Sunday, December 16, 2018 Last Updated 17 Min 11 Sec ago English Edition
Todays E paper
Ads by Google
എ.എസ്‌. അജയ്‌ദേവ്‌
Saturday 28 Jul 2018 02.18 AM

സുജിത്തിന്‌ പൈലറ്റാകാന്‍ മോഹം: താഴെനിന്നാല്‍ മതിയെന്ന്‌ ഉദ്യോഗസ്‌ഥ പ്രഭുക്കള്‍, പിന്നാക്ക വിഭാഗക്കാരനായതുകൊണ്ടാണ്‌ നീതി കാട്ടാത്തതെന്ന് എം.എല്‍.എ. ,ഫയല്‍ പൂഴ്ത്തിവച്ചത് 20​മാസം

uploads/news/2018/07/236850/Sujith.jpg

തിരുവനന്തപുരം : പൈലറ്റ്‌പഠനം പൂര്‍ത്തിയാക്കാന്‍ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിച്ച പട്ടികജാതി വിദ്യാര്‍ഥിയോട്‌ തറയില്‍ നിന്നാല്‍ മതിയെന്ന്‌ കല്‍പ്പിച്ച്‌ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്‌ഥ പ്രഭുക്കള്‍. വിമാനം പറത്തണമെന്ന വൈക്കം വെച്ചൂര്‍ ഇടയാഴത്ത്‌ സുജിത്തിന്റെ മോഹങ്ങളുടെ ചിറകുവെട്ടുന്ന ധാര്‍ഷ്‌ട്യമാണ്‌ ഉദ്യോഗസ്‌ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്‌. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക്‌ ഉന്നത പഠനത്തിനായുള്ള കേന്ദ്രഫണ്ട്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ സുജിത്ത്‌ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങിയത്‌ പതിനാറുതവണ.

2016 നവംബറിലാണ്‌ ഭുവനേശ്വറിലെ സര്‍ക്കാര്‍ ഏവിയേഷന്‍ ട്രെയിനിങ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ കോമേഴ്‌സ്യല്‍ പൈലറ്റ്‌ കോഴ്‌സ്‌ പഠിക്കാന്‍ അവസരം ലഭിക്കുന്നത്‌. ഡിസംബറില്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ എസ്‌.സി,എസ്‌.ടി. ഡയറക്‌ടറേറ്റില്‍ നല്‍കി. പിന്നീടിതുവരെ സ്‌കോളര്‍ഷിപ്പ്‌ തുകയായ 33 ലക്ഷംരൂപ അനുവദിച്ചുകിട്ടാന്‍ ഇരുപതു മാസമായി സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങുന്ന സുജിത്തിനെ ഓരോതവണയും പുതിയ കാരണങ്ങള്‍ പറഞ്ഞ്‌ ഒഴിവാക്കുകയാണ്‌ പതിവ്‌.

നിലവില്‍ ഈഫയല്‍ (ഫയല്‍ നമ്പര്‍ 732070) ഫിനാന്‍സ്‌ എക്‌പെന്റി്‌ച്ചര്‍ സെക്രട്ടറിയുടെ മേശപ്പുറത്താണെന്നാണ്‌ വിവരം. വകുപ്പുമന്ത്രി എ.കെ. ബാലന്‍ ഇടപെട്ടിട്ടും ഫയല്‍നീക്കാന്‍ ഉദ്യോഗസ്‌ഥര്‍ തയ്യാറാകുന്നില്ലെന്നും പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥി ആയതുകൊണ്ടാണ്‌ സുജിത്തിനോട്‌ ഉദ്യോഗസ്‌ഥര്‍ നീതി കാട്ടാത്തതെന്നും വൈക്കം എം.എല്‍.എ. സി.കെ. ആശ മംഗളത്തോടു പറഞ്ഞു.

കോഴ്‌സിന്‌ ചേരുമ്പോള്‍ 1.60 ലക്ഷം രൂപ ഫീസും പരിശീലനം ആരംഭിക്കുമ്പോള്‍ മൂന്നുഗഡുവായി 33 ലക്ഷംരൂപയും അടയ്‌ക്കണമെന്നാണ്‌ വ്യവസ്‌ഥ. ഉള്‍നാടനന്‍ മത്സ്യത്തൊഴിലാളിയായ സുജിത്തിന്റെ അച്‌ഛന്‍, മൂന്നുസെന്റ്‌ കിടപ്പാടം സഹകരണബാങ്കില്‍ ഈടുവച്ചാണ്‌ 1.60 ലക്ഷംരൂപ നല്‍കിയത്‌.

മൂന്നുമാസത്തെ ക്ലാസും പരീക്ഷകളും പാസായ സുജിത്തിന്‌ പരിശീലനം പൂര്‍ത്തിയാക്കിയാലേ അംഗീകൃത സര്‍ട്ടിഫിക്കറ്റോടെ ജോലിനേടാനാകൂ. സുജിത്തിനൊപ്പം ചേര്‍ന്ന കൊല്ലംസ്വദേശി സ്‌കോളര്‍ഷിപ്പ്‌ ലഭിക്കാത്തതു മൂലം പഠനം ഉപേക്ഷിച്ചു. അഞ്ചു വര്‍ഷത്തിനള്ളില്‍ കോഴ്‌സ്‌ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാകും. എന്നാല്‍, പ്രതീക്ഷ കൈവിടാതെ ആഗ്രഹം സഫലമാക്കാനായി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്‌ഥരുടെ കനിവുകാത്തിരിക്കുകയാണ്‌ സുജിത്ത്‌.

തിരുവനന്തപുരത്തുള്ള രാജീവ്‌ഗാന്ധി അക്കാഡമി ഫോര്‍ ഏവിയേഷന്‍ പൂട്ടിയിട്ട്‌ രണ്ടുവര്‍ഷം കഴിഞ്ഞു. സ്‌കോളര്‍ഷിപ്പ്‌ തുക കിട്ടിയില്ലെങ്കില്‍ മകന്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണ്‌ അമ്മയും, അനുജനുമടങ്ങുന്ന സുജിത്തിന്റെ കുടുംബം.

Ads by Google
എ.എസ്‌. അജയ്‌ദേവ്‌
Saturday 28 Jul 2018 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW