രണ്ട് കുരങ്ങുകള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നതുപോലെ ഒരു കുരങ്ങും ഒരു തവളയുമായി അവരുടെ ആശയങ്ങള്‍ അന്യോന്യം വെളിപ്പെടുത്തുവാന്‍ സാധ്യമല്ല. ഇത് ആത്മീയജീവിതത്തിലും യാഥാര്‍ഥ്യമാണ്.
കേരളത്തില്‍ അധികം കുരങ്ങുകളെ കാണാന്‍ പ്രയാസമാണ്. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ഇഷ്ടം പോലെയുണ്ട്. ചില സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ വലിയ മരത്തിന്റെ മുകളില്‍ ഓരോ കമ്പിലും അനേകം കുരങ്ങന്മാര് ഇരിക്കുന്നത് കാണാം. അവയിങ്ങനെ രണ്ടായിട്ടും മുമ്മൂന്നായിട്ടും ഓട്ടത്തോട് ഓട്ടമാണ്. തമ്മില്‍ തമ്മില്‍ മൂളുന്നുണ്ട്; സംസാരിക്കുന്നുണ്ട്; അവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പറയാന്‍ ഭാഷകളുണ്ട്. എന്താണവരുടെ ഭാഷ എന്നെനിക്കറിയാന്‍ പാടില്ല. എന്നാല്‍ രണ്ടു കുരങ്ങുകള്‍ തമ്മില്‍ സംസാരിക്കുന്നതു എന്താണെന്ന് മറ്റു കുരങ്ങുകള്‍ക്ക് മനസിലാകും.
വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ക്കും ആശയവിനിമയത്തിന് അവയുടെ ഭാഷയുണ്ട്. തമ്മില്‍ സംസാരിക്കുവാന്‍ പക്ഷികള്‍ക്കും അറിയാം. ഓരോ തരത്തിലുള്ള ജീവികളും പരസ്പരം അവയുടെ വര്‍ഗവുമായി ബന്ധം പുലര്‍ത്തുന്നു. പ്രകൃതിയില്‍ കാണുന്ന ഒരു പ്രതിഭാസമാണിത്. ഇതുപോലെ നമുക്ക് ദൈവവുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ കഴിയണമെങ്കില്‍, വാസ്തവമായി ദൈവത്തിന്റെ ശബ്ദം കേള്‍ക്കണമെങ്കില്‍, നമ്മുടെ പാപസ്വഭാവത്തില്‍നിന്നും വിടുതല്‍ പ്രാപിച്ച അവസ്ഥ നമുക്ക് ഉണ്ടാകണം. നാം ദൈവത്തിന്റെ മകനായി, മകളായി മാറണം. അപ്പോള്‍ ദൈവത്തിന്റെ ആത്മാവ് നമ്മില്‍ വസിക്കുകയും നമ്മുടെ ഹൃദയം വ്യത്യാസപ്പെടുകയും ചെയ്യുന്നു. ദൈവത്തിന്റെ സ്വഭാവം നമ്മില്‍ ഉണ്ടാകയാല്‍ ദൈവവുമായി ബന്ധപ്പെടുവാന്‍ സാധിക്കുന്നു.
ദൈവവുമായി ആശയവിനിമയം നടത്തുവാന്‍ ആ ഭാഷ നാം വശമാക്കേണ്ടിയിരിക്കുന്നു. ദൈവസ്വരൂപം നമ്മില്‍ നിറയുമ്പോള്‍ നമുക്ക് ദൈവത്തോടു സംസാരിക്കുവാന്‍ കഴിയുന്നു. ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരാകുവിന്‍ എന്നു ദൈവവചനം പഠിപ്പിക്കുന്നു. ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക.
ഇങ്ങനെ ഒരു സങ്കല്പ കഥ കേട്ടിട്ടുണ്ട്: ഒരു ദിവസം സാത്താന് മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ് വിജനമായ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ ഒരുകൂട്ടം പിശാചുക്കള്‍ വട്ടംകൂടി നില്ക്കുന്നതു കണ്ടു.
സാത്താന് ചോദിച്ചു: 'നിങ്ങള്‍ എന്താണ് വട്ടംകൂടി നില്‍ക്കുന്നത്? എന്താണ് ആലോചിക്കുന്നത്?' അവര്‍ പറഞ്ഞു: 'യജമാനനേ, ആ ഗുഹയില്‍ ഒരു വിശുദ്ധനായ മനുഷ്യന് നാളുകളായി പ്രാര്‍ഥനയിലും ഉപവാസത്തിലും കഴിയുന്നു. അയാളെ തെറ്റിക്കുവാനായി ഞങ്ങള്‍ വളരെ പരിശ്രമിച്ചിട്ടും ഒന്നും ഫലിച്ചില്ല.' അപ്പോള്‍ സാത്താന് പറഞ്ഞു: 'കുഴപ്പം ഞാന്‍ പറയാം. നിങ്ങള്‍ നോക്കുന്ന വഴികള്‍, ഉപയോഗിക്കുന്ന പരീക്ഷകള്‍ കാഠിന്യവും ബുദ്ധിമുട്ടും ഉള്ളതാണ്. നിങ്ങള്‍ എന്റെ കൂടെ വരിക. ഞാന്‍ കാണിച്ചു തരാം. ഞാന്‍ പറയുന്നതുപോലെ നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ മതി.'
എന്നിട്ട് സാത്താന് നേരെ ആ വിശുദ്ധനായ മനുഷ്യന്റെ അടുത്തേക്കു ചെന്നു. അയാളുടെ ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചു: 'നിന്റെ സഹോദരനെ കഴിഞ്ഞ ആഴ്ച ബിഷപ്പായി തെരഞ്ഞെടുത്തിരിക്കുന്നു.' പ്രകാശം നിറഞ്ഞിരുന്ന ആ മനുഷ്യന്റെ മുഖം പെട്ടെന്ന് വാടി. അസൂയയാകുന്ന ഇരുട്ട് വെളിപ്പെട്ടു. അവര്‍ എന്നെ മറന്ന് എന്റെ സഹോദരന് സ്ഥാനം കൊടുത്തല്ലോ എന്ന ചിന്ത അയാളെ അലട്ടി. വിജയിയായി തീര്‍ന്ന സാത്താന് ചുറ്റുപാടും നിന്ന പിശാചുക്കളോട് പറഞ്ഞു: 'ഇങ്ങനെയുള്ള പരീക്ഷകളാണ് മറ്റ് കാഠിന്യമേറിയ പരീക്ഷകളെക്കാള്‍ നന്ന്.' ഈ കഥയില്‍ വലിയൊരു പാഠമുണ്ട്: എത്ര വിശുദ്ധനായ വ്യക്തിയായാല്പ്പോലും, വേറൊരാള് തന്നെക്കാള്‍ ഉയരുന്നതു കാണുമ്പോള്‍ ഹൃദയത്തില്‍ അസൂയ തോന്നുന്നു. സ്ഥാനമാനത്തിനായുള്ള ചിന്ത, നിഗളം ഹൃദയത്തില്‍ എവിടെയോ ഒളിഞ്ഞു കിടക്കുന്നു. ആഴമായ ആത്മീയജീവിതമുള്ള ഒരു വ്യക്തിക്ക് ആത്മനിഗളം ഉണ്ടാകുന്നു.
ഞാന്‍ ഒന്നുമില്ല, ഏതുമില്ല, എന്ന ചിന്ത നിന്നെ ഭരിക്കണം, അല്ലെങ്കില്‍ നിഗളം കൊണ്ട് സാത്താന് നിന്നെ കീഴടക്കുവാന്‍ ഇടയായിത്തീരും. അസൂയ, കോപം, വൈരാഗ്യം, അഹങ്കാരം, നിഗളം എന്നിവ ആത്മീയതയെയും വിശുദ്ധിയെയും തകര്‍ത്തു കളയുന്നു. ഇവ നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ദൈവവുമായും മനുഷ്യനുമായും നമ്മെ അകറ്റുന്നു. നിങ്ങളുടെ വീട്ടിലും ചുറ്റുപാടുകളിലും എന്തൊക്കെ നടന്നാലും അവയെ സമചിത്തതയോടും താഴ്മയോടും സമീപിക്കുക. അപ്പോള്‍ വിശുദ്ധിയുടെ വെളിച്ചം ജീവിതത്തിലേക്കു കടന്നു വരും.