Thursday, July 18, 2019 Last Updated 7 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 04.24 PM

പെണ്‍ പൈലറ്റ്

''ദുബായ് മെട്രോയിലെ ലോക്കോ പൈലറ്റായി ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിലെ മലയാളി പെണ്‍കുട്ടി... അമിത... അമിതയുടെ ദുബായ് മെട്രോ വിശേഷങ്ങളിലൂടെ ഒരു സവാരി നടത്താം...''
uploads/news/2018/07/236676/Amithaloclpiolit270718.jpg

ഒരു മെട്രോ ട്രെയിന്‍യാത്രയുടെ സുഖമനുഭവിച്ചുകൊണ്ട് അമിതയുടെ സ്വപ്നങ്ങള്‍ സഞ്ചരിച്ച പാളങ്ങളിലൂടെ നമുക്ക് ഒരു സവാരി നടത്താം...

കരമനയില്‍ നിന്ന് ഡല്‍ഹിക്ക്


തിരുവനന്തപുരം കരമന സ്വദേശിനിയായ അമിതയ്ക്ക് ഐ.എ.എസുകാരിയാകണമെന്നായിരുന്നു ആദ്യ മോഹം. പ്ലസ് ടു വരെ മികച്ച വിജയം നേടിയ അമിതയെയും അമ്മയേയും ഉപേക്ഷിച്ച് അച്ഛന്‍ പോയതോടെ തന്റെ സ്വപ്നങ്ങള്‍ പാതിയില്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ഭയപ്പെട്ട നിമിഷങ്ങള്‍.

അച്ഛന്റെ തണലില്‍ കഴിഞ്ഞ കുടുംബത്തിന്റെ ആശ്രയമകന്നതോടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥ. പ്രതിസന്ധികള്‍ ഒന്നൊന്നായി വെല്ലുവിളിച്ചപ്പോഴും അമിത പഠനം ഉപേക്ഷിച്ചില്ല.

നിറഞ്ഞ കണ്ണുകളെ അവള്‍ പുസ്തക താളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു. പ്ലസ് ടുവിന് ശേഷം ബി.കോം പൂര്‍ത്തിയാക്കിയ അമിതയ്ക്ക് അമ്മയെ സഹായിക്കാന്‍ വരുമാനം അത്യാവശ്യമായിരുന്നു. അങ്ങനെ ഏഴ് വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ ഒരു താല്ക്കാലിക ജോലിയില്‍ പ്രവേശിച്ചു.

എറണാകുളത്തേക്ക്...


പഠനവഴിയിലെപ്പോഴോ ഒരു സര്‍ക്കാര്‍ ജോലി, പ്രധാനമായും റയില്‍വേ ജോലി എന്ന സ്വപ്നത്തിലേക്ക് അമിതയുടെ മനസ് പാളം മാറിയിരുന്നു. തന്റെ കാര്യങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി സമ്പാദിച്ചു തുടങ്ങിയപ്പോള്‍ റയില്‍വേ സ്വപ്നങ്ങളെ മനസിനുള്ളില്‍ തന്നെ അവര്‍ പിടിച്ചിട്ടു.

പ്രതിസന്ധികള്‍ മാറി സ്വപ്നങ്ങള്‍ക്ക് ഗ്രീന്‍ സിഗ്‌നല്‍ ലഭിക്കുന്ന സമയത്തിനായി അമിത കാത്തിരുന്നു. ഇതിനിടയിലാണ് ദുബായ് മെട്രോയിലേക്ക് ജോലി ഒഴിവുകള്‍ എന്ന പരസ്യത്തെ കുറിച്ച് കൂട്ടുകാരി പറഞ്ഞറിയുന്നത്. സ്വന്തം നാടായ തിരുവനന്തപുരത്ത് അപ്പോഴേക്കും ഇന്റര്‍വ്യൂ പൂര്‍ത്തിയായിരുന്നു.

അങ്ങനെ എറണാകുളത്ത് നടന്ന ഇന്റര്‍വ്യൂവില്‍ അമിത പങ്കെടുത്തു. കേരളത്തില്‍ നിന്ന് രണ്ട് പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. അതിലൊരാള്‍ അമിതയായിരുന്നു. റെയില്‍വേ സ്വപ്നങ്ങളെ ഹൃദയത്തില്‍ സൂക്ഷിച്ച അമിതയ്ക്ക് അതിലും വലിയ സന്തോഷമായിരുന്നു ദുബായ് മെട്രോ കാത്തുവച്ചത്.
[IMG]

ദുബായിലേക്ക്...


ദുബായ് മെട്രോയില്‍ ലോക്കോ പൈലറ്റായി ജോലി ലഭിച്ചു എന്നല്ലാതെ തന്റെ ജോലിയെക്കുറിച്ചോ, അന്യനാടിനെക്കുറിച്ചോ അമിതയ്ക്ക് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. മകളെ മറ്റൊരു നാട്ടിലേക്ക് ഒറ്റയ്ക്ക് അയക്കാന്‍ അമ്മയ്ക്കും ഭയമായിരുന്നു. പക്ഷേ വൈകിയെത്തിയ നേട്ടത്തിനു റെഡ് സിഗ്‌നല്‍ കാണിക്കാന്‍ അമിതയുടെ മനസനുവദിച്ചില്ല. രണ്ടും കല്‍പ്പിച്ച് ദുബായിലേക്ക് ഫ്‌ളൈറ്റ് കയറി.

ദുബായ് മെട്രോയിലേക്ക് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളായി അമിത. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ദിവസങ്ങള്‍ക്കുള്ളിലും മറ്റൊരാള്‍ രണ്ട് വര്‍ഷത്തിന് ശേഷം ജോലി ഉപേക്ഷിച്ച് മടങ്ങി. പക്ഷേ സകല ഉത്തരവാദിത്തങ്ങളേയും ചങ്കുറപ്പോടെ നേരിട്ട് ഏഴ് വര്‍ഷമായി മെട്രോയുടെ സാരഥിയായി അമിത ദുബായില്‍ തന്നെ തുടരുന്നു.

ജബെല്‍അലിയിലേക്ക്...


ദുബായ് മെട്രോ സര്‍വ്വീസ് നടത്തുന്നത് റഷീദിയ മുതല്‍ ജബെല്‍അലി വരെയുള്ള റെഡ് ലൈനിലും, എത്തിസലാത്ത് മുതല്‍ ക്രീക്ക് വരെയുള്ള ഗ്രീന്‍ ലൈനിലുമാണ്. ഇതിനിടെ എന്ത് പ്രശ്‌നങ്ങള്‍ സംഭവിച്ചാലും അത് നേരിടേണ്ടത് ലോക്കോ പൈലറ്റാണ്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ജോലിയാണ്.

പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനമാണ് ദുബായ് മെട്രോയുടേത്. എങ്കിലും ആദ്യ രണ്ട് വര്‍ഷം മാനുവല്‍ ഡ്രൈവിംഗ് തന്നെയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്ക് നടത്തുന്ന ടെസ്റ്റ് റണ്‍ മുതല്‍ എല്ലാ കാര്യങ്ങളുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം ലോക്കോ പൈലറ്റിനാണ്.

ട്രെയിനിലെ ബോഗികള്‍ പോലെ മെട്രോയില്‍ അഞ്ച് കാറുകളാണ് ഉണ്ടാവുക. മുന്നിലും പുറകിലുമായി ഡ്രൈവിംഗ് കണ്‍സോളുകളും. ലോക്കോ പൈലറ്റിനായി പ്രത്യേക ഇരിപ്പിടം ഒന്നുമില്ല, യാത്രക്കാര്‍ക്കൊപ്പം തന്നെയാണ് ഞങ്ങള്‍ നില്‍ക്കുന്നത്.

ഞാന്‍ ചെന്ന് കുറച്ചു കാലത്തിന് ശേഷം ട്രെയിനില്‍ ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. അപ്പോള്‍ ലോക്കോ പൈലറ്റ് ട്രെയിനില്‍ ഉണ്ടായിരിക്കണം, പക്ഷേ ട്രെയിന്‍ ഓടിക്കേണ്ടി വന്നിരുന്നില്ല. എമര്‍ജന്‍സി വരുമ്പോള്‍ സമയോചിതമായി ഇടപെട്ട് അപകടം ഉണ്ടാകാതെ നോക്കണം.

പിന്നീട് ആ സംവിധാനവും മാറ്റി. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ പരീക്ഷിച്ച് വിജയിപ്പിച്ചു. അതോടെ ലോക്കോ പൈലറ്റുമാര്‍ സ്‌റ്റേഷനില്‍ നിന്ന് ട്രെയിനുകളെ നിയന്ത്രിച്ചാല്‍ മതിയെന്ന നിലയിലായി. ഇപ്പോള്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ റോളു കൂടിയുണ്ട് ഞങ്ങള്‍ക്ക്. അമിത പറയുന്നു.
[IMG]

സ്വപ്നങ്ങളിലേക്ക്...


ഒരു റയില്‍വേ ജോലി എന്ന സ്വപ്നത്തിനും മുകളിലൂടെ മെട്രോ പായിക്കുകയാണിന്ന് അമിത. വെല്ലുവിളികളില്‍ വീണുപോകാതെ സ്വപ്നങ്ങളെ പിന്‍തുടര്‍ന്നെത്തിയ വിജയവഴിയിലെത്തിയ സന്തോഷം.

പല തവണ അപകടാവസ്ഥകള്‍ മുന്നിലെത്തിയപ്പോഴും ധൈര്യസമേതം അമിത അവയെ നേരിട്ടു. ബോധക്ഷയം വന്ന് ഡോറിനുള്ളില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയ സമയോചിത ഇടപെടലിന് അധികൃതരുടെ സമ്മാനവും അമിതയ്ക്ക് ലഭിച്ചു.

ഏഴ് വര്‍ഷം മുന്‍പ് ലോക്കോ പൈലറ്റായ ശേഷം 2014 ല്‍ ദുബായില്‍ ജോലി ചെയ്ത ആലുവ സ്വദേശി ശരത് അമിതയുടെ ജീവിതത്തിന് കൂട്ടായി എത്തി. മകള്‍ ആരാധ്യ പിറന്ന ശേഷം ശരത് മകള്‍ക്കൊപ്പം നാട്ടില്‍ തുടരാന്‍ തീരുമാനിച്ചു.

കുടുംബത്തിന്റെ സപ്പോര്‍ട്ട് ഇല്ലെങ്കില്‍ ഒരു പെണ്ണിന് ഇത്തരം ജോലി ചെയ്യാന്‍ സാധിക്കില്ല. മകളെ എപ്പോഴും കാണാന്‍ പറ്റുന്നില്ല എന്ന വിഷമം ഉണ്ട്. അവള്‍ക്കൊപ്പം ഞങ്ങളിലൊരാള്‍ നിര്‍ബന്ധമായും വേണമെന്ന് തീരുമാനിച്ചിരുന്നു.

എന്റെ ജോലി പെട്ടെന്ന് ഉപേക്ഷിച്ച് വരാന്‍ കഴിയാത്തതുകൊണ്ട് ശരത്തേട്ടന്‍ നാട്ടിലേക്ക് വന്നു. അമ്മയുള്ളതുകൊണ്ട് എന്റെ കുറവറിയിക്കാതെ മോളെ നോക്കുന്നു. എല്ലാര്‍ക്കുമൊന്നിച്ച് ദുബായില്‍ സെറ്റില്‍ ആകണമെന്ന മോഹമുണ്ട്. കഴിയുമായിരിക്കും.

അമിത പുതിയ സ്വപ്നത്തെ ചെയിസ് ചെയ്തു തുടങ്ങിക്കഴിഞ്ഞു. ഗ്രീന്‍ സിഗ്‌നല്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെ...!

ദീപു ചന്ദ്രന്‍

Ads by Google
Friday 27 Jul 2018 04.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW