Tuesday, November 06, 2018 Last Updated 37 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.40 AM

സാമൂഹിക മാധ്യമങ്ങളില്‍ കണ്ണുവേണം

uploads/news/2018/07/236884/editorial.jpg

സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗത്തിന്റെ ഒരു പ്രത്യക്ഷ ഉദാഹരണം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടു. സ്വന്തം കാലില്‍ നില്‍ക്കാനായി മീന്‍ വില്‍പനയ്‌ക്ക്‌ ഇറങ്ങേണ്ടി വന്ന ഹനാന്‍ എന്ന പെണ്‍കുട്ടിക്ക്‌ സാമൂഹിക മാധ്യമങ്ങളില്‍ നേരിടേണ്ടിവന്ന അപമാനം വിവരണാതീതമായിരുന്നു. ആ പെണ്‍കുട്ടിയെ അതിനീചമായാണ്‌ പലരും അപകീര്‍ത്തിപ്പെടുത്തിയത്‌. മീന്‍ വില്‍പന നടത്തുന്നു എന്ന വാര്‍ത്ത വ്യാജമാണെന്നും അത്‌ ഒരു സിനിമയുടെ പ്രചാരണത്തിനുവേണ്ടി സംഘടിപ്പിച്ചതാണെന്നുമായിരുന്നു ആദ്യ ആരോപണം. പിന്നീട്‌ അവളുടെ വിവിധ ഫോട്ടോകള്‍ അപകീര്‍ത്തികരമായ കമന്റുകളോടെ പ്രചരിക്കപ്പെട്ടു. സ്വതന്ത്രമായി ജീവിക്കാനുള്ള ഒരു വ്യക്‌തിയുടെ സ്വാതന്ത്ര്യത്തിനെതിരേ വെല്ലുവിളി ഉയര്‍ത്താന്‍ ഇവര്‍ക്ക്‌ ആരാണ്‌ അധികാരം നല്‍കിയത്‌? ഹനാനെ അപമാനിച്ച എല്ലാവര്‍ക്കും എതിരേ നടപടിയെടുക്കുമെന്നാണ്‌ സര്‍ക്കാര്‍ വ്യക്‌തമാക്കിയിരിക്കുന്നത്‌. അതു തികച്ചും സ്വാഗതാര്‍ഹമാണ്‌.
നിസ്സഹായയായ ഒരു പെണ്‍കുട്ടിയെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തിയ എല്ലാവര്‍ക്കുമെതിരേ കര്‍ശനമായ നടപടിയെടുക്കുകതന്നെ വേണം. എങ്കില്‍ മാത്രമേ ആ വിഷമനസ്സുകള്‍ പാഠം പഠിക്കുകയുള്ളു.തങ്ങള്‍ക്ക്‌ ഇഷ്‌ടമില്ലാത്ത എന്തിനുമെതിരേ മനസ്സില്‍ തോന്നുന്നതെന്തും പ്രചരിപ്പിക്കാനുള്ള ഇടമാണ്‌ സാമൂഹിക മാധ്യമങ്ങളെന്ന്‌ കരുതുന്ന മനോരോഗികളാണ്‌ ഇത്തരം പ്രവൃത്തികളില്‍ ഇടപെടുന്നത്‌. തികച്ചും വിഷലിപ്‌തമായ വാക്കുകളിലൂടെ അവര്‍ അവിടെ ദോഷം വിതയ്‌ക്കുന്നു. വ്യക്‌തിഹത്യയുടെ അനേകം ഉദാഹരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചൂണ്ടിക്കാണിക്കാനാവും. സാമൂഹ്യമാധ്യമങ്ങളിലെ അപവാദ പ്രചരണത്തിന്റെ പേരില്‍ ആത്മഹത്യകള്‍ പോലും നടന്നിരിക്കുന്നു. അപരന്റെ ജീവിതത്തില്‍ തനിക്ക്‌ പരിധിയില്ലാത്ത സ്വാതന്ത്ര്യമുണ്ടെന്ന്‌ കരുതുന്ന അധമന്മാര്‍ ആരെയും ആക്ഷേപിക്കാന്‍ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കുന്നതു പോലെ തന്നെയാണ്‌ തെറ്റായ പ്രചാരണങ്ങള്‍ക്കും ഉപയോഗിക്കുന്നത്‌. തെറ്റിദ്ധാരണാജനകമായ ധാരാളം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇവര്‍ക്ക്‌ ഒരു മടിയുമില്ല. അത്‌ സമൂഹത്തില്‍ അന്ത:ഛിദ്രം വളര്‍ത്തുന്നതാണെങ്കിലും അവര്‍ക്ക്‌ മടിയില്ല. കേരളത്തില്‍ ഇത്തരക്കാരുടെ എണ്ണം കൂടി വരികയാണ്‌. കേരളത്തില്‍ വാട്‌സാപ്പ്‌ വഴി ആഹ്വാനം ചെയ്‌ത ഹര്‍ത്താലിനെക്കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച്‌ കേരളത്തില്‍ ഗൗരവതരമായ ബോധവത്‌കരണം നടത്തേണ്ടിയിരിക്കുന്നു.

സാമൂഹ്യമാധ്യമങ്ങളിലെ തെറ്റായ സന്ദേശങ്ങളുടെ ഒരു ഇരയെയും ഇക്കഴിഞ്ഞ വ്യാഴാഴ്‌ച നാം കണ്ടു. യുട്യൂബിലെ വീഡിയോകളുടെ സഹായത്തോടെ വീട്ടില്‍ പ്രസവത്തിനൊരുങ്ങിയ യുവതി തിരുപ്പൂരില്‍ മരണമടഞ്ഞത്‌ ഏവരുടെയും കണ്ണ്‌ തുറപ്പിക്കേണ്ടതാണ്‌. ശാസ്‌ത്രീയമായ ഒരു അടിത്തറയുമില്ലാതെ ധാരാളം സന്ദേശങ്ങളാണ്‌ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്‌. ഇതില്‍ വലിയൊരു പങ്ക്‌ മനുഷ്യരുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ളതാണ്‌. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ തങ്ങള്‍ സമൂഹത്തോട്‌ ചെയ്യുന്ന ദ്രോഹം മനസ്സിലാക്കുന്നില്ല. സമൂഹത്തിനു ദോഷമാകും എന്നു തോന്നുന്ന പ്രവൃത്തികളില്‍ നിന്ന്‌ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ മാറിനില്‍ക്കുക എന്നതുമാത്രമാണ്‌ ഇതിന്റെ പോംവഴി. സമൂഹം നന്നാകാന്‍ ആദ്യം മനുഷ്യന്‍ നന്നാകണം.

Ads by Google
Saturday 28 Jul 2018 02.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW