Friday, June 21, 2019 Last Updated 14 Min 22 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റ്യന്‍
Monday 30 Jul 2018 11.29 AM

ഫാ.ജെയിംസ് ഏര്‍ത്തയിലിന്റെ 'ഓഫര്‍' ഫോണ്‍വിളിക്ക് പിന്നില്‍ വന്‍ ഗൂഢാലോചന; ബിഷപ്പിനെ ബലാത്സംഗക്കേസില്‍ നിന്ന് ഒഴിവാക്കാനും മറ്റുചിലരെ കുടുക്കാനും നീക്കം

Bp Franco mulaykka

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതി ഒതുക്കാന്‍ സി.എം.ഐ സഭ കുര്യനാട് ആശ്രമത്തിലെ മുതിര്‍ന്ന വൈദികന്‍ ഡോ.ജെയിംസ് ഏര്‍ത്തയില്‍ നടത്തിയ 'ഓഫര്‍' ഫോണ്‍വിളിക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് സൂചന. സി.എം.ഐ സഭ വിട്ട് ബിഷപ്പ് ഫ്രാങ്കോയ്‌ക്കൊപ്പം കൂടിയ ഒരു വൈദികനും ഡല്‍ഹിയില്‍ നിന്നുള്ള രണ്ട് വൈദികരുമാണ് ഈ നീക്കത്തിനു പിന്നിലെന്ന് അവിടെ നിന്നുള്ളവര്‍ പറയുന്നു.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ പരാതി പിന്‍വലിപ്പിക്കുകയും അതുവഴി ബിഷപ്പിനെ നിയമനടപടിയില്‍ നിന്നും രക്ഷപ്പെടുത്തുകയും മാത്രമല്ല ഈ സംഘത്തിന്റെ ലക്ഷ്യം. ബിഷപ്പ് ഫ്രാങ്കോയുടെയും സംഘത്തിന്റെയും വഴിവിട്ടപോക്കില്‍ വിമര്‍ശനം ഉന്നയിച്ച ചില വൈദികരെ കുടുക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. പരാതി പിന്‍വലിപ്പിച്ച ശേഷം കന്യാസ്ത്രീകളെ മാധ്യമങ്ങള്‍ക്കും പോലീസിനും മുന്നിലെത്തിച്ച് ചില വൈദികരുടെ നിര്‍ദേശപ്രകാരമാണ് ബിഷപ്പിനെതിരെ പരാതി നല്‍കിയത് എന്നു പറയിപ്പിക്കാനുമാണ് ഇവര്‍ പദ്ധതിയിട്ടത്. അതിന്റെ ധ്വനി ഫാ. ഏര്‍ത്തയിലിന്റെ ഫോന്‍ണ്‍വിളിയിലുമുണ്ട്. 'പരാതിക്കു പിന്നില്‍ മറ്റാരെങ്കിലുമാണെന്ന് പറഞ്ഞാല്‍ മതിയെന്ന്' പറയുന്നതും ഇവിടെ ശ്രദ്ധേയമാണ്.

ബിഷപ്പ് ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണത്തില്‍ വിമര്‍ശനം ഉന്നയിക്കുന്ന ചില വൈദികരുടെ പേര് കന്യാസ്ത്രീകളെ കൊണ്ട് പറയിച്ച് അവരെ വിശ്വാസികള്‍ക്കു മുന്നില്‍ താറടിച്ച് കാണിക്കാനും അതിന്റെ പേരില്‍ രൂപതയില്‍ നിന്ന് പുറത്താക്കാനുമായിരുന്നു ഇവര്‍ ഉദ്ദേശിച്ചത്. എന്നാല്‍ കന്യാസ്ത്രീകള്‍ സ്വന്തം അപ്പനെപോലെ കരുതുന്ന ഈ വൈദികര്‍ക്കെതിരെ ഒരു വാക്കുപോലും പറയാന്‍ ഇവര്‍ തയ്യാറായില്ലെന്ന് മാത്രമല്ല, നാലു വര്‍ഷത്തോളം അനുഭവിച്ച പീഡനങ്ങള്‍ക്ക് അറുതി വരുത്തിയെ മതിയാകൂ എന്ന തീരുമാനത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അതോടെ ബിഷപ്പ് ഫ്രാങ്കോയുടെ സംഘത്തിന്റെ തന്ത്രം പൊളിയുകയായിരുന്നു.

ബിഷപ്പ് ഫ്രാങ്കോയുടെ ഉപദേശക സംഘത്തിലുള്ളയാളാണ് തന്ത്രങ്ങള്‍ മെനയുന്ന ഈ സി.എം.ഐ വൈദികന്‍. ജലന്ധറില്‍ കൂടിയ ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ബിഷപ്പ് ഫ്രാങ്കോ നല്‍കുന്നത് ഒരു ലക്ഷം രൂപ ശമ്പളവും ഒരു കാറും ഡ്രൈവറുമാണ്. കേരളത്തില്‍ ഒരു സാംസ്‌കാരിക നിലയത്തിന്റെ് ചുമതലയുണ്ടായിരുന്ന ഇദ്ദേഹത്തിന് ജലന്ധറിലും ഒരു സാംസ്‌കാരിക നിലയമെന്ന സ്വപ്‌ന പദ്ധതിയുണ്ട്. ഇതിനായി അമൃത്സറില്‍ 15 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. നിലയത്തിന്റെ നിര്‍മ്മാണത്തിനായി 500 കോടി രൂപ വായ്പ എടുക്കാനിരിക്കേയാണ് ബിഷപ്പ് കുടുക്കിലായത്. ഡല്‍ഹി രൂപതയില്‍ നിന്നെത്തിയ ഒരു വൈദികനും ഇദ്ദേഹത്തിന് സഹായം ചെയ്യുന്നു. ഡല്‍ഹിയില്‍ വികാരി ഇന്‍ ചാര്‍ജ് ആയി ഇരുന്ന ഇടവകയില്‍ നിന്നും വിശ്വാസികള്‍ക്കിടയില്‍ നടത്തിയ അന്യായ പിരിവിന്റെ പേരില്‍ മേലധികാരി നടപടി എടുത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം ജലന്ധറിലേക്ക് പോയത്. ഇദ്ദേഹത്തെ ജലന്ധറിലേക്ക് കൊണ്ടുവന്നതിനു പിന്നിലും ഈ ഉപദേശകന് പങ്കുണ്ട്. ഇവര്‍ രണ്ടു പേരുമാണ് ഫ്രാങ്കോയെ എതിര്‍ക്കുന്ന വൈദികര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിനു പിന്നിലെന്നും സൂചനയുണ്ട്.

ഡല്‍ഹിയില്‍ നിന്നുള്ള മറ്റൊരു വൈദികനും ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാന്‍ രാപ്പകല്‍ പണിയെടുക്കുകയാണ്. റോമിലേക്ക് കഴിഞ്ഞ വര്‍ഷം ഉപരിപഠനത്തിന് പോയ ഇദ്ദേഹം അവിടെ ഇരിപ്പുറയ്ക്കാതെ ഇതിനകം രണ്ടു തവണ ഡല്‍ഹിയില്‍ എത്തി തന്ത്രങ്ങള്‍ മെനഞ്ഞു. കോട്ടയം ജില്ല സ്വദേശിയായ ഇദ്ദേഹം ബിഷപ്പ് ഫ്രാങ്കോയും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമാണ്. ഉപരിപഠനം കഴിഞ്ഞെത്തുമ്പോള്‍ ഒരു ബിഷപ്പ് പദവിയാണ് ഇദ്ദേഹത്തിന്റെ മോഹം. ഇവരുടെയെല്ലാം ഗൂഢാലോചനയാണ് ഫാ.ജെയിംസ് ഏര്‍ത്തയിലിന്റെ ഫോണ്‍വിളിക്ക് പിന്നില്‍. പദ്ധതി ചീറ്റിപ്പോയി എന്നു മാത്രമല്ല, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഒരുപക്ഷേ ഫാ.ഏര്‍ത്തയിലിന് പിടിവീഴുകയും ചെയ്തേക്കും.

അതേസമയം, കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ, ജൂലായ് ആദ്യവാരം ചേര്‍ന്ന ജലന്ധര്‍ രൂപതാ വൈദികരുടെ യോഗത്തില്‍ ബിഷപ്പ് ഫ്രാങ്കോ രാജിവച്ച് അന്വേഷണം നേരിടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിക്കളഞ്ഞ അദ്ദേഹം തന്റെ സൈബര്‍ പോരാളികളെ വച്ച് ഈ വൈദികര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. ഭൂരിപക്ഷം രൂപത വൈദികരും രാജി ആവശ്യപ്പെട്ടപ്പോള്‍് ഫ്രാങ്കോയ്ക്ക് ഒപ്പമുള്ള വൈദികരും ഫ്രാങ്കോ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) എന്ന സന്യാസ സമൂഹത്തിലെ ചില അംഗങ്ങളുമാണ് ഫ്രാങ്കോയ്ക്ക് പിന്തുണ നല്‍കിയിരിക്കുന്നത്.

കേരള പോലീസ് സംഘം ജലന്ധറില്‍ എത്തിയാല്‍ ബിഷപ്പ് ഫ്രാങ്കോയെ മാത്രമല്ല അദ്ദേഹത്തിന്റെ ഉപദേശസംഘത്തേയും എഫ്.എം.ജെയിലെ അംഗങ്ങളെയും ചോദ്യം ചെയ്യണമെന്നും ഇവരുടെ മൊബൈല്‍ ഫോണ്‍വിളികള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു. ഫ്രാങ്കോയ്ക്കു വേണ്ടി മധ്യസ്ഥത നടത്തിയ വൈദികരെയും ചോദ്യം ചെയ്യണമെന്നും ഇവര്‍ ഉന്നയിക്കുന്നു.

കുറവിലങ്ങാട് മഠത്തില്‍ കഴിയുന്ന പരാതിക്കാരിയായ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ കഴിയാതെ വന്നതോടെയാണ് സഹപ്രവര്‍ത്തകയായ സിസ്റ്റര്‍ അനുപമയെ സ്വാധീനിക്കാനായി ഫാ.ഏര്‍ത്തയില്‍ ഫോണ്‍ വിളിച്ചത്. കുറവിലങ്ങാട് മഠം ചാപ്പലില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ വന്ന ഇദ്ദേഹം പരാതിക്കാരിക്ക് ഒപ്പമുള്ളവരെ കാണാന്‍ അനുമതി തേടിയെങ്കിലും അവര്‍ വഴങ്ങാതെ വന്നതോടെയാണ് ഫോണില്‍ വിളിച്ചത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പരാതി പിന്‍വലിച്ചാല്‍ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള എരുമേലിയിലോ റാന്നിയിലോ പത്ത് ഏക്കര്‍ സ്ഥലവും മഠവും പണിത് ബിഷപ്പിന്റെ അനുഗ്രഹത്തോടെ അവിടെ താമസിപ്പിക്കാമെന്നാണ് ഓഫര്‍ നല്‍കിയത്. പരാതിക്കാരിയുടെ സഹോദരന് മുന്‍പ് അഞ്ചു കോടി രൂപയും കന്യാസ്ത്രീക്ക് ഉന്നത പദവിയും വാഗ്ദാനം ചെയ്ത് ജലന്ധറില്‍ നിന്ന് നേരിട്ട് ദൂതന്‍ എത്തിയയെങ്കിലും അവരും ഒത്തുതീര്‍പ്പിന് വഴങ്ങാതെ വന്നതോടെയാണ് മറ്റു കന്യാസ്ത്രീകളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ രണ്ട് ഒത്തുതീര്‍പ്പ് ശ്രമങ്ങളും ജലന്ധര്‍ രൂപത അറിയാതെയാണെന്നും ഇതിനായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് രൂപത ഇറക്കിയ വിശദീകരണക്കുറിപ്പ്.

Ads by Google
ബീനാ സെബാസ്റ്റ്യന്‍
Monday 30 Jul 2018 11.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW