Saturday, November 17, 2018 Last Updated 13 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 08.11 AM

ശരിക്കും താരമായി ഹനാന്‍; അരുണ്‍ ഗോപി ചിത്രത്തിന് പിന്നാലെ അവസരങ്ങളുമായി നാല് സിനിമകള്‍; ഒന്നിന് അഡ്വാന്‍സ് ചെക്കും ലഭിച്ചു

Hanan

തൃശൂര്‍: സമൂഹമാധ്യമങ്ങളിലെ വേട്ടക്കാര്‍ ഓടിയൊളിക്കുക, കേരളം പിന്തുണ നല്‍കിയ ഹനാന് ഇനി കൈനിറയെ ചിത്രങ്ങള്‍. യൂണിഫോമില്‍ മീന്‍ വിറ്റത് സിനിമയുടെ പ്രചാരണത്തിനുവേണ്ടിയുള്ള നാടകമാണെന്ന വ്യാജആരോപണം ഉന്നയിച്ച് സമൂഹമാധ്യമങ്ങളിലൂടെയുളള അധിക്ഷേപത്തിന് ഇരയായ ഹനാന്‍ എന്ന കോളജ് വിദ്യാര്‍ഥിനിക്ക് നാലുസിനിമകളില്‍ അഭിനയിക്കാനുള്ള അവസരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

പഠനച്ചെലവു കണ്ടെത്താന്‍ മീന്‍ വില്‍ക്കുന്ന ഹനാന്റെ വാര്‍ത്ത പത്രങ്ങളില്‍ വന്നതിനെത്തുടര്‍ന്ന് യുവനടന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപിയുടെ സിനിമയില്‍ അവസരം ലഭിച്ചിരുന്നു.

ഇതുകൂടാതെ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന മിഠായിത്തെരുവ്, ജിത്തു കെ. ജയന്‍ സംവിധാനം ചെയ്ത് സൗബിന്‍ നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍, ഇതിനുപുറമേ നൗഷാദ് ആലത്തൂര്‍, അസീഫ് ഹനീഫ് എന്നിവര്‍ നിര്‍മിക്കുന്ന വൈറല്‍ 2019 എന്നീ സിനിമകളിലേക്കാണ് ഹനാന് അവസരം ലഭിച്ചിരിക്കുന്നത്. വൈറല്‍ 2019ന്റെ നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ ഹനാന് അഡ്വാന്‍സ് പ്രതിഫലവും നല്‍കി. കോതമംഗലം എം.എല്‍.എ. ആന്റണി ജോണ്‍, ആയുര്‍ഗൃഹം എം.ഡി: കെ.കെ. വിശ്വനാഥന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അഡ്വാന്‍സ് ചെക്ക് നല്‍കിയത്. ചെക്ക് വാങ്ങിയതിന്റെ പേരില്‍ തന്നെ ആരും കല്ലെറിയരുതെന്നു ഹനാന്‍ അഭ്യര്‍ഥിച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയത് ദിവസം ആയിരം രൂപയ്ക്കു വേണ്ടിയാണ്. ഇപ്പോള്‍ ദിവസക്കൂലി അല്ലാതെ പണം കിട്ടയതില്‍ ഏറെ സന്തോഷമുണ്ടെന്നും ഹനാന്‍ പറഞ്ഞു.

പ്രണവ് മോഹന്‍ലാല്‍ സിനിമയുടെ പ്രചരണത്തിനുവേണ്ടിയുള്ള നാടകമാണ് വാര്‍ത്തയടക്കമുള്ള കാര്യങ്ങളെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ഹനാനെ വ്യക്തിഹത്യ ചെയ്യുന്നതടക്കം വ്യാപകപ്രചരണങ്ങളാണുണ്ടായത്. എന്നാല്‍ കോളജ് അധികൃതര്‍ അടക്കമുള്ളവര്‍ ഹനാന് പിന്തുണയുമായെത്തിയതോടെ അപവാദപ്രചരണക്കാര്‍ പിന്‍വലിയുകയും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമടക്കമുള്ളവരും സമൂഹമാധ്യമങ്ങളും ഹനാന് പിന്തുണയുമായെത്തുകയായിരുന്നു. അതിനിടെ രണ്ടു വര്‍ഷം മുന്‍പ് റിലീസ് ചെയ്ത ഹനാന്‍ രചനയും സംഗീതവും നിര്‍വഹിച്ച ഗാനം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മീന്‍കച്ചവടം മാത്രമല്ല, കേട്ടോ! പാട്ട് എഴുതും. ഈണം നല്‍കും. പാടുകയും ചെയ്യും എന്ന കുറിപ്പോടെയാണ് ഗാനം പ്രചരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW