ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണെന്ന് അവലോകന സമിതി. അണക്കെട്ട് തുറന്നുവിടേണ്ട സാഹചര്യമാണ്. എന്നാല്‍ രാത്രി കാലങ്ങളില്‍ അണക്കെട്ട് തുറക്കില്ലെന്നും പകല്‍ മാത്രമായിരിക്കും തുറക്കുകയെന്നും വൈദ്യതിമന്ത്രി എം.എം മണി അറിയിച്ചു.
വൈദ്യുതി ഉത്പാദനത്തിന് വേണ്ടി വെള്ളം കരുതിവയ്ക്കേണ്ട സാഹചര്യമില്ല. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇനിയും മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം തുറന്നുവിടുന്നതില്‍ അപാകതയില്ല. 2403 അടിയാണ് അണക്കെട്ടിലെ സംഭരണ ശേഷി. 2004 അടി എത്തുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 2392.9 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.
26 വര്‍ഷം മുന്‍പാണ് അണക്കെട്ട് ഒടുവില്‍ തുറന്നത്. ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ കൂടി ചേരുന്നതാണ് ഇടുക്കി അണക്കെട്ട്. ചെറുതോണിയുടെ അഞ്ച് ഷട്ടറുകളാണ് ആദ്യം തുറക്കുക. ഇവിടെനിന്നുള്ള വെള്ളം ചെറുതോണി ഡൗണില്‍ നിന്ന വെള്ളക്കയം വഴി പെരിയാറിലാണ് എത്തുക. ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ എത്തുന്ന വെള്ളം തുറന്നുവിട്ടാല്‍ എറണാകുളത്തെ താഴ്ന്ന പരിസരത്ത് വെള്ളമെത്തും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും 136 അടിയോട് അടുത്തുകഴിഞ്ഞു. വെളളം സ്പില്‍വേയിലൂടെ ഒഴുക്കികളയാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. 136 അടിയായാല്‍ തമിഴ്നാടുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഈ സാഹചര്യത്തില്‍ അണക്കെട്ടിലെ ഉന്നതാധികാര സമിതിയുടെ സന്ദര്‍ശനം നേരത്തെയാക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി. ഇടുക്കിയില്‍ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.