Tuesday, April 23, 2019 Last Updated 8 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.39 AM

മഞ്ചേശ്വരത്തിന്റെ മനസറിഞ്ഞ സാമാജികന്‍

uploads/news/2018/07/236882/bft2.jpg

വികസനം തൊട്ടുതീണ്ടാത്ത നിയമസഭാമണ്ഡലമായിരുന്ന മഞ്ചേശ്വരത്തിന്റെ മനസറിഞ്ഞ സാമാജികനാണ്‌ ഇന്നലെ ഓര്‍മയായ മുന്‍ മന്ത്രി ചെര്‍ക്കളം അബ്‌ദുള്ള. ജനങ്ങള്‍ക്കൊപ്പം എന്നും നിലകൊണ്ടതിനാല്‍ അദ്ദേഹത്തെ അവര്‍ നെഞ്ചിലേറ്റി. അവരുമായി വലിയ ഹൃദയബന്ധം സ്‌ഥാപിക്കാനുമായി. അതുകൊണ്ടാണു മണ്ഡലത്തില്‍ നിന്നു തുടര്‍ച്ചയായി നാലു തവണ വിജയിക്കാനായത്‌. ഐക്യകേരള രൂപീകരണത്തിന്‌ ശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ പ്രതിനിധിയെ കണ്ടെത്തിയ പാരമ്പര്യം ഈ മണ്ഡലത്തിനുണ്ട്‌.
എ.കെ. ആന്റണി മന്ത്രിസഭയില്‍ അദ്ദേഹം തദ്ദേശസ്വയംഭരണ മന്ത്രിയായ കാലത്താണ്‌ ദാരിദ്ര്യനിര്‍മാര്‍ജനരംഗത്ത്‌ വിപ്ലവകരമായ മാറ്റമുണ്ടാക്കിയ കുടുംബശ്രീ പദ്ധതി നിലവില്‍ വന്നത്‌. സി.കെ.പി, ചെറിയ മമ്മു കേയി, ഒ.കെ. മുഹമ്മദ്‌ കുഞ്ഞി, ഇ.അഹമ്മദ്‌ എന്നിവര്‍ക്കൊപ്പമായിരുന്നു രാഷ്‌ടീയപ്രവര്‍ത്തനം. ഇവര്‍ക്കൊപ്പം ഉന്നതസ്‌ഥാനത്തിരിക്കാനുള്ള അപൂര്‍വഭാഗ്യവും കൈവന്നു. കെ.എസ്‌. സുലൈമാന്‍ ഹാജി, ടി.എ. ഇബ്രാഹിം, കെ.എസ്‌. അബ്‌ദുള്ള എന്നിവര്‍ക്കൊപ്പവും കൈകോര്‍ത്തിരുന്നു. ഈ രാഷ്‌ട്രീയക്കളരിയിലാണു പുതിയ പാഠങ്ങള്‍ ഹൃദിസ്‌ഥമാക്കിയത്‌. പൊതുസമൂഹത്തോടുള്ള സമീപനത്തെക്കുറിച്ച്‌ അവബോധമുണ്ടായതും ഈ കാലഘട്ടത്തിലാണ്‌.
അരനൂറ്റാണ്ടിലേറെയായി മുസ്ലിംലീഗിന്റെ നേതൃനിരയിലുണ്ടായിരുന്നു.കഴിഞ്ഞ യു.ഡി.എഫ്‌. ഭരണകാലത്ത്‌ കേരള സ്‌റ്റേറ്റ്‌ മൈനോറിറ്റി ഡവലപ്‌മെന്റ്‌ ഫൈനാന്‍സ്‌ കോര്‍പറേഷന്‍ ചെയര്‍മാനായിരുന്നു. മുന്നണി ജില്ലാ ചെയര്‍മാന്‍, മുസ്ലിം ലീഗ്‌ സെക്രട്ടേറിയറ്റംഗം, അഖിലേന്ത്യ എക്‌സിക്യൂട്ടീവ്‌ അംഗം, കാസര്‍ഗോഡ്‌ സംയുക്‌ത ജമാഅത്ത്‌ ചെയര്‍മാന്‍, സുന്നി മഹല്ല്‌ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്‌, മദ്രസാ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌, ഖുര്‍ആന്‍ സ്‌റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ്‌, എം.ഇ.എസ്‌. ആജീവനാന്ത അംഗം, സി.എച്ച.്‌ മുഹമ്മദ്‌ കോയ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ്‌ എഡ്യുക്കേഷന്‍ ചെയര്‍മാന്‍, കാസര്‍ഗോഡ്‌ മുസ്ലും എഡ്യുക്കേഷന്‍ ട്രസ്‌റ്റ്‌ ട്രസ്‌റ്റി, ടി. ഉബൈദ്‌ മെമ്മോറിയല്‍ ഫോറം ജനറല്‍ സെക്രട്ടറി, ചെര്‍ക്കളം മുസ്ലിം ചാരിറ്റബിള്‍ സെന്റര്‍ ചെയര്‍മാന്‍, ചെര്‍ക്കളം മുഹ്യുദ്ദീന്‍ ജമാഅത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌, മഞ്ചേശ്വരം ഓര്‍ഫനേജ്‌ ചെയര്‍മാന്‍, മഞ്ചേശ്വരം ഗോവിന്ദ പൈ സ്‌മാരക കമ്മിറ്റിയംഗം, ഖായിദെ മില്ലത്ത്‌ എഡ്യുക്കേഷന്‍ ആന്‍ഡ്‌ ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിക്കുകയായിരുന്നു. കാസര്‍ഗോഡ്‌ ബി.ഇ.എം. സ്‌കൂളില്‍നിന്ന്‌ കന്നഡ മീഡിയത്തില്‍ പ്രാഥമികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്‌ മലയാളം, കന്നഡ, തുളു, ഉര്‍ദു, അറബി, ഇംഗ്ലീഷ്‌ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലാ അവിഭക്‌ത മുസ്ലിംലീഗ്‌ ജോയിന്റ്‌ സെക്രട്ടറിയായിരുന്ന ചെര്‍ക്കളം, കാസര്‍ഗോഡ്‌ ജില്ല രൂപീകരിച്ചപ്പോള്‍ മുസ്ലിംലീഗിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയായി.
2002 മുതല്‍ 2017 വരെ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡണ്ടായിരുന്നു. ഈവര്‍ഷമാണു പാര്‍ട്ടിയുടെ സംസ്‌ഥാന ഖജാന്‍ജിയായത്‌.ചെര്‍ക്കളത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്‌.അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ അനുശോചിച്ചു.

Ads by Google
Saturday 28 Jul 2018 02.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW