Thursday, September 13, 2018 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 02.38 AM

ഇടുക്കി അണക്കെട്ട്‌ തുറക്കുമ്പോള്‍

uploads/news/2018/07/237614/editorial.jpg

കേരളം അടുത്തകാലത്തെങ്ങും കാണാത്ത മഴക്കാലം അനുഭവിക്കുകയാണ്‌. ദിവസങ്ങളോളം നിന്നു പെയ്യുന്ന മഴ പലയിടത്തും ജനജീവിതത്തെ സാരമായി ബാധിച്ചു. വെള്ളപ്പൊക്കക്കെടുതിയില്‍ നിന്ന്‌ മധ്യകേരളം മോചനം നേടി വരുന്നതേയുള്ളു.

അതിനു പിന്നാലെയാണ്‌ ഇടുക്കി അണക്കെട്ട്‌ തുറക്കാനുള്ള ആലോചന നടക്കുന്നത്‌. 26 വര്‍ഷത്തിനു ശേഷമാണ്‌ ഇടുക്കി അണക്കെട്ട്‌ തുറക്കുന്നത്‌. ഇടുക്കിയില്‍ കാലവര്‍ഷ സീസണില്‍ ഏറ്റവുമധികം വെള്ളമൊഴുകിയെത്തിയത്‌ ഈ വര്‍ഷമാണ്‌. മുന്‍പ്‌ മൂന്നു തവണ ഇടുക്കി അണക്കെട്ട്‌ തുറന്നിട്ടുണ്ടെങ്കിലും അതു തുലാവര്‍ഷ സമയത്തായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണികളില്‍ ഒന്ന്‌ എന്ന നിലയില്‍ ഇടുക്കി അണക്കെട്ട്‌ തുറക്കുന്നതിന്‌ വലിയ പ്രാധാന്യമാണുള്ളത്‌. അണക്കെട്ടിനു താഴേക്കുള്ള ജനപഥങ്ങള്‍ അനേകമാണ്‌. ഇവിടെ പെരിയാറിന്റെ ഇരുകരയിലും ധാരാളം കൃഷിയിടങ്ങളുണ്ട്‌. ആലുവയും എറണാകുളവും അടക്കമുള്ള നഗരങ്ങളും അനേകം ഗ്രാമങ്ങളുമുണ്ട്‌. ഇതിനു മുന്‍പ്‌ അണക്കെട്ട്‌ തുറന്നപ്പോള്‍ പെരിയാറിന്റെ ഇരുകരകളിലെയും കൃഷി വളരെയധികം നശിച്ചിരുന്നു. കാല്‍നൂറ്റാണ്ടു കൊണ്ട്‌ നദിയോരത്ത്‌ വീടുകളും കൃഷിയും ഏറെ വര്‍ധിച്ചിട്ടുണ്ട്‌. അതിനാല്‍തന്നെ ഇത്തവണ ഏറെ ശ്രദ്ധ അധികൃതരുടെയും ജനങ്ങളുടെയും ഭാഗത്ത്‌ ആവശ്യമാണ്‌. അധികൃതരും സര്‍ക്കാര്‍ സംവിധാനവും അണക്കെട്ട്‌ തുറക്കുന്നതിനുള്ള എല്ലാ നടപടിക്രമവും പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. ഇടുക്കിയിലെ വെള്ളം ആറുമണിക്കൂര്‍ കൊണ്ട്‌ ആലുവയിലെത്തുമെന്നാണ്‌ കരുതുന്നത്‌. ഈ കുത്തൊഴുക്കിനിടയില്‍ നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറാനിടയുണ്ട്‌. അതായത്‌ പെരിയാറില്‍ നിന്ന്‌ മാറിയുള്ളയിടങ്ങളില്‍ വരെ വെള്ളമെത്തും. അണക്കെട്ട്‌ തുറക്കുന്നതിനു മുന്നോടിയായി അധികൃതര്‍ ധാരാളം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌. ഇത്തരം നിര്‍ദേശങ്ങള്‍ അവഗണിക്കാനുള്ള പ്രവണത ജനങ്ങളില്‍ പ്രകടമാണ്‌. പലപ്പോഴും അവയെ ജനങ്ങള്‍ ഗൗരവത്തിലെടുക്കാറില്ല. മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എല്ലാവരും ഗൗരവത്തോടെ കാണേണ്ടതുണ്ട്‌. അധികൃതരുടെ അറിയിപ്പുകള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതാണ്‌ അഭികാമ്യം.

ഇടുക്കി അണക്കെട്ട്‌ നിറയുന്നു എന്ന വാര്‍ത്ത വന്നതോടെ അനേകം പേരാണ്‌ അവിടേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. പ്രതികൂല കാലാവസ്‌ഥയെ അവഗണിച്ചാണ്‌ ഇവരെല്ലാം എത്തിച്ചേരുന്നത്‌. അണക്കെട്ട്‌ തുറക്കുന്ന ദിവസവും ധാരാളം പേര്‍ എത്തും. പതിറ്റാണ്ടുകള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യം കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തുന്നത്‌ സ്വാഭാവികം മാത്രമാണ്‌. എന്നാല്‍, ഈ യാത്ര ഉത്തരവാദിത്വബോധത്തോടെ മാത്രമാണ്‌ നടത്തേണ്ടത്‌. സാഹസികതയ്‌ക്കുള്ള അവസരമല്ല ഇത്‌ എന്നു മനസ്സിലാക്കി വേണം എല്ലാ സഞ്ചാരികളും പെരുമാറേണ്ടത്‌. അപകടമുണ്ടാക്കാന്‍ ഇടയുള്ള എല്ലാ അവസരങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ ഇവിടേക്ക്‌ യാത്രചെയ്യുന്നവര്‍ ശ്രദ്ധിക്കണം. ചെറുതോണി അണക്കെട്ടിനു ചുറ്റുവട്ടത്തുള്ളചെറിയ സ്‌ഥലത്തേക്ക്‌ ഒറ്റദിവസം വലിയ തോതില്‍ സഞ്ചാരികള്‍ ഒഴുകിയെത്തുന്നത്‌ അഭിലഷണീയമല്ല. ഇക്കാര്യവും ജനങ്ങളും അധികൃതരും ശ്രദ്ധിക്കേണ്ടതുണ്ട്‌.

Ads by Google
Tuesday 31 Jul 2018 02.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW