൂടെ ജസ്‌ല വലിച്ചുകീറിയതാണു മൂന്നാമത്തെ സംഭവം. തോന്ന്യാസം പറയുന്ന ഇത്തരം ഉസ്‌താദുമാരുടെ കരണം അടിച്ചുപൊട്ടിക്കണമെന്നു തുറന്നടിച്ചതോടെ സൈബര്‍ ആക്രമണത്തിനു പുറമേ ഫോണില്‍ വിളിച്ചും തെറിയഭിഷേകമായി. ഒടുവില്‍ ഫോണ്‍ നമ്പറുകള്‍ മാറ്റിയാണ്‌ ഈ ശല്യത്തില്‍നിന്നു രക്ഷപ്പെട്ടത്‌.

അല്ലുവിനെക്കുറിച്ച്‌ മിണ്ടരുത്‌; സൈബര്‍ ഫാന്‍സ്‌ കൊല്ലും

തെലുങ്ക്‌ സൂപ്പര്‍താരം അല്ലു അര്‍ജുന്റെ സിനിമയെക്കുറിച്ചു മോശം കമന്റിട്ടെന്ന്‌ ആരോപിച്ചാണ്‌ സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അപര്‍ണ പ്രശാന്തിക്കെതിരേ സൈബര്‍ ഫാന്‍സ്‌ ആക്രമണം തുടങ്ങിയത്‌. എഴുത്തുകാരി പി. ഗീതയുടെ മകളായ അപര്‍ണ മലപ്പുറം അങ്ങാടിപ്പുറത്താണു താമസിക്കുന്നത്‌. അമ്മയേയും മകളെയും മാനഭംഗപ്പെടുത്തുമെന്നും ചുട്ടുകൊല്ലുമെന്നുമൊക്കെയായിരുന്നു അല്ലു ആരാധകരുടെ ഭീഷണി. യഥാര്‍ത്ഥവും വ്യാജവുമായ പ്ര?ഫൈലുകളില്‍നിന്നെല്ലാം ആക്രമണമുണ്ടായി. സഹോദരനൊപ്പം സിനിമാ തിയറ്ററില്‍ പോയതിനെപ്പറ്റിയും അശ്ലീല പോസ്‌റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. വീടിനു നാലു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍പോലും ഭീഷണിക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നെന്ന്‌ അപര്‍ണ ഞെട്ടലോടെ തിരിച്ചറിഞ്ഞത്‌ അപ്പോഴാണ്‌. തുടര്‍ന്ന്‌ മുഖ്യമന്ത്രിക്കും സംസ്‌ഥാന പോലീസ്‌ മേധാവിക്കും പോലീസിനും പരാതി നല്‍കിയെങ്കിലും ആക്രമണങ്ങള്‍ തുടര്‍ന്നു.
മലയാളത്തിലേക്കു മൊഴിമാറ്റിയ, അല്ലു അര്‍ജുന്റെ "എന്റെ പേര്‌ സൂര്യ, എന്റെ വീട്‌ ഇന്ത്യ" എന്ന സിനിമ കണ്ടിറങ്ങുമ്പോള്‍ മഴയത്തു കുടുങ്ങിയതിനെക്കുറിച്ച്‌ അപര്‍ണ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌ത രണ്ടുവരി ഫോട്ടോ അടിക്കുറിപ്പിനു പിന്നാലെയാണു സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപവര്‍ഷം ആരംഭിച്ചത്‌. അല്ലു അര്‍ജുന്‍ ഫാന്‍സ്‌ ആന്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്റെ പേരില്‍ തുടങ്ങിയ ആക്രമണം വിവാദമായതോടെ, അസോസിയേഷന്റെ പങ്ക്‌ നിഷേധിച്ച്‌ ഭാരവാഹികള്‍ രംഗത്തുവന്നു. അല്ലു ആരാധകരെന്ന പേരില്‍ "കൃഷ്‌ണ ബോയ്‌സ്‌" എന്ന ഗ്രൂപ്പില്‍നിന്നും അധിക്ഷേപങ്ങളുണ്ടായി. 18 പേര്‍ പ്രതികളായ കേസില്‍ യഥാര്‍ഥ ഐ.ഡിയില്‍നിന്നു വധഭീഷണി മുഴക്കിയ പെരിന്തല്‍മണ്ണ സ്വദേശിയും ഉള്‍പ്പെടും. കേസില്‍ തിരുവനന്തപുരം സ്വദേശികളായ സിദ്ദിഖ്‌, രഞ്‌ജു സജി, കണ്ണൂര്‍ സ്വദേശി രാഹുല്‍, മലപ്പുറം പൊന്നാനി സ്വദേശി ഷബീറലി, മണ്ണാര്‍ക്കാട്‌ സ്വദേശി നിയാസുദ്ദീന്‍ എന്നിവര്‍ അറസ്‌റ്റിലായി. കഴിഞ്ഞ മേയ്‌ 27-നാണ്‌ അപര്‍ണയുടെ പരാതിയില്‍ പോലീസ്‌ കേസെടുത്തത്‌. ഐ.ടി. നിയമത്തിനു പുറമേ സ്‌ത്രീത്വത്തെ അപമാനിക്കല്‍, വധഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസ്‌. കേസില്‍ കൂടുതല്‍ അറസ്‌റ്റുണ്ടാകുമെന്നും പെരിന്തല്‍മണ്ണ പോലീസ്‌ പറഞ്ഞു.

പീഡനക്കഥ തല്‍സമയം; യൂത്ത്‌ നേതാവ്‌ കുടുങ്ങി

പത്തനംതിട്ട ജില്ലയിലെ ഒരു എസ്‌.എഫ്‌.ഐ. നേതാവ്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും തെളിവു കൈവശമുണ്ടെന്നും ഫെയ്‌സ്‌ബുക്‌ ലൈവില്‍ ആരോപിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഇപ്പോള്‍ കേസില്‍നിന്നു തലയൂരാന്‍ പെടാപ്പാടുപെടുകയാണ്‌. എസ്‌.എഫ്‌.ഐ. ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഷിജോ അഞ്ചക്കാലായാണു ഫെയ്‌സ്‌ബുക്കില്‍ "സാമൂഹികപ്രതിബദ്ധത" കാട്ടി പുലിവാല്‍ പിടിച്ചത്‌. പ്രായപൂര്‍ത്തിയാകാത്ത കാമുകിയെ ഗര്‍ഭിണിയാക്കിയശേഷം എസ്‌.എഫ്‌.ഐ. നേതാവ്‌ മുങ്ങിയെന്നായിരുന്നു ഷിജോയുടെ ആരോപണം.
അതിന്റെ തെളിവു മുഴുവന്‍ കൈവശമുണ്ടെന്നും വച്ചുകാച്ചി. നേതാവിന്റെ പേരു പറഞ്ഞില്ലെങ്കിലും ആര്‍ക്കും തിരിച്ചറിയാവുന്ന വിധത്തിലായിരുന്നു ഷിജോയുടെ നാടകീയ അവതരണം. പെണ്‍കുട്ടിതന്നെയാണു പീഡനകാര്യം തന്നോടു പറഞ്ഞതെന്നും അതു വെളിപ്പെടുത്തിയതിന്റെ പേരില്‍ താന്‍ വധിക്കപ്പെട്ടേക്കാമെന്നും ഷിജോ തല്‍സമയം തട്ടിവിട്ടു. എസ്‌.എഫ്‌.ഐ. നേതാവ്‌ പിറ്റേന്നുതന്നെ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കി. എന്നാല്‍, പരാതിപ്രകാരമല്ലാതെ, ഐ.പി.സി. 153 (രാഷ്‌ട്രീയലഹളയ്‌ക്കുള്ള ആഹ്വാനം) പ്രകാരമാണു ഷിജോയ്‌ക്കെതിരേ പോലീസ്‌ കേസെടുത്തത്‌.
തന്നെ വധിക്കാന്‍ മറ്റു പാര്‍ട്ടിക്കാര്‍ പിന്നാലെയുണ്ടെന്ന പ്രസ്‌താവനയുടെ പേരിലാണിത്‌. ഫെയ്‌സ്‌ബുക്‌ ലൈവ്‌ വൈറലായെങ്കിലും സംഗതി പുലിവാലായതോടെ ഷിജോ പോസ്‌റ്റ്‌ പിന്‍വലിച്ചു. സുഹൃത്ത്‌ മുഖേന എസ്‌.എഫ്‌.ഐ. നേതാവിന്റെ കാലുപിടിക്കാനും ശ്രമം നടന്നു. ജാമ്യമുള്ള വകുപ്പായതിനാല്‍ ഒളിവില്‍പ്പോകേണ്ടിവന്നില്ല. യഥാര്‍ത്ഥത്തില്‍, എസ്‌.എഫ്‌.ഐ. നേതാവിന്റെ കാമുകി, സൗന്ദര്യപ്പിണക്കത്തിന്റെ പേരില്‍ ഫെയ്‌സ്‌ബുക്കിലിട്ട പോസ്‌റ്റ്‌ കണ്ടാണു ഷിജോ തല്‍സമയം വെളിച്ചപ്പാടായത്‌. പിണക്കം മാറിയതോടെ പെണ്‍കുട്ടി പോസ്‌റ്റ്‌ പിന്‍വലിക്കുകയും ചെയ്‌തിരുന്നു.
'മുഖപുസ്‌തകം' ദന്തമിളക്കി
രണ്ടു ദന്ത ഡോക്‌ടര്‍മാര്‍ തമ്മിലുള്ള ഫെയ്‌സ്‌ബുക്‌ പടലപ്പിണക്കം കുമരകത്തെ ഒരു ഡെന്റല്‍ ക്ലിനിക്ക്‌ നാട്ടുകാര്‍ ഇടപെട്ട്‌ പൂട്ടിച്ചതിലാണു കലാശിച്ചത്‌. ക്ലിനിക്കിലുണ്ടായ ഒരു നിസാരപ്രശ്‌നം ഈ രംഗത്തുതന്നെയുള്ള മറ്റൊരാള്‍ ഫെയ്‌സ്‌ബുക്കില്‍ പ്രചരിപ്പിച്ചതോടെ ജനം ഇരച്ചുകയറി. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്‌ ഒടുവില്‍ ഡോക്‌ടര്‍ക്കു പൂട്ടേണ്ടിവന്നു. പ്രശ്‌നം പിന്നീടു രമ്യമായി പരിഹരിച്ചെങ്കിലും പൂട്ടിയ ക്ലിനിക്‌ പിന്നെ തുറക്കാന്‍ കഴിഞ്ഞില്ല. തന്നെയും കുടുംബത്തെയും ആക്ഷേപിച്ച്‌ ഫെയ്‌സ്‌ബുക്കില്‍ ചില പോസ്‌റ്റുകള്‍ പ്രത്യക്ഷപ്പെട്ടതിന്റെ ആഘാതത്തില്‍നിന്ന്‌ കേരള യൂത്ത്‌ഫ്രണ്ട്‌ കോട്ടയം ജില്ലാ പ്രസിഡന്റ്‌ പ്രസാദ്‌ ഉരുളികുന്നം ഇനിയും മോചിതനായിട്ടില്ല. പ്രസാദിന്റെ മകളെപ്പോലും സൈബര്‍ ഗുണ്ടകള്‍ വെറുതേവിട്ടില്ല. രാഷ്‌ട്രീയനേതാവിനെതിരായ പോസ്‌റ്റ്‌ എഫ്‌.ബിയില്‍ ചൂടപ്പം പോലെ ഷെയര്‍ ചെയ്യപ്പെട്ടു.

തുടരും)

തയാറാക്കിയത്‌: ഷാലു മാത്യു, ജി. വിശാഖന്‍, വി.പി. നിസാര്‍
സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Thursday 02 Aug 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW