Wednesday, April 24, 2019 Last Updated 9 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 11.06 PM

രഹസ്യക്കൂട്ട്‌ തേടി ഒരു യാത്ര

uploads/news/2018/07/236966/sun4.jpg

'എന്റെ മെഴുതിരി അത്താഴങ്ങള്‍' എന്ന്‌ ചിത്രത്തിന്‌ പേരിടാന്‍ പ്രത്യേകിച്ച്‌ എന്തെങ്കിലും കാരണം?
പ്രണയം ഫീല്‍ ചെയ്യുന്ന പേര്‌ വേണമായിരുന്നു. 'ദേവതാരുവിലെ മഞ്ഞ്‌' എന്ന പേര്‌ അവസാന ഘട്ടത്തിലാണ്‌ മെഴുതിരി അത്താഴങ്ങളായത്‌. 'മൈ ക്യാന്‍ഡില്‍ ലൈറ്റ്‌ ഡിന്നര്‍' എന്നതിനേക്കാള്‍ സുഖമുള്ള ആ പ്രയോഗം, ഇതിനുമുന്‍പ്‌ ആരും ഉപയോഗിച്ച്‌ കേട്ടിട്ടില്ല. ചിത്രം നല്ലരീതിയില്‍ സ്വീകരിക്കപ്പെട്ടാല്‍, മലയാളത്തിന്റെ പ്രണയസങ്കല്‌പങ്ങളില്‍ ഈ പദം ഇടംനേടും.

തിരക്കഥാരചനയില്‍ വന്ന ഇടവേള മനഃപൂര്‍വ്വമായിരുന്നോ?
അങ്ങനൊരു ഗ്യാപ്പ്‌് വന്നത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല എന്നുള്ളതാണ്‌ സത്യം. വളരെ പ്രതീക്ഷയോടെ ചെയ്യാന്‍ ആഗ്രഹിച്ചതാണ്‌ ഡോള്‍ഫിന്‍സ്‌ ബാര്‍ എന്ന ചിത്രം. സാമ്പത്തികമായ പ്രശ്‌നങ്ങള്‍ കാരണം ഉദ്ദേശിച്ച രീതിയില്‍ ചിത്രീകരണം നടന്നില്ല. ആത്മാവുകൊടുത്തെഴുതിയ പലരംഗങ്ങളും വെട്ടിമാറ്റേണ്ടി വന്നു. ഒറിജിനല്‍ സ്‌ക്രിപ്‌റ്റ് വച്ച്‌ ചിത്രീകരിച്ച ക്ലൈമാക്‌സിന്‌ പലരും നല്ല അഭിപ്രായം പറഞ്ഞു. അത്‌ കേട്ടപ്പോള്‍ , ചുരുട്ടിയെറിഞ്ഞ കടലാസ്സില്‍ വെളിച്ചം കാണാതെ ഉറങ്ങിയ അക്ഷരങ്ങളെയോര്‍ത്ത്‌ സങ്കടമാണ്‌ തോന്നിയത്‌ അതിനുശേഷം നാലുവര്‍ഷംകൊണ്ട്‌ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരുപാട്‌ യാത്ര ചെയ്‌തു. എന്റെ ആദ്യ പുസ്‌തകമായ 'ഭ്രമയാത്രികന്‍' ഇറങ്ങി. മൂന്ന്‌ മാസംകൊണ്ട്‌ നാലുപതിപ്പായി. മനസ്സിലുള്ള കഥ അതേപടി പകര്‍ത്തുമെന്ന്‌ ഉറപ്പുള്ളൊരു ടീം രൂപപ്പെട്ടതുകൊണ്ടാണ്‌ വീണ്ടും തിരക്കഥ എഴുതാമെന്ന്‌ കരുതിയത്‌.

എങ്ങനെയായിരുന്നു കഥ മനസ്സിലേക്ക്‌ വന്നത്‌?
മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണത്‌. ഞാനും ഭാര്യ ഷേമയും കൂടി, ഒരു ഹിമാലയന്‍ യാത്ര നടത്തി. മഞ്ഞുമൂടിക്കിടക്കുന്ന 'നാര്‍ഖണ്ഡ' എന്ന സ്‌ഥലത്തായിരുന്നു സ്‌റ്റേ. ഇരുപത്‌ കോട്ടേജുകള്‍ ഉണ്ടായിരുന്നിട്ടും ഓഫ്‌ സീസണ്‍ ആയതുകൊണ്ട്‌, ഞങ്ങളെക്കൂടാതെ ഒരു കപ്പിള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അവര്‍ ഭാര്യാഭര്‍ത്താക്കന്മാരല്ല, കമിതാക്കളായിരിക്കുമെന്ന്‌ എനിക്കെന്തോ തോന്നി. വൈകുന്നേരമായപ്പോള്‍, അവര്‍ ഞങ്ങളെവന്ന്‌ പരിചയപ്പെട്ടു. ആ ചെറുപ്പക്കാരന്‍ ഷെഫും പെണ്‍കുട്ടി ഡല്‍ഹിയില്‍ ക്യാന്‍ഡില്‍ ഡിസൈനറും ആണ്‌. 'എന്റെ മെഴുതിരി അത്താഴങ്ങളി'ലെ നായകന്‍ സഞ്‌ജയ്‌ ഷെഫും നായിക അഞ്‌ജലി ക്യാന്‍ഡില്‍ ഡിസൈനറുമാണ്‌. സൗഹൃദം പ്രണയമാകുന്നത്‌ സാധാരണമാണെങ്കിലും പ്രണയബന്ധങ്ങളില്‍ സൗഹൃദം ഉടലെടുക്കുന്നില്ല എന്നതില്‍ നിന്നാണ്‌ കഥ വികസിച്ചത്‌.

മിയയുടെ നായികാവേഷത്തെക്കുറിച്ച്‌്?
നായികയായി ആരുവേണമെന്ന്‌ ഒരുപാട്‌ ആലോചിച്ചിട്ടും മിയയുടെ മുഖം മനസ്സില്‍ വന്നിരുന്നില്ല. വിദേശയാത്ര കഴിഞ്ഞെത്തിയ മിയയെ മോഡേണ്‍ കോസ്‌റ്റ്യൂമില്‍ എയര്‍പ്പോര്‍ട്ടില്‍വച്ച്‌ യാദൃച്‌ഛികമായി കണ്ടപ്പോള്‍, അഞ്‌ജലി മുന്‍പില്‍ നില്‍ക്കുന്നതായി തോന്നി. മിയയുടെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും അഞ്‌ജലി. ക്ലൈമാക്‌സ് രംഗത്തിലൊക്കെ അസാധ്യ പ്രകടനമാണ്‌ അവള്‍ കാഴ്‌ചവച്ചിരിക്കുന്നത്‌.

ഓര്‍മയില്‍ സൂക്ഷിക്കുന്ന അത്താഴം?
എല്ലാ ഭക്ഷണവേളകളും പ്രിയപ്പെട്ടത്‌ തന്നെയാണ്‌. ആഹാരത്തിന്റെ രുചിയേക്കാള്‍ അത്‌ കഴിക്കുമ്പോള്‍ ഒപ്പമുള്ള ആള്‍, ആംബിയന്‍സ്‌ തുടങ്ങി പല ഘടകങ്ങളാണ്‌ അവയെ പ്രിയപ്പെട്ടതും ഹൃദയത്തില്‍ സൂക്ഷിക്കുന്ന തരത്തില്‍ സ്‌പെഷ്യലും ആക്കി മാറ്റുന്നത്‌. അത്തരത്തില്‍ മനസ്സിലേക്ക്‌ ഓടിവരുന്നൊരോര്‍മ്മ ഷേമയും ഒന്നിച്ചുള്ള ചൈനീസ്‌ ട്രിപ്പിലെ അത്താഴമാണ്‌. നല്ല കാറ്റും മഴയുമുള്ള ഒരു വൈകുന്നേരം ആറുമണിക്കൂര്‍ കാറില്‍ സഞ്ചരിച്ച്‌ വിശന്നുപൊരിഞ്ഞാണ്‌ ഒരു റെസ്‌റ്റോറന്റ്‌ തേടിപ്പിടിച്ചത്‌. അതൊരു വോട്ടര്‍ വില്ലേജ്‌ ആയിരുന്നു, ചുറ്റും പുഴയാണ്‌. മഴയുടെയും കാറ്റിന്റെയും തീവ്രതയില്‍ മരങ്ങള്‍ വീണ്‌, ചുറ്റുവട്ടത്തെല്ലാം കറന്റ്‌ കട്ട്‌ ആയി. മെഴുകുതിരികളോ വിളക്കുകളോ തെളിച്ച്‌, അവിടുള്ളവര്‍ തീര്‍ത്ത വെളിച്ചത്തില്‍ മുഖാമുഖം നോക്കി, ആസ്വദിച്ചായിരുന്നു അന്നത്തെ അത്താഴം. തടികൊണ്ട്‌ പണിത ആ റെസ്‌റ്റോറന്റില്‍ ഇരുന്നാല്‍ പുറത്തേക്ക്‌ നല്ല വ്യൂ ആണ്‌. ആകാശവും പുഴയുമെല്ലാം ഒരേനീല നിറത്തില്‍ തോന്നിച്ചു. ആ രംഗം അതേപടി ഒരു സിനിമയില്‍ റീക്രിയേറ്റ്‌ ചെയ്യണമെന്ന്‌ ആഗ്രഹിച്ചിരുന്നു. മലയാളസിനിമയില്‍ കൊടുങ്കാറ്റും പേമാരിയും അത്തരത്തിലൊരു സെറ്റും ഇടുന്നതിലെ ബുദ്ധിമുട്ടോര്‍ത്താണ്‌ വേണ്ടെന്നുവച്ചത്‌.

ലൊക്കേഷനിലെ രസകരമായ അനുഭവങ്ങള്‍?
കൊച്ചി, ഊട്ടി, പാരിസ്‌ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്‌. ഊട്ടിയിലെ ചിത്രീകരണമാണ്‌ ഏറെ ആസ്വദിച്ചത്‌. പ്ര?ഡക്ഷന്‍ ബോയ്‌ മുതല്‍ എല്ലാവരും ഒരേ റിസോര്‍ട്ടിലായിരുന്നു താമസം. മിയയുടെ അമ്മയുടെ സ്‌പെഷ്യല്‍ ഡിഷസ്‌ എന്നും ഉണ്ടാകും. കലാസംവിധായകന്‍ സാലു.കെ ജോര്‍ജും ഒന്നാംതരം കുക്ക്‌ ആണ്‌. ആ സെറ്റില്‍ വച്ചാണ്‌ ഞാന്‍ ആദ്യമായി ചിക്കന്‍ കറി ഉണ്ടാക്കുന്നത്‌. എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട്‌ അടിപൊളി രുചിയായിരുന്നു അതിന്‌. ഇനി അങ്ങനെ ഉണ്ടാക്കാന്‍ കഴിയുമോ എന്നറിയില്ല.

ഷെഫ്‌ ആയിട്ടാണല്ലോ അഭിനയിക്കുന്നത്‌, പാചകത്തില്‍ താല്‌പര്യമുണ്ടോ?
താല്‌പര്യം ഇല്ലാഞ്ഞിട്ടല്ല. അറിയാത്തതുകൊണ്ടാണ്‌. പക്ഷെ ഞാന്‍ നന്നായി ചായ ഇടും, തനിനാടന്‍ മലയാളി ചായ. അച്‌ഛന്റെ ഫേവറൈറ്റ്‌ ആയിരുന്നു ഞാനുണ്ടാക്കുന്ന ചായ. അമ്മ ജോലി കഴിഞ്ഞെത്താന്‍ വൈകിയാല്‍, ഞാനായിരുന്നു അച്‌ഛന്‌ ചായ ഇട്ടുകൊടുത്തിരുന്നത്‌. അതിനൊരു സീക്രട്ട്‌ റെസിപ്പി ഉണ്ട്‌. 'എന്റെ മെഴുതിരി അത്താഴങ്ങള്‍' എന്ന ചിത്രവും ഒരു രഹസ്യക്കൂട്ട്‌ തേടിയുള്ള യാത്രയാണ്‌.

മീട്ടു റഹ്‌മത്ത്‌ കലാം

Ads by Google
Saturday 28 Jul 2018 11.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW