Tuesday, March 26, 2019 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 01.21 PM

പ്രതികരിക്കുന്നത് പേടിപ്പിക്കാനല്ല; വിവാദങ്ങള്‍ പാര്‍വ്വതിയെ ബാധിക്കാറുമില്ല

''സോഷ്യല്‍ മീഡിയയുടെ 'നോട്ടപ്പുള്ളി' യാണ് പാര്‍വ്വതി തിരുവോത്ത്. സ്റ്റൈലിലും ട്രെന്‍ഡിലും മാത്രമല്ല വിവാദങ്ങളിലും സോഷ്യല്‍ മീഡിയയില്‍ താരമായത് പാര്‍വ്വതി തന്നെ. പുതുതലമുറയുടെ ഹരമായ ബോള്‍ഡ് ബ്യൂട്ടിഫുള്‍ പാര്‍വ്വതിയുടെ വാക്കുകളിലൂടെ...''
uploads/news/2018/08/237952/ActrsparvathiINW010818.jpg

പെണ്‍കരുത്തിന്റെ പ്രതീകമാണ് പാര്‍വ്വതി. പ്രതികരിക്കുന്ന പെണ്ണിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഇക്കാലത്ത് ഉറച്ച നിലപാടുകളിലൂടെ യൂത്തിനിടയില്‍ താരമായി മാറിയിരിക്കുകയാണ് പാര്‍വ്വതി തിരുവോത്ത്.

വാക്കിലും നോക്കിലും എന്നും പുതുമ നിറയ്ക്കുന്ന പാര്‍വ്വതി തന്നെയാണ് സോഷ്യല്‍ മീഡിയയിലെ മിന്നും താരം. പറയാനുള്ളത് ആരുടെ മുന്നിലും തുറന്നു പറയാന്‍ പാര്‍വ്വതിക്ക് പേടിയില്ല. വിവാദങ്ങള്‍ പാര്‍വ്വതിയെ ബാധിക്കാറുമില്ല.

കസബ വിവാദവും ഡബ്ല്യു.സി.സി രൂപീകരണ ശേഷമുണ്ടായ ചര്‍ച്ചകളും പാര്‍വ്വതി എന്ന നടിയെ ബാധിച്ചിട്ടില്ലെന്ന് മാത്രമല്ല, അവാര്‍ഡ് നേട്ടത്തിലൂടെ കൂടുതല്‍ തിളങ്ങുകയാണ് പാര്‍വ്വതിയിപ്പോള്‍. യുവഹൃദയങ്ങളില്‍ ആവേശം നിറച്ച് തിയേറ്ററുകളില്‍ പ്രണയത്തിന്റെയും പ്രതീക്ഷകളുടെയും നിറ കാഴ്ചകളുമായി പാര്‍വ്വതി എത്തുന്നു.

മൈ സ്‌റ്റോറി എന്ന ചിത്രത്തില്‍ താരയായും കൂടെയില്‍ സോഫിയായും ആരാധകഹൃദയം കീഴടക്കാനെത്തുന്ന പാര്‍വ്വതിക്ക് സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. അടുത്തറിയാം, പാര്‍വ്വതിയുടെ സിനിമയും പാര്‍വ്വതിയുടെ ജീവിതവും...

Parvathy, The Actress


സിനിമയില്‍ പാര്‍വ്വതി ഒരു ഉപകരണമാണ്. ഒരു അഭിനേത്രി എന്ന നിലയില്‍ ഞാനങ്ങനെയാകണം. കിട്ടുന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ട് യാതൊരു മായവും ചേര്‍ക്കാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് സിനിമയിലെ പാര്‍വ്വതിയുടെ ജോലി. സിനിമകളില്‍ കാണുന്ന പാര്‍വ്വതി യഥാര്‍ത്ഥ പാര്‍വ്വതിയല്ല. അഥവാ എന്തെങ്കിലും ചേര്‍ച്ചകള്‍ വരുന്നുണ്ടെങ്കില്‍ തന്നെ അത് അശ്രദ്ധ കൊണ്ടോ യാദൃച്ഛികമോ ആയിരിക്കും.

ഈ കഥാപാത്രം എന്നെപ്പോലെയുണ്ടല്ലോ എന്ന് തോന്നിപ്പിച്ച അവസരം വളരെ ചുരുക്കമാണ്. ഓരോ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കഴിഞ്ഞും അതിലെ നന്മകളും തിന്മകളും എന്റെ മനസിലുണ്ടാകും. അതില്‍ നിന്ന് പഠിക്കേണ്ട കാര്യങ്ങള്‍ ജീവിതകാലം മുഴുവന്‍ എന്റെ ഒപ്പം തന്നെയുണ്ടാകും. ഇപ്പോള്‍ മനസു നിറയെ താരയും ജെസിയുമാണ്.

മൈ സ്‌റ്റോറിയിലെ താരയും കൂടെയിലെ സോഫിയും തികച്ചും വ്യത്യസ്തരാണ്. മൈ സ്‌റ്റോറിക്ക് പിന്നാലെ കൂടെയും തിയറ്ററിലേക്ക് എത്തുകയാണ്. വലിയ പ്രതീക്ഷയുള്ള രണ്ട് കഥാപാത്രങ്ങള്‍. ഇത്തരത്തില്‍ തുടര്‍ച്ചയായി വന്ന അനുഭവം മുന്‍പും എനിക്കുണ്ടായിട്ടുണ്ട്. 2015ല്‍ അടുത്തടുത്ത് റിലീസായ എന്ന് നിന്റെ മൊയ്തീനും, ചാര്‍ലിയും.

കാഞ്ചനമാലയും ടെസ്സയും വ്യത്യസ്ത കഥാപാത്രങ്ങളായിരുന്നു. മൈ സ്‌റ്റോറിയുടെ ഷൂട്ടിംഗ് കുറേ നാള്‍ മുന്‍പ് ആരംഭിച്ചതായിരുന്നെങ്കിലും റിലീസിന്റെ സമയമായപ്പോഴേക്കും ഇതിലെ താരയും കൂടെയിലെ സോഫിയും ഏകദേശം ഒരേ സമയത്താണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. താരയേയും സോഫിയേയും പ്രേക്ഷകര്‍ ഏത് രീതിയില്‍ ഉള്‍ക്കൊള്ളുമെന്ന കാര്യം കണ്ടറിയാന്‍ താല്പര്യമുണ്ട്.

uploads/news/2018/08/237952/ActrsparvathiINW010818a.jpg

സ്വഭാവത്തിലും ചേരുവകളിലും വേറിട്ടു നില്‍ക്കുന്ന ഈ സിനിമകളും കഥാപാത്രങ്ങളും ശരിക്കും ത്രില്ലടിപ്പിക്കുന്നുണ്ട്. മൈ സ്‌റ്റോറിയും കൂടെയും തരുന്ന മറ്റൊരു സന്തോഷം പൃഥ്വിക്കൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങളാണ്. എന്ന് നിന്റെ മൊയ്തീനില്‍ 90 ദിവസത്തോളം ഷൂട്ടിംഗ് ഉണ്ടായിരുന്നെങ്കിലും പൃഥ്വിയെ ആകെ കണ്ടത് 15 ദിവസം മാത്രമാണ്.

ഒപ്പം അഭിനയിച്ച സമയം അതിലും കുറവായിരിക്കും. കാഞ്ചനമാലയും മൊയ്തീനും അവരുടെ ജീവിതത്തില്‍ പരസ്പരം കാണുന്നത് വളരെ കുറവായിരുന്നത് കൊണ്ടു തന്നെ ഞാനും പൃഥ്വിയും ഒന്നിച്ചഭിനയിച്ചതും കുറവായിരുന്നു. പക്ഷേ മൈ സ്‌റ്റോറിയിലും കൂടെയിലും ഭൂരിഭാഗം സീനുകളും ഞങ്ങളൊന്നിച്ചാണ്.

വളരെ ഡിഫറന്റായ കഥാപാത്രങ്ങള്‍ അടുത്തടുത്ത് ഒന്നിച്ചഭിനയിക്കാന്‍ കഴിഞ്ഞത് ശരിക്കും ഉഗ്രന്‍ അനുഭവമായിരുന്നു. വളരെ നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം. പിന്നെ കൂടെയിലൂടെ നസ്രിയ മടങ്ങിവരുകയാണ്. വലിയ സന്തോഷം തരുന്ന കാര്യമാണത്. പിന്നെ രണ്ടു സിനിമയുടെയും സംവിധായകര്‍ സ്ത്രീകളാണ്.

ഒരു ഡയറക്ടര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ അത് സ്ത്രീയാണോ പുരുഷനാണോ എന്നതിനനുസരിച്ച് സിനിമയുടെ എക്‌സ്പീരിയന്‍സിന്‍ മാറ്റമുണ്ടാകുമെന്ന തോന്നലൊന്നും എനിക്കില്ല. വ്യക്തിപരമായ രീതിയില്‍ ഒരു പക്ഷേ സ്ത്രീയെന്ന നിലയിലുള്ള അടുപ്പം ഉണ്ടായെന്നു വരാം. ഡയറക്ടര്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കി എനിക്ക് സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പറ്റില്ല.

സംവിധായകനായാലും സംവിധായികയായാലും അവര്‍ക്ക് മിനിമം വേണ്ട ചില കാര്യങ്ങളുണ്ട്. കഥാപാത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍, അതിനെക്കുറിച്ചുള്ള അറിവുകള്‍, ഒരു ആര്‍ട്ടിസ്റ്റിന് നല്‍കേണ്ട ഫ്രീഡം തുടങ്ങിയ കാര്യങ്ങളില്‍ തമ്മില്‍ ഒരു കണക്ഷന്‍ കിട്ടിയാല്‍ ഡയറക്ടര്‍ സ്ത്രീയായാലും പുരുഷനായാലും അഭിനേതാവെന്ന നിലയില്‍ എനിക്ക് ഒരുപോലെയാണ്.

Parvathy, The Person


ജീവിതത്തില്‍ പാര്‍വ്വതിയുടെ സ്ഥാനം അപ്രസക്തമാണ്. അത് മാത്രമല്ല ജീവിതത്തിലെ പാര്‍വ്വതി അരസികയുമാണ്. നടി എന്ന നിലയില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന ഉപകരണമായി തന്നെ നിലനില്‍ക്കുക എന്നതും, ജീവിതത്തില്‍ നന്നായി പ്രവര്‍ത്തിക്കുന്ന പൗരനായി നില്‍ക്കുക എന്നതുമാണ് പ്രധാനം. സിറ്റിസണ്‍ എന്ന നിലയില്‍ സമൂഹത്തില്‍ ആണിനും പെണ്ണിനും അവരുടേതായ പ്രാധാന്യമുണ്ട്. എന്നാല്‍ സ്ത്രീകളുടെ പ്രതികരണങ്ങളെ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

പ്രതികരണമാണെങ്കിലും അഭിപ്രായ മാണെങ്കിലും അത് ആരെയും പേടിപ്പിക്കാനോ, മറ്റുള്ളവരില്‍ നിന്ന് അവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനോ, മറ്റൊരാളുടെ ജീവിതത്തെ മോശമായി ബാധിക്കാനോ വേണ്ടിയല്ല എന്നത് ആദ്യം തിരിച്ചറിയണം. നമ്മളില്‍ ആര് അഭിപ്രായം പറയുകയാണെങ്കിലും അവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കിലും ആരോഗ്യപരമായ ചര്‍ച്ചയിലേക്ക് പോകണം എന്ന ആഗ്രഹത്തോടെയാണ് അത് ചെയ്യുന്നത്.

സ്ത്രീ ഒരു കാര്യം പറഞ്ഞതോടെ സമൂഹത്തില്‍ ഇതുവരെയുണ്ടായിരുന്ന ചിട്ടകളും രീതികളുമൊക്കെ പൊളിച്ചടുക്കി അതെല്ലാം പുന:നിര്‍മ്മാണം നടത്തണം എന്ന അര്‍ത്ഥമല്ല. അവളുടെ പ്രതികരണത്തിലൂടെ സമൂഹത്തിലെ ബാലന്‍സ് നഷ്ടപ്പെട്ടു പോകുമെന്ന ഭയമോ അരക്ഷിതാവസ്ഥയോ ഉണ്ടാകേണ്ട കാര്യമില്ല. അത്തരമൊരു ചിന്താഗതിയുള്ളതു കൊണ്ടാണ് പലപ്പോഴും സ്ത്രീകള്‍ക്ക് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരുന്നത്. എന്നാല്‍ സ്ത്രീ സംസാരിക്കുമ്പോ ള്‍ അതിലേക്ക് സമാധാനപരമായി ഒന്ന് ശ്രദ്ധിക്കണമെന്നത് മാത്രമാണ് സമൂഹത്തോട് സ്ത്രീ എന്ന നിലയിലുള്ള അപേക്ഷ.

നമ്മളെല്ലാവരും കൂടി ചേരുന്നതാണ് സമൂഹം. ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തി സമൂഹം പ്രവര്‍ത്തനസജ്ജമാകണമെന്ന് ചിന്തിക്കുമ്പോഴാണ് അസമത്വത്തെപ്പറ്റി ഞങ്ങള്‍ സംസാരിക്കുന്നത്. തെറ്റിധാരണകള്‍ മാറ്റി പെണ്ണിന്റെ വാക്കുകള്‍ക്കും സമാധാനത്തോടെ കാതോര്‍ക്കണമെന്നാണ് സമൂഹത്തോട് പറയാനുള്ളത്.

uploads/news/2018/08/237952/ActrsparvathiINW010818b.jpg

about Anjali


അഞ്ജലി എനിക്ക് സ്‌പെഷ്യലില്‍ സ്‌പെഷ്യലാണ്. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അഞ്ജലി എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ്. അഞ്ജലിക്കൊപ്പം ഒരു സിനിമ കൂടി ചെയ്യാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. ഒരുപാട് കാര്യങ്ങള്‍ അഞ്ജലിയില്‍ നിന്ന് പഠിക്കാന്‍ പറ്റും. ജോലി ചെയ്യുന്ന രീതിയും സമീപനങ്ങളും ഒക്കെ വളരെ വ്യത്യസ്തവും മാതൃകാപരവുമാണ്. അഞ്ജലിക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് എനിക്കെപ്പോഴും സന്തോഷം തന്നെയാണ്.

about Roshni


റോഷ്‌നിക്കൊപ്പം ആദ്യമായാണ് വര്‍ക്ക് ചെയ്യുന്നത്. ഏറെക്കാലമായി സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായി വര്‍ക്ക് ചെയ്ത അനുഭവം റോഷ്‌നിക്കുണ്ട്. അതുകൊണ്ട് തന്നെ പുതിയ മേഖലയിലും തിളങ്ങാന്‍ റോഷ്‌നിക്ക് കഴിയും. സംവിധായക എന്ന നിലയില്‍ റോഷ്‌നി അത് തെളിയിച്ചിട്ടുണ്ട്. ഡയറക്ടറായും പൊഡ്യൂസറായും തുടക്കം കുറിക്കുന്ന റോഷ്‌നിക്ക് എല്ലാവിധ ആശംസകളും നേരുകയാണ്.

about Prithwi


ഒരു ആക്ടറെന്ന നിലയില്‍ പൃഥ്വി എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നത് എന്ന് കണ്ടറിയാന്‍ കഴിഞ്ഞത് നല്ലൊരു അനുഭവമായിരുന്നു. പൃഥ്വി എല്ലാ കാര്യങ്ങളേയും സൂക്ഷ്മമായി സമീപിക്കുന്ന ഒരാളാണ്. പൃഥ്വിയുടെ ഓര്‍മ്മശക്തിയെ പറ്റി അഞ്ജലി പറയുമായിരുന്നു. സിനിമയുടെ മേക്കിംഗിനെ പറ്റി വളരെ അറിവും പൃഥ്വിക്കുണ്ട്. വളരെ ബ്രില്യന്റായ വര്‍ക്കിംഗ് റിലേഷന്‍ഷിപ്പ് പൃഥ്വിയുമായി ഉണ്ടായിരുന്നു.

എനിക്കൊരിക്കലും പൃഥ്വിയെ പോലെ വര്‍ക്ക് ചെയ്യാന്‍ കഴിയില്ല. ഞങ്ങള്‍ കഥാപാത്രത്തെ സമീപിക്കുന്ന രീതി വളരെ ഡിഫറന്റാണ്. അതു കൊണ്ടു തന്നെ ഒരുപാട് പോസിറ്റീവായ വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്. ആ പോസിറ്റീവും കെമിസ്ട്രിയും സ്‌ക്രീനില്‍ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ..

ദീപു ചന്ദ്രന്‍

Ads by Google
Wednesday 01 Aug 2018 01.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW