Tuesday, July 16, 2019 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 01.46 AM

വേമ്പനാട്ടുകായലിന്റെ ശോഷണം

uploads/news/2018/07/237134/bft1.jpg

പമ്പ, മണിമല, അച്ചന്‍കോവില്‍, മീനച്ചില്‍ എന്നീ നാലു നദികളിലെ ജലം ഏറ്റുവാങ്ങിയിരുന്ന വേമ്പനാട്ടുകായല്‍ എന്ന വന്‍ ജലാശയത്തിന്റെ ശോഷണമാണ്‌ കുട്ടനാട്ടിലെ പ്രളയക്കെടുതിക്കു പ്രധാന കാരണമെന്ന്‌ ഡോ. പ്രഭാത്‌ പട്‌നായിക്‌ ചെയര്‍മാനായ കമ്മിഷന്‍ നേരത്തേ കണ്ടെത്തിയിരുന്നു.
നഗരവികസനം, ടൂറിസം വികസനം, കൃഷിവ്യാപനം തുടങ്ങിയവ മൂലം കായലിന്റെ വിസ്‌തൃതി കുറഞ്ഞപ്പോള്‍ അനിയന്ത്രിതമായി വന്നടിഞ്ഞ എക്കല്‍ മണ്ണ്‌ കായലിന്റെ ആഴം കുറയാനും കാരണമായി. ഒരു ഭാഗത്ത്‌ കായലിന്റെ വിസ്‌തൃതി കുറഞ്ഞപ്പോള്‍ തണ്ണീര്‍ത്തട മേഖലയായ കുട്ടനാടന്‍ വയലുകളും കരഭൂമികളായി മാറി. ശേഷിച്ച വയലുകള്‍ക്കു നടുവിലൂടെ ജലപ്രവാഹത്തെ തടഞ്ഞുനിര്‍ത്തി റോഡുകള്‍ വന്നത്‌ ദുരിതം വര്‍ധിക്കാനും വഴിയൊരുക്കി.

കായല്‍ വിസ്‌തൃതി മൂന്നിലൊന്നായി

കുട്ടനാട്‌ മുതല്‍ തൃശൂര്‍ ജില്ലയിലെ കോള്‍നിലങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന തീരദേശ ജലാശയങ്ങള്‍, കായലുകള്‍, ചതുപ്പുനിലങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, മനുഷ്യനിര്‍മ്മിത കനാലുകള്‍ എന്നിവയുടെ സമുച്ചയമാണ്‌ വേമ്പനാട്‌ കോള്‍ തണ്ണീര്‍ത്തടവ്യവസ്‌ഥ എന്നറിയപ്പെടുന്നത്‌. ഇതിന്റെ ഒരു ഭാഗമാണ്‌ വേമ്പനാട്ടുകായല്‍. കേരള സംസ്‌ഥാന ശാസ്‌ത്രസാങ്കേതിക പരിസ്‌ഥിതി കൗണ്‍സിലിന്റെ കണക്കനുസരിച്ച്‌ 363.29 ച.കി.മീ ആയിരുന്നു കായലിന്റെ ആകെ വിസ്‌തൃതി. 1912ല്‍ നടത്തിയ കണക്കെടുപ്പ്‌ പ്രകാരം വിസ്‌തൃതി 315 ച.കി.മീറ്ററായി കുറഞ്ഞു. 1963-ല്‍ വിസ്‌തൃതി 179 ച.കി.മീറ്ററായി താണു. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലത്തെ മനുഷ്യ ഇടപെടലിന്റെ ഫലമായി ഇപ്പോള്‍ ഇത്‌ 137.24 ച.കി.മീ. ആയി കുറഞ്ഞുവെന്ന്‌ കണക്കുകള്‍. അതായത്‌ യഥാര്‍ത്ഥ വിസ്‌തൃതിയുടെ 37% മാത്രമായി വേമ്പനാട്ടുകായല്‍ ശോഷിച്ചു.
വിസ്‌തൃതിക്കൊപ്പം ആഴവും കുറഞ്ഞതായി നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓഷ്യാനോഗ്രാഫി നടത്തിയ പഠനം വ്യക്‌തമാക്കുന്നു. 1940-ല്‍ 8.9 മീറ്ററായിരുന്നു കായലിന്റെ ശരാശരി ആഴം. 1992-ല്‍ നടത്തിയ പഠനത്തില്‍ ആഴം മൂന്നിലൊന്നായി ചുരുങ്ങി 3-3.5 വരെയായി. ഇപ്പോള്‍ ശരാശരി 2.5 മീറ്ററാണ്‌ ആഴമെന്നു പഠനങ്ങള്‍. ആഴത്തിലും പരപ്പിലും വന്ന കുറവ്‌ കായലിലെ ജൈവവൈവിധ്യത്തെയും ജലഗുണതയെയും ബാധിച്ചിട്ടുണ്ട്‌. സര്‍വതലസ്‌പര്‍ശിയായ പ്രതിസന്ധിയാണു വേമ്പനാടിന്റേത്‌ എന്നര്‍ത്ഥം. പ്രത്യക്ഷമായ കായല്‍പ്രദേശത്തു മാത്രമല്ല, വേമ്പനാട്‌ തണ്ണിര്‍ത്തടത്തിന്റെ വിവിധ മേഖലകളിലില്‍ ഈ പരിസ്‌ഥിതിനാശം ഉണ്ടായിട്ടുണ്ടെന്നതാണു വാസ്‌തവം.

വികസനം ദുരിതത്തിനു വഴിമാറി

വേമ്പനാട്ടുകായല്‍ മെലിയാന്‍ നിരവധി കാരണങ്ങളുണ്ട്‌. മീനച്ചില്‍, പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ അതിരൂക്ഷമായി തുടര്‍ന്നുവന്ന മണല്‍ഖനനം അടിത്തട്ടില്‍ എക്കല്‍ മാത്രം ശേഷിക്കാന്‍ കാരണമായി. ഈ എക്കല്‍ ഒഴുകി വേമ്പനാട്ടുകായലില്‍ എത്തിച്ചേര്‍ന്നതാണ്‌ ആഴം കുറയാന്‍ കാരണമെന്നു പമ്പാ പരിരക്ഷണ സമിതി പ്രസിഡന്റ്‌ എന്‍.കെ. സുകുമാരന്‍ നായര്‍ പറയുന്നു. 16204.87 ഹെക്‌ടര്‍ കായല്‍ നികത്തിയത്‌ കാര്‍ഷിക മത്സ്യബന്ധന ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു. ഹാര്‍ബര്‍ നിര്‍മ്മാണത്തിനും നഗരവികസനത്തിനും വേണ്ടിയാണ്‌ 719.19 ഹെക്‌ടര്‍ പ്രദേശം നികത്തിയത്‌.
കായലും അതിനു ചുറ്റുമുള്ള ജനജീവിതവും നേരിടുന്ന പലതരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യന്‍ വേമ്പനാട്ടുകായലിനെ ചൂഷണം ചെയ്‌തതാണ്‌ പ്രശ്‌നകാരണം. പക്ഷേ ഓരോ ഇടപെടലും ഹ്രസ്വകാലാടിസ്‌ഥാനത്തില്‍ അതത്‌ കാലത്തുണ്ടായിരുന്ന പ്രശ്‌നത്തെ താല്‍ക്കാലികമായി പരിഹരിക്കുകയും ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ക്കു വഴിവയ്‌ക്കുകയും ചെയ്‌തു.
വിനോദസഞ്ചാരത്തിനുള്ള ഭൂമികയായി കുട്ടനാട്‌ മാറിയിട്ട്‌ ദശകങ്ങളാകുന്നു. കൃഷി മെച്ചപ്പെടുത്തുന്നതിനായി നടത്തിയ പലതരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും രാസവളത്തിന്റെയും കീടനാശിനികളുടെയും അമിതമായ ഉപയോഗവും വിനോദസഞ്ചാരയാനങ്ങളില്‍നിന്നും റിസോര്‍ട്ടുകളില്‍നിന്നുമുള്ള മാലിന്യനിക്ഷേപവുമൊക്കെ പലതരത്തില്‍ കായലിനെ ബാധിച്ചിട്ടുണ്ട്‌. നഗരവത്‌കരണം സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളും കായലിന്റെ മേല്‍ സമ്മര്‍ദമുയര്‍ത്തുന്നു. 2001ലെ സെന്‍സസ്‌ കണക്കുകള്‍ പ്രകാരം ഈ മേഖലയിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന്‌ 3000 ആണ്‌. ഈ ഉയര്‍ന്ന ജനസാന്ദ്രത ഭൂമിയുടെയും വിഭവങ്ങളുടെയും മേല്‍ ഉയര്‍ത്തുന്ന സമ്മര്‍ദം വലുതാണ്‌.

പ്രളയജലത്തെ താങ്ങാനുള്ള ശേഷി കുറഞ്ഞു

നദികളിലൂടെ ഒഴുകിയെത്തുന്ന പ്രളയജലത്തെ താങ്ങാനുള്ള ശേഷി കായലിന്‌ ഇല്ലാത്തതാണ്‌ പ്രളയക്കെടുതി രൂക്ഷമാകാനുള്ള പ്രധാന കാരണം. കായലില്‍ നിന്നു ജലം ഒഴുകി കടലില്‍ പതിക്കാനുള്ള സംവിധാനങ്ങള്‍ നിശ്‌ചലമായതും അതിശക്‌തമായി ആഞ്ഞടിക്കുന്ന തിരകള്‍ കായല്‍ജലത്തെ അഴിമുഖത്തുതന്നെ തടഞ്ഞുനിര്‍ത്തിയതും പ്രശ്‌നം രൂക്ഷമാക്കി. ഇതോടെ വേമ്പനാട്ടുകായല്‍ കവിഞ്ഞ്‌ ജലം വയലുകളിലേക്കും ജനവാസമേഖലകളിലേക്കും പരക്കാന്‍ ഇടയായി. പ്രധാന നദികളിലേക്കു ജലം തള്ളിക്കയറാനും അതുമൂലം നദി അനിയന്ത്രിതമായി കരകവിയാനും ഇടയായി. നിലനില്‍പ്പിനായി ജനം ദുരിതാശ്വാസകേന്ദ്രങ്ങളില്‍ ഇടം തേടി. ഇവിടേക്കും പ്രളയജലം ആര്‍ത്തിരമ്പിയെത്തി. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയാത്ത അവസ്‌ഥ വന്നതോടെ ജനം കൊടിയ ദുരിതത്തിലേക്ക്‌ ഊളിയിടാന്‍ നിര്‍ബന്ധിതരായി.

ജലവ്യാപനത്തെ തടഞ്ഞുനിര്‍ത്തി റോഡുകള്‍

പണ്ട്‌ കുട്ടനാട്ടില്‍ വെള്ളം പൊങ്ങിയാല്‍ അത്‌ ഏറ്റുവാങ്ങാന്‍ വിസ്‌തൃതമായ പാടശേഖരങ്ങള്‍ ഉണ്ടായിരുന്നു. വികസനത്തിന്റെ പേരില്‍ നിലം നികത്തല്‍ തുടരുന്നുണ്ടെങ്കിലും ശേഷിച്ച വയലുകള്‍ക്കുപോലും പ്രളയജലത്തെ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ നിലനില്‍ക്കുന്നത്‌. വയലുകള്‍ക്കു നടുവിലൂടെ അശാസ്‌ത്രീയമായി നിര്‍മ്മിച്ച റോഡുകള്‍ ജലവ്യാപനത്തെ തടുക്കുന്നതാണു കാരണം. ഇത്‌ പ്രളയക്കെടുതി വര്‍ധിക്കാനും ഇടയാക്കി.
കുട്ടനാടിനെ നെടുകെ പിളര്‍ന്നുകൊണ്ട്‌ ആദ്യമായി നിര്‍മ്മിച്ചത്‌ ആലപ്പുഴ - ചങ്ങനാശേരി റോഡാണ്‌. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു കാരണം ഈ റോഡാണെന്നു പഠനങ്ങള്‍ സമര്‍ത്ഥിച്ചതാണ്‌. ഈ പാതയുടെ വരവോടെ തുടക്കമിട്ട ഗതാഗതവിപ്ലവം അതിവേഗം പുരോഗതി പ്രാപിച്ചു. അധികം താമസിയാതെ എ.സി. റോഡില്‍ നിന്ന്‌ എന്‍.എച്ച്‌-47 ലേക്കും അനുബന്ധ റോഡുകളിലേക്കും നിരവധി പുതിയ റോഡുകള്‍ കുട്ടനാട്ടിലെ വിവിധ മേഖലകളില്‍ നിര്‍മ്മിക്കപ്പെട്ടു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയിലാണ്‌ റോഡുകളുടെ എണ്ണം ഇത്രയും വര്‍ധിച്ചത്‌. വലിയ പാടശേഖരങ്ങളെ രണ്ടായി പിളര്‍ത്തി കടന്നുപോകുന്ന റോഡുകളുടെ ഇരുഭാഗത്തേക്കും വെള്ളം ഒഴുകിപ്പോകാന്‍ വേണ്ടത്ര പാലങ്ങളോ കലുങ്കുകളോ ശാസ്‌ത്രീയമായി നിര്‍മ്മിക്കാന്‍ അധികൃതര്‍ ശ്രമിച്ചില്ലെന്നുള്ളതാണു പ്രധാന പ്രശ്‌നം. ഈ പ്രശ്‌നങ്ങളുടെ പേരില്‍ റോഡ്‌ നിര്‍മ്മാണ കാലത്ത്‌ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും അവയൊന്നും പുറംലോകം അറിഞ്ഞില്ല.
പമ്പാനദിയിലെ ജലത്തെ അതിവേഗം വേമ്പനാട്ടുകായലില്‍ എത്തിക്കാനായി വിഭാവനം ചെയ്‌ത എ.സി. കനാലിന്റെ നിര്‍മ്മാണം പാതി വഴി ഉപേക്ഷിച്ചതും മറ്റൊരു വിപത്തിനു കാരണമായതായി വിദഗ്‌ധര്‍ പറയുന്നു. 13 കി.മീ. വരുന്ന ഒന്നാം കരയുടെ നിര്‍മ്മാണം മാത്രമാണു പൂര്‍ത്തീകരിച്ചിട്ടുള്ളത്‌. പമ്പയുടെ മൂന്നു കൈവഴികളെയും എ.സി. കനാലിലൂടെ ബന്ധിപ്പിച്ച്‌ ജലപ്രവാഹം ശക്‌തമാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇനിയും കാലങ്ങള്‍ കാക്കേണ്ടിവരും.
ഈ മാനുഷിക ഇടപെടലുകളെല്ലാം കുട്ടനാട്ടിലെ സ്വാഭാവിക നീരൊഴുക്കിനെ പ്രതികൂലമായി ബാധിച്ചു. കുട്ടനാടും വേമ്പനാട്ടുകായലും നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറെയാണ്‌. അതേപ്പറ്റി നാളെ.

തുടരും

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Sunday 29 Jul 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW