Sunday, September 09, 2018 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Tuesday 31 Jul 2018 02.34 AM

കുംഭകര്‍ണനും വികടസരസ്വതിയും

uploads/news/2018/07/237610/re4.jpg

രാവണന്റെ സഹോദരനായ കുംഭകര്‍ണന്റെ തപസ്‌ പ്രസിദ്ധമാണ്‌. കുംഭകര്‍ണന്‍ തപസിനു പോയതു സകല ദേവന്മാരും നശിക്കണമെന്നും അവര്‍ അവശേഷിക്കാതിരിക്കാനുമുള്ള വരം വാങ്ങാനുമാണ്‌.

ഇതിലെ അപകടം മനസിലാക്കിയ ദേവന്മാര്‍ മഹാവിഷ്‌ണുവിനെ അഭയം പ്രാപിച്ചു. കുംഭകര്‍ണന്‍ ബ്രഹ്‌മാവിനെ പ്രത്യക്ഷപ്പെടുത്തി വരം വാങ്ങിയാല്‍ ദേവന്മാര്‍ക്ക്‌ നിലനില്‍ക്കാന്‍ പറ്റാത്ത അവസ്‌ഥ വരുമെന്നു മനസിലാക്കിയ വിഷ്‌ണു ബ്രഹ്‌മാവിനെ വിളിച്ചുവരുത്തി.

ബ്രഹ്‌മാവും തന്റെ നിസഹായവസ്‌ഥ വിഷ്‌ണുവിനോട്‌ ഉണര്‍ത്തിച്ചു. ചോദിക്കുന്ന വരം കൊടുക്കാതെ ഇരിക്കാന്‍ കഴിയില്ല. ബ്രഹ്‌മാവിന്റേയും ദുരവസ്‌ഥ മനസിലാക്കിയ വിഷ്‌ണു വികടസരസ്വതിയെ വിളിച്ചുവരുത്തി.

വിദ്യയുടെ ദേവത സരസ്വതിയാണെങ്കില്‍ അവിദ്യയുടെ ദേവതയാണു വികട സരസ്വതി. ഇവിടെയാണ്‌ ഒരു പരമസത്യം മനസിലാക്കേണ്ട്‌. വാഗ്‌ ദേവത പ്രസാദിച്ചാല്‍ മാത്രമേ യഥാര്‍ഥ ജ്‌ഞാനം സമ്പാദിക്കാനാകു. വിദ്യ പിണങ്ങിയാല്‍ അവിദ്യ മാത്രമേയുളളു. ഇവിടെ കുല്‍സിത ഉദ്ദേശ്യവുമായി തപസ്‌ ചെയ്യുന്ന കുംഭകര്‍ണന്റെ അഹങ്കാരത്തെ അവസാനിപ്പിക്കാന്‍ വികട സരസ്വതിയോടു വിഷ്‌ണു പറഞ്ഞു.

ബ്രഹ്‌മാവ്‌ വരം നല്‍കുന്നതിനു പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ്‌ കുംഭകര്‍ണന്റെ നാവില്‍ വികട സരസ്വതി കയറിയിരുന്നു. നാവ്‌ പിഴയായിരുന്നു ലക്ഷ്യം. തപസ്‌ പൂര്‍ണമായ നിമിഷത്തില്‍ ബ്രഹ്‌മാവ്‌ പ്രത്യക്ഷപ്പെട്ട്‌ എന്തുവരം വേണമെന്നു കുംഭകര്‍ണനോടു ചോദിച്ചു.

ഈ സമയം വികട സരസ്വതി കുംഭകര്‍ണന്റെ നാവില്‍ വിളയാടി. ( ലോകത്ത്‌ ദേവന്‍ ഉണ്ടാകാന്‍ പാടില്ല) എന്നു പറയാന്‍ വന്ന കുംഭകര്‍ണന്റെ നാവില്‍നിന്നു വന്നത്‌ നിദ്രാവത്ത്വം എന്ന്‌. ബ്രഹ്‌മദേവന്‍ തഥാസ്‌തു എന്നു പറഞ്ഞു മറഞ്ഞു. കുംഭകര്‍ണന്‌ അര്‍ഹമായ പ്രതിഫലം കിട്ടി.

നിദ്രാദേവി വന്നു പുല്‍കി ആറു മാസം കിടന്നുറങ്ങും ശേഷിക്കുന്ന ആറുമാസം ആഹാരം കഴിക്കും. ആരുടെ മനസില്‍ വഞ്ചന ചിന്തിച്ചാലും തിരിച്ചടി കിട്ടുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണു കുംഭകര്‍ണ ചരിത്രം. ഇതുപോലെയാണു വാക്‌ ദോഷം സംഭവിച്ചാലും.

മഹാന്‍മാര്‍ വരെ ഒരുനിമിഷംകൊണ്ട്‌ തെറ്റിപ്പറയുന്ന വാക്കിലൂടെയാണു വന്‍ ദുരന്തങ്ങളും അപകടങ്ങളും വരുത്തുന്നത്‌. മനുഷ്യന്‌ എപ്പോഴും വേണ്ടത്‌ യഥാര്‍ഥ ജ്‌ഞാന സ്വരൂപിണിയായ വാഗ്‌ദേവതയുടെ കടാക്ഷമാണ്‌ എന്നു രാമായണം പഠിപ്പിക്കുന്നു.

***** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW