എടത്വാ : ആരും തുണയില്ലാത്ത നിര്‍ധനകുടുംബത്തിലെ വയോധിക ഭക്ഷണവും പരിചരണവും കിട്ടാതെ മരിച്ചു. വെള്ളക്കെട്ടിലായ വീട്ടുമുറ്റത്ത് നാട്ടുകാരുടെ സഹായത്തോടെ ഇന്നു ചിതയൊരുക്കും. എടത്വാ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പണ്ടങ്കരി തട്ടാരുപറമ്പില്‍ പരേതനായ ഗോപിയുടെ ഭാര്യ സരോജിനിയമ്മ(72)യാണു മരിച്ചത്.
രണ്ടുവര്‍ഷമായി കിടപ്പിലായിരുന്ന സരോജിനിയമ്മ ഇന്നലെ ഉച്ചയോടെ മരിക്കുമ്പോള്‍ ഉറുമ്പരിച്ച നിലയിലായിരുന്നു. ഒപ്പമുള്ള മകള്‍ കോമളം മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ്. ലോട്ടറി വില്‍പ്പനക്കാരനായ ഗോപി രണ്ടുവര്‍ഷം മുമ്പാണു മരിച്ചത്. പ്രമേഹം മൂര്‍ഛിച്ചു കാല് മുറിച്ചുമാറ്റപ്പെട്ട മകന് ശിവനും പിന്നീടു മരിച്ചു. മറ്റൊരു മകള്‍ പ്രസീതയെ കോഴഞ്ചേരിയില്‍ വിവാഹം ചെയ്തയച്ചെങ്കിലും ഇവരുടെ ഭര്‍ത്താവിന്റെ മരണത്തേത്തുടര്ന്ന് സരോജിനിയമ്മയുടെ കുടുംബത്തിന്റെ ഏക ആശ്രയവുമറ്റു. പ്രദേശവാസികളും പ്രസീതയും എത്തിച്ചുനല്‍കുന്ന ഭക്ഷണം കഴിച്ചാണു സരോജിനി ജീവിച്ചിരുന്നത്.
ദാരിദ്ര്യം മൂലം കോമളത്തിന്റെ ചികിത്സയും മുടങ്ങി. വീട് വെള്ളപ്പൊക്കത്തിലായപ്പോഴും അമ്മയും മകളും ഇവിടെയാണു കഴിഞ്ഞത്.
വീടിനു ചുറ്റും വെള്ളമായതിനാല്‍ മൃതദേഹം നാട്ടുകാരുടെ സഹായത്തോടെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു രാവിലെ 10-ന് പറമ്പില്‍ ഇഷ്ടികയടുക്കി ചിതയൊരുക്കാനാണു നാട്ടുകാരുടെ തീരുമാനം.