Friday, April 19, 2019 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 11.06 PM

നിന്നെ അത്രമേല്‍ സ്‌നേഹിക്കയാല്‍

uploads/news/2018/07/236964/sun2.jpg

അഞ്ചു മണിയുടെ അലാറം അടിക്കും മുന്‍പേ തന്നെ സുചിത്ര എഴുന്നേറ്റു. അലാറം ഓഫാക്കി. ജനാലയുടെ വെളുത്ത വിരി മാറ്റി പുറത്തേക്കു നോക്കി. വെട്ടം വീണു തുടങ്ങിയിട്ടില്ല. ഇരുളില്‍ മുറ്റത്തെ ചെടികളുടെ പ്രതി രൂപം. ആരൊക്കയോ പതുങ്ങി നില്‍ക്കും പോലെ. ഒറ്റയ്‌ക്ക് കിടക്കാറുള്ള രാത്രികളില്‍ പുറത്തേക്കു നോക്കാന്‍ തന്നെ സുചിത്രയ്‌ക്കു ഭയമാണ്‌. ഇരുളില്‍ പാതി മറഞ്ഞ അവ്യക്‌ത രൂപങ്ങള്‍ എന്നെങ്കിലും ഒരുനാള്‍ തന്റെ മേല്‍ ചാടി വീഴുമെന്ന ഭയമെന്നും അവളെ പൊതിഞ്ഞു നിന്നിരുന്നു. എഴുന്നേറ്റു ഒരു നിമിഷം പ്രാര്‍ത്ഥിച്ചു. അഴിഞ്ഞു കിടന്ന മുടി കെട്ടി വെക്കുമ്പോള്‍ അവള്‍ അരുണിനെ നോക്കി. ഒരു കൊച്ചു കുഞ്ഞിനെ പോലെ. രണ്ടു കൈകളും തലയ്‌ക്കു കീഴെ പിണച്ചു വെച്ച്‌, പാതി അടഞ്ഞ മിഴികളുമായി നല്ല ഉറക്കത്തിലാണയാള്‍. കുറ്റിത്താടികള്‍ നിറഞ്ഞു നില്‍ക്കുന്ന വെളുത്ത മുഖത്ത്‌ ചുണ്ടുകള്‍ ചേര്‍ത്ത്‌ ഉമ്മ വെക്കുമ്പോള്‍ സുചിത്രയുടെ കണ്ണുകള്‍ നിറഞ്ഞു.
അഞ്ചു വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്‌. വീട്ടുകാര്‍ ആലോചിച്ച്‌ എല്ലാ പൊരുത്തവും നോക്കി നടത്തിയ വിവാഹം. ഇതുവരെ തമാശയ്‌ക്കല്ലാതെ ഗുരുതരമായ ഒരു വഴക്കോ, പ്രശ്‌നമോ ഇല്ലാത്ത സുഖ ദാമ്പത്യം. ഒരു കുഞ്ഞില്ല എന്നത്‌ ഒഴിച്ച്‌ നിര്‍ത്തിയാല്‍ എല്ലാം ദൈവം അനുഗ്രഹിച്ചു നല്‍കിയ പോലെ. സുചിത്രയുടെ മുടികള്‍ വിടര്‍ത്തിയിട്ടു അതില്‍ മുഖം അമര്‍ത്തിയേ അരുണ്‍ കിടക്കൂ. അവള്‍ ചെരിഞ്ഞു കിടന്നാല്‍ അയാള്‍ അവളുടെ പിന്‍കഴുത്തിലെ കറുത്ത മറുകില്‍ ചുണ്ടുകള്‍ ചേര്‍ത്ത്‌ വെക്കും. അന്നും ഇന്നും ഒരേ പോലെ.
ഇന്നലെ രാത്രിയാണ്‌, പുലര്‍ച്ചെ ഒരു യാത്രയുണ്ട്‌ നേരത്തെ എഴുന്നേല്‍ക്കണമെന്ന്‌ അരുണ്‍ അവളോട്‌ പറഞ്ഞത്‌. എങ്ങോട്ടാണെന്ന്‌ ഒന്നും പറഞ്ഞില്ല. ഈ സസ്‌പെന്‍സ്‌ പതിവുള്ളതാണ്‌. അവളുടെ ഇഷ്‌ടങ്ങള്‍ അവള്‍ പോലും അറിയാതെ ചോര്‍ത്തിയെടുത്തു അവള്‍ക്കു മുന്നില്‍ പെട്ടെന്ന്‌ ഒരു ദിവസം അവതരിപ്പിക്കുക. സസ്‌പെന്‍സ്‌ നല്‍കാന്‍ എന്നും അരുണേട്ടനെ കഴിഞ്ഞേ ആളുള്ളൂ എന്ന്‌ അവള്‍ ക്ക്‌ എപ്പോഴും തോന്നും. അവള്‍ക്കറിയാം, എന്നോ താന്‍ പറഞ്ഞ ഇഷ്‌ടസ്‌ഥലത്തേക്കുള്ള യാത്രയാണ്‌. പക്ഷേ, എങ്ങോട്ടെന്ന്‌ അറിയില്ല. കാത്തിരിക്കുക തന്നെ.
കുളിച്ച്‌ മുടിയില്‍ ഈറന്‍ ഉണങ്ങാന്‍ തുവര്‍ത്തും ചുറ്റി, അടുക്കളയില്‍ കയറി സുചിത്ര. പാല്‍ തിളക്കാനായ്‌ കാത്തിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ പിന്നെയും ചിറകു വിടര്‍ത്തുന്നു. പൊഴിച്ചു കളഞ്ഞ പടത്തിലേക്കു വീണ്ടും കയറുവാന്‍ ശ്രമിക്കുന്ന ഒരു നാഗത്തെ പോലെ മറക്കാന്‍ ശ്രമിക്കുമ്പോളെല്ലാം വീണ്ടും വീണ്ടും ചിന്താസരണികളെ ദീപ്‌തമാക്കി ആ ഓര്‍മ്മകള്‍... ആറു വര്‍ഷങ്ങള്‍ക്കു പിന്നോട്ട്‌ കൊണ്ട്‌ പോകുന്നു. എന്താണ്‌ ഇപ്പോള്‍ ഇങ്ങനെയൊന്നു അവള്‍ക്കു തന്നെ അറിയില്ല. ഒരിക്കലും ഓര്‍മ്മിക്കരുത്‌ എന്ന്‌ തീരുമാനിച്ചു ഉറപ്പിച്ചതാണ്‌. പക്ഷേ, അന്ന്‌ ആ മഴയുള്ള സന്ധ്യയില്‍ എന്തിനാണ്‌ അവന്‍ എന്നെ തിരഞ്ഞു വീണ്ടും വന്നത്‌. ചിലപ്പോള്‍ ഒക്കെ അങ്ങനെയാണ്‌. ഉണങ്ങി തുടങ്ങുന്ന മുറിവില്‍ ഇടയ്‌ക്കിടെ അറിയാതെ ചോര വാര്‍ന്നുകൊണ്ടിരിയ്‌ക്കും. കഴിഞ്ഞ ഒരാറു മാസക്കാലയളവില്‍, അവനെ താന്‍ എത്ര തവണ ഓര്‍ത്തു. കൃത്യമായി അറിയില്ല. എങ്കിലും ഒരുപക്ഷേ... ഒരുപാട്‌ തവണ... അന്നത്തെ ആ സന്ധ്യക്ക്‌ ശേഷം അടുക്കളയില്‍ വെച്ച്‌... കുളിമുറിയില്‍ വെച്ച്‌... സിറ്റൗട്ടില്‍... ഹാളില്‍ ഇരുന്നു ടി.വി. കാണുമ്പോള്‍... കറിക്ക്‌ അരിയുമ്പോള്‍... എന്തിന്‌ അരുണേട്ടന്റെ കരവലയത്തില്‍ അമര്‍ന്നു കിടന്നു ചുണ്ടിനാല്‍ കവിത രചിക്കുമ്പോള്‍ പോലും സിഗരറ്റിന്റെ മണം കടന്നുവരുന്നു. വിളിക്കാത്ത ഒരു അതിഥിയെ പോലെ അവന്‍ വീണ്ടും വീണ്ടും ചിന്തകളും ഓര്‍മ്മകളും സ്വന്തമാക്കുന്നു. ആ നശിച്ച രാത്രി വാതില്‍ തുറക്കാതിരുന്നെങ്കില്‍..
ആ ഓര്‍മ്മകളില്‍ അവള്‍ സ്വയം ഇല്ലാതെയാവുകയും വീണ്ടും ജനിക്കുകയും ചെയ്യുന്നു. ഉടല്‍ മുഴുവന്‍ അല്‍പ നേരമെങ്കിലും ഉന്മത്തമാവുകയും വീണ്ടും തിരിച്ചറിവിന്റെ പാതയില്‍ പശ്‌ചാത്താപ വിവശയായി, സ്വയം ശപിച്ചു മനസ്സ്‌ കൊണ്ട്‌ കരയുകയും വിലപിക്കുകയും ചെയ്യും. വിരല്‍ത്തുമ്പില്‍ ഇപ്പോഴും ആ നീളന്‍ വിരലുകളുടെ ചൂടിലുള്ള സ്‌പര്‍ശനം ബാക്കിയാകും പോലെ. രോമങ്ങള്‍ നിറഞ്ഞ നെഞ്ചിലെ വിയര്‍പ്പിന്റെ അംശം ഇപ്പോഴും കവിളിണകളെ നനയ്‌ക്കും പോലെ. ഇടയ്‌ക്കിടെ അവള്‍ കണ്ണാടിയില്‍ നോക്കുകയും മുഖം അമര്‍ത്തി തുടയ്‌ക്കുകയും ചെയ്യും. പുറത്തെ ഓരോ കോളിംഗ്‌ ബെല്‍ ശബ്‌ദത്തിലും അവള്‍ ഞെട്ടുകയും പേടിയോടെ തുറക്കുന്ന വാതിലിനപ്പുറം ഭയത്തിലും മറച്ചു പിടിക്കുന്ന പ്രതീക്ഷയില്‍ സ്വയം നിരാശപ്പെടുകയും ചെയ്‌തു.
എല്ലാം തുറന്നു പറയണമെന്ന്‌ പലവട്ടം ചിന്തിച്ചു പക്ഷേ, ഭയമാണ്‌. ഈ ലോകത്തു മറ്റെന്തിനേക്കാളും ആരെക്കാളും അവള്‍ അരുണിനെ സ്‌നേഹിക്കുന്നുണ്ട്‌. ആ സ്‌നേഹം നഷ്‌ടമായാല്‍, അരുണ്‍ തന്നെ വെറുത്താല്‍. വയ്യ... ആരും ഒന്നും അറിയണ്ട. ആ ഒരൊറ്റ രാത്രി... ഏതാനം മണിക്കൂറുകള്‍. തനിക്കു ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം മറക്കണം. മറന്നേ ഒക്കൂ..
നമുക്കു പോകാം...
എന്നത്തേയും പോലെ കൗതുകം ഉണര്‍ത്തുന്ന തെളിച്ചമുള്ള ചിരിയുമായി അയാള്‍ അവളെ നോക്കി. അവളും ചിരിച്ചു എന്നത്തേയും പോലെ. അഞ്ചു വര്‍ഷമായി, കൃത്യമായ ഇടവേളകളില്‍ പരസ്‌പരം പങ്കു വെക്കാറുള്ള അതേ ചിരി.
കാത്തിരിക്കുന്ന അത്ഭുതം എന്താകും.
എന്താകും ഇന്നത്തെ സസ്‌പെന്‍സ്‌. അരമണിക്കൂര്‍ മെയിന്‍ റോഡിലെ യാത്രയ്‌ക്ക്‌ ശേഷം അരുണ്‍ കാര്‍ ഒരു ചെറിയ ഇടവഴിയിലേക്ക്‌ തിരിച്ചു. കാര്‍ സ്‌റ്റീരിയോ ഓണ്‍ ചെയ്‌തു. പതിവില്ലാത്തതാണീ മൗനം..
എന്താണ്‌ മാഷേ... ഇന്ന്‌ ഇത്രയ്‌ക്കു ജാഡ...
ഒന്നും പറയാതെ, അവള്‍ക്കു നേരെ നോക്കി കണ്ണുകള്‍ ഒന്ന്‌ അടച്ചു തുറന്നു.
സുചിത്രയുടെ കാലിലൊരു വിറയല്‍. അവനും ഇങ്ങനെ ആയിരുന്നു. ഓരോ കുസൃതിക്കപ്പുറവും ദേഷ്യം കൊണ്ടും നാണം കൊണ്ട്‌ ചുവന്ന തന്റെ കണ്ണുകള്‍ക്ക്‌ നേരെ അവന്‍ കണ്ണുകള്‍ അടച്ചു തുറന്നു പുഞ്ചിരിച്ചു. വയറിലൂടെ കൈകള്‍ ചേര്‍ത്ത്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ നിര്‍ത്തി. വിരലുകള്‍ തീര്‍ത്ത മായജാലങ്ങളില്‍ സ്വയം അലിയുമ്പോള്‍ ഉണര്‍ന്നു നില്‍ക്കുന്ന രോമജാലങ്ങളില്‍ നീണ്ട വിരലുകളുടെ പതിഞ്ഞ സ്‌പര്‍ശനം ഉന്മാദമായ മറ്റൊരു ലോകത്തേയ്‌ക്ക് തന്നെ എടുത്തെറിയുമ്പോള്‍, അയാള്‍ ഉറക്കെ ചിരിയ്‌ക്കുകയും ചിരി മുഴുവിക്കും മുന്‍പേ വിറകൊണ്ട്‌ തിണര്‍ത്ത തന്റെ ചുണ്ടുകളെ ആഴത്തില്‍ ഒരുപാട്‌ ആഴത്തില്‍ ചുംബിക്കുകയും ചെയ്യുമായിരുന്നു...
പെട്ടെന്നുള്ള ഒരു ബ്രേക്ക്‌. കുറുകെ ചാടിയ ഒരു സ്‌കൂള്‍ കുട്ടി. അവന്‍ ഭയത്തോടെ തിരിഞ്ഞു നോക്കുന്നു. സുചിത്രയുടെ നെഞ്ചിടിപ്പിന്റെ താളം മുറുകി. താന്‍ തന്റെ ഭര്‍ത്താവിന്റെ ഒപ്പമാണ്‌ തൊട്ടരികില്‍ തോളോട്‌ തോള്‍ ചേര്‍ന്ന്‌ ഇരുന്നിട്ടും. താന്‍ എന്താണ്‌ ഇങ്ങനെ. കുറ്റബോധം കൊണ്ട്‌ താഴ്‌ന്നു പോകുന്ന മുഖം അവള്‍ കൈകളില്‍ താങ്ങി.
നമ്മള്‍ എങ്ങോട്ടാ... അരുണേട്ടാ... ഇനി എങ്കിലും പറ... ഇതെത്ര നേരാ... ഇങ്ങനെ ഒന്നും മിണ്ടാതെ... ദേ എനിക്ക്‌ ദേഷ്യം വരുന്നുണ്ട്‌ ട്ടോ...
നമ്മളെത്തി പെണ്ണെ... ഇനി കുറച്ചു ദൂരം കൂടി... വെറുതെ പറഞ്ഞു. തന്റെ ആകാംക്ഷയുടെ മുന ഞാന്‍ ആയിട്ടെന്തിനാ ഒടിച്ചു കളയുന്നെ... ഇതുവരെ നീ കണ്ടിട്ടില്ലാത്ത ഒരു മനോഹരമായ സ്‌ഥലം.
ഇരുവശങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന തണല്‍ വൃക്ഷങ്ങള്‍ക്കിടയിലൂടെയാണ്‌ ഇപ്പോള്‍ യാത്ര. മുന്നില്‍ പച്ചപ്പ്‌ ചൂടി ഉയര്‍ന്നു നില്‍ക്കുന്ന ഒരു കുന്ന്‌. വലിയ ഉയരം ഇല്ലാതെ പടര്‍ന്നു കിടക്കും പോലെ ഒന്ന്‌. കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ അവള്‍ക്കു മനസ്സിലായി. ഒന്നല്ല ഒന്നിനോട്‌ ഒന്ന്‌ തൊട്ടു കുറെയേറെ കുന്നുകള്‍.
പണ്ട്‌ നാട്ടില്‍ തോട്ടു വക്കത്ത്‌ നിറയെ കൈകള്‍ വിരിച്ചു നില്‍ക്കാറുള്ള കൊമ്പന്‍ മുള്ളുകള്‍ ഉള്ള പുല്‍ച്ചെടികള്‍ ആണ്‌ ഇപ്പോള്‍ ഇരുവശത്തും.
ഉള്ളില്‍ ഒരു മുള്ളു കൊള്ളുന്ന പോലെ തോന്നി സുചിത്രയ്‌ക്ക്. ആരോ തന്നിലേക്ക്‌ ആ കൂര്‍ത്ത പുല്ലിന്റെ നഖമുനകള്‍ ആഴ്‌ത്തും പോലെ. ചുണ്ടില്‍...ചെവിയോരങ്ങളില്‍... കവിള്‍ത്തടത്തില്‍... വിയര്‍പ്പില്‍ മുങ്ങിയ മുലത്തടങ്ങളില്‍... വിരലുകളില്‍... ജനിച്ചൊരു ശീതക്കാറ്റില്‍ തിണര്‍ത്തു നില്‍ക്കുന്ന മുലഞെട്ടില്‍... ശൈത്യത്തിന്റെ ഒരു ചെറുകാറ്റില്‍ ഉടല്‍ ആകമാനം വിറച്ചു പൊള്ളുന്നു. ചിലതു കൃത്യമായി തന്നെ ഹൃദയത്തിന്റെ ആഴങ്ങളില്‍ തൊട്ടു മുറിവേല്‍പ്പിക്കുന്നു... സുഖമുള്ള മുറിവ്‌... സുഖമുള്ള നോവ്‌...
നമ്മളെത്തി...
ഡോര്‍ തുറന്നു പിടിച്ചു മുന്നില്‍ അരുണ്‍... അയാളുടെ ചുണ്ടില്‍ അപ്പോഴും ആ ചിരിയുണ്ടായിരുന്നു..
അവളുടെ കൈകള്‍ ചേര്‍ത്ത്‌ പിടിച്ചു അയാള്‍ നടന്നു. കുന്നിന്റെ മുകളിലുള്ള ആ സമതലത്തിലൂടെ ചെങ്കല്ലുകള്‍ ആരോ ചെത്തിയ പോലെ പരന്നു കിടക്കുന്നു. അധികം ഉയരമില്ലാത്ത ചെറിയ കുറ്റിച്ചെടികളില്‍ നിറയെ വയലറ്റ്‌ പൂക്കള്‍. ചെറിയ കോളാമ്പി പോലെ അവ കാലുകളില്‍ മാറി മാറി ഉമ്മ വെക്കുന്നു. അവള്‍ അയാളോട്‌ ചേര്‍ന്ന്‌ നിന്നു. ചാഞ്ഞു വീശുന്ന ഈറന്‍ കാറ്റ്‌. എവിടെയോ ശക്‌തമായ മഴ പെയ്യുന്നുണ്ട്‌. ശബ്‌ദമില്ലാത്ത മിന്നലുകള്‍ ആകാശത്തെ പൊള്ളിക്കുന്നു. കാറ്റില്‍ ശരീരത്തോട്‌ ഒട്ടി നില്‍ക്കുന്ന വസ്‌ത്രത്തില്‍ അവള്‍ നഗ്നമായൊരു പെണ്‍ശില്‍പം പോലെ തോന്നി അരുണിന്‌.
കുറച്ചകലെയായി ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. അടുത്ത്‌ ചെല്ലും തോറും അവയുടെ ഉയരം കൂടുകയും ഭീമാകാരന്മാരായ രാക്ഷസന്മാരെ പോലെ തോന്നിക്കുകയും ചെയ്‌തു. കാറ്റിനെ വിഴുങ്ങാന്‍ വായ്‌ പിളര്‍ന്നു കാത്തുനില്‍ക്കുന്ന രാക്ഷസന്മാര്‍.
പാറക്കൂട്ടത്തിനപ്പുറം താഴെ കാണാന്‍ വയ്യാത്തത്ര ആഴത്തില്‍ മഞ്ഞുമൂടി കിടക്കുന്ന ഒരു വലിയ കൊക്ക. തണുത്ത കാറ്റില്‍ അവള്‍ക്കു താന്‍ സ്വയം അലിഞ്ഞു ഇല്ലാതെയാകും പോലെ തോന്നി. പിന്‍കഴുത്തിലെ കറുത്ത മറുകില്‍ ചൂടുള്ള ഒരു ചുംബനം. ചുണ്ടുകളാല്‍ ലാളിക്കപ്പെടുന്ന പുറം കഴുത്തും ചെവിയും. വയറില്‍ ഒരു തുടുപ്പ്‌. കൊളുത്തി വലിക്കും പോലെ. സുചിത്ര ഓര്‍ത്തു.. പീരിയഡ്‌സ് ആകേണ്ട ദിവസം കഴിഞ്ഞിരിക്കുന്നു. ഒന്നല്ല... പത്തു ദിവസങ്ങള്‍... നെഞ്ചില്‍ വല്ലാത്തൊരു കനപ്പ്‌.
അരുണേട്ടാ....
വിളി പൂര്‍ത്തിയാകും മുന്‍പേ... വലിയ ഉയരത്തില്‍ നിന്നും മഞ്ഞിന്റെ മടിയിലേക്കു സ്വയം വലിച്ചെറിയപ്പെട്ടതു പോലെ തോന്നി സുചിത്രയ്‌ക്ക്... ശ്വാസം വിലങ്ങുമ്പോഴും അയാളുടെ സുരക്ഷിതമായ കൈകളുടെ വലയത്തിലാണ്‌ താനെന്നു അവള്‍ക്കു തോന്നി.
ബോധം നഷ്‌ടപ്പെടുന്ന അവസാന നിമിഷത്തിന്റെ ഏറ്റവും അവസാനത്തെ കണികയില്‍ അവള്‍ കണ്ടത്‌ അരുണിനെയാണ്‌. കൈകള്‍ വിരിച്ചുനില്‍ക്കുന്ന അരുണിനെ. തന്നെ ഈ ലോകത്തു ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച അരുണിനെ.
കോടമഞ്ഞു കുന്നിന്റെ ചെരിവ്‌ പറ്റി മല കയറുമ്പോള്‍ ഇരുളിന്റെ മറപറ്റി ഒരു കാര്‍ കുന്നിറങ്ങി പോകുന്നുണ്ടായിരുന്നു... ഡ്രൈവിംഗ്‌ സീറ്റില്‍ ഒരാള്‍ ഒറ്റയ്‌ക്കിരുന്നു കരയുകയും വിതുമ്പുകയും ചെയ്യുന്നുണ്ടായിരുന്നു...

എബിന്‍ മാത്യു കൂത്താട്ടുകുളം

Ads by Google
Saturday 28 Jul 2018 11.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW