Sunday, December 16, 2018 Last Updated 18 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.23 AM

ഗിറോണ എഫ്‌.സിക്കു തകര്‍പ്പന്‍ ജയം

uploads/news/2018/07/236856/s1.jpg

കൊച്ചി : നെഞ്ചിടിപ്പോടെയല്ലാതെ സ്വന്തം കോട്ടയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‌ ഇന്ന്‌ ഇറങ്ങാനാകില്ല; അത്ര ശക്‌തമായ മുന്നറിയിപ്പാണ്‌ മെല്‍ബണ്‍ സിറ്റി എഫ്‌.സിയെ പഞ്ഞിക്കിട്ട്‌ സ്‌പാനിഷ്‌ ക്ലബ്‌ ഗിറോണ എഫ്‌.സി. ഇന്നലെ നല്‍കിയത്‌.
ലാ ലിഗ വേള്‍ഡ്‌ പ്രീ സീസണ്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്കാണ്‌ ഗിറോണ മെല്‍ബണിനെ തുരത്തിയത്‌. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കു തോല്‍പിച്ച ടീമാണ്‌ മെല്‍ബണ്‍ സിറ്റി എഫ്‌.സി. മഞ്ഞപ്പടയുടെ ചങ്കിടിപ്പേറാന്‍ വേറേ കാരണമെന്തിന്‌.
ഇന്നലെ നടന്ന മത്സരത്തില്‍ മെല്‍ബണ്‍ സിറ്റിയെ തീര്‍ത്തും നിഷ്‌പ്രഭമാക്കുന്ന പ്രകടനമായിരുന്നു ഗിറോണയുടേത്‌. 10-ാം മിനിറ്റില്‍ തന്നെ ഗോള്‍വേട്ട തുടങ്ങിയ അവര്‍ ആദ്യ പകുതിയില്‍ത്തന്നെ 3-0 ലീഡ്‌ നേടിയിരുന്നു.
മത്സരത്തിന്റെ ആദ്യ അഞ്ചു മിനിറ്റുകള്‍ എതിരാളിയെ അളന്ന അവര്‍ ആറാം മിനിറ്റിലാണ്‌ ആദ്യ ആക്രമണം നടത്തിയത്‌. എന്നാല്‍ മെല്‍ബണ്‍ പ്രതിരോധം കോര്‍ണര്‍ വഴങ്ങി അപായം ഒഴിവാക്കി.
പക്ഷേ ഓസീസിന്റെ ആശ്വാസം അധികം നീണ്ടില്ല. പത്താം മിനിറ്റില്‍ സ്‌പാനിഷ്‌ പട ആദ്യ വെടി പൊട്ടിച്ചു. പിയര്‍ പോണ്‍സ്‌ നടത്തിയ ഉജ്വല നീക്കമാണ്‌ ഗോളില്‍ കലാശിച്ചത്‌.
മധ്യത്തില്‍ നിന്നു ലഭിച്ച പന്തുമായി ഓടിക്കയറിയ പോണ്‍സ്‌ നല്‍കിയ പാസ്‌ ദുഷ്‌കരമായ ആംഗിളില്‍ നിന്ന്‌ ക്രിസ്‌റ്റ്യന്‍ പോര്‍ട്ടു ഗോളാക്കി മാറ്റുകയായിരുന്നു.തുടക്കത്തിലേ ലഭിച്ച തിരിച്ചടിയില്‍ ഉണര്‍ന്ന മെല്‍ബണ്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ റിലെ മക്‌ഗ്രീനിലൂടെ തിരിച്ചടിക്ക്‌ ശ്രമിച്ചെങ്കിലും ഗിറോണ പ്രതിരോധം കുലുങ്ങിയില്ല.17-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ പോര്‍ട്ടു ഗിറോണയുടെ ലീഡ്‌ ഉയര്‍ത്തി. കഴിഞ്ഞ ലാലിഗ സീസണില്‍ റയാല്‍ മാഡ്രിഡിനും അത്‌ലറ്റിക്കോ മാഡ്രിഡിനുമെതിരേ ഗിറോണയ്‌ക്കായി സ്‌കോര്‍ ചെയ്‌ത താരമാണ്‌ പോര്‍ട്ടു.
24-ാം മിനിറ്റിലായിരുന്നു മൂന്നാം ഗോള്‍. സ്വന്തം ഹാഫില്‍ നിന്നു നീട്ടിയ കിട്ടിയ ക്രോസ്‌ ടൈറ്റ്‌ ആംഗിളില്‍ നിന്ന്‌ ആന്റണി റൂബന്‍ ലൊസാനൊയാണ്‌ വലയിലെത്തിച്ചത്‌.
മൂന്നു ഗോളുകള്‍ക്കു മുന്നിലെത്തിയിട്ടും ആക്രമണം തുടര്‍ന്ന ഗിറോണ ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നില അഞ്ചാക്കിയേനെ. എന്നാല്‍ ഫിനിഷിങ്ങിലെ പാളിച്ചകളും മെല്‍ബണ്‍ ഗോള്‍കീപ്പര്‍ ഡീന്‍ ബൗ സാനീസിന്റെ മനസാന്നിദ്ധ്യവും തിരിച്ചടിയായി.രണ്ടാം പകുതിയിലും സ്‌ഥിതി വിഭിന്നമായിരുന്നില്ല. ഗിറോണ താരങ്ങള്‍ കളം നിറഞ്ഞു കളിച്ചപ്പോള്‍ കാഴ്‌ചക്കാരായി ഒപ്പം ഓടാനേ മെല്‍ബണ്‍ താരങ്ങള്‍ക്കായുള്ളൂ. ഇടവേള കഴിഞ്ഞ്‌ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ഗിറോണ ലീഡ്‌ ഉയര്‍ത്തി. ബോക്‌സിലേക്കു താഴ്‌ന്നിറങ്ങിയ കോര്‍ണര്‍ കിക്കില്‍ തലവച്ച യുവാന്‍ പെഡ്രോ റോഡ്രിഗസായിരുന്നു സ്‌കോറര്‍.
ഇതോടെ തകര്‍ന്ന മെല്‍ബണ്‍ സിറ്റി പ്രതിരോധനിരയുടെ വിവശത മുതലെടുത്ത്‌ 81-ാം മിനിറ്റില്‍ യൊവാന്‍ അന്‍സുവാന ലീഡ്‌ അഞ്ചാക്കി. ഒടുവില്‍ ഇന്‍ജുറി ടൈമില്‍ അന്‍സു വാനയുടെ മികച്ച ക്രോസില്‍ പിന്‍ പോയിന്റ്‌ ഹെഡറിലൂടെ പെഡ്രോ പോറോ പട്ടിക തികച്ചു. ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരത്തില്‍ ഗിറോണ ഇന്ന്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. ആദ്യ മത്സരത്തില്‍ കനത്ത തോല്‍വി നേരിട്ട മഞ്ഞപ്പടയ്‌ക്ക് ഇന്ന്‌ അഭിമാനപ്പോരാട്ടമാണ്‌. പക്ഷേ ഗിറോണയുടെ ഇന്നലത്തെ പ്രകടനം
കണക്കിലെടുത്താല്‍ ബ്ലാസ്‌ റ്റേഴ്‌സിനെ കല്ലും മുള്ളും നിറഞ്ഞ ഗ്രൗണ്ടാകും ഇന്നു സ്വന്തം തട്ടകത്തില്‍ കാത്തിരിക്കുക.

ശ്യാം ശശീന്ദ്രന്‍

Ads by Google
Saturday 28 Jul 2018 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW