Wednesday, November 07, 2018 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Monday 30 Jul 2018 01.56 AM

രാവണനേക്കാള്‍ കരുത്തനായ ബാലി

uploads/news/2018/07/237336/re4.jpg

രാമായണത്തിലെ ഹൃദയസ്‌പര്‍ശിയായ ഭാഗം വാനര രാജാവും അതീവ ബലശാലിയുമായ ബാലിയുടെ മരണം പരാമര്‍ശിക്കപ്പെടുന്നതാണ്‌. സുഗ്രീവന്റെ ജ്യേഷ്‌ഠനാണു ബാലി. രാവണനു പോലും ബാലിയെ ഭയമാണ്‌. പത്തു തലയുള്ള രാവണനെ വാലില്‍ ചുരുട്ടിക്കൂട്ടി ഏഴ്‌ മഹാസാഗരങ്ങളില്‍ പോയി സന്ധ്യാവന്ദനം നടത്തിയവനാണു ബാലി. ബാലിയും സുഗ്രീവനും തമ്മില്‍ തെറ്റിയത്‌ തെറ്റിധാരണയുടെ അടിസ്‌ഥാനത്തിലാണ്‌.

സഹോദരന്മാര്‍ ഒരു നിമിഷത്തെ മായയ്‌ക്കുളളില്‍പ്പെട്ട്‌ ആജന്മ ശത്രുക്കളായി. ഇതില്‍നിന്നു മനസിലാക്കേണ്ടതു വിശ്വസിക്കാനും തെറ്റിധരിക്കാനും ഒരു നിമിഷം മതിയെന്ന സത്യമാണ്‌. മായാരാക്ഷസനും ബാലിയും തമ്മില്‍ നടന്ന യുദ്ധത്തില്‍ ബാലി മരിച്ചെന്നു കരുതി മടങ്ങിയ സുഗ്രീവനു കഠിനമായ ശിക്ഷയും ആജന്മ വൈരാഗ്യവുമാണു ലഭിച്ചത്‌.

സീതയെ കണ്ടെത്താന്‍ സഹായിക്കാന്‍ ശ്രീരാമനുമായി സഖ്യം ചെയ്യുന്ന സുഗ്രീവന്‍ പകരം ആവശ്യപ്പെട്ടത്‌ ബാലി വധമാണ്‌. മുന്നില്‍ ചെന്നു നില്‍ക്കുന്നവന്റെ പകുതി ബലം കൂടി ലഭിക്കുമെന്ന ബാലിക്കുമാത്രം ജന്മസിദ്ധമായ ഒരു പ്രത്യേകതയുണ്ട്‌. മായാരാക്ഷസനുമായി യുദ്ധം ചെയ്‌തു തിരിച്ചെത്തിയ ബാലി സുഗ്രീവന്‍ ആപല്‍ഘട്ടത്തില്‍ തന്നെ ഉപേക്ഷിച്ചു കടന്നുപോയെന്നു തെറ്റിധരിച്ചു.

ഗുഹയ്‌ക്കകത്ത്‌ കയറി യുദ്ധം ചെയ്യുമ്പോള്‍ പുറത്തു കാവല്‍ നിന്നു സുഗ്രീവന്‍ തന്റെ ജ്യേഷ്‌ഠനെ കാണാതെ വന്നപ്പോള്‍ മരിച്ചു എന്നു കരുതിയാണു സുഗ്രീവന്‍ തിരിച്ചു പോയത്‌. മായാ രാക്ഷസന്‍ മായയാല്‍ ബാലിയുടെ രക്‌തം ഗുഹയുടെ പുറത്തേക്ക്‌ ഒഴുക്കുകയും ചെയ്‌തിരുന്നു. സഹോദരന്‍മാര്‍ക്കിടയിലുണ്ടായതു മനുഷ്യജീവിതത്തില്‍ പലപ്പോഴും സംഭവിക്കാറുളള സാധാരണ പിശകാണ്‌.

മറ്റുളളവരെ മനസിലാക്കാതെ പ്രവര്‍ത്തിക്കേണ്ടി വന്ന ചില സന്ദര്‍ഭങ്ങള്‍ മരണത്തിനു തുല്യമാകാറുണ്ട്‌. തിരിച്ചെത്തിയ ബാലി സഹോദരനെ രാജ്യത്തുനിന്നുപോലും നിഷ്‌കാസനം ചെയ്‌തു. ഈ സന്ദര്‍ഭത്തിലാണു സുഗ്രീവന്‍ രാമനുമായി സന്ധിചെയ്യുന്നത്‌. രാവണ വധത്തിനു മുമ്പു സുഗ്രീവന്റെ ആവശ്യപ്രകാരം രാമന്‍ ബാലിയെ വധിച്ചു. സുഗ്രീവനുമായി യുദ്ധം ചെയ്യുന്നതിനിടെ രാമന്‍ മറഞ്ഞുനിന്ന്‌ അമ്പെയ്യുകയായിരുന്നു.

തന്നെ വീഴ്‌ത്തിയ രാമനോടു ബാലി ചോദിക്കുന്നത്‌ രാമായണത്തില്‍ വളരെ ഹൃദയ സ്‌പര്‍ശിയാണ്‌. അല്ലയോ ശ്രീരാമചന്ദ്രാ ഞാന്‍ എന്തു തെറ്റാണ്‌ അങ്ങയോട്‌ ചെയ്‌തത്‌. സുഗ്രീവന്റെ വാക്ക്‌ കേട്ട്‌ അങ്ങ്‌ എന്തിനാണ്‌ എന്നെ കൊന്നത്‌. ഒരു വാക്ക്‌ പറഞ്ഞിരുന്നെങ്കില്‍ രാവണനെ വധിച്ചു സീതയെ ഈ ബാലി അങ്ങയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുമായിരുന്നില്ലേ.

ബാലി പറഞ്ഞതാണെന്നു പറഞ്ഞ്‌ ഒരു ദൂതനെ അയച്ചാല്‍പ്പോലും രാവണന്‍ സീതയെ അങ്ങയുടെ പക്കലെത്തിക്കുമായിരുന്നു. അങ്ങനെയുളള എന്നെ എന്തിനാണ്‌ ഭഗവാനെ പിന്നില്‍നിന്ന്‌ അമ്പെയ്‌തു വീഴ്‌ത്തിയത്‌. ബാലിയെ ഭഗവാന്‍ സമാശ്വസിപ്പിച്ചു പറഞ്ഞു- ശ്രീകൃഷ്‌ണാവതാരത്തില്‍ നീയൊരു വേടനായി ജനിക്കും. അന്നു നിന്റെ അമ്പു കൊണ്ടു വേണം എന്റെ സ്വര്‍ഗാരോഹണം നടക്കേണ്ടത്‌. കാര്യമില്ലാതെ കാരണം ഉണ്ടാകില്ല.

**** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW