Friday, June 07, 2019 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Right Wing / ശില്‍പ്പ പ്രശാന്ത്
Right Wing / ശില്‍പ്പ പ്രശാന്ത്
Friday 27 Jul 2018 01.51 PM

ഹനാനയെ കല്ലെറിയാന്‍ നിങ്ങളാരാണ്...

ജോലിയും കൂലിയും ഇല്ലാതെ വെറുതെ ഇരുന്നു ലൈകും കമന്റും ഇട്ടു ജീവിക്കുന്ന വകകള്‍ക്കു ഹനാനെ വിമര്‍ശിക്കാന്‍ എന്ത് അധികാരം. ആരെങ്കിലും കഷ്ടപ്പെട്ട് ജീവിക്കുന്നതു കാണുമ്പോള്‍ അതില്‍ തെറ്റ് കണ്ടെത്താനും മതം നോക്കാനും ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്
uploads/news/2018/07/236671/hanan-hanani.jpg

ഹനാന.... പഠനം മുന്നോട്ടു കൊണ്ടുപോകാനും കുടുംബം പുലര്‍ത്താനുമായി പഠനത്തോടൊപ്പം മീന്‍ വില്‍പ്പന വരെ നടത്തുന്ന ഒരു ഇരുപത്തിയൊന്നുകാരി. ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിനി. മണ്‍മറഞ്ഞ വീരനായകരുടെ ചരിത്ര കഥകളെക്കാള്‍ വരും തലമുറയ്ക്ക് എളുപ്പം മനസ്സിലാകുന്ന പെണ്‍ജീവിതം.

ജിവിത പ്രാരബ്ധങ്ങളെ മനക്കരുത്തോടെ നേരിട്ട് വിജയ തീരത്ത് എത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഹനാന്റെ ലൈവ് കഥയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തത്. ഏറെ ബഹുമാനത്തോടെ കാണേണ്ട ജീവിക്കുന്ന കഥാപാത്രം. ആദ്യഘട്ടത്തില്‍ അത് അങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍, സമയം മുന്നോട്ടു പോയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.

യൂണിഫോമില്‍ എത്തി കൊച്ചി തമ്മനത്ത് മീന്‍ വില്‍പ്പന നടത്തുന്ന 'നിമിഷ കവി' കൂടിയായ ആ പെണ്‍കുട്ടിയെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ കേരളക്കരയ്ക്ക് പരിചിതയാക്കി. ലൈക്കുകളുടെയും പുകഴ്ത്തല്‍ കമന്റുകളുടെയും പ്രവാഹമായിരുന്നു പിന്നീടങ്ങോട്... പേര് ഹനാന എന്നറിഞ്ഞതോടെ പതിവു രീതിയായ അടുത്ത ഘട്ടത്തിലേയ്ക്ക്. ഫേസ്ബുക്കില്‍ പരതല്‍...

uploads/news/2018/07/236671/hanan1.jpg

അവളുടെ പേജിലേയ്ക്ക് എത്തപ്പെട്ടവരില്‍ പലരും ആ കാഴ്ചകളെ നെറ്റിചുളിച്ചുകൊണ്ടാണ് ഏറ്റെടുത്തത്. കാരണം, അവിടെ അവരെ വരവേറ്റത് കീറിയ ഉടുപ്പിട്ട് അലസയായി കണ്ണീരൊലിപ്പിച്ചുള്ള ഹനാന ആയിരുന്നില്ല. മറിച്ച്, ജീന്‍സും ടോപ്പുമിട്ട്, കൂളിങ് ഗ്ലാസും വെച്ച് സ്മാര്‍ട്ടായ ഹനാന ആയിരുന്നു.

ഇതോടെ മലയാളി തനി സ്വഭാവം പുറത്തെടുത്തു. പബ്ലിസിറ്റിക്കു വേണ്ടി ആ പെണ്‍കുട്ടി കാട്ടിക്കൂട്ടിയ കോപ്രായങ്ങളായി അവളുടെ മീന്‍ വില്‍പ്പനയെ വ്യാഖ്യാനിച്ചു. പിന്നീടങ്ങോട്ട് അവളുടെ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞത് അശ്ലീലവും അസഭ്യവും നിറഞ്ഞ കമന്റുകളായിരുന്നു. അവളെ മോശക്കാരിയാക്കി ചിരിപ്പിച്ച ട്രോളന്മാരും കുറവല്ല.

പല വീടുകളിലായി വീട്ടുവേലയെടുത്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് വളരെ സ്റ്റെലിഷായി കോളജിലെത്തുന്ന 'കസ്തൂരിമാന്‍' എന്ന സിനിമയിലെ മീരാ ജാസ്മിന്റെ കഥാപാത്രത്തെ കയ്യടിച്ച് സ്വീകരിച്ച അതേ മലയാളി ജീവിക്കുന്ന അതേ കഥാപാത്രത്തെ വളഞ്ഞിട്ട് ആക്രമിച്ചു. യാഥാത്ഥ്യം അറിയും മുന്‍പേ കയറെടുക്കുന്ന മലയാളി ഒരു ഇരുപത്തിയൊന്നുകാരി പെണ്‍കുട്ടി എന്ന പരിഗണന പോലും നല്‍കാതെ അവളെ തട്ടിപ്പുകാരിയാക്കി... മോശക്കാരിയാക്കി. അവളെ തഴുകാനും തല്ലാനും അവര്‍ തെരഞ്ഞെടുത്തത് കാലഘട്ടത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായ സോഷ്യല്‍ മീഡിയയെ തന്നെ.

സോഷ്യല്‍ മീഡിയുടെ അതിപ്രസരത്തിലൂടെ നെല്ലും പതിരും തിരിച്ചറിയാനുള്ള മലയാളിയുടെ ശേഷി അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന് ചിന്തിച്ചുപോകുന്നു. അല്ലെങ്കില്‍, ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നതിനെ പോലും നെഗറ്റീവായി കണ്ട് പരിഹസിക്കാന്‍ ഈ മലയാളിക്ക് എങ്ങനെ കഴിയുന്നു. അതോ, കഷ്ടപ്പാടുകളെ അതിജീവിച്ച് മുന്നേറുന്ന സ്ത്രീ കഥാപാത്രങ്ങള്‍ സിനിമയിലും സീരിയലിലും മാത്രമേ പാടുള്ളൂ എന്നുണ്ടോ.

പുറമേ നിന്നു മാത്രം നോക്കി കുറ്റം പറയുന്നതിന് പകരം ആഴത്തില്‍ ഇറങ്ങിച്ചെന്ന് സ്വയം ഒന്നിരുത്തി ചിന്തിക്കാനോ നിജസ്ഥിതി അന്വേഷിക്കാനോ തിരക്കിന്റെ ഈ ലോകത്ത് ആരും മെനക്കെടുന്നില്ല. മറിച്ച്, എന്താണ് കാര്യമെന്നു പോലും അറിയില്ലെങ്കിലും പല പോസ്റ്റുകളും ഷെയര്‍ ചെയ്ത് പോകുകയാണ് ചെയ്യുന്നത്.

uploads/news/2018/07/236671/hanna11.jpg

നമ്മുടെ ഈ പോക്ക് എങ്ങോട്ടാണ്. ആര്‍ക്കും ഒരു ഗുണവുമില്ലാതെ യാതൊരു നിയന്ത്രണവും ഇല്ലാതെ സോഷ്യല്‍ മീഡിയ വഴി കുപ്രചരണം നടത്തുന്നവരെ ഐ.ടി ആക്ട് പ്രകാരം ജയിലില്‍ അടക്കുകയല്ലേ വേണ്ടത്.

സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താല്‍ നടത്തിയ നാടാണ് ഈ കേരളം. ആരെങ്കിലും കഷ്ടപ്പെട്ട് ജീവിക്കുന്നതു കാണുമ്പോള്‍ അതില്‍ തെറ്റ് കണ്ടെത്താനും മതം നോക്കാനും ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്. വിദ്യാസമ്പന്നരെന്ന് സ്വയം പുകഴ്ത്തുന്ന നമ്മള്‍ ഇനി എന്ന് ശരിയാകും... ആര് ശരിയാക്കും...? ഇങ്ങനെ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ ഒന്നു ശ്രദ്ധിക്കക, ഇത് നമുക്കോ നമുക്ക് വേണ്ടപ്പെട്ടവര്‍ക്കോ ആയിന്നെങ്കിലെന്ന്...

ഹനാന ചെയുന്ന പോലെ മാന്യമായി ജോലി ചെയ്താണ് വിദേശ രാജ്യങ്ങളില്‍ പ്രായപൂര്‍ത്തിയായ കുട്ടികള്‍ പഠിക്കുന്നത് എന്നിരിക്കെയാണ്, സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതിന് ജീവനൊടുക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് മാതൃകയായി ചൂണ്ടിക്കാട്ടേണ്ട ഹനാനയെ വലിച്ചു കീറുന്നത്. മറ്റുള്ളവര്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ തോന്നുന്ന അസൂയ അല്ലെങ്കില്‍ സ്വയം വലിയ ആളെന്ന് അറിയിക്കാനുള്ള സദാചാര പോലീസിങ് ശ്രമം. അതിനായി ഹനാനെ മോശക്കാരിയാക്കാന്‍ ശ്രമിച്ചവര്‍ സ്വയമൊന്ന് വിലയിരുത്തുക. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങളായിരുന്നുവെങ്കില്‍ നിങ്ങളില്‍ എത്രപേര്‍ക്ക് ഹനാനെപ്പോലെ ചങ്കൂറ്റത്തോടെ തളരാതെ ജീവിക്കാനാകും.

'കരുണ' എന്ന് മാത്രമല്ല ഹനാന്‍ എന്ന വാക്കിനര്‍ത്ഥം, ജീവിത വിജയത്തിന്റെ നേര്‍ വഴികള്‍ എന്ന് കൂടി ആണ് എന്ന് തെളിയിച്ച കുഞ്ഞനുജത്തി നീ വരും തലമുറയ്ക്ക് പ്രചോദനമാണ്... ജോലിയും കൂലിയും ഇല്ലാതെ വെറുതെ ഇരുന്നു ലൈകും കമന്റും ഇട്ടു ജീവിക്കുന്ന വകകള്‍ക്കു ഹനാനെ വിമര്‍ശിക്കാന്‍ എന്ത് അധികാരം. നീ സുന്ദരി ആയി തന്നെ നടക്കു അനുജത്തീ... നിന്നോടെനിക്ക് ബഹുമാനമാണ്...

Ads by Google
Ads by Google
Loading...
TRENDING NOW