Saturday, April 20, 2019 Last Updated 4 Min 33 Sec ago English Edition
Todays E paper
Monday 30 Jul 2018 01.57 AM

വിനോദ സഞ്ചാരവും സെല്‍ഫിയും വേണ്ട, പരിശീലനം ലഭിച്ചവര്‍ മാത്രം രക്ഷാപ്രവര്‍ത്തനത്തിന്‌ : ഇടുക്കി അണക്കെട്ട്‌ തുറന്നാല്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

uploads/news/2018/07/237338/bft2.jpg

ഇടുക്കി അണക്കെട്ട്‌ നിറഞ്ഞു ഷട്ടറുകള്‍ തുറന്നാല്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചു സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ പുറത്തുവിട്ടു. ആ സമയത്ത്‌ പുഴയുടെ തീരത്തുള്ള, വെള്ളം കയറാന്‍ സാധ്യതയുള്ള സ്‌ഥലങ്ങളിലുള്ളവര്‍ പരിഭ്രാന്തരാകാതെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. 2013 ല്‍ ഇടമലയാര്‍ അണക്കെട്ട്‌ തുറന്നപ്പോള്‍ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

വിനോദ സഞ്ചാരവും സെല്‍ഫിയും വേണ്ട

ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതു കാണാന്‍ പോകരുത്‌. ഇത്‌ അടിയന്തര സാഹചര്യ നിയന്ത്രണങ്ങള്‍ക്കു തടസമാകും.
ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്‌, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്തുകളിലേക്കുള്ള വിനോദ സഞ്ചാരവും കുറച്ചു നാളത്തേക്ക്‌ ഒഴിവാക്കണം. ഷട്ടര്‍ തുറന്ന ശേഷം ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്‌. പാലങ്ങളിലും നദിക്കരയിലും കൂട്ടംകൂടി നില്‍ക്കരുത്‌. ഇവിടെ നിന്നുള്ള സെല്‍ഫി എടുക്കലും ഒഴിവാക്കണം. നദിയില്‍ കുളിക്കുന്നതും നനയ്‌ക്കുന്നതും നിര്‍ബന്ധമായി ഒഴിവാക്കുക.

വേണം എമര്‍ജന്‍സി കിറ്റ്‌

നദിക്കരയോട്‌ ചേര്‍ന്നു താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും എമര്‍ജന്‍സി കിറ്റ്‌ തയാറാക്കണം. കിറ്റില്‍ വേണ്ടത്‌ - ടോര്‍ച്ച്‌, റേഡിയോ, കുടിവെള്ളം, ഒരു പായ്‌ക്കറ്റ്‌ ഒ.ആര്‍.എസ്‌., അത്യാവശ്യം വേണ്ട മരുന്നുകള്‍, ആന്റി സെപ്‌ടിക്‌ ലോഷന്‍, ഉണങ്ങിയ പഴങ്ങള്‍, ചെറിയ കത്തി, 10 ക്ലോറിന്‍ ടാബ്ലെറ്റ്‌, ഒരു ബാറ്ററി ബാങ്ക്‌, സാധാരണ മൊബൈല്‍ ഫോണ്‍ എന്നിവ വേണം.

മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക

പ്രധാനപ്പെട്ട രേഖകളും സര്‍ട്ടിഫിക്കറ്റുകളും ആഭരണങ്ങള്‍ പോലെ വിലപിടിച്ച സാധനങ്ങളും പ്ലാസ്‌റ്റിക്‌ ബാഗുകളില്‍ വീട്ടിലെ എളുപ്പം എടുക്കാന്‍ കഴിയുന്ന ഉയര്‍ന്ന സ്‌ഥലത്തു സൂക്ഷിക്കുക. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങള്‍ പങ്കുവയ്‌ക്കുക. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. ആകാശവാണിയുടെ 1. തിരുവനന്തപുരം എം.ഡബ്‌ളിയു (എ.എം ചാനല്‍): 1161 കെ.എച്ച്‌. ഇസഡ്‌, 2. ആലപ്പുഴ എം.ഡബ്‌ളിയു (എ.എം ചാനല്‍): 576 കെ.എച്ച്‌. ഇസഡ്‌, 3. തൃശൂര്‍ എം.ഡബ്‌ളിയു (എ.എം ചാനല്‍): 630 കെ.എച്ച്‌. ഇസഡ്‌, 4. കോഴിക്കോട്‌ എം.ഡബ്‌ളിയു (എ.എം ചാനല്‍): 684 കെ.എച്ച്‌. ഇസഡ്‌. നിലയങ്ങളിലെ അറിയിപ്പുകള്‍ ശ്രദ്ധിക്കുക.

വീട്ടില്‍ വെള്ളം കയറിയാല്‍

ആവശ്യമെങ്കില്‍ സുരക്ഷിതമായ സ്‌ഥാനങ്ങള്‍ അതാതു പ്രാദേശിക ഭരണകൂടങ്ങള്‍ അറിയിക്കും. അവിടേക്ക്‌ എത്രയും പെട്ടെന്ന്‌ സ്വമേധയാ മാറുക.
സഹായങ്ങള്‍ക്കായി അധികൃതരുമായി ബന്ധപ്പെടുക. കെട്ടിടത്തിനുള്ളില്‍ വെള്ളം കയറിയാല്‍ വൈദ്യുതാഘാതം ഒഴിവാക്കാന്‍ മെയിന്‍ സ്വിച്ച്‌ ഓഫ്‌ ആക്കുക. പഞ്ചായത്ത്‌ അധികാരികളുടെ ഫോണ്‍ നമ്പര്‍ സൂക്ഷിക്കുക. വീട്ടിലെ അസുഖക്കാരെയും അംഗപരിമിതരേയും കുട്ടികളെയും ഭിന്നശേഷിക്കാരെയും പ്രത്യേകം ശ്രദ്ധിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍ അടുത്തുള്ള പോലീസ്‌ സ്‌റ്റേഷനില്‍ അറിയിക്കുക.

പരിശീലനം ലഭിച്ചവര്‍ മാത്രം രക്ഷാപ്രവര്‍ത്തനത്തിന്‌

വെള്ളം കയറിയാലും വൈദ്യുതോപകരണങ്ങള്‍ നശിക്കാത്ത തരത്തില്‍ ഉയരത്തിലാക്കുക. വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്‌ഥാനത്തേക്കു മാറ്റുകയോ കെട്ടഴിച്ചു വിടുകയോ ചെയ്യുക. വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറ്റി പാര്‍ക്ക്‌ ചെയ്യുക. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം സഹായങ്ങള്‍ക്കു പോകുക.

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ്‌ സെന്റര്‍
നമ്പരുകള്‍
എറണാകുളം 04841077 (7902200300, 7902200400)
ഇടുക്കി 048621077 (9061566111, 9383463036)
തൃശൂര്‍ 04871077, 2363424 (9447074424)

Monday 30 Jul 2018 01.57 AM
YOU MAY BE INTERESTED
Loading...
TRENDING NOW