Thursday, September 13, 2018 Last Updated 10 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 02.37 AM

സൈബറുകള്‍ വിധിക്കും; ആള്‍ക്കൂട്ടം നടപ്പാക്കും: ഞരമ്പുരോഗം ബാധിച്ച സൈബര്‍ 'തരികിട'ത്താരങ്ങള്‍ സുരക്ഷിതര്‍

uploads/news/2018/07/237613/cyber.jpg

പ്രാചീനകാലത്തെ പ്രാകൃത വധശിക്ഷാരീതിയാണു ചിത്രവധം. എന്നാല്‍, ഈ ഐ.ടി. യുഗത്തില്‍, നിരപരാധികളെ ചിത്രങ്ങള്‍ സഹിതം കൊല്ലാക്കൊല ചെയ്യുന്നതു സാമൂഹികമാധ്യമങ്ങളാണ്‌. അനുജനെയും സുഖമില്ലാത്ത അമ്മയേയും പട്ടിണിക്കിടാതിരിക്കാന്‍ ഹനാന്‍ എന്ന കോളജ്‌ വിദ്യാര്‍ഥിനി മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്ന വാര്‍ത്ത കേരളത്തില്‍ അടുത്തിടെ വന്‍കോലാഹലമാണുണ്ടാക്കിയത്‌. ഹനാന്റെ മീന്‍വില്‍പ്പന സംബന്ധിച്ച മാധ്യമവാര്‍ത്ത അവളെ സഹായിക്കുക എന്ന സദുദ്ദേശ്യത്തോടെയായിരുന്നു. എന്നാല്‍, സാമൂഹികമാധ്യമങ്ങളില്‍ അലഞ്ഞുതിരിയുന്ന സൈബര്‍ വിടന്മാര്‍ക്ക്‌ കാത്തിരുന്നു കിട്ടിയ ഇരയായിരുന്നു അവള്‍. സ്വന്തം മുറിയുടെ സ്വകാര്യതയിലിരുന്ന്‌ അന്യര്‍ക്കുനേരേ ചെളിവാരിയെറിയുന്ന സൈബര്‍ ഭീരുക്കളുടെ ആദ്യ ഇരയല്ല ഹനാന്‍. ഹനാന്റെ കാര്യത്തില്‍ മാതൃകാപരമായ നിയമനടപടിയുണ്ടായെങ്കിലും മറ്റു പല പരിഗണനകളാല്‍ നീതി നിഷേധിക്കപ്പെട്ടവരും അനേകം. സൈബര്‍ ലോകത്ത്‌ ഇത്തരം ഞരമ്പുരോഗികള്‍ മാത്രമല്ല ഉള്ളത്‌; രാഷ്‌ട്രീയചാവേറുകളും തീവ്രവാദം പ്രചരിപ്പിക്കുന്നവരുമുണ്ട്‌. പോലീസില്‍ പോലും സൈബര്‍ തീവ്രവാദികള്‍ 'പച്ചവെളിച്ച'മായും 'നിലാവിന്റെ കൂട്ടുകാരായും' നിറയുന്നു. സാമൂഹികമാധ്യമങ്ങളിലെ കൊല്ലാക്കൊലകളിലേക്കു വെളിച്ചം വീശുന്ന പരമ്പര ആരംഭിക്കുന്നു.

രാഷ്‌ട്രീയപ്രവര്‍ത്തകയാണെങ്കിലും പൊതുസമൂഹത്തില്‍ അടുത്തകാലംവരെ അത്രയൊന്നും പ്രശസ്‌തയായിരുന്നില്ല ലസിത പാലയ്‌ക്കല്‍ എന്ന വനിതാനേതാവ്‌. ബി.ജെ.പി. പോഷകസംഘടനയായ യുവമോര്‍ച്ചയുടെ കണ്ണൂര്‍ ജില്ലാ വൈസ്‌ പ്രസിഡന്റായിരുന്ന ലസിതയെ അതിവേഗം പ്രശസ്‌തിയിലേക്കുയര്‍ത്തിയതും പിന്നീട്‌ എതിരാളികളാല്‍ അവഹേളിതയാക്കിയതും സാമൂഹികമാധ്യമങ്ങളാണ്‌.

രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരേ, പ്രത്യേകിച്ച്‌ സി.പി.എമ്മിനെതിരേ, സാമൂഹികമാധ്യമങ്ങളില്‍ തീതുപ്പിയിരുന്ന ലസിത, സൈബര്‍ ഗുണ്ടായിസത്തിന്റെ ഇരയായതു പൊടുന്നനേയാണ്‌. മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങളിലൂടെയും തെറിയഭിഷേകത്തിലൂടെയുമാണ്‌ എതിരാളികള്‍ ഈ യുവതിയുടെ നിലപാടുകളെ നേരിട്ടത്‌. ഹനാന്‍ എന്ന കോളജ്‌ വിദ്യാര്‍ഥിനിയെ സാമൂഹികമാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരേ അറസ്‌റ്റ്‌ ഉള്‍പ്പെടെയുള്ള നടപടികളുണ്ടായിട്ടും അതിനുമുമ്പേ ഇരയായ ലസിതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ മുഖം തിരിച്ചു. ഇരകള്‍ ഇരുവരും സ്‌ത്രീകളാണെങ്കിലും ലസിതയ്‌ക്കു നീതി ലഭിക്കാന്‍ രാഷ്‌ട്രീയം തടസമായി. ലസിതയ്‌ക്കു സ്വന്തം പ്രസ്‌ഥാനത്തില്‍നിന്നുപോലും പിന്തുണ ലഭിക്കാത്തതില്‍ "സൈബര്‍ സംഘികള്‍" അവിടവിടെയായി മുറുമുറുക്കുന്നുണ്ടെന്നു മാത്രം.

തനിക്കേറ്റ മുറിവുകളില്‍ ഏറ്റവും മാരകം, നടനും ടെലിവിഷന്‍ താരവുമായ തരികിട സാബു(സാബുമോന്‍ അബ്‌ദുസമദ്‌)വില്‍നിന്നായിരുന്നെന്നു ലസിത പറയുന്നു. കഴിഞ്ഞ ജൂണ്‍ മൂന്നിനു സാബു ഇട്ട ഫെയ്‌സ്‌ബുക്‌ പോസ്‌റ്റ്‌ ആരംഭിക്കുന്നതിങ്ങനെ: "കുട്ടിയെ ഞാനെന്റെ ജീവിതത്തിലേക്കു ക്ഷണിക്കുകയാണ്‌...". തുടര്‍ന്നുള്ള വാചകങ്ങള്‍ അച്ചടിക്കാന്‍ കൊള്ളാത്ത അശ്ലീലമാണ്‌. ഹനാന്‍ കേസില്‍ ദിവസങ്ങള്‍ക്കകം പ്രതിയെ അറസ്‌റ്റ്‌ ചെയ്‌ത പോലീസ്‌, ലസിതയുടെ പരാതിയില്‍ ഇന്നും അടയിരിക്കുകയാണ്‌. സാബുവിനെതിരേ ലസിത പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ട്‌ രണ്ടുമാസമാകുന്നു. മോഹന്‍ലാല്‍ നയിക്കുന്ന "ബിഗ്‌ബോസ്‌" എന്ന ടെലിവിഷന്‍ ഷോയിലെ പ്രധാനതാരമായി സാബു വിലസുമ്പോഴും ഫെയ്‌സ്‌ബുക്കില്‍നിന്ന്‌ സ്‌ഥിരീകരണം ലഭിച്ചില്ലെന്ന മുടന്തന്‍ന്യായമാണു പോലീസിന്റേതെന്നു ലസിത പറയുന്നു. ഹനാന്‍ സംഭവത്തേത്തുടര്‍ന്ന്‌, സാമൂഹികമാധ്യമങ്ങളില്‍ സ്‌ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും ലസിത ഇരയായും സാബു താരമായും തുടരുന്നു! ഈ അനീതിക്കെതിരേ തിരുവനന്തപുരത്തെ പോലീസ്‌ ആസ്‌ഥാനത്തിനു മുന്നില്‍ ഉടന്‍ സമരമാരംഭിക്കുമെന്നു ലസിത പറഞ്ഞു.
കഴിഞ്ഞദിവസം സംസ്‌ഥാന പോലീസ്‌ മേധാവിയെ നേരില്‍ക്കണ്ട്‌ പരാതി നല്‍കിയപ്പോള്‍, 10 ദിവസത്തെ സാവകാശമാണ്‌ അദ്ദേഹം പറഞ്ഞത്‌. ഈമാസം വരെ ആ വാക്കിനു വിലകല്‍പ്പിച്ചു. എന്നാല്‍, തരികിട സാബുവിനെ രക്ഷിക്കാനാണു പോലീസ്‌ ശ്രമിക്കുന്നതെന്നു ലസിത ആരോപിച്ചു. ഒരു മഹിളാമോര്‍ച്ച നേതാവിനെയും ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനെയും ചേര്‍ത്തുള്ള സൈബര്‍ അപവാദപ്രചാരണത്തിന്റെ പ്രഭവകേന്ദ്രവും കണ്ണൂരായിരുന്നു. ഇരുവരെയും ആളൊഴിഞ്ഞ വീട്ടില്‍നിന്നു നാട്ടുകാര്‍ പിടികൂടിയെന്നായിരുന്നു ഫോട്ടോകള്‍ സഹിതമുള്ള പ്രചാരണം. ഇതിന്റെ പേരില്‍ ഇടതു-സംഘപരിവാര്‍ സൈബര്‍ ചാവേറുകള്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്‌.

സൈബറുകള്‍ വിധിക്കും; ആള്‍ക്കൂട്ടം നടപ്പാക്കും

"ഇവരെ നിങ്ങളുടെ പ്രദേശത്തു കണ്ടാല്‍ സൂക്ഷിക്കുക, നിങ്ങളുടെ കുട്ടികളെ നഷ്‌ടപ്പെട്ടേക്കാം"- വാട്‌സ്‌ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന മുന്നറിയിപ്പ്‌ സന്ദേശങ്ങളില്‍ ചിലത്‌ ഇപ്രകാരമാണ്‌. "പിള്ളേരെ പിടുത്തക്കാരുടെ" ചിത്രങ്ങളും ഇതിനൊപ്പമുണ്ടാകും. മുന്നറിയിപ്പിന്റെ സാധുതയൊന്നും തിരക്കാതെതന്നെ ഇത്തരം സന്ദേശങ്ങള്‍ കിട്ടിയാലുടന്‍ കണ്ണുംപൂട്ടി ഷെയര്‍ ചെയ്യുകയാണു മിക്കവരുടെയും രീതി. ഫോട്ടോ സഹിതം ആരോ ഇട്ട വ്യാജസന്ദേശത്തിന്റെ പേരില്‍ ഒഡീഷക്കാരനായ ഒരു യുവാവ്‌ അടുത്തിടെ കണ്ണൂരില്‍ ക്രൂരമര്‍ദനത്തിന്‌ ഇരയായി. പിള്ളേരെ പിടിത്തക്കാരന്‍ എന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടവിചാരണയും മര്‍ദനവും. കണ്ണൂര്‍ മാനന്തേരിയിലെ സത്രം എന്ന സ്‌ഥലത്തായിരുന്നു സംഭവം. ഒരു കുട്ടിയെ കടത്തിക്കൊണ്ടുപോയി കൊടുത്താല്‍ നാലുലക്ഷം രൂപയാണ്‌ ഇയാളുടെ പ്രതിഫലമെന്നും സൈബര്‍ ഡിറ്റക്‌ടീവുകള്‍ കണ്ടെത്തി. ആള്‍ക്കൂട്ടവിചാരണയുടെയും മര്‍ദനത്തിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍, അക്രമത്തിനിരയായ യുവാവിനെതിരേ ഒരു തെളിവും പോലീസിനു ലഭിച്ചില്ല. ഇയാളെ മര്‍ദിച്ച്‌, നിയമം കൈയിലെടുത്തവര്‍ക്കെതിരേയും നടപടിയുണ്ടായില്ല.

"അമ്മ"യെ തല്ലിയാലും രണ്ടുപക്ഷം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെടെ ഫെയ്‌സ്‌ബുക്കില്‍ പ്രതികരിച്ച, അരൂര്‍ സ്വദേശിയായ വീട്ടമ്മയേയും സൈബര്‍ വിടന്മാര്‍ വെറുതേവിട്ടില്ല. 13 വയസുള്ള മകനൊപ്പം വീട്ടമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌ത്‌, കേട്ടാലറയ്‌ക്കുന്ന അശ്ലീലക്കുറിപ്പുകള്‍ സഹിതം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഈ പോസ്‌റ്റുകള്‍ ബന്ധുക്കള്‍ക്കും മകന്റെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും മറ്റും ടാഗ്‌ ചെയ്‌തു. "ശ്യാം ശ്യാം" എന്ന പ്ര?ഫൈലില്‍നിന്നായിരുന്നു തുടക്കം. പിന്നീട്‌ ഇവ വ്യാപകമായി ഷെയര്‍ ചെയ്പ്പെട്ടെന്നു വീട്ടമ്മ പോലയീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇതോടെ മാനസികമായി തകര്‍ന്ന വീട്ടമ്മയ്‌ക്ക്‌ ഒരു ഓണ്‍ലൈന്‍ ഗ്രൂപ്പില്‍നിന്നു സഹായവാഗ്‌ദാനത്തിന്റെ രൂപത്തില്‍ അടുത്ത കെണിയെത്തി. "അനോനിമസ്‌ കേരള സൈബര്‍ ഹാക്കേഴ്‌സ്‌" എന്ന ഗ്രൂപ്പില്‍നിന്നായിരുന്നു സഹായവാഗ്‌ദാനം. ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജഅശ്ലീലചിത്രങ്ങള്‍ ഒഴിവാക്കാമെന്നു വീട്ടമ്മയെ വിശ്വസിപ്പിച്ചു. തന്നെ വേട്ടയാടിയവര്‍തന്നെയാണു സഹായഹസ്‌തം നീട്ടിയതെന്നു തിരിച്ചറിഞ്ഞതു പിന്നീടാണ്‌. അപ്പോഴേക്കു ബ്ലാക്‌മെയിലിങ്‌ ഭീഷണിയായി. അവര്‍ക്കൊപ്പം കറങ്ങാന്‍ ചെല്ലാനും ഹോട്ടലില്‍ ചെല്ലാനുമൊക്കെ ആവശ്യപ്പെട്ടു. ഇതോടെയാണുവീട്ടമ്മ പോലീസിനെ സമീപിച്ചത്‌. സംഭവത്തില്‍ കേസെടുത്ത പോലീസ്‌ വേങ്ങര കുറ്റിപ്പുറം സ്വദേശിയായ ജല്‍ജാസിനെ അറസ്‌റ്റ്‌ ചെയ്‌തു. ഇയാള്‍ റിമാന്‍ഡിലാണ്‌. വ്യാജ അക്കൗണ്ടുകളില്‍നിന്നാണ്‌ ഇത്തരം പോസ്‌റ്റുകള്‍ പ്രചരിക്കുന്നത്‌. അതിനാല്‍ പ്രതികളെ പിടികൂടാനും സമയമെടുക്കുമെന്നു പോലീസ്‌ പറയുന്നു.

സൈബര്‍ ചുവരുകളിലെ അപവാദ നോട്ടീസുകള്‍

സൈബര്‍ ആക്രമണത്തിനിരയായ ഒരു വനിതാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പാലക്കാട്ട്‌ ആത്മഹത്യക്കു ശ്രമിച്ചത്‌ അടുത്തിടെയാണ്‌. അപവാദങ്ങളടങ്ങിയ നോട്ടീസ്‌ പഞ്ചായത്തില്‍ വിതരണം ചെയ്‌തായിരുന്നു തുടക്കം. അധികം വൈകാതെ നോട്ടീസ്‌ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു. ഇതോടെയാണു കുടുംബിനിയായ ഈ പൊതുപ്രവര്‍ത്തക ആത്മഹത്യക്കു ശ്രമിച്ചത്‌. രാവിലെ പോലീസില്‍ പരാതി നല്‍കിയശേഷം വൈകിട്ട്‌ ആത്മഹത്യക്കു ശ്രമിച്ച ഇവര്‍ ജില്ലാ ആശുപത്രിയിലെ ചികിത്സയ്‌ക്കുശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്‌.
ഡി.ടി.പി. പകര്‍പ്പെടുത്ത നോട്ടീസിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഇതുവരെ പോലീസിന്‌ കഴിഞ്ഞില്ല. എന്നാല്‍, ഇതു വാട്‌സ്‌ആപ്പില്‍ പ്രചരിപ്പിച്ച രണ്ടു "സൈബര്‍ സംഘി"കളെ മങ്കര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. യുവമോര്‍ച്ച മങ്കര പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ കിഴക്കേപരിയശ്ശേരി രജീഷ്‌ പണിക്കര്‍, ബി.ജെ.പി. അനുഭാവിയായ മങ്കര താവളം രാജേഷ്‌ ചേറ്റൂര്‍ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. അപവാദ നോട്ടീസ്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌ത മങ്കര മഞ്ഞക്കര സ്വദേശിയായ യുവാവ്‌ വിദേശത്താണ്‌. ഇയാള്‍ക്കെതിരേ ലുക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. സംഭവത്തില്‍ ഐ.ടി. വകുപ്പുപ്രകാരം കേസെടുക്കാന്‍ കഴിഞ്ഞെങ്കിലും നാട്ടില്‍ നോട്ടീസ്‌ പ്രചരിപ്പിച്ചവരെ കണ്ടെത്താനായിട്ടില്ല. ഡി.ടി.പി. പ്രിന്റ്‌ ആയതിനാല്‍ ഉറവിടം കണ്ടെത്തുക ശ്രമകരമാണെന്നാണു പോലീസ്‌ ഭാഷ്യം. എന്നാല്‍, സാമൂഹികമാധ്യമങ്ങളില്‍ നോട്ടീസ്‌ പ്രചരിപ്പിച്ചവരില്‍നിന്ന്‌ ഉറവിടവും കണ്ടെത്താന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ടതില്ലെന്നതാണു വാസ്‌തവം.

(തുടരും)

തയാറാക്കിയത്‌: കെ. സുജിത്ത്‌, അനിത മേരി ഐപ്‌, എന്‍. രമേശ്‌
സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Tuesday 31 Jul 2018 02.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW