Wednesday, September 12, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Friday 27 Jul 2018 12.53 AM

അഗസ്‌ത്യസ്‌തുതി അദ്വിതീയമായ വേദാന്തം

uploads/news/2018/07/236582/ramayanam180718.jpg

രാമന്‍ അവതാരലക്ഷ്യം രാവണനിഗ്രഹമായിരുന്നെങ്കിലും രാവണനെ വധിക്കാന്‍ അദ്ദേഹത്തിന്‌ ഏറെ പരിശ്രമിക്കേണ്ടിവന്നു. വലിയ തപോബലശാലിയായിരുന്നു രാവണനെന്നതായിരുന്നു കാരണം.

രാക്ഷസനിഗ്രഹത്തിനു തയാറെടുക്കുന്ന സന്ദര്‍ഭത്തില്‍ അഗസ്‌ത്യ മഹര്‍ഷി രാമനു മുന്നില്‍ പ്രത്യക്ഷനായി ഉപദേശിച്ച മഹാമന്ത്രമുണ്ട്‌- ആദിത്യഹൃദയമന്ത്രം. അതു ജപിച്ച്‌ ശത്രുനാശം വരുത്താന്‍ ഉപദേശിച്ചതോടൊപ്പം മഹേശ്വരദത്തമായ വില്ലും ശരങ്ങളവസാനിക്കാത്ത രണ്ട്‌ ആവനാഴികളും ഒരു ഖഡ്‌ഗവും ഭഗവാനു സമര്‍പ്പിച്ചു.

പഞ്ചവടിയില്‍ താമസിക്കാനും നിര്‍ദേശിച്ചു. അവിടെവച്ചാണ്‌ രാമന്‍ ജടായുവിനെ കാണുന്നത്‌. അയോദ്ധ്യാ ചക്രവര്‍ത്തിയാകേണ്ടിയിരുന്ന രാമന്‍ സിംഹാസനവും സുഖസൗകര്യങ്ങളും പട്ടുമെത്തയും ഉപേക്ഷിച്ച്‌ ജടാവല്‍ക്കലങ്ങള്‍ ധരിച്ച്‌ വനവാസത്തിനു തയാറായതിലൂടെ ലാളിത്യമുള്ള ജീവിതമാണു കാണിച്ചുതന്നത്‌, സര്‍വ്വസംഗപരിത്യാഗത്തിന്റെ മാതൃകയാണു കാട്ടിത്തന്നത്‌.

പഞ്ചവടിയിലെത്തിയ രാമലക്ഷ്‌മണന്‍മാര്‍ സീതയോടൊപ്പം പ്രകൃതിജന്യമായ വസ്‌തുക്കള്‍ ഉപയോഗിച്ചു പര്‍ണശാലകളുണ്ടാക്കി അതിലാണു താമസിച്ചത്‌. ഉപാസനാജീവിതം നയിക്കാന്‍ സകല സംഗങ്ങളും സുഖഭോഗങ്ങളും വര്‍ജിക്കേണ്ടത്‌ ആവശ്യമാണെന്നാണ്‌ ഈ വനവാസ ജീവിതത്തിന്റെ സന്ദേശം.

അഗസ്‌ത്യ മഹര്‍ഷി രാമന്‌ രാക്ഷസനിഗ്രഹത്തിനായി ആയുധങ്ങള്‍ കൊടുത്തതായി പറയപ്പെടുന്നു, അതിലെ തത്വം പ്രണവം വില്ലും ജീവന്‍ ശരം അല്ലെങ്കില്‍ ആവനാഴിയും ജ്‌ഞാനം വാളുമാണ്‌. ചിത്തത്തില്‍ പൊന്തിക്കൊണ്ടിരിക്കുന്ന നാമരൂപാത്മകങ്ങളായ വിക്ഷേപങ്ങള്‍ അകറ്റി മനസിനെ ഏകാഗ്രമാക്കി ശാന്തിയെ വീണ്ടെടുക്കാനുള്ള വിദ്യയാണ്‌ അഗസ്‌ത്യ മഹര്‍ഷി രാമന്‌ ഉപദേശിച്ചത്‌.

ഇന്ദ്രിയതലത്തില്‍ അനുഭവിക്കാന്‍ പറ്റുന്നതല്ല ഈശ്വര സാക്ഷാല്‍ക്കാരം. ഈ ശരീരത്തില്‍ രമിക്കുന്നവനാണ്‌ ഈശ്വരന്‍. അവനവനില്‍ കുടികൊള്ളുന്ന ഈശ്വരനെ തിരിച്ചറിഞ്ഞ്‌ സാക്ഷാല്‍ക്കരിക്കുന്നതാണ്‌ ആത്മസാക്ഷാല്‍ക്കാരം. ഇതാണു രാമായണത്തിലെ അഗസ്‌ത്യസ്‌തുതിയുടെ സന്ദേശം.

**** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW