Monday, December 10, 2018 Last Updated 22 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.23 AM

സന്നാഹം സമനിലയില്‍

uploads/news/2018/07/236857/s2.jpg

ചെംസ്‌ഫോഡ്‌: ഇന്ത്യ-എസക്‌സ് ത്രിദിന സന്നാഹ ക്രിക്കറ്റ്‌ മത്സരം സമനിലയില്‍. മത്സരം അവസാനിപ്പിക്കാന്‍ ഇരു ക്യാപ്‌റ്റന്‍മാരും സമ്മതിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഏകദിനശൈലിയില്‍ ബാറ്റ്‌ വീശി ഇന്ത്യ 21.2 ഓവറില്‍ രണ്ടു വിക്കറ്റിന്‌ 89 റണ്ണെന്ന നിലയിലായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ കെ.എല്‍. രാഹുല്‍ 64 പന്തില്‍ ഏഴുഫോറടക്കം 36 റണ്ണുമായും രഹാനെ 27 പന്തില്‍ 19 റണ്ണുമായും പുറത്താകാതെ നിന്നു.
ഓപ്പണര്‍ ശിഖര്‍ ധവാന്‍ രണ്ടിന്നിങ്‌സിലും പൂജ്യത്തിനു പുറത്തായതും കൗണ്ടി ടീമിനെ ആദ്യ ഇന്നിങ്‌സില്‍ ഓള്‍ ഔട്ടാക്കാന്‍ കഴിയാതിരുന്നതും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലിക്ക്‌ തലവേദനയായി. സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ: 395, രണ്ടിന്‌ 89. എസക്‌സ്: എട്ടിന്‌ 359 ഡിക്ല. അടുത്തമാസം ഒന്നുമുതല്‍ അഞ്ചുവരെ ബര്‍മിങ്ങാമിലാണ്‌ ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്‌റ്റ് പരമ്പരയിലെ ആദ്യമത്സരം.
നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 395 നു മറുപടി പറഞ്ഞ എസക്‌സ് അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഒടുവില്‍ എട്ടുവിക്കറ്റിന്‌ 359 റണ്ണെന്ന സ്‌കോറില്‍ ഇന്ത്യന്‍ ബൗളിങ്‌ നിരയുടെ പരിമിതികള്‍ തുറന്നുകാട്ടി ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തു. മുന്‍നിരക്കാരുള്‍പ്പെടെ എട്ടു ബൗളര്‍മാര്‍ പന്തെറിഞ്ഞിട്ടും എസക്‌സ് ബാറ്റിങ്‌ നിര കീഴടങ്ങിയില്ല. നാലു വിക്കറ്റെടുത്ത ഉമേഷ്‌ യാദവും മൂന്നു വിക്കറ്റെടുത്ത ഇഷാന്ത്‌ ശര്‍മയും ഒരു വിക്കറ്റെടുത്ത ശാര്‍ദൂല്‍ ഠാക്കൂറുമാണ്‌ ഇന്ത്യക്കായി തിളങ്ങിയത്‌.
ഇന്നലെ അഞ്ചുവിക്കറ്റിന്‌ 237 റണ്ണെന്ന നിലയിലാണ്‌ എസക്‌സ് ആദ്യ ഇന്നിങ്‌സ് പുനഃരാരംഭിച്ചത്‌. 23 റണ്ണുമായി ജയിംസ്‌ ഫോസ്‌റ്ററും 22 റണ്ണുമായി പോള്‍ വാള്‍ട്ടറുമായിരുന്നു ക്രീസില്‍. ടീം സ്‌കോര്‍ 186-ലാണ്‌ ഇരുവരും ഒത്തുചേര്‍ന്നത്‌. ഇന്ത്യന്‍ ബൗളര്‍മാരെ കരുതലോടെ നേരിട്ട ഇരുവരുടെയും പ്രകടനം 277-ല്‍ എത്തിയപ്പോള്‍ ഇന്ത്യക്കു പ്രതീക്ഷയേകി ആറാം വിക്കറ്റ്‌ വീണു. ജെയിംസ്‌ ഫോസ്‌റ്ററിന്റെ കുറ്റി പിഴുത്‌ ഉമേഷ്‌ യാദവാണ്‌ ഇന്നലത്തെ ആദ്യ ബ്രേക്‌ത്രൂ സമ്മാനിച്ചത്‌. പുറത്താകും മുമ്പ്‌ 78 പന്തില്‍ 42 റണ്ണെടുക്കാന്‍ ഫോസ്‌റ്ററിനായി. ടീം സ്‌കോറില്‍ ആറു റണ്‍കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ യാദവ്‌ വീണ്ടും ആതിഥേയര്‍ക്ക്‌ അന്തകനായി.
ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ എസക്‌സ് മറികടക്കുമെന്നു തോന്നിച്ച ഘട്ടത്തില്‍ വാള്‍ട്ടര്‍ പുറത്തായി. 123 പന്തില്‍ 75 റണ്ണെടുത്ത വാള്‍ട്ടര്‍, ഇഷാന്ത്‌ ശര്‍മയുടെ മൂന്നാമത്തെ ഇരയായി മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ എട്ടുവിക്കറ്റിന്‌ 336 റണ്ണിലെത്തിയിരുന്നു. 13 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വാള്‍ട്ടറിന്റെ ഇന്നിങ്‌സ്.
വാലറ്റത്തെ പുറത്താക്കാന്‍ സകല അടവും പുറത്തെടുത്തെങ്കിലും നിജ്‌ജാറും ഫിറോസ്‌ ഖുഷിയും ചെറുത്തുനിന്നു. ഒടുവില്‍ എട്ടുവിക്കറ്റിന്‌ 359 റണ്ണെന്ന നിലയില്‍ എസക്‌സ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തു. 94 ഓവറില്‍ 3.81 റണ്‍നിരക്കിലാണ്‌ എസക്‌സ് 359 റണ്‍ കുറിച്ചത്‌.
ശേഷിച്ച ഓവറുകള്‍ ബാറ്റിങ്‌ പരിശീലനത്തിനു വിനിയോഗിക്കാന്‍ ലക്ഷ്യമിട്ട ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഇന്നിങ്‌സിനെ അനുസ്‌മരിപ്പിച്ച്‌ ശിഖര്‍ ധവാന്‍ സംപൂജ്യനായി കൂടാരം കയറി. ആദ്യ ഇന്നിങ്‌സില്‍ ഒരു പന്തിന്റെ ആയുസായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ക്കെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്നു പന്തു നേരിട്ടായിരുന്നു ധവാന്റെ മടക്കം.

Ads by Google
Saturday 28 Jul 2018 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW