Thursday, June 20, 2019 Last Updated 47 Min 36 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Saturday 28 Jul 2018 02.36 AM

ലക്ഷ്‌മണോപദേശം രാമായണതത്വത്തിന്റെ പൂര്‍ണത

uploads/news/2018/07/236877/200718ramaynam.jpg

പാവനമായ പഞ്ചവടി ഭൂവില്‍ ഗോദാവരി തീരത്തു സീതാരാമലക്ഷ്‌മണന്‍മാര്‍ ബാധയൊന്നും കൂടാതെ സുഖമായി വിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം ലക്ഷ്‌മണന്‍ നല്ല സന്ദര്‍ഭം നോക്കി ഭഗവാന്റെ മുമ്പില്‍ ചെന്നു വണങ്ങി ഇപ്രകാരം ചോദിച്ചു. സംസാരത്തില്‍ മോക്ഷമാര്‍ഗത്തിനുളള ഉപദേശങ്ങള്‍ പലതാണ്‌. പലരും പലതും പറയുന്നു.

എന്നാല്‍ വാസ്‌തവത്തില്‍ സര്‍വ്വജ്‌ഞനായ അങ്ങയ്‌ക്കല്ലാതെ ആര്‍ക്കാണ്‌ മോക്ഷമാര്‍ഗത്തേ ഉപദേശിയ്‌ക്കാന്‍ അര്‍ഹത ഉള്ളത്‌. ഉള്ളതുപോലെ പറഞ്ഞു ധരിപ്പിക്കാന്‍ അങ്ങയ്‌ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല, അതിനാല്‍ സര്‍വ്വജ്‌ഞനായ ഭഗവാനേ എനിക്ക്‌ മോക്ഷമാര്‍ണ്മത്തേ പറഞ്ഞു തരാന്‍ കരുണ്യമുണ്ടാവണം.

എന്താണ്‌ ജീവന്റെ ബന്ധം? അതെങ്ങനെ സംഭവിച്ചു? ജ്‌ഞാനമെന്നും വിജ്‌ഞാനമെന്നും പറഞ്ഞാല്‍ എന്താണ്‌? മായയെന്നു പറഞ്ഞാല്‍ എന്താണ്‌? സൃഷ്‌ടാദി കര്‍മ്മങ്ങള്‍ എങ്ങനെയാണ്‌ നടക്കുന്നത്‌? സംസാരകുടുക്കില്‍ നിന്നും ഒരു ജീവന്‌ എങ്ങനെ രക്ഷപെടാം? ഇപ്രകാരമുളള ചോദ്യത്തേ കേട്ടു സന്തുഷ്‌ടനായ ശ്രീരാമന്‍ ലക്ഷ്‌മണനെ അഭിനന്ദിച്ചുകൊണ്ട്‌ മറുപടി പറയാന്‍ തുടങ്ങി.

പ്രിയപ്പെട്ട ലക്ഷ്‌മണാ!നിന്റെ ചോദ്യങ്ങളെ പുരസ്‌കരിച്ചു നിഗൂഢമായ വൈദികതത്ത്വത്തേ പറഞ്ഞുതരാം. ആദ്യം തന്നെ മായയുടെ സ്വരൂപത്തെ പറയാം. പരമാര്‍ത്ഥത്തില്‍ താനല്ലാത്ത ശരീരാദ്യൂപാധികളില്‍ താനാണെന്ന തെറ്റായ അറിവുതന്നെ മായ. മായയ്‌ക്കു രണ്ടു രൂപമുണ്ട്‌. അതിനു വിക്ഷേപമെന്നും, ആവരണമെന്നും പറയും, വിക്ഷേപശക്‌തിയാണ്‌ മൂന്നുകാലത്തും ഇല്ലാത്ത നാമരൂപാത്മകമായ ഈ ജഗത്തിനെ മുഴുവന്‍ സൃഷ്‌ടിക്കുന്നത്‌.

ആവരണ ശക്‌തി സത്യമായ പരമാത്മ സ്വരൂപത്തേ സര്‍വ്വത്ര ആവരണം ചെയ്‌ത്‌ അറിയാന്‍ കഴിയാതാക്കുകയും ചെയ്യുന്നു. സ്വപ്‌നത്തിലും മനോരാജ്യത്തിലും കാണപ്പെടുന്ന പദാര്‍ത്ഥങ്ങള്‍ എപ്രകാരം മൂന്നു കാലത്തും ഇല്ലാത്തവയാണോ അതുപോലെ ദൃഷ്‌ടമായ ഈ ജഗത്തും മൂന്നു കാലത്തും ഇല്ലാത്തതുതന്നെ. ഹേ ലക്ഷ്‌മണ നിന്റെ ചോദ്യത്തിനനുസരിച്ച്‌ മോക്ഷമാര്‍ണ്മത്തേ വേണ്ടപോലെ നിരൂപിച്ചു ശാസ്‌ത്രീയ നിയമം ഈ നിലയ്‌ക്കാണ്‌.

എന്നിരുന്നാലും നിഷ്‌കളങ്കമായ ഭക്‌തിയോടുകൂടി ഭഗവാനെ സര്‍വ്വാത്മനാ ശരണം പ്രാപിക്കാതിരിക്കും കാലത്തോളം പറയപ്പെട്ടതൊന്നും പ്രായോഗികമാവാനും പോകുന്നില്ല. അതിനാല്‍ ആദ്യമായി ഒരാള്‍ നിഷ്‌കളങ്കമായ ഭക്‌തിയെ സമ്പാദിച്ചു സര്‍വ്വാത്മനാ ഭഗവാനെ ശരണം പ്രാപിക്കുകയാണ്‌ വേണ്ടത്‌.

ജപം, കീര്‍ത്തനം, പൂജ, വ്രതാനുഷ്‌ഠാനം, തീര്‍ത്ഥാടനം, ഭക്‌തന്മാരോടുകൂടി സഹവസിക്കല്‍ എന്നി ചര്യകളെകൊണ്ട്‌ കാലം കൊണ്ടോരാള്‍ക്ക്‌ ഭക്‌തിയുണ്ടാകാം. ഭക്‌തി ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും വേണ്ടതില്ല. ഭക്‌തികൊണ്ട്‌ മറ്റെല്ലാം തന്നെയുണ്ടാകും. സജ്‌ജനങ്ങളുടെ നിത്യസമ്പര്‍ക്കംകൊണ്ട്‌ ഇതെല്ലാം അറിയാനും ഉണ്ടാവാനും ഇടവരും.

ഇങ്ങനെ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ അമൂല്യമായ വേദാന്ത പ്രകരണത്തേ ഉപസംഹരിച്ചു. ഈ ഭാഗം രാമായണ വേദാന്തത്തിലെ കാതലായ ഭാഗമാണ്‌. ലോകോത്തരമായ രാമായണ കാവ്യത്തിന്‌ മഹനീയത പകര്‍ന്നു നല്‌കിയതില്‍ ലക്ഷ്‌മണോപദേശത്തിന്‌ വളരെ പ്രസക്‌തി ഉണ്ട്‌. ഇത്‌ പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താവുന്നതാണ്‌.

**** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW