Wednesday, March 20, 2019 Last Updated 8 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.18 AM

ഇടുക്കി ഡാം തുറന്നാല്‍... സര്‍വെ ഇന്നു തുടങ്ങും

uploads/news/2018/07/236846/k1.jpg

തിരുവനന്തപുരം/കുമളി, ആലപ്പുഴ: ഇടുക്കി അണക്കെട്ട്‌ അതിവേഗം നിറയുന്നു. വെള്ളം തുറന്നുവിട്ടാല്‍ എത്രപേരെ ബാധിക്കുമെന്നും സുഗമമായ ഒഴുക്കിനു തടസങ്ങള്‍ എന്തൊക്കെയെന്നും അറിയാന്‍ അടിയന്തര സര്‍വേ ഇന്നു തുടങ്ങും.
വൈദ്യുതിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നതിലധികം വെള്ളം ഒഴുകിയെത്തുന്നു. 11 അടി കൂടി ഉയര്‍ന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരും. ഈ സാഹചര്യത്തിലാണു സര്‍വേ നടത്താന്‍ ഉന്നത ഉദ്യോഗസ്‌ഥരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ തീരുമാനിച്ചത്‌.
തുറന്നുവിടുന്ന വെള്ളം പെരിയാര്‍ വഴി പനംകുട്ടി, നേര്യമംഗലം, ഭൂതത്താന്‍കെട്ട്‌, കാലടി, ആലുവ പ്രദേശങ്ങളിലൂടെ ഒഴുകി മുനമ്പം കായലിലാണ്‌ എത്തുക. ഇതിന്‌ ഇരുവശത്തുമുള്ള നൂറു മീറ്ററില്‍ നാലായിരത്തിനും അയ്യായിരത്തിനുമിടയില്‍ കെട്ടിടങ്ങളുണ്ടെന്ന്‌ ദുരന്തനിവാരണ അതോറിറ്റി നേരത്തേ കണക്കെടുത്തിരുന്നു. ഇടുക്കി, എറണാകുളം ജില്ലകളുടെ അതിസൂക്ഷ്‌മ ഉപഗ്രഹചിത്രങ്ങളാണു കണക്കിന്‌ അടിസ്‌ഥാനം. ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരുടെ എണ്ണമടക്കമുള്ള വിവരങ്ങള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ ശേഖരിക്കും. റവന്യു, ജലവിഭവ വകുപ്പുകളും കെ.എസ്‌.ഇ.ബിയും ചേര്‍ന്നാണു സര്‍വേ നടത്തുക.
ഇടുക്കി അണക്കെട്ടില്‍ 2392 അടിയാണ്‌ ഇന്നലത്തെ ജലനിരപ്പ്‌. പരമാവധി 2403 അടി സംഭരണശേഷിയുള്ള അണക്കെട്ടിന്റെ 87.34 ശതമാനമാണ്‌ ഇത്‌. ഈ സീസണില്‍ ഇടുക്കിയില്‍ 192.3 സെ.മീ. മഴയാണു പെയ്‌തത്‌. ദീര്‍ഘകാല ശരാശരിയുടെ ഒന്നര ഇരട്ടി! ഇടുക്കി റിസര്‍വോയറിലെ വെള്ളം ഒഴുക്കിവിടേണ്ട സാഹചര്യം 1992-നു ശേഷം ആദ്യമായാണ്‌. ഈ നില തുടര്‍ന്നാല്‍ ഏഴു ദിവസം കൊണ്ട്‌ അണക്കെട്ട്‌ നിറയും.
ജലനിരപ്പ്‌ 2390 അടിയായപ്പോള്‍ ആദ്യ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 2395 അടിയും 2399 അടിയുമെത്തുമ്പോഴും മുന്നറിയിപ്പുകള്‍ നല്‍കും. 2400 അടിയിലെത്തുമ്പോള്‍ തുറന്നുവിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ ഇടുക്കി അണക്കെട്ടിലെത്തിയ മന്ത്രി എം.എം. മണി പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ 136 അടി കടന്നു. ഇന്നലെ മുല്ലപ്പെരിയാറില്‍ 6.2 മി.മീ, തേക്കടിയില്‍ 4.2 മി.മീ. മഴ പെയ്‌തു. സെക്കന്‍ഡില്‍ 3182 ഘനയടി വെള്ളം ഒഴുകിയെത്തുന്നു. പെന്‍സ്‌റ്റോക്ക്‌ പൈപ്പിലൂടെയും ഇറൈച്ചില്‍പ്പാലം കനാലിലൂടെയും തമിഴ്‌നാട്‌ കൊണ്ടുപോകുന്നത്‌ സെക്കന്‍ഡില്‍ 2200 ഘനയടി. പുറംചുമരിലെ ചോര്‍ച്ച ദൃശ്യമായിത്തുടങ്ങിയതോടെ താഴ്‌വാരത്തു ഭീതി കനക്കുകയാണ്‌.
2015-ല്‍ നേതാക്കന്മാരും സംഘടനകളുമൊക്കെച്ചേര്‍ന്നുണ്ടാക്കിയ കോലാഹലം ഇന്നില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ചുള്ള ആശങ്കകള്‍ മുഖ്യമന്ത്രി തമിഴ്‌നാട്‌ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും.
നേരത്തേ ജലനിരപ്പ്‌ 136 അടിയിലെത്തുന്നതിനു മുമ്പേ തീരവാസികള്‍ക്കു മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. 142 അടി വരെ സംഭരിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിനാല്‍ 140 അടിയെത്തുമ്പോഴേ ഇനി മുന്നറിയിപ്പുണ്ടാകൂ. മുന്നറിയിപ്പ്‌ നല്‍കാനായി മഞ്ചുമല, ഉപ്പുതറ വില്ലേജ്‌ ഓഫീസുകളിലും വള്ളക്കടവ്‌ വഞ്ചിവയല്‍ സ്‌കൂളിലും സ്‌ഥാപിച്ചിരുന്ന ഉച്ചഭാഷിണികള്‍ ഇപ്പോഴില്ല. മഞ്ചുമലയിലെ സംവിധാനം രണ്ടു വര്‍ഷം മുമ്പ്‌ മോഷ്‌ടാക്കള്‍ കൊണ്ടുപോയി. വള്ളക്കടവിലേത്‌ അധികൃതര്‍ തിരിച്ചെടുത്തു. ഉപ്പുതറയിലേതു പ്രവര്‍ത്തനരഹിതം.മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നു വെള്ളം ആദ്യമെത്തുന്ന വള്ളക്കടവ്‌, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്‌ എന്നിവിടങ്ങളിലെ ആയിരക്കണക്കിനു കുടുംബങ്ങളാണ്‌ ഭീതിയില്‍ ജീവിക്കുന്നത്‌.
ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ അണക്കെട്ടുകള്‍ നിറയുന്നതറിയുമ്പോള്‍ പ്രളയദുരിതത്തില്‍നിന്നു കരകയറിയിട്ടില്ലാത്ത കുട്ടനാടിനും ആലപ്പുഴയ്‌ക്കും ചങ്കിടിപ്പ്‌ കൂടുന്നു. രണ്ടുലക്ഷത്തോളം പേര്‍ ഇപ്പോഴും ദുരിതമധ്യത്തിലാണ്‌. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ മൂന്നടിയോളം വെള്ളമുള്ള നെടുമുടി-മങ്കൊമ്പ്‌ ഭാഗത്തു ട്രാക്‌ടറുകളാണ്‌ യാത്രയ്‌ക്ക്‌ ആശ്രയം.
പമ്പ, കള്ളാര്‍, ഗവി, മീനാര്‍ ഡാമുകള്‍ തുറന്നേക്കുമെന്ന ജാഗ്രതാ നിര്‍ദേശം വന്നതോടെ ആശങ്ക ഇരട്ടിയായി. ഇനിയൊരു വെള്ളപ്പൊക്കം കൂടി താങ്ങാന്‍ ആലപ്പുഴയ്‌ക്കു ത്രാണിയില്ല.

Ads by Google
Saturday 28 Jul 2018 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW