Sunday, August 12, 2018 Last Updated 11 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 11.06 PM

അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങള്‍

uploads/news/2018/07/236965/sun3.jpg

ലോകത്തെ കണ്ണുതുറന്നു കാണുന്നതിനു മുമ്പേ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ നിരവധിയാണ്‌. തമിഴ്‌നാട്ടിലെ സേലത്തും ധര്‍മപുരിയിലും പെണ്‍കുഞ്ഞുങ്ങളെ ജനനമാത്രയില്‍ കൊല്ലുന്നത്‌ തുടര്‍ക്കഥയാണ്‌. ജനിച്ചയുടന്‍ കരയുന്ന കുഞ്ഞുങ്ങള്‍ക്ക്‌ അരളിയുടെ വിഷപ്പാല്‍ കൊടുത്താണ്‌ കൊല്ലുന്നത്‌. ആന്‌ധ്രയുടെയും ബീഹാറിന്റെയും ഉള്‍നാടുകളില്‍ ഇങ്ങനെ പെണ്‍കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ട്‌. ഈ സംസ്‌ഥാനങ്ങളിലെ ശിശുക്ഷേമസമിതികളുടെ പ്രവര്‍ത്തനം നിര്‍ജ്‌ജീവമാണ്‌. ഈ സാഹചര്യത്തിലാണ്‌ അമ്മത്തൊട്ടില്‍ എന്ന ആശയവുമായി കേരളത്തിലെ ശിശുക്ഷേമസമിതി വേറിട്ട കാഴ്‌ചയായത്‌. എന്നാല്‍ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ക്ക്‌ എന്തു സംഭവിക്കുന്നു, ഇവര്‍ എങ്ങനെ പരിപാലിക്കപ്പെടുന്നു, ഭാവിയില്‍ എന്തായിത്തീരുന്നു ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്‌.
അമ്മത്തൊട്ടിലിലെത്തുന്ന കുഞ്ഞുങ്ങളുടെ ഭാവി എന്താണ്‌ എന്ന ചോദ്യത്തിനുത്തരം തേടിയാണ്‌ തിരുവനന്തപുരത്തെ തൈക്കാടുള്ള സംസ്‌ഥാന ശിശുക്ഷേമ സമിതിയുടെ ആസ്‌ഥാനത്തെത്തിയത്‌. അഡ്വ. എസ്‌.പി. ദീപക്കാണ്‌ സംസ്‌ഥാന ശിശുക്ഷേമസമിതിയുടെ ജനറല്‍ സെക്രട്ടറി. ദീപക്ക്‌ അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച്‌ വിശദീകരിച്ചു.

അമ്മാത്തൊട്ടിലിലെ കരച്ചില്‍
സംസ്‌ഥാനത്തെന്നല്ല ഇന്ത്യയില്‍ത്തന്നെ ഒരു കുട്ടിയും അനാഥരാകരുത്‌ എന്ന ആശയത്തില്‍ നിന്നാണ്‌ അമ്മത്തൊട്ടില്‍ ആരംഭിച്ചതെന്ന്‌ ദീപക്ക്‌ പറഞ്ഞു. അമ്മത്തൊട്ടിലില്‍ ഒരാഴ്‌ച മൂന്നു കുഞ്ഞുങ്ങളെങ്കിലും എത്തുന്നു. അതുകൂടാതെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയാത്ത രക്ഷിതാക്കളും ശിശുക്ഷേമസമിതിക്ക്‌ കുഞ്ഞുങ്ങളെ നല്‍കുന്നു. മാരകരോഗം ബാധിച്ചവര്‍, പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പേ പ്രസവിച്ചവര്‍, സ്‌കിസോഫ്രിനിയ പോലുള്ള മാനസികപ്രശ്‌നങ്ങളുള്ളവര്‍ ഇവരൊക്കെ ശിശുക്ഷേമസമിതിയിലെത്തി കുഞ്ഞുങ്ങളെ ഏല്‍പ്പിക്കുന്നു. ഇവരെ സംരക്ഷിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവകര്‍ ശിശുക്ഷേമസമിതിയിലുണ്ട്‌. ഇവരില്‍ ഡോക്‌ടര്‍മാരും നഴ്‌സുമാരും ആയമാരുമുണ്ട്‌. നവജാതശിശുക്കള്‍ക്ക്‌ സ്‌പെഷ്യല്‍കെയര്‍ യൂണിറ്റുണ്ട്‌. അതുപോലെ ഓട്ടിസം, മറ്റ്‌ ജനനവൈകല്യങ്ങള്‍ എന്നിവയുള്ള കുട്ടികള്‍ക്കും പ്രത്യേക പരിരക്ഷ നല്‍കുന്നു.

സുരക്ഷിത കരങ്ങളില്‍
മുലപ്പാലിന്റെ മാധുര്യം നുണയാന്‍ ഭാഗ്യമില്ലാത്തവരാണ്‌ അമ്മത്തൊട്ടിലിലെത്തുന്ന ഭൂരിഭാഗം കുട്ടികളും. ഇവരെ സുരക്ഷിതമായ കരങ്ങളിലേല്‍പ്പിക്കുന്നു എന്നതാണ്‌ ശിശുക്ഷേമസമിതിയുടെ ലക്ഷ്യമെന്ന്‌ ദീപക്ക്‌ പറഞ്ഞത്‌. കുഞ്ഞുങ്ങളില്ലാത്തവര്‍ക്ക്‌ അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങളെ ദത്തുനല്‍കുന്നു. നിയമപരമായ വ്യവസ്‌ഥകളനുസരിച്ചാണ്‌ ദത്തുനല്‍കുന്നത്‌. കുഞ്ഞുങ്ങളെ ദത്തുവാങ്ങുന്നവരുടെ റിവ്യൂ റിപ്പോര്‍ട്ട്‌ ദത്തുകൊടുത്തതിനെത്തുടര്‍ന്നുള്ള അഞ്ചുവര്‍ഷംവരെ ശേഖരിക്കും. ഇവര്‍ക്ക്‌ മികച്ച വിദ്യാഭ്യാസവും ജീവിതസാഹചര്യവും ലഭിക്കുന്നുണ്ടോയെന്ന്‌ ഉറപ്പുവരുത്തും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ നിയമപരമായി ദത്തുകൊടുക്കുന്നത്‌ ശിശുക്ഷേമസമിതിയാണ്‌. നിയമപരമല്ലാത്ത ദത്തുനല്‍കല്‍ തടയുന്നതിനും ശിശുക്ഷേമസമിതി ശ്രദ്ധിക്കുന്നു. മലപ്പുറത്ത്‌ ശിശുക്ഷേമസമിതിയുടെ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്‌, കാസര്‍ഗോഡ്‌ എന്നിവിടങ്ങില്‍ അഡോപ്‌ഷന്‍ സെന്റര്‍ ഉടന്‍തന്നെ പ്രവര്‍ത്തനമാരംഭിക്കും.
വിദേശീയര്‍ക്കും കുഞ്ഞുങ്ങളെ ദത്തുകൊടുക്കുന്നുണ്ട്‌. ഇപ്രകാരം ദത്തുനല്‍കുന്ന കുട്ടികളുടെ റിവ്യൂ റിപ്പോര്‍ട്ട്‌ ശേഖരിക്കുവാനായി പ്രത്യേക ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ദത്തിനുവേണ്ടി അപേക്ഷിക്കുന്നവരുടെ ജീവിതപശ്‌ചാത്തലത്തെപ്പറ്റി ഏജന്‍സി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ വിദേശീയര്‍ക്ക്‌ കുഞ്ഞുങ്ങളെ ദത്തുനല്‍കുന്നത്‌.

വളര്‍ത്തച്‌ഛനും വളര്‍ത്തമ്മയും
കുട്ടികളെ വളര്‍ത്താന്‍ താത്‌പര്യമുള്ളവര്‍ക്കുവേണ്ടി അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങളെ നല്‍കുന്ന രീതിയും നിലവിലുണ്ട്‌. ഒരു കുട്ടിയും പെരുവഴിയിലാകരുത്‌ എന്ന ഉദ്ദേശമാണിതിനു പിന്നില്‍. കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ഇതിനായി ശിശുക്ഷേമസമിതിയുമായി ബന്ധപ്പെടാം.

മികച്ച ശിക്ഷണം
കുട്ടികളെ പഠിപ്പിക്കുന്നതിനായി അത്യന്താധുനിക സൗകര്യത്തോടുകൂടിയ നഴ്‌സറി ശിശുക്ഷേമസമിതിയുടെ ആസ്‌ഥാനത്തുണ്ട്‌. ഒന്നാംക്ലാസ്‌ മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നു. കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി സൈക്കോളജിസ്‌റ്റുകളുടെ സേവനവും ഉപയോഗിക്കുന്നു.

വിവിധ മേഖലകളില്‍ ഇവരുണ്ട്‌
അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ വളര്‍ന്നുവലുതായി സമൂഹത്തിന്റെ വിവിധമേഖലകളില്‍ നന്മയുടെ പ്രകാശമായി നിറയുന്നുണ്ട്‌. ഇവരില്‍ ഡോക്‌ടര്‍മാരുണ്ട്‌, അധ്യാപകരുണ്ട്‌, മാധ്യമപ്രവര്‍ത്തകരുണ്ട്‌. സാമൂഹികപ്രവര്‍ത്തകരായും രാഷ്‌ട്രീയപ്രവര്‍ത്തകരായും ശോഭിക്കുന്നവരില്‍ ചിലരും അമ്മത്തൊട്ടിലില്‍ക്കിടന്ന്‌ വലുതായവരാണ്‌. ഇവര്‍ക്ക്‌ അമ്മത്തൊട്ടില്‍ നല്‍കുന്നത്‌ വേദനയല്ല, മറിച്ച്‌ സന്തോഷവും അതിജീവനത്തിന്റെ ആത്മവിശ്വാസവുമാണ്‌. നിയമപ്രശ്‌നങ്ങളുള്ളതിനാല്‍ ഇവരുടെ പേര്‌ വെളിപ്പെടുത്താനാവില്ലെന്ന്‌ ദീപക്ക്‌ സൂചിപ്പിച്ചു.
കുട്ടികള്‍ക്ക്‌ ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുണ്ടായാല്‍ 1517 എന്ന നമ്പരില്‍ വിളിക്കാം. മദ്യപിക്കുന്ന അച്‌ഛനാല്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ക്കും, മറ്റുതരത്തില്‍ പീഡനമനുഭവിക്കുന്ന കുട്ടിക്കും, ഭിക്ഷാടനമയക്കുമരുന്നുമാഫിയകളാല്‍ വലയപ്പെട്ട കുട്ടികള്‍ക്കും ഈ നമ്പരില്‍ ബന്ധപ്പെടാം. കുട്ടികളുടെ ഫോണ്‍ ലഭിച്ചാലുടന്‍ സന്നദ്ധപ്രവര്‍ത്തകരെത്തി സുരക്ഷിതമായ അഭയകേന്ദ്രത്തിലേക്ക്‌ മാറ്റുന്നു.
മദ്യം, മയക്കുമരുന്നുകള്‍, പുകവലി എന്നിങ്ങനെ ലഹരിക്കടിമയായ കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഈ നമ്പരില്‍ വിളിച്ച്‌ സഹായമഭ്യര്‍ഥിക്കാം. കുട്ടികളുടെ പേരും മറ്റു വിവരങ്ങളും രഹസ്യമായിരിക്കും. ബാലവേല നിരോധിക്കുവാനുള്ള ശ്രമങ്ങള്‍ വിജയത്തിലെത്തിക്കുവാനും ഇതിലൂടെ സാധിക്കും. ബാലവേല ശ്രദ്ധിക്കപ്പെട്ടാല്‍ ഈ നമ്പരില്‍ വിളിച്ചാല്‍ മതി. മെസഞ്ചറുടെ പേര്‌ രഹസ്യമായി സൂക്ഷിക്കും.

ലഹരിയില്‍ തകരുന്നവര്‍ക്കായി
എട്ട്‌, ഒമ്പത്‌, പത്ത്‌ ക്ലാസുകളിലെ കുട്ടികളാണ്‌ ലഹരിക്കടിമപ്പെടുന്നതെന്ന്‌ ദീപക്ക്‌ വെളിപ്പെടുത്തി. ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സംവിധാനമുണ്ട്‌. ടെലഫോണിലൂടെയും കൗണ്‍സിലിങ്ങ്‌ നല്‍കുന്നുണ്ട്‌. ഇവര്‍ക്ക്‌ ലഹരിയെത്തിക്കുന്ന മാഫിയ സംഘങ്ങളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്‌.
ശിഥിലകുടുംബത്തില്‍പ്പെട്ട കുട്ടികളാണ്‌ ലഹരിക്കടിമപ്പെടുന്നവരില്‍ കൂടുതലും. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക്‌ മാത്രമല്ല മാതാപിതാക്കള്‍ക്കും കൗണ്‍സിലിങ്ങ്‌ നല്‍കുന്നു.

സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍
ശിശുക്ഷേമസമിതിയുടെ കീഴില്‍ കുട്ടികള്‍ക്കുള്ള സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുവാനുള്ള ശ്രമത്തിലാണ്‌ അധികൃതര്‍. അടുത്തിടെ നടന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ഇതിന്റെ മുന്നോടിയായിരുന്നു. വേനല്‍ക്കാല അവധിക്ലാസുകളും നടത്തുന്നുണ്ട്‌. സാഹിത്യം, സംഗീതം, കരാട്ടെ എന്നിവ കുട്ടികളെ പരിശീലിപ്പിക്കുമെന്ന്‌ ദീപക്ക്‌ പറഞ്ഞു.

കെ.എന്‍. ഷാജികുമാര്‍

Ads by Google
Saturday 28 Jul 2018 11.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW