Thursday, September 13, 2018 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 01.49 AM

പൗരത്വത്തിന്റെ പേരില്‍ വിവേചനം അരുത്‌

uploads/news/2018/08/237894/editorial.jpg

വടക്കുകിഴക്കേ ഇന്ത്യയില്‍ അനിശ്‌ചിതത്വത്തിന്‌ വഴി തെളിച്ചു കൊണ്ടാണ്‌ അസമില്‍ ദേശീയ പൗരത്വ രജിസ്‌റ്റര്‍ തയാറാക്കിയിരിക്കുന്നത്‌. അസമില്‍ അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താന്‍ നടത്തിയ ശ്രമത്തിനൊടുവിലാണ്‌ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. അസമിലെ പൗരന്മാരില്‍ വലിയൊരു പങ്ക്‌ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്നാണ്‌ കരുതപ്പെടുന്നത്‌. രജിസ്‌റ്ററിന്റെ പുതിയ കരട്‌ പ്രസിദ്ധീകരിച്ചതോടെ 40.07 ലക്ഷം പേര്‍ അസമിലെ പൗരത്വ പട്ടികയില്‍ നിന്ന്‌ ഒഴിവായിരിക്കുകയാണ്‌. സംസ്‌ഥാനത്തെ 3.29 കോടി ജനങ്ങളില്‍ 2.89 കോടിപേര്‍ പട്ടികയില്‍ ഇടംപിടിച്ചു. ബാക്കിയുള്ളവര്‍ ഇനി പൗരത്വം തെളിയിക്കാനുള്ള തത്രപ്പാടിലാണ്‌. പ്രത്യക്ഷത്തില്‍ സമാധാനപരമെന്നു തോന്നിക്കാമെങ്കിലും ജനങ്ങള്‍ക്കിടയില്‍ അസംതൃപ്‌തിയും അസ്വസ്‌ഥതയും ഉടലെടുത്തിട്ടുണ്ട്‌. പുറത്തായവരില്‍ നല്ലൊരു പങ്കും ആശങ്കയിലാണ്‌. സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം മുന്‍ യു.പി.എ. സര്‍ക്കാരാണ്‌ സര്‍വേക്ക്‌ തുടക്കമിട്ടത്‌. അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാണെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. ബംഗ്ലാദേശ്‌ വിമോചനത്തിനായുള്ള 1971-ലെ ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധത്തിനെ തുടര്‍ന്ന്‌ ധാരാളം ബംഗ്ലാദേശുകാര്‍ അസമിലേക്ക്‌ പലായനം ചെയ്‌തിരുന്നു. ഇവരെ ഒഴിവാക്കി 1971 നുമുന്‍പ്‌ അസമില്‍ താമസിച്ചിരുന്നവരെ മാത്രമേ അസം സ്വദേശികളായി കണക്കാക്കാവൂ എന്നായിരുന്നു 1985-ല്‍ ഓള്‍ അസം സ്‌റ്റുഡന്റ്‌സ്‌ യൂണിയനും കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍. ഇതിന്റെ ചുവടു പിടിച്ചായിരുന്നു സര്‍വേ നടത്തിയത്‌.

എന്നാല്‍, സര്‍വേയുടെ മറവില്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു എന്നാണ്‌ ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. ഒഴിവാക്കപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളാണെന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. അടുത്ത പൊതു തെരഞ്ഞെടുപ്പിനു മുന്‍പായി 40 ലക്ഷം മുസ്‌ലിംകളെ വോട്ടര്‍പട്ടികയില്‍ നിന്ന്‌ ഒഴിവാക്കാന്‍ ബി.ജെ.പി. നടത്തുന്ന നീക്കമാണിതെന്ന്‌ ആരോപണം ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ കരട്‌ രജിസ്‌റ്ററില്‍ ഉണ്ടായിരുന്നവരും ആധാര്‍ കാര്‍ഡുള്ളവരുമൊക്കെ പുറത്തു പോയത്‌ ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്‌. ഇന്ത്യ അനധികൃതമായി കണ്ടെത്തിയിരിക്കുന്ന 40 ലക്ഷം പേരും തങ്ങളുടെ പൗരന്മാരല്ലെന്ന്‌ ബംഗ്ലാദേശ്‌ വ്യക്‌തമാക്കിക്കഴിഞ്ഞു. അതായത്‌, ഇന്ത്യന്‍ പൗരത്വം നഷ്‌ടപ്പെടുന്ന എല്ലാവരും രാജ്യമില്ലാത്തവരായി മാറും. വളരെ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്‌. അസമില്‍ നിന്ന്‌ പുറത്തു പോകേണ്ടി വരുന്നവര്‍ക്ക്‌ വേറെ ഇടമില്ലാത്തതിനാല്‍ പശ്‌ചിമ ബംഗാള്‍ അടക്കമുള്ള അയല്‍ സംസ്‌ഥാനങ്ങളിലേക്ക്‌ പോവുകയേ നിവൃത്തിയുള്ളു. മറ്റു വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ കടക്കാനും താമസിക്കാനും വിവിധ പെര്‍മിറ്റുകള്‍ വേണമെന്നിരിക്കെ മറ്റ്‌ അയല്‍സംസ്‌ഥാനങ്ങളുടെ മേല്‍ സമ്മര്‍ദമേറും. ആ സംസ്‌ഥാനങ്ങള്‍ ഇവരെ ഏറ്റെടുക്കാന്‍ തയാറായില്ലെങ്കില്‍ വലിയ ക്രമസമാധാന പ്രശ്‌നത്തിനാവും വഴിതെളിക്കുക.

രജിസ്‌റ്ററില്‍ നിന്ന്‌ പുറത്തായവര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കരുതെന്ന്‌ സുപ്രിം കോടതി പറഞ്ഞത്‌ മാത്രമാണ്‌ അവര്‍ക്ക്‌ താത്‌കാലിക ആശ്വാസമായിട്ടുള്ളത്‌. വളരെ ശ്രദ്ധയോടെ വേണം അടുത്ത നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്താന്‍. അനധികൃതരെ പുറത്താക്കുന്നതിന്റെ പേരില്‍ ശത്രുസംഹാരം നടക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തേണ്ടത്‌ പ്രധാനമായും സുപ്രിം കോടതിയുടെ ചുമതലയാണ്‌. അനധികൃതമായ എല്ലാവരെയും പുറത്താക്കട്ടെ. എന്നാല്‍, യോഗ്യതയുള്ള ഒരാള്‍ പോലും വിവേചനമനുഭവിക്കാന്‍ ഇടവരരുത്‌. പതിറ്റാണ്ടുകളായി താമസിച്ചു വരുന്ന മാതൃരാജ്യത്തില്‍ നിന്ന്‌ ഒരാളും പറിച്ചെറിയപ്പെടുന്ന സാഹചര്യം വരരുത്‌. പൗരത്വം തെളിയിക്കാന്‍ ഇനിയും അവസരം നല്‍കിയിട്ടുണ്ട്‌. ഈ സമയത്ത്‌ ശറിയായ രേഖകള്‍ ഹാജരാക്കുന്ന എല്ലാവരെയും തുല്യനീതിയില്‍ പരിഗണിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തണം. മാതൃരാജ്യത്തു ജീവിക്കാനുള്ള അവകാശത്തെ രാഷ്‌ട്രീയത്തിന്റെ പേരില്‍ ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാവരുത്‌.

Ads by Google
Wednesday 01 Aug 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW