Saturday, April 20, 2019 Last Updated 54 Min 52 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 01 Aug 2018 01.47 AM

സൈബര്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം

uploads/news/2018/08/237893/bft1.jpg

"ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ. എനിക്കാരുടേയും സഹായം വേണ്ട, പാത്രം കഴുകിയോ തുണിയലക്കിയോ മീന്‍വിറ്റോ ഞാന്‍ ജീവിച്ചോളാം. ആരുടെ മുന്നിലും കൈനീട്ടാന്‍ വന്നിട്ടില്ല..."-നിറഞ്ഞ കണ്ണുകളോടെ കണ്‌ഠമിടറി പ്രബുദ്ധ കേരളത്തിനു മുന്നില്‍ ഒരു പെണ്‍കുട്ടി വിളിച്ചുപറഞ്ഞത്‌ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കേട്ടു. ഹനാന്‍ ഹമീദ്‌ എന്ന കോളജ്‌ വിദ്യാര്‍ഥിനി. കൊച്ചി തമ്മനത്ത്‌ കോളജ്‌ വിട്ടശേഷം വൈകുന്നേരം മീന്‍ വില്‍ക്കുന്ന വിദ്യാര്‍ഥിനിയാണ്‌ നവമാധ്യമങ്ങള്‍ സൃഷ്‌ടിക്കുന്ന സുരക്ഷാ ഭീഷണി അനുഭവിച്ച അവസാനത്തെ ഇര. പ്രശംസകൊണ്ടു മൂടിയ സമൂഹിക മാധ്യമങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ്‌ അവരെ തിരഞ്ഞുപിടിച്ച്‌ ആക്രമിച്ചത്‌.
തകര്‍ന്നുപോയ കുടുംബപശ്‌ചാത്തലത്തില്‍നിന്ന്‌ ആത്മവിശ്വാസംകൊണ്ടും ദൃഢനിശ്‌ചയംകൊണ്ടും പിടിച്ചുകയറിയ പെണ്‍കുട്ടിയാണ്‌ ഹനാന്‍. അവളുടെ ദയനീയമായ കഥ കേട്ടപ്പോള്‍ പരിഹസിച്ചും നിന്ദ്യമായ ഭാഷയിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ അവളെ വിചാരണ ചെയ്‌തു എന്നാല്‍ യഥാര്‍ഥ ജീവിത കഥയുമായി ഹനാന്‍ ജനസമക്ഷം വന്നതോടെ ഇത്തരക്കാര്‍ക്ക്‌ നില്‍ക്കക്കള്ളിയില്ലാതായി. ചിലര്‍ സ്‌ത്രീയെന്ന പരിഗണന പോലും കൊടുക്കാതെ സഭ്യതയുടെ സകല സീമകളും ഭേദിച്ചാണ്‌ ഹനാനെ കടന്നാക്രമിച്ചത്‌. അപ്പോഴും ഒരു വിഭാഗം ഹനാനൊപ്പം ഉറച്ചുനിന്ന്‌ പിന്തുണ പ്രഖ്യാപിച്ചു. ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരേ നടപടിയുണ്ടാകണമെന്ന്‌ ഒരേ ശബ്‌ദത്തില്‍ വാദിച്ചു. പ്രതിസന്ധികളെ അതിജീവിക്കുന്ന ചിലരെ അറിയുമ്പോള്‍ ഒരേ സമയം സ്‌നേഹവും നൊമ്പരവും അനുഭവപ്പെടും. ജീവിതത്തിലെ കല്ലും മുള്ളുമെല്ലാം എടുത്തുമാറ്റി മുന്നേറുമ്പോള്‍ അത്‌ കണ്ട്‌ അസൂയപ്പെടുന്നവരും ഏറെയാണ്‌. അതിന്റെ വലിയ ഇരയാണ്‌ ഹനാന്‍ ഹമീദ്‌.

ഇരുതലമൂര്‍ച്ചയുള്ള വാള്‍

ലോകത്ത്‌ ഏറ്റവും കൂടുതല്‍പേര്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. ഇരുതല മൂര്‍ച്ചയുള്ള വാളാണ്‌ സാമൂഹിക മാധ്യമങ്ങള്‍. അതിനുള്ള വലിയ ഉദാഹരണമാണ്‌ അടുത്ത കാലത്ത്‌ വാട്‌സ്‌ആപ്പില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനം. അതു ജനജീവിതം സ്‌തംഭിപ്പിച്ചിരുന്നു. മാത്രമല്ല അസത്യ പ്രചാരണങ്ങളിലൂടെ മനംനൊന്ത്‌ ജീവനൊടുക്കിയവരുടെ കണക്കുകളും ഞെട്ടിപ്പിക്കുന്നതാണ്‌. ആത്മാഭിമാനം നഷ്‌ടപ്പെട്ട്‌ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്തവരും വര്‍ധിച്ചുവരികയാണ്‌. സമൂഹിക മാധ്യമങ്ങളിലൂടെ എന്ത്‌ അശ്ലീലവും അസത്യവും വിളിച്ചു പറയാമെന്ന അവസ്‌ഥയിലേക്കു കാര്യങ്ങളെത്തിയതോടെ ജനങ്ങള്‍ ആക്രമാസക്‌തരാകുന്ന കാഴ്‌ചയാണു കാണുന്നത്‌.
സൈബര്‍ കുറ്റങ്ങള്‍ കൂടി വരികയാണ്‌. 2013 ല്‍ 148 കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ 2014 ല്‍ 195 ആയി ഉയര്‍ന്നു. 2015 ല്‍ 266, 2016 ല്‍ 400 കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്യപ്പെട്ടത്‌. പിന്നീടുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 475, 578 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യപ്പെട്ടു. സൈബര്‍ സാക്ഷരത ഉയര്‍ന്നതിനാല്‍ രജിസ്‌റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്‌. കേസുകളില്‍ തുടര്‍നടപടികള്‍ വൈകുന്നതു കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നുണ്ട്‌.
സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചു പരിശീലനം സിദ്ധിച്ച ഉദ്യോഗസ്‌ഥരുടെ അഭാവം, അന്വേഷണം നടത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയും പ്രശ്‌നങ്ങളാണ്‌. ഇതു പരിഹരിക്കാന്‍ പോലീസ്‌ സേനയില്‍ അഴിച്ചുപണി ആവശ്യമാണ്‌. പോലീസിന്റെ മുന്നില്‍ കുറ്റവാളികള്‍ ഇതുവരെ ക്രിമിനലുകളും സാമൂഹ്യ വിരുദ്ധരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയൊരു കുറ്റവാളി വിഭാഗം കൂടി ജന്മംകൊണ്ടിരിക്കുന്നു. സൈബര്‍ കുറ്റവാളികള്‍.
ഇതുവരെ കാട്ടിലോ മേട്ടിലോ മറ്റെവിടെയെങ്കിലും ഒളിച്ചിരിക്കുന്നവരെ പിടികൂടിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സൈബറിടങ്ങളില്‍ ഒളിച്ചിരിക്കുന്ന മാന്യപരിവേഷമുള്ള കുറ്റവാളികളെ കണ്ടെത്തുകയെന്നതാണു പോലീസിന്റെ പ്രധാന വെല്ലുവിളി. സൈബര്‍ കുറ്റങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിനും നടപടിക്കും പുതിയ ആഗോള സംവിധാനത്തെക്കുറിച്ചുതന്നെ അധികൃതര്‍ ആലോചിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. പോലീസിന്‌ ഇതിനായി ആധുനിക പരിശീലനം നല്‍കണം.

അപകടകരമായ അവസ്‌ഥ

കുറഞ്ഞ ദിവസത്തിനുള്ളില്‍ എത്രയെത്ര വ്യാജ സന്ദേശ വാര്‍ത്തകളും വ്യക്‌തിഹത്യാ വാര്‍ത്തകളുമാണു പുറത്തേക്കു വരുന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന്‌ അശ്ലീലവും ആഭാസവും പറയുവാന്‍ ഇത്രയും ധൈര്യം എവിടെനിന്നാണു കിട്ടുന്നത്‌.? സാധാരണക്കാര്‍ മാത്രമല്ല സിനിമാക്കാരും രാഷ്‌്രടീനേതാക്കളും സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരും സൈബര്‍ ആക്രമണത്തിന്‌ ഇരകളാകുന്നു.
തന്റെ ആദ്യ സിനിമയെ സൈബര്‍പോരാളികള്‍ കൊന്നു കുഴിച്ചുമൂടിയെന്ന്‌ കേരളത്തിലെ ഒരു വനിതാ സംവിധായിക പരാതിപ്പെട്ടത്‌ അടുത്തകാലത്താണ്‌. യോഗചെയ്യുന്നതിന്റെ ചിത്രത്തിനെ അസഹഷ്‌ണുതയോടെ കണ്ട ഒരു സമുദായത്തിലെ സൈബര്‍പോരാളികള്‍ ഒരു പ്രശസ്‌ത വനിതയ്‌ക്കെതിരേ അഴിച്ചുവിട്ടത്‌ മോശം പദപ്രയോഗങ്ങള്‍. ചിലരുടെ ജീവിതം തന്നെ ഇല്ലാതാക്കുന്ന തരത്തിലാണു സാമൂഹികമാധ്യമങ്ങളിലെ ആക്രമണങ്ങള്‍. സിനിമക്കാരും രാഷ്‌ട്രീയനേതാക്കളും സൈബര്‍കുറ്റവാളികള്‍ക്ക്‌ പ്രചോദനമാകുന്നുണ്ടോയെന്ന ചോദ്യത്തിന്‌ പ്രസക്‌തിയുണ്ട്‌. സിനിമകണ്ട്‌ ആരും കുറ്റവാളികളാകുന്നില്ല എന്നായിരിക്കും സിനിമാക്കാര്‍ വാദിക്കുന്നത്‌. തനിക്ക്‌ ചെയ്യാനാകാത്തത്‌, എന്നാല്‍ ചെയ്യണമെന്നാഗ്രഹിക്കുന്നത്‌ വെള്ളിത്തിരയില്‍ നായകന്മാര്‍ ചെയ്യുന്നത്‌ കാണുമ്പോഴാണ്‌ യുവാക്കള്‍ക്ക്‌ അവരോട്‌ ആരാധന തോന്നുന്നത്‌. ഈ ആരാധകരാണ്‌ പിന്നീട്‌ ഫാന്‍സുകാരായി മാറുന്നത്‌. നായകന്‍ പറയുന്ന ചില സംഭാഷണങ്ങള്‍ തനിക്ക്‌ പറയാന്‍ കഴിയാത്തുകൊണ്ട്‌ അവര്‍ തിയേറ്റരിലിരുന്ന്‌ കൈയടിക്കുന്നു. എന്നാല്‍ നായകന്‍ പറയുന്നനതിനെക്കാള്‍ കടുത്തവാക്കുകള്‍ സമൂഹിക മാധ്യമങ്ങളിലൂടെ പറയാന്‍ ആരാധകര്‍ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചു.
ഇനി രാഷ്ര്‌ടീയക്കാര്‍. പൊതുയോഗങ്ങളില്‍ രാഷ്‌്രടീയക്കാര്‍ എതിരാളികള്‍ക്കെതിരേ വിളിച്ചുപറയുന്ന വാക്കുകള്‍ കേട്ട്‌ സാധാരണജനം എത്ര തവണയാണ്‌ ചെവിപൊത്തിയിട്ടുള്ളത്‌. സ്‌േറ്റജുണ്ടാക്കി മൈക്ക്‌കെട്ടി പറയാന്‍ അവസരമില്ലാത്തവന്‍ തന്റെ കൈവെള്ളയില്‍ കിട്ടിയ സൈബര്‍ലോകത്തെ ഉപയോഗിച്ചു. ഇവിടെ മാറേണ്ടത്‌ നമ്മളാണ്‌. ഇന്നലെവരെ പിന്തുടര്‍ന്നു വന്ന ശീലങ്ങളും രീതികളുമാണ്‌.

ഇന്ത്യക്കാര്‍ മുന്നില്‍

സമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്‌. 100 കോടി ഫോണ്‍ കണക്‌ഷനുള്ള ഇന്ത്യയില്‍ 20 കോടി പേരാണ്‌ വാട്‌സ്‌ആപ്പ്‌ സ്‌ഥിരമായി ഉപയോഗിക്കുന്നത്‌. 27 കോടിപേര്‍ ഫെയ്‌സ്‌ബുക്കും ഉപയോഗിക്കുന്നുണ്ട്‌.
ഏറ്റവും കൂടുതല്‍ സന്ദേശങ്ങളും വീഡിയോകളും കൈമാറുന്നത്‌ ഇന്ത്യയിലാണെന്നാണ്‌ വാട്‌സ്‌ആപ്പ്‌ പുറത്തു വിട്ട കണക്ക്‌. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകളുടെ നിജസ്‌ഥിതി അന്വേഷിക്കാതെയാണ്‌ പലരും അതു പ്രചരിപ്പിക്കുന്നത്‌. സന്ദേശം എങ്ങനെയുള്ളതാണെന്ന്‌ തിരിച്ചറിയാന്‍ കഴിയാത്തവരാണ്‌ പലരും.
വ്യക്‌തിഹത്യ ചെയ്യുന്ന ഇത്തരം സന്ദേശങ്ങള്‍ക്കും വീഡിയോകള്‍ക്കും മൂക്കുകയറിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹികമാധ്യമങ്ങളില്‍ പാലിക്കേണ്ട അച്ചടക്കത്തിനു പുറമേ അധികൃതരും പോലീസും സര്‍ക്കാരും ചേര്‍ന്ന്‌ അച്ചടക്കത്തിന്‌ മാര്‍ഗരേഖ തയാറാക്കുകയും അത്‌ നടപ്പിലാക്കാന്‍ സൈബര്‍ സെല്ലിന്‌ പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയും വേണം. സൈബര്‍ ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടണം. ഈ കുറ്റവാളി സംഘത്തെ നിയന്ത്രിക്കാനുള്ള വഴി അതാണ്‌.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 01 Aug 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW