Wednesday, December 19, 2018 Last Updated 26 Min 1 Sec ago English Edition
Todays E paper
Ads by Google

ഞങ്ങള്‍ക്കും പറയാനുണ്ട്‌

Beena Sebastian
Beena Sebastian
Friday 27 Jul 2018 09.53 AM

ദുരന്തഭൂമിയിലെ ബലികളും; മരണത്തിനിടയിലും ഉപ്പുനോക്കുന്ന സൈബര്‍ - ആത്മീയ കഴുകന്മാരും

uploads/news/2018/07/236611/ColmBeena270718a.jpg

കേരളം അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്തതും സമാനതകളില്ലാത്തതുമായ പ്രകൃതിദുരന്തത്തിലൂടെയാണ് നാം കടന്നുപോയത്. മഴക്കെടുതിയും ഉരുള്‍പ്പൊട്ടലും ഓഖിയും മാത്രമല്ല നിപ പോലെയുള്ള ചില മാരക രോഗങ്ങളും ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. ഒരു ഭാഗത്ത് ദുരിതങ്ങളും രോഗങ്ങളും മനുഷ്യനെ വേട്ടയാടുമ്പോള്‍ മറുഭാഗത്ത് മറ്റുള്ളവന്റെ വേദനയും ആഘോഷമാക്കുന്ന മറ്റൊരുകൂട്ടരുമുണ്ട്. പലരുടേയും കൂലി എഴുത്തുകാരായ സൈബര്‍ പോരാളികളും, മൂടിവയ്ക്കപ്പെട്ട തെറ്റുകളും അപ്രിയ സത്യങ്ങളും പുറത്തുവന്നതിലൂടെ മുറിവേറ്റ ചില മതനേതാക്കളുമാണവര്‍.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല. കഴിഞ്ഞ ദിവസം മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍ സംഘം സഞ്ചരിച്ച വള്ളംമുങ്ങി രണ്ടു പേര്‍ മരണമടഞ്ഞു. മറ്റുള്ളവരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കോട്ടയത്തുള്ള മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദന നിറഞ്ഞ ദിവസങ്ങളാണ് കടന്നുപോയത്.

ചാനല്‍ സംഘത്തിന്റെ വള്ളംമറിഞ്ഞു എന്ന വാര്‍ത്തകേട്ടയുടന്‍ സൈബര്‍ ലോകത്താണ് ആദ്യം മാധ്യമങ്ങള്‍ക്കെതിരെ പരിഹാസം തുടങ്ങിയത്. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ തേടിപ്പോയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതുതന്നെ വേണം എന്ന നിലയിലാണ് പ്രചരണം കൊഴുത്തത്. എന്താണ് സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍?. എന്താണ് സര്‍ക്കാര്‍ അനുകൂല വാര്‍ത്തകള്‍?. വാര്‍ത്തകള്‍ക്ക് സര്‍ക്കാരുമായി എന്താണ് ബന്ധം? കാര്യം മറ്റൊന്നുമല്ല. മുഖംനോക്കാതെ അപ്രീയ സത്യങ്ങള്‍ വിളിച്ചുപറയുന്നത് പലരേയും പ്രകോപിപ്പിക്കുന്നു.

ആര്‍ക്കും ദോഷമില്ലാത്ത നല്ല വാര്‍ത്ത ചെയ്താലും സംഘടിതമായി ആക്രമിക്കും എന്നതിന്റെ ഉദാഹരണമാണല്ലോ ഹനാനയുടെ ജീവിതം വാര്‍ത്തയായപ്പോള്‍ നാം കണ്ടത്. അതിന്റെ പേരില്‍ ഒരു റിപ്പോര്‍ട്ടറും ജീവിക്കാന്‍ വേണ്ടി മീന്‍ കച്ചവടം ചെയ്ത ആ പെണ്‍കുട്ടിയും ഈ ദിവസങ്ങളില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോയത്.

ദുരന്തഭൂമിയില്‍ സര്‍ക്കാര്‍ വിരുദ്ധത തേടലാണോ മാധ്യമങ്ങള്‍ ചെയ്യുന്നത്. അവിടെ കഷ്ടപ്പെടുന്ന മനുഷ്യജീവനുകളെയും നാശനഷ്ടങ്ങളെയും പുറംലോകത്തെ അറിയിക്കുകയാണ് മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍. അത് എങ്ങനെ സര്‍ക്കാര്‍ വിരുദ്ധമാകും. ഉചിതമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ ആ മനുഷ്യരുടെ അവസ്ഥകാണുന്നവര്‍ ചോദിക്കും സര്‍ക്കാര്‍ അവിടെ എന്തെടുക്കുകയാണെന്ന്. അത് മനഃസാക്ഷിയുള്ള മനുഷ്യര്‍ ചോദിക്കുന്നതാണ്. അതിനെ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തയെന്ന് എങ്ങനെ പറയാനാകും. കുട്ടനാട്ടിലെ പ്രളയക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആദ്യം പരാജയപ്പെട്ടിരുന്നു. അത് മാധ്യമങ്ങള്‍ തന്നെയാണ് ജനങ്ങള്‍ക്ക് വേണ്ടി വെളിച്ചത്ത് കൊണ്ടുവന്നത്. തുടര്‍ന്ന് നാം കാണുന്ന കാഴ്ച ഉറങ്ങിക്കിടന്നിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരുന്നു.

കഴിഞ്ഞ ദിവസം എന്തിനാണ് ആ ചാനല്‍ സംഘം എഴുമാതുരുത്തിലേക്ക് പോയത്. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ കുറച്ചുപേര്‍ ആ തുരുത്തില്‍ ഒറ്റപ്പെട്ട് പോയിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും അവിടേക്ക് എത്തിനോക്കിയില്ല. അവിടെ നിന്നുള്ളവര്‍ അവസാന പ്രതീക്ഷയെന്ന നിലയിലാണ് സ്ഥലത്തെ പ്രദേശിക ലേഖകന്‍ സജിയെ സഹായത്തിന് വിളിക്കുന്നത്. ആ നാടും അവിടെയുള്ളവരുടെ ജീവിതവും അവസ്ഥയും അറിയാവുന്ന സജി ചാനലിന്റെ ജില്ലാ ഓഫീസിലേക്ക് വിളിക്കുകയും അവരുമായി ദുരന്തസ്ഥലത്തേക്ക് റിപ്പോര്‍ട്ടിംഗിനായി പോകുകയും ചെയ്തു. തിരിച്ചുവരുന്നതിനിടെയുണ്ടായ ശക്തമായ കാറ്റില്‍പെട്ട് അവരുടെ വള്ളംമറിഞ്ഞു. ഇതാണല്ലോ വാസ്തവം.

uploads/news/2018/07/236611/ColmBeena270718a1.jpg

എന്നാല്‍ ഇതിനെ ചില സൈബര്‍ പോരാളികള്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത എടുക്കാന്‍ പോയതിനു കിട്ടിയ പ്രതിഫലമാക്കി മാറ്റി. ഒന്നു ചോദിക്കട്ടെ ഈ സൈബര്‍ പോരാളികളുടെ കുടുംബത്തിലെ ആരെങ്കിലും ആണ് ഇത്തരം ദുരന്തത്തില്‍പെടുന്നതെങ്കില്‍ അതും പ്രതിഫലമായി കണക്കാക്കുമോ? നിങ്ങളുടെ നാട്ടില്‍ നടക്കുന്ന ഏതൊരു വിഷയവും നിങ്ങള്‍ ആദ്യം വിളിച്ചറിയിക്കുന്നതും മാധ്യമങ്ങളെ തന്നെയല്ലേ? സ്വന്തം കാര്യം വരുമ്പോള്‍ മാധ്യമങ്ങള്‍ ചെയ്യുന്നത് എന്തും മാധ്യമധര്‍മ്മവും മറ്റുള്ളവന്റെ ദുരന്തം റിപ്പോര്‍ട്ട് ചെയ്താല്‍ അത് സര്‍ക്കാര്‍ വിരുദ്ധവും. നല്ല കണ്ടുപിടുത്തംതന്നെ. ഇതിനെ മനോരോഗം എന്നല്ലാതെ എന്തുപേരിട്ട് വിളിക്കും.

നിങ്ങള്‍ എന്തിന് വള്ളത്തില്‍പോയി, ഹൗസ് ബോട്ട് എടുത്തുകൂടെ, ലൈഫ് ജാക്കറ്റ് എവിടെയായിരുന്നു എന്നൊക്കെയാണ് മറ്റൊരു കൂട്ടരുടെ വിമര്‍ശനം. ഈ പറഞ്ഞ സൗകര്യങ്ങള്‍ വെള്ളപ്പൊക്കമേഖലയില്‍ ആരാണ് എടുത്ത് വച്ചിരിക്കുന്നത്. സൗകര്യങ്ങള്‍ എത്തുന്നതുവരെ കാത്തിരുന്നാല്‍ സഹായം കാത്തിരിക്കുന്ന ജീവനുകള്‍ക്ക് എന്ത് വിലയാണ് കല്പിക്കുന്നത്. ദുരന്തഭൂമിയില്‍ എല്ലാം മറന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിംഗിന് പോകുന്നത്. അപ്പോള്‍ സ്വന്തം സുരക്ഷ അവര്‍ മറന്നുപോകുന്നത് സ്വഭാവികം മാത്രം. സ്വന്തം സുരക്ഷ അവനവന്‍ നോക്കേണ്ടത് തന്നെയാണെങ്കിലും ഓഖി ചുഴലിക്കാറ്റും കട്ടിപ്പാറ ഉരുള്‍പ്പൊട്ടലും നിപയും വന്നപ്പോള്‍ സുരക്ഷനോക്കാതെ തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ അവിടെ എത്തിയത്.

നാട്ടില്‍ ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ നാടിന്റെ തുടിപ്പ് അറിയുന്ന പ്രദേശിക ലേഖകര്‍ ആദ്യം തങ്ങളുടെ തലപ്പത്തേക്ക് തന്നെയാണ് വിളിക്കുന്നത്. പല നല്ല വാര്‍ത്തകളുടെയും ഉറവിടവും പ്രദേശിക ലേഖകരാണ്. ഇവരാണ് ശരിക്കും മാധ്യമങ്ങളുടെ രക്തധമനികള്‍. ഒരു വീട്ടിലെ മരണവാര്‍ത്ത മുതല്‍ നാടിന്റെ ദുരന്തങ്ങള്‍ വരെ ലോകത്തെ അറിയിക്കുന്നതില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ട്. നിപ മേഖലയില്‍ റിപ്പോര്‍ട്ടമാര്‍ക്കൊപ്പം ഓരോ വീടുകള്‍ കയറിയിറങ്ങിയതും അവരാണ്. എത്ര രാഷ്ട്രീയ നേതാക്കള്‍ ആ വഴി വന്നു? എത്ര ആത്മീയ നേതാക്കള്‍ അവര്‍ക്ക് സമാശ്വാസം പകരാനെത്തി എന്നു കൂടി ചിന്തിക്കുക.

പല ദുരൂഹമരണങ്ങളിലും അപകടങ്ങളിലും ചിലപ്പോഴേല്ലാം യഥാര്‍ത്ഥ പ്രതികളെ വെളിച്ചത്തുകൊണ്ടുവരുന്നത് നാട്ടുകാര്‍ ചര്‍ച്ച ചെയ്യുന്ന വിവരങ്ങള്‍ വച്ച് ചില പ്രദേശിക ലേഖകര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ മൂലമാണ്. കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും തുമ്പുണ്ടാക്കാന്‍ ഇവരുടെ റിപ്പോര്‍ട്ടിംഗിന് കഴിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെയാണ് വാര്‍ത്തകള്‍ക്കൊപ്പം സഞ്ചരിക്കുന്ന വാഹനങ്ങളുടെ സാരഥികളും. വെറും ഡ്രൈവര്‍മാര്‍ മാത്രമല്ല അവര്‍. മിനി ജേര്‍ണലിസ്റ്റുകള്‍ കൂടിയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ സഹായവും ചെയ്ത് അവര്‍ എപ്പോഴും കൂടെയുണ്ടാകും.

മാധ്യമങ്ങളെ വിമര്‍ശിക്കുന്ന മറ്റൊരു കൂട്ടരാണ് ആത്മീയതയുടെ പേരില്‍ മനുഷ്യനെ ഭയപ്പെടുത്തി ഭരിക്കാന്‍ നടക്കുന്നവര്‍. ചില മതവിഭാഗങ്ങളും മതനേതാക്കളും അടുത്തിടെ നേരിട്ട പല പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ മാധ്യമങ്ങളാണെന്നാണ് ഇവര്‍ പറയുന്നത്. അവര്‍ കാണിച്ച തെറ്റുകള്‍ അവര്‍ക്കുള്ളില്‍ നിന്ന് തന്നെ വെളിയിലേക്ക് വന്നപ്പോള്‍ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കി. സ്വാഭാവികമായും ആ വാര്‍ത്തയുടെ ചുവടുപിടിച്ച് പല ഫോളോ അപ് വാര്‍ത്തകളും തെളിവ് സഹിതം മാധ്യമങ്ങള്‍ ചെയ്തിരുന്നു എന്നത് സത്യം തന്നെയാണ്. തെറ്റുപറ്റില്ല എന്ന് വിശ്വാസികള്‍ കരുതിപ്പോന്ന മതനേതാക്കള്‍ തെറ്റുകള്‍ തന്നെ കാണിച്ചുകൂട്ടുമ്പോള്‍ മാധ്യമങ്ങള്‍ അത് പുറത്തുകൊണ്ടുവരും. അത് അവരുടെ കടമയാണ്. വിശ്വസത്തിന്റെ പേരില്‍ മതമേലധ്യക്ഷന്മാരെ കണ്ണടച്ചു വിശ്വസിക്കുന്ന ജനത്തെ വഞ്ചിക്കുന്നവരെ തുറന്നുകാട്ടുക തന്നെ ചെയ്യും. അതില്‍ ആരും വിറളിപിടിച്ച് കാര്യമില്ല.

മാധ്യമസംഘത്തിന് നേരിട്ട ദുരന്തം ദൈവകോപമാണെന്നാണ് ഇത്തരക്കാരുടെ പ്രചാരണം. അതിനു മുന്നില്‍നിന്നത് അടുത്തകാലത്ത് വിവാദത്തിലായ ജലന്ധര്‍ രൂപതയിലെ ചില വൈദികരാണെന്നതു ഒരു കത്തോലിക്കാ സഭാംഗം എന്ന നിലയില്‍ എനിക്കും ഏറെ വേദനയും അപമാനവും തോന്നി. രൂപതയിലെ ഒരു വാട്‌സ്ആപ് ഗ്രൂപ്പിലൂടെയായിരുന്നു പ്രചരണം. പോസ്റ്റിന്റെ തുടക്കം ഇങ്ങനെയാണ്: '' മീഡിയ ടിആര്‍പി റേറ്റിംഗ് കൂട്ടുന്നതിനും കോടികളുടെ പരസ്യം കിട്ടുന്നതിനുമായി 19 ദിവസം ആരോപണ വിധേയനായി എന്ന ഒറ്റക്കാരണത്താല്‍ ൈദവത്തിന്റെ അഭിഷിക്തനെ മ്ലേഛമായ രീതിയില്‍ തേജോവധം ചെയ്ത് ചാനല്‍ ചര്‍ച്ചകളിലൂടെ ലോകത്തിന്റെ മുന്നില്‍ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്തു.

ഒരുവര്‍ഷമായി രണ്ട് സുപ്രീം കോടതിയിലെ വക്കീലുന്മാരുടെ നേതൃത്വത്തില്‍ കൃത്യമായ പ്ലാനിംഗിലുടെ ആസൂത്രണം ചെയ്തതാണ് ഈ ആരോപണം. കോട്ടയം ബ്യുറോയുടെ പ്രത്യേക താല്‍പര്യത്തിലൂടെയാണ് ജനമനസ്സിലേക്ക് ഈ അസത്യം കുത്തിവച്ചത്. മാധ്യമധര്‍മ്മം മറന്ന് മാധ്യമങ്ങളെ അമ്മാനമാടുന്നവര്‍ ശാപത്തിന് ഇരകളാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.'' എന്നു പറഞ്ഞു തുടങ്ങുന്ന വാട്‌സ്ആപ് പോസ്റ്റില്‍ പിന്നീടങ്ങോട്ട് മരിച്ച് ഈ ലോകംവിട്ടുപോയവരെ അവഹേളിച്ചും ആ മാധ്യമത്തെ താറടിച്ചും എഴൂത്തുതുടരുകയാണ്.

''കുരുക്ഷേത്ര യുദ്ധത്തില്‍ കൗരവരുടെ സ്ഥാനം പേറിക്കൊണ്ട് യുദ്ധത്തിന് ഇറങ്ങുമ്പോള്‍ ഓര്‍ക്കുക മഹാഭാരതത്തിന്റെ അന്ത്യം. അതായത് ദൈവത്തിന്റെ ഇടപെടല്‍.'' എന്ന മുന്നറിപ്പോടെയാണ് പോസ്റ്റ്് അവസാനിക്കുന്നത്. മതപരമായ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവിതയാത്രകളില്‍ നേരിടേണ്ടിവരുന്ന എന്തുകഷ്ടപ്പാടും ദുരിതങ്ങളും സംഭവിച്ചാലും വിഷലിപ്തമായ ഇത്തരം മനസ്സുകളില്‍ നിന്നും ഇതിനുമപ്പുറമുള്ള വാചകങ്ങളും പ്രവര്‍ത്തികളും പ്രതീക്ഷിച്ചുതന്നെയാണ് ഓരോ മാധ്യമപ്രവര്‍ത്തകനും മുന്നോട്ടുപോകുന്നത്.

ആരെയെങ്കിലും വിമര്‍ശിച്ചതിന്റെ പേരില്‍ ആരെങ്കിലും മരിച്ചുപോയതായി നമ്മള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ മതനേതൃത്വത്തെ വിമര്‍ശിച്ചതാണ് ഈ മരണത്തിന്റെ കാരണമെന്നാണ് വാട്‌സ്ആപ് പോസ്റ്റില്‍ പറയുന്നത്. ഇതാണോ കത്തോലിക്കാസഭ പഠിപ്പിക്കുന്ന കാരുണ്യവര്‍ഷം?. നാടിന്റെ സംസ്‌കാരികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയിലും ആരോഗ്യമേഖലയിലും തുടങ്ങി പലരംഗത്തും വിലമതിക്കാനാവാത്ത സേവനങ്ങള്‍ ചെയ്തിട്ടുള്ള സഭയുടെ ചില നേതൃത്വം ഇപ്പോള്‍ അന്ധവിശ്വാസങ്ങളാണോ പ്രചരിക്കുന്നത്?. ക്രിസ്തു പഠിപ്പിച്ചത് അതല്ലായിരുന്നു.

uploads/news/2018/07/236611/ColmBeena270718a2.jpg

പക്ഷേ, സ്‌നേഹത്തിന്റെ സുവിശേഷം സമൂഹത്തിന് പകര്‍ന്ന് നല്‍കാനായി പൗരോഹിത്യവ്രതമെടുത്ത് വന്ന ക്രിസ്തുവിന്റെ പ്രതിപുരുഷന്മാര്‍ ഇപ്പോള്‍ ശാപവചനങ്ങള്‍ പുലമ്പി അത് ദൈവവചനങ്ങളാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. തന്നെ ദ്രോഹിച്ചവനോടു ക്ഷമിക്കാനും ഒരു കരണത്ത് അടിച്ചവന് മറ്റേ കരണം കൂടി കാണിച്ചുകൊടുക്കാനും പഠിപ്പിച്ച ക്രിസ്തുവിന്റ ആത്മാവ് ഇന്ന് കത്തോലിക്കാസഭയില്‍ നിന്ന് പിടിയിറങ്ങിപ്പോയോ? മുന്‍പും വിമര്‍ശിക്കുന്നവരെ കല്ലെറിയുന്നത് സഭയില്‍ നടന്നിട്ടുണ്ട്. അത് ക്രിസ്തുവിന്റെ കാലം മുതല്‍ പുരോഹിതവൃന്ദവും പ്രമാണിമാരും ചെയ്തുവന്നിരുന്നതാണ്. സത്യം വിളിച്ചുപറഞ്ഞതിനും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിനുമാണല്ലോ അവനെ കുരിശില്‍ തറച്ചത്. അത് ഇന്നും തുടര്‍ന്നുപോരുന്നു. സൈബര്‍ യുഗത്തില്‍ വേറൊരു രൂപത്തില്‍ എന്നുമാത്രം.

സഭയെ താറടിക്കാന്‍ നടക്കുന്നവര്‍ കുട്ടനാട്ടില്‍ സഭാനേതാക്കള്‍ നടത്തുന്ന ദാനധര്‍മ്മങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണ് ഒരു സ്വയംപ്രഖ്യാപിത പി.ആര്‍.ഒ വൈദികന്റെ വിലാപം. ആ വൈദിക വിലാപം മറുപടി അര്‍ഹിക്കുന്നതല്ല. കാരണം ആവശ്യത്തിലേറെ പരസ്യങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്കായി നിങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയവഴി നടത്തുന്നുണ്ടല്ലോ. ദുരന്തം വരുമ്പോള്‍ മറ്റുള്ളവരുടെ ദാനധര്‍മ്മങ്ങളെ പുകഴ്ത്തുകയല്ല ദുരന്തഭൂമിയിലെ ജീവിതങ്ങളെ പുറംലോകത്ത് അറിയിക്കുക എന്നതാണ് മാധ്യമങ്ങളുടെ കടമ.

വേദനിക്കുന്ന മനുഷ്യരുടെ കണ്ണിരൊപ്പുന്നത് ക്രിസ്ത്യാനിയുടെ മാത്രമല്ല ഏതൊരു മനുഷ്യന്റേയും കടമയാണ്. അതിനു പബ്ലിസിറ്റി കൊടുത്തില്ല എന്നു പറഞ്ഞ് വിലപിക്കുന്നവര്‍ 'നിങ്ങളുടെ വലതുകരം ചെയ്യുന്നത് ഇടതുകരം അറിയരുത്' എന്ന ക്രിസ്തുവചനവും ഓര്‍ക്കുക. കുട്ടനാട്ടില്‍ നിങ്ങള്‍ എത്തുമ്പോള്‍ സക്കേവൂസിന്റെ വാക്കുകള്‍കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും. '

'കര്‍ത്താവേ, ഇതാ എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്ക് കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു' (ലൂക്കാ 19:8). അപ്പോഴായിരിക്കും പ്രളയദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ കുട്ടനാടന്‍ ജനത നിങ്ങള്‍ക്കായി അവരുടെ മനസ്സിന്റെ വാതായനങ്ങള്‍ തുറക്കുന്നത്.

ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ക്കിടെ മറ്റുള്ളവര്‍ക്കായി ജീവന്‍ ബലി അര്‍പ്പിച്ച വിക്ടര്‍ ജോര്‍ജിനും സനില്‍ ഫിലിപ്പിനും സജിക്കും ബിപിന്‍ ബാബുവിനും പ്രണാമം!

Ads by Google

ഞങ്ങള്‍ക്കും പറയാനുണ്ട്‌

Beena Sebastian
Beena Sebastian
Friday 27 Jul 2018 09.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW