Tuesday, December 11, 2018 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 10.33 AM

വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നു, ഇടുക്കി ഡാം തുറക്കാനുള്ള തയ്യാറെടുപ്പില്‍ ; കോതമംഗലം, കുന്നത്തുനാട്, ആലുവ, പരവൂര്‍ താലൂക്കുകളില്‍ മുന്നറിയിപ്പ്

uploads/news/2018/07/237351/idukki-dam.jpg

കൊച്ചി: ജലനിരപ്പ് 2400 അടിയ്ക്ക് മുകളിലായാല്‍ ഇടുക്കിഡാം തുറക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഏറ്റവും ബാധിക്കുമെന്ന് കരുതുന്ന കൊച്ചിയില്‍ സുരക്ഷാനടപടികള്‍ സ്വീകരിച്ചു. ദുരിതാശ്വാസക്യാമ്പുകളും പുന:രധിവാസ കേന്ദ്രങ്ങളും തുറന്നിരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് കേരളാ സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്.

ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി പെരിയാറിന്റെ സാറ്റലൈറ്റ് ഇമേജുകള്‍ കെഎസ്ഡിഎംഎ എടുത്തിട്ടുണ്ട്. ഇതില്‍ നിന്നും രണ്ടുകരയിലുമുള്ള ജനവാസ മേഖലകളും ദുരിതാശ്വാസ കേന്ദ്രങ്ങളും പുനരധിവാസ കേന്ദ്രങ്ങളും വേണ്ടയിടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ഡാം തുറന്നാല്‍ ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാം എന്നിവയെ ഏറ്റവും ബാധിക്കുക വെള്ളത്തിന്റെ വേഗത, ജലനിരപ്പ്, സമയം എന്നീ മൂന്ന് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. നിലവിലെ സാഹചര്യത്തില്‍ ഇവയെ കൈകാര്യം ചെയ്യാനുള്ള കാര്യങ്ങള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴും മഴയുണ്ട് എന്നതിനാല്‍ ജലനിരപ്പിന്റെ കാര്യത്തില്‍ നിയന്ത്രണം അസാധ്യമാണ്.

അതേസമയം മഴ മാറിനില്‍ക്കുന്ന കാലാവസ്ഥ 24 മണിക്കൂര്‍ തുടര്‍ന്നാല്‍ ജലനിരപ്പ് നിയന്ത്രണവിധേയമാകും. ഡാം തുറക്കുന്നതോടെ പെരിയാറിന്റെ 50 മീറ്റര്‍ തീരങ്ങളെ ബാധിക്കും. കോതമംഗലം, കുന്നത്തുനാട്, ആലുവ, പരവൂര്‍ താലൂക്കുകളെയും പ്രളയം ബാധിച്ചേക്കാം. ഇപ്പോള്‍ തന്നെ താലൂക്ക് ഓഫീസര്‍മാര്‍ക്കും മതിയായ പുനരധിവാസ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റവന്യൂ, പോലീസ്, പിഡബ്‌ള്യൂഡി, അഗ്നിശമനസേനാ, കെഎസ്ഇബി എന്നിവരോടും അവസരത്തിനൊത്ത് പെരുമാറാന്‍ നിര്‍ദേശമുണ്ട്.

എംഎല്‍എമാര്‍ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്തിരുന്നു. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്താന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി വിതരണം നിലച്ചു പോകുന്ന സാഹചര്യത്തില്‍ മതിയായ ഇന്ധനം കരുതാനും നിര്‍ദേശിച്ചിട്ടുണ്ട്. പൈനാവില്‍ ദുരന്തനിവാരണസേനയുടെ ഒരു സംഘവും തമ്പടിച്ചിട്ടുണ്ട്. അണക്കെട്ടില്‍ ഇനി മൂന്നടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുന്ന സ്ഥിതിയില്‍ എത്തും. നീണ്ട 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി ഡാം വീണ്ടും തുറക്കുന്നത്.

Ads by Google
Monday 30 Jul 2018 10.33 AM
Ads by Google
Loading...
TRENDING NOW