Saturday, November 17, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 01.59 AM

കടപ്പാട്‌ രാഷ്‌ട്രത്തോട്‌, രാഷ്‌ട്രീയത്തോട്‌ ആകരുത്‌

uploads/news/2018/07/237340/editorial.jpg

ഔദ്യോഗികസ്‌ഥാനങ്ങള്‍ അലങ്കാരങ്ങളല്ല; പ്രത്യേകിച്ചും ഭരണഘടനാപരമായ സ്‌ഥാപനങ്ങളിലെ പ്രധാന സ്‌ഥാനങ്ങള്‍. അവയിലെ നിയമനങ്ങള്‍ക്കു രാഷ്‌ട്രീയപ്രാധാന്യത്തിനപ്പുറം യോഗ്യതയായിരിക്കണം മാനദണ്ഡം. അര്‍ഹതയില്ലാത്ത കസേരയില്‍ കയറിയിരിക്കുന്നവര്‍ ആ സ്‌ഥാപനങ്ങളെത്തന്നെ പെരുവഴിയിലിട്ട്‌ അവഹേളിക്കുമെന്നു സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. അതിന്റെ ഫലമോ, സമൂഹത്തില്‍ ബഹുമാനിതമായിരിക്കേണ്ട സ്‌ഥാപനങ്ങളുടെ ബഹുമാന്യതയും വിശ്വാസ്യതയും ചോദ്യംചെയ്യപ്പെടുകയും സംശയത്തിന്റെ കരിനിഴല്‍ അവയ്‌ക്കുമേല്‍ പടര്‍ത്തുകയും ചെയ്യുന്നു.

പരമോന്നത കോടതിപോലും വിശ്വാസപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്‌ എങ്ങനെയെന്നു വിവിധ വശങ്ങള്‍ തലനാരിഴ കീറി പരിശോധിക്കുമ്പോള്‍ വനിതാ കമ്മിഷന്‍ പോലുള്ള സ്‌ഥാപനങ്ങള്‍ മുന്‍പിന്‍ നോക്കാതെ നടത്തുന്ന പ്രസ്‌താവനകള്‍ നീതിയുടെ വക്‌താവാകേണ്ട സ്‌ഥാപനങ്ങളെ രാഷ്‌ട്രീയക്കാരുടെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടുന്ന ഗതികേടിലേക്ക്‌ അധഃപതിപ്പിക്കുകയാണ്‌.
തങ്ങള്‍ വഹിക്കുന്ന സ്‌ഥാനങ്ങളുടെ മഹനീയതയും കസേരയുടെ മഹത്വവും ഉള്‍ക്കൊള്ളാന്‍ രാഷ്‌ട്രീയനിയമനം ലഭിക്കുന്നവര്‍ക്കു സാധിക്കാത്തതാണ്‌ പലപ്പോഴും ഇത്തരം എടുത്തുചാട്ടങ്ങള്‍ക്കു കാരണം. ദേശീയ വനിതാ കമ്മിഷന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവന ഇത്തരത്തിലെ ഏറ്റവും പുതിയതായിരുന്നു. ഒരു വിഭാഗത്തിന്റെ വിശ്വാസപരമായ ഒരു ആചാരത്തെ അപ്പാടെ നിരാകരിക്കുന്നതായിരുന്നു കുമ്പസാരം നിരോധിക്കണമെന്ന അവരുടെ പ്രസ്‌താവന. അതിനു പിന്നിലുള്ള ഉദ്ദേശലക്ഷ്യങ്ങളെന്തായാലും നിഷ്‌പക്ഷ സമൂഹം ആ പ്രസ്‌താവനയെ സംശയത്തോടുകൂടിയേ നോക്കിക്കാണുകയുള്ളൂ.

ആ പ്രസ്‌താവനയ്‌ക്കു കാരണമായതോ ചില വൈദികര്‍ക്കു മേലുണ്ടായ കുറ്റാരോപണവും അതിനെത്തുടര്‍ന്ന്‌ ഉടലെടുത്ത കേസുകളുമാണ്‌. കുറ്റാരോപണം സത്യസന്ധമായ രീതിയില്‍ അന്വേഷിക്കുകയും കുറ്റവാളികള്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടത്‌ സമൂഹത്തിന്‌ അത്യാവശ്യമാണ്‌. എന്നാല്‍, ചിലര്‍ ആചാരത്തിലും വിശ്വാസത്തിലും വെള്ളം ചേര്‍ത്തു എന്ന ആരോപണം ഉണ്ടാകുമ്പോള്‍ ആ വിശ്വാസത്തെയും ആചാരത്തെയും അപ്പാടെ നിരോധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത്‌ സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല.
സമൂഹത്തില്‍ പീഡനം നടക്കുമ്പോള്‍ പുരുഷന്മാരെ മുഴുവന്‍ ഷണ്ഡീകരിക്കുക എന്ന പോംവഴി നിര്‍ദ്ദേശിക്കുന്നത്ര വികലമായ നിര്‍ദ്ദേശങ്ങള്‍ ബഹുമാന്യസ്‌ഥാനങ്ങളില്‍നിന്ന്‌ ഉണ്ടാകുന്നത്‌ ഭൂഷണമല്ല. അത്‌ ആ പ്രസ്‌താവന നടത്തുന്നവരുടെ വിശ്വാസ്യതമാത്രമല്ല അവര്‍ പ്രതിനിധാനം ചെയ്യുന്ന സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുടിയാണ്‌ നശിപ്പിക്കുന്നത്‌. വികല പ്രസ്‌താവനകളും പക്ഷം പിടിക്കുന്ന നിലപാടുകളും നീതിയുടെ വക്‌താക്കളാകേണ്ടവരില്‍നിന്നാണ്‌ ഉണ്ടാകുന്നതെങ്കില്‍ അതു കൂടുതല്‍ അപകടകരമാണ്‌. അവര്‍ നടപ്പാക്കുന്ന നീതി, ഇരുണ്ടതും വളഞ്ഞതുമായിരിക്കുമെന്ന്‌ സമൂഹം ചിന്തിച്ചാല്‍ അതിന്‌ സമൂഹത്തെ കുറ്റം പറയാനാകില്ല. രാജ്യത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തെ ഊട്ടിയുറപ്പിക്കാന്‍ കടപ്പെട്ടവര്‍, അതില്‍ വെള്ളം ചേര്‍ക്കുന്നില്ല എന്ന്‌ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ബാധ്യസ്‌ഥരാണ്‌. ആ ബാധ്യത നിറവേറ്റുന്നിടത്താണ്‌ രാഷ്‌ട്രത്തോടുള്ള കടപ്പാട്‌ അവര്‍ നിറവേറ്റുന്നത്‌. അല്ലാതെ അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയത്തോടുള്ള കടപ്പാട്‌ നിറവേറ്റലിനാകരുത്‌ സ്‌ഥാനങ്ങളും അധികാരവും.

Ads by Google
Monday 30 Jul 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW