"കിരീടം" സിനിമയിലെ ഭീരുവായ കേഡി ഹൈദ്രോസിനെപ്പോലെയാണു സാമൂഹികമാധ്യമങ്ങളില്‍ തിണ്ണമിടുക്കു കാട്ടുന്ന മിക്ക സൈബര്‍ ഗുണ്ടകളും. പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയുന്ന വനിതാനേതാക്കളും സിനിമാ നടിമാരുമൊക്കെ ഇവരുടെ ഇരകളാണ്. ഇരകള്‍ സധൈര്യം ചെറുത്തുനില്‍ക്കുകയോ വനിതാ കമ്മിഷന് ഇടപെടുകയോ ചെയ്താല്‍ വാലുചുരുട്ടുന്ന സൈബര്‍ പുലികള്‍!
ഐ.എസ്. ഭീകരര്‍ വെറുതേവിട്ടാലും "ട്രോളന്മാര്" വെറുതേവിടില്ലെന്നു ഫാ. ടോം ഉഴുന്നാലിലിന്റെ അനുഭവവും തെളിയിക്കുന്നു. നാട്ടില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വഷളാക്കുന്ന സൈബര്‍ ചാവേറുകള്‍ വിഷം ചീറ്റുന്ന മുന്തിയ ഇനങ്ങളാണ്. സൈബര്‍ ഭാഷയില്‍ "കമ്മികള്‍" (കമ്യൂണിസ്റ്റുകള്‍), "സംഘികള്‍" (സംഘപരിവാറുകാര്‍), "കൊങ്ങികള്‍" (കോണ്‍ഗ്രസുകാര്‍), "സുഡാപ്പികള്‍" (എസ്.ഡി.പി.ഐക്കാര്‍) എന്നൊക്കെയാണ് ഇവര്‍ പരസ്പരം പരിഹസിക്കുന്നത്.
ഹിമ ശങ്കര്‍ ഒരു അഭിനേത്രി മാത്രമായിരുന്നില്ല. സമകാലികപ്രശ്നങ്ങളില്‍ സ്വന്തമായ നിലപാടുള്ളവള്‍. അവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതേ സാമൂഹികമാധ്യമങ്ങളില്‍ അവള് തേജോവധം ചെയ്യപ്പെട്ടതോടെ കാര്യങ്ങള്‍ പെട്ടെന്നു മാറിമറിഞ്ഞു.
ഹിമയുടെ ചില ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ സൈബര്‍ വായ്നോക്കികള്ക്കു ഞരമ്പുദീനമിളകി. രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയ്ക്കായി ചിത്രീകരിച്ച രംഗങ്ങള്‍ ആരോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നു ഹിമ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും ഫലമുണ്ടായില്ല. ഹിമയുടെ പേരു പരാമര്‍ശിക്കുന്നിടത്തെല്ലാം സൈബര്‍ ഞരമ്പുരോഗികള്‍ ഈ ചിത്രം ചേര്‍ത്തു. അതോടെ കരിയര്‍തന്നെ തകര്‍ച്ചയുടെ വക്കിലെത്തി. പല അവസരങ്ങളും നഷ്ടമാകുന്ന സ്ഥിതിയായി.
ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ ഹിമ എന്തഭിപ്രായം പറഞ്ഞാലും അവരുടെ സ്വയംപ്രഖ്യാപിതശത്രുക്കള് ഈ ചിത്രവുമായി ആക്രമിക്കാനെത്തും. പിന്നെ, അശ്ലീലപ്രവാഹമാണ്. എന്താണിവര്ക്കു തന്നോടുള്ള വിരോധത്തിനു കാരണമെന്നു ഹിമയ്ക്കറിയില്ല.
സൈബര്‍ സെല്ലില്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഫെയ്സ്ബുക്കില്‍ പ്രതികരിക്കാന്‍ തുനിഞ്ഞപ്പോഴും വിടന്മാര് വെറുതേവിട്ടില്ല. ഇനി ഇത്തരം ഭീരുക്കളെ ഭയക്കാന്‍ ഉദ്ദേശ്യമില്ലെന്നാണു ഹിമയുടെ നിലപാട്. ഫെയ്സ്ബുക്കില്‍ത്തന്നെ പോരാട്ടം തുടരും. അടുത്ത ഇരയെ കിട്ടുന്നതുവരെയേ പലപ്പോഴും സൈബര്‍ നിഴല്യുദ്ധക്കാര് ഒരാളുടെ പിന്നാലെ പായാറുള്ളൂ.
പ്രണയ വിചാരണയ്ക്ക് സൈബര്‍ നാട്ടുക്കൂട്ടം
താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും അയാളെ മാത്രമേ വിവാഹം ചെയ്യൂവെന്നും അവള് വീട്ടുകാരോടു കരഞ്ഞുപറഞ്ഞതാണ്. വീട്ടുകാര്‍ കണ്ടുവച്ച പ്രതിശ്രുതവരനോടും ഇക്കാര്യം തുറന്നുപറഞ്ഞു. എന്നിട്ടും അവള്‍ക്ക് ആ നിര്ബന്ധിതവിവാഹത്തിനു തലകുനിക്കേണ്ടിവന്നു. കഴുത്തില്‍ താലിച്ചരട് മുറുകിയശേഷവും നവവരനോട് അവള് നിലപാട് ആവര്‍ത്തിച്ചു. ഇതോടെ വിവാഹം നടന്ന ക്ഷേത്രനഗരി സംഘര്‍ഷഭരിതമായി. വരന്റെ വീട്ടുകാര്‍ക്കു നഷ്ടപരിഹാരം നല്‍കാമെന്നു പെണ്‍വീട്ടുകാര്‍ അംഗീകരിച്ചതോടെ സംഭവം പോലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പായി. എന്നാല്‍, ആരാന്റെ വീട്ടുകാര്യം അങ്ങനെയങ്ങ് ഒത്തുതീര്‍ക്കാന്‍ സൈബര്‍ നാട്ടുക്കൂട്ടം തയാറായിരുന്നില്ല. താലികെട്ടു കഴിഞ്ഞ പെണ്ണിന് ഇത്ര അഹങ്കാരമോ?!- സൈബര്‍ പുരുഷകേസരികള്‍ സടകുടഞ്ഞെഴുന്നേറ്റു.
വിവാഹത്തില്‍നിന്നു പിന്മാറിയ പെണ്‍കുട്ടി സാമൂഹികമാധ്യമങ്ങളില്‍ നിരന്തരം അവഹേളിക്കപ്പെട്ടതോടെ സംസ്ഥാന വനിതാ കമ്മിഷന് ഇടപെട്ടു. കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത കമ്മിഷന് കര്‍ശനനിലപാട് കൈക്കൊണ്ടതോടെ സൈബര്‍ പുലികള്‍ വാലുചുരുട്ടി. വരന്റെ വീട്ടുകാര്‍ നല്കിയ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം തിരിച്ചുനല്‍കി; ഇനിയെന്തു നഷ്ടപരിഹാരമെന്നായിരുന്നു കമ്മിഷന്റെ ചോദ്യം. പെണ്‍കുട്ടിയുടെ അഭിമാനത്തിനാകണം പ്രാമുഖ്യമെന്നും കമ്മിഷന് നിലപാടെടുത്തു. സാമൂഹികമാധ്യങ്ങളില്‍ പെണ്‍കുട്ടിയെ അപമാനിക്കുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ കമ്മിഷന് പോലീസിനോടു നിര്‍ദേശിച്ചതോടെയാണു സൈബര്‍ സദാചാരഗുണ്ടകള്‍ മാളത്തിലൊളിച്ചത്.
അച്ഛന്റെ ജീവന് യാചിച്ചാല് മകളെ 'ട്രോളി'ക്കൊല്ലും
സി.പി.എം. വിട്ട അച്ഛനെ കൊല്ലുമെന്ന ഭീഷണിയേത്തുടര്ന്നാണു കാസര്‍ഗോഡ് കാഞ്ഞങ്ങാട് കിനാനൂര്‍ സ്വദേശിയായ പ്ലസ്വണ് വിദ്യാര്‍ഥിനി സാമൂഹികമാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ഥിച്ചത്. അതോടെ, "സൈബര്‍ സഖാക്കളു"ടെ കലിയത്രയും അവള്ക്കുനേരേയായി. വീട്ടില്‍നിന്നു 2.5 കിലോമീറ്റര്‍ നടന്ന്, ബസ് സ്റ്റോപ്പിലെത്തിവേണം സ്കൂളില്‍ പോകാന്‍. അതിനാല്‍ അച്ഛന് ബൈക്കില്‍ ബസ് സ്റ്റോപ്പില്‍ കൊണ്ടുവിടും. അടുത്തിടെ പതിവുപോലെ വൈകിട്ട് ഇരുവരും ബസ് സ്റ്റോപ്പില്‍നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ സംഘടിച്ചെത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി വധഭീഷണി മുഴക്കിയെന്നു പെണ്‍കുട്ടി പറയുന്നു. ഇക്കാര്യം അടുത്തദിവസം സഹപാഠികളോടു പറഞ്ഞു. സംഭവം സാമൂഹികമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിക്കാന്‍ കൂട്ടുകാരാണ് ഉപദേശിച്ചത്. ഇതനുസരിച്ച് അവള് ഫെയ്സ്ബുക്കില്‍ സഹായമഭ്യര്‍ഥിച്ചു വീഡിയോ പോസ്റ്റ് ചെയ്തു. എന്നാല്‍ സഹായത്തിനു പകരം, സഹിക്കാനാവാത്ത ആക്ഷേപഹാസ്യ ട്രോളുകളാണു പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിക്കുനേരേ സൈബര്‍ പാര്‍ട്ടി ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഭരിക്കുന്ന പാര്‍ട്ടിയുടെ സൈബര്‍ ആക്രമണങ്ങള്ക്കുനേരേ ഒരു വനിതാ കമ്മിഷനും നടപടിയെടുത്തില്ല.
'ഹൈദ്രോസു'മാരുടെ സൈബര്‍ കൊലവിളി
കണ്ണൂരില്‍ നടക്കുന്ന ഓരോ രാഷ്ട്രീയ ആക്രമണങ്ങള്‍ക്കും പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ "ഒളിപ്പോരാളി"കളുടെ കൊലവിളിയും പതിവായിമാറി. "കിരീടം" സിനിമയിലെ ഹൈദ്രോസ് എന്ന ഭീരുവായ കേഡിയെപ്പോലെയാണു സാമൂഹികമാധ്യമങ്ങളില്‍ തിണ്ണമിടുക്ക് കാട്ടുന്ന മിക്ക സൈബര്‍ ഗുണ്ടകളും. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി സമാധാനശ്രമങ്ങള്ക്കുപോലും പുല്ലുവില കല്‍പ്പിച്ചാണു സൈബര്‍ ഭാഷയില്‍, "കമ്മി"കളും "സംഘി"കളും സാമൂഹികമാധ്യമങ്ങളില്‍ ഏറ്റുമുട്ടുന്നത്. രാഷ്ട്രീയകൊലപാതകങ്ങളുടെഉത്തരവാദിത്വം പോലും ഏറ്റെടുക്കുന്ന സൈബര്‍ ചാവേറുകള്‍ പലപ്പോഴും പാര്‍ട്ടി നേതൃത്വങ്ങള്‍ക്കും തലവേദനയാകാറുണ്ട്. രക്തസാക്ഷികളുടെയും ബലിദാനികളുടെയും അനുസ്മരണദിനങ്ങളിലാണു സൈബര്‍ കൊലവിളി മൂര്‍ധന്യത്തിലെത്തുന്നത്. കോടതി വെറുതേവിട്ടാലും പ്രതികളെ ഞങ്ങള്‍ വെറുതേവിടില്ലെന്നാണ് ഇത്തരം പാര്‍ട്ടി "സൈബര്‍ കോടതി"കളുടെ പ്രഖ്യാപനം. പയ്ന്നൂരിലെ സി.പി.എം. നേതാവ് ധനയരാജ് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരേ സൈബര്‍ വധഭീഷണിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ വീടുകള്‍ക്കു പോലീസ് സംരക്ഷണമേര്‍പ്പെടുത്തി. എന്നാല്‍, പോലീസ് കാവല്‍ പിന്‍വലിച്ചതിനു തൊട്ടുപിന്നാലെ 12-ാം പ്രതി ബിജു കൊല്ലപ്പെട്ടു. കീഴാറ്റൂര്‍ വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍, ഇടതുചിന്തകനായ കെ.സി. ഉമേഷ് ബാബു, അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചതിന്റെ പേരില്‍ പാര്‍ട്ടി ഗ്രാമമായ കല്യാശേരിയില്‍ ഊരുവിലക്ക് നേരിടുന്ന ഡോ. നിത നമ്പ്യാര്‍ തുടങ്ങിയവരും നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നവരാണ്.
ഭീകരര്‍ എത്ര ഭേദം!
ഒന്നരവര്‍ഷം യെമനില്‍ ഭീകരരുടെ തടവറയില്‍ കഴിഞ്ഞ ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി നാട്ടിലെത്തിയപ്പോള്‍ ജാതിമതിഭേദമന്യേ ആഹ്ളാദപൂര്‍വം കേരളം അദ്ദേഹത്തെ വരവേറ്റു. എന്നാല്‍, സ്വീകരണങ്ങളുടെ ആരവമൊടുങ്ങും മുമ്പേ, ഭീകരര്‍ പോലും കാട്ടാത്ത ക്രൂരതയാണു സാമൂഹികമാധ്യമങ്ങള്‍ ട്രോള്‍ വെടിയുണ്ടകളായി അദ്ദേഹത്തിനുനേരേ പായിച്ചത്. 2016 മാര്‍ച്ച് നാലുമുതല്‍ 2017 സെപ്റ്റംബര്‍ 12 വരെ ഭീകരര്‍ക്കൊപ്പം കഴിഞ്ഞ 557 ദിവസത്തെ അനുഭവങ്ങള്‍ പരിക്ഷീണനായ ഫാ. ഉഴുന്നാലില്‍ മാധ്യമങ്ങളോടു പങ്കുവച്ചിരുന്നു. ഈ വിവരണമാണ് അദ്ദേഹത്തെ പരിഹസിക്കാന്‍ "ട്രോളന്മാര്" ആയുധമാക്കിയത്. തട്ടിക്കൊണ്ടുപോയ ഭീകരര്‍ തന്നോടു മാന്യമായാണു പെരുമാറിയതെന്നും അവര്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുന്നുവെന്നും പറഞ്ഞതാണു സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനവിധേയമായത്.
എന്നാല്‍ അതിലൊന്നും പതറാതെ, തന്നെ പരിഹസിച്ചവര്ക്കുവേണ്ടിയും പ്രാര്‍ഥിക്കുകയാണ് ബംഗളുരു സലേഷ്യന്‍ മന്ദിരത്തില്‍ വിശ്രമിക്കുന്ന ഈ വൈദികന്. വിവരസാങ്കേതികവളര്ച്ച നേടിയെന്ന് അഭിമാനിക്കുമ്പോള്‍തന്നെ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷ്മത പുലര്‍ത്തണമെന്നു മാത്രമാണ് അദ്ദേഹത്തിനു പറയാനുള്ളത്.
"തടവറയില്‍ ഭീകരര്‍ ഒരിക്കല്‍പോലും എനിക്കുനേരേ തോക്കു ചൂണ്ടിയില്ല എന്ന സത്യം പറഞ്ഞതു മലയാളിക്ക് ഉള്‍ക്കൊള്ളാനായില്ല. ഭീകരര്‍ വിശുദ്ധരായതുകൊണ്ടാണെന്നായിരുന്നു പരിഹാസം.
ഐ.എസ്. ഭീകരര്‍ അച്ചന്റെ കുര്‍ബാനയില്‍ പങ്കെടുത്തു മാനസാന്തരപ്പെട്ടെന്നായിരുന്നു ചില ട്രോളുകള്‍". റമദാന് നോമ്പുകാലത്തുപോലും ഭീകരര്‍ തനിക്കു ഭക്ഷണവും മരുന്നും മുടക്കിയിട്ടില്ലെന്ന സത്യവും ചിലര്‍ക്കു ദഹിച്ചില്ലെന്നു ഫാ. ഉഴുന്നാലില്‍ പറയുന്നു.
(തുടരും)
തയാറാക്കിയത്:
കെ. സുജിത്ത്, എം.എസ്. സന്ദീപ്,
ജേക്കബ് ബെഞ്ചമിന്‍,
സുഭാഷ് ആരക്കുന്നം
സങ്കലനം
എസ്. ശ്രീകുമാര്‍