നടി ഷക്കീലയുടെ ജീവിതത്തെ കുറിച്ച് ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷക്കീലയായി ചിത്രത്തില്‍ വേഷമിടുന്ന റിച്ച ഛദ്ദ കസവു സാരിയുടുത്ത് നില്ക്കുന്ന ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുള്ളത്. അടുത്തിടെ സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറച്ചില് നടത്തിയും റിച്ച വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഷക്കീലയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം റിച്ചയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
തെലുങ്ക് ചിത്രത്തിലൂടെയാണ് ഷക്കീല സിനിമാ രംഗത്തെത്തിയത്. പിന്നീട് കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ പ്രശസ്തയായി. ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന ഷക്കീല വിജയ്, വിക്രം, ഉദയനിധി സ്റ്റാലിന് എന്നിവരുടെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഷക്കീലയുടെ ജീവിതം സിനിമയാക്കുന്നത്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. കര്‍ണാടകയിലെ ചെറു പട്ടണമായ തീര്ത്ഥഹളളിയിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. 2019-ല്‍ സിനിമ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.