Saturday, July 06, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Thursday 02 Aug 2018 02.19 AM

ശരഭംഗനും ശ്രീരാമനും

uploads/news/2018/08/238201/re4.jpg

സീതാലക്ഷ്‌മണന്മാരോടുകൂടി ഭീതിദമായ കാട്ടില്‍ക്കൂടെ നടന്നു ഭഗവാന്‍ ശ്രീരാമന്‍ ഒരു ആശ്രമപരിസരത്തെത്തി. ശരഭംഗനെന്ന ഋഷിയുടെ ആശ്രമമായിരുന്നു അത്‌. അദ്ദേഹത്തിന്റെ വൈഭവം അപാരമാണ്‌.

ഏറെക്കാലം മുമ്പ്‌, ഭഗവാന്‍ അയോദ്ധ്യയില്‍ ദശരഥപുത്രനായി ശ്രീരാമചന്ദ്രസ്വരൂപേണ അവതരിക്കാന്‍ പോകുന്നു എന്ന്‌ സിദ്ധന്മാരുടെ മുഖത്തുനിന്നു കേട്ടപ്പോള്‍ ശരഭംഗനു മൂന്നു ശ്വാസകാലം മാത്രമേ ആയുസ്‌ ബാക്കിയുണ്ടായിരുന്നുള്ളൂ. ആ മൂന്നു ശ്വാസം കൊണ്ടാണ്‌ അദ്ദേഹം ഇത്രയും കാലം ജീവിച്ചത്‌. ശ്വാസഗതിയെ നിശേഷം നിരോധിച്ചവന്‍ എന്ന അര്‍ഥത്തിലാണു ശരഭംഗന്‍ എന്ന പേര്‌ പ്രസിദ്ധമായത്‌.

ഇത്രയും ആത്മനിയന്ത്രണം സാധിച്ച മറ്റൊരു തപസ്വിയില്ലെന്നാണു പറഞ്ഞുവരാറ്‌. ശ്രീരാമനും അദ്ദേഹത്തിന്റെ യോഗ്യതകള്‍ തപസ്വികളില്‍നിന്നു കേട്ടറിഞ്ഞിട്ടുണ്ട്‌. കാണണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. അതിനാല്‍ ശരഭംഗാ ശ്രമത്തിലാണ്‌ എത്തിച്ചേര്‍ന്നതെന്നറിഞ്ഞപ്പോള്‍ സന്തോഷമായി.
അന്തേവാസികള്‍ ഭഗവാന്റെ ആഗമനം അറിയിച്ചപ്പോള്‍ ശരഭംഗന്‍ പുറത്തുചെന്ന്‌ അത്യന്തം ഭക്‌തിയോടും ബഹുമാനത്തോടും കൂട്ടിക്കൊണ്ടുപോയി വിധിയാംവണ്ണം പൂജിച്ചു സല്‍ക്കരിച്ചു. അനന്തരം അദ്ദേഹം ശ്രീരാമചന്ദ്രനോടു പറഞ്ഞു.

തന്റെ ചിരകാലവാഞ്ചിതം സഫലമായി. ജീവിതം കൊണ്ടു സാധിക്കേണ്ടതെല്ലാം സാധിച്ചുകഴിഞ്ഞു. ഇനിയും ജീവിതം നീട്ടിക്കൊണ്ടുപോകുന്നത്‌ അനാവശ്യമാണ്‌. അതുകൊണ്ട്‌ ഇവിടെവച്ച്‌ അവസാനിപ്പിക്കാന്‍ പോകുന്നു. വളരെക്കാലം തപസു ചെയ്‌തതിന്റെ ഫലമായി നിരവധി സുകൃതം തന്നിലുണ്ട്‌. അതൊന്നും തനിക്കാവശ്യമില്ല. അതെല്ലാം ശ്രീരാമചന്ദ്രനില്‍ സമര്‍പ്പിച്ച്‌ പരമപദം പ്രാപിക്കാന്‍ അനുവദിക്കുകയും അനുഗ്രഹിക്കുകയും വേണം.

ഇത്രയും പറഞ്ഞ്‌ തന്റെ എല്ലാ സുകൃതങ്ങളും ഭഗവാങ്കല്‍ അര്‍പ്പിച്ചതായി സമര്‍പ്പിച്ചു സമസ്‌കരിച്ചു. പിന്നീട്‌ വേഗത്തില്‍ ഒരു ചിത ജ്വലിപ്പിച്ചു. വീണ്ടും ഭഗവാനെയും അഗ്നിയെയും വണങ്ങി ചിതാഗ്നിയില്‍ ശരീരത്തെ വിട്ട്‌ പരമപദം പ്രാപിച്ചു. ഇത്‌ ദണ്ഡകാരണ്യത്തിലെ ഋഷിവാടത്തില്‍ മുഴുവന്‍ പരന്നു. ഋഷികള്‍ ശരഭംഗാശ്രമത്തിലേക്കു പ്രവഹിച്ചു. അവരൊക്കെ എത്തും മുന്‍പേ ശരഭംഗ ശരീരം ഭസ്‌മമായി.

ശരഭംഗ യോഗിയുടെ യോഗവൈഭവവും തപശക്‌തിയും സ്‌മരിച്ച്‌ എല്ലാവരും അദ്ദേഹത്തെ സ്‌തുതിച്ച്‌ നമസ്‌കരിച്ചു. ഭഗവാനെയും അവര്‍ ഭക്‌ത്യാദരങ്ങളോടെ വണങ്ങി. ഓരോരുത്തരും അവരവരുടെ ആശ്രമത്തിലേക്ക്‌ ഭഗവാനെ ക്ഷണിച്ചു. ദണ്ഡകാരണ്യത്തിലെ ആശ്രമങ്ങളെയും തപസ്വികളെയും പരിചയപ്പെടുത്തിക്കൊടുത്തു.

പിന്നീട്‌ അവര്‍ ഭഗവാനെ കൂട്ടിക്കൊണ്ടുപോയി കുന്നുപോലെ കൂടിക്കിടക്കുന്ന മനുഷ്യാസ്‌ഥികളും തലയോടുകളും കാട്ടിക്കൊടുത്തു. തപശക്‌തി കുറഞ്ഞ ദുര്‍ബലരായ തപസ്വികളെ രാക്ഷസര്‍ കൊന്നുമുടിച്ചതിന്റെ സ്‌മാരകമായിരുന്നു അത്‌. ദയനീയമായ ആ കാഴ്‌ച ഭഗവാന്റെ ഹൃദയത്തെ ആര്‍ദ്രമാക്കി. സകല രാക്ഷസന്മാരെയും കൊന്ന്‌ ദണ്ഡകാരണ്യം നിര്‍ഭയമാക്കുമെന്ന്‌ ആ ഋഷിസംഘത്തിന്റെ മുമ്പില്‍വച്ച്‌ പ്രതിജ്‌ഞ ചെയ്‌തു.

**** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW