Monday, April 22, 2019 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.51 AM

വീണ്ടും ഒരു ഗുരുപൂര്‍ണിമ

വീണ്ടും ഒരു ഗുരുപൂര്‍ണിമ! ആഷാഢമാസത്തിലെ പൗര്‍ണമി, കര്‍ക്കിട മാസത്തിലെ വെളുത്ത വാവ്‌. ഗുരുക്കന്മാരെ ആദരിക്കാനുള്ള ദിവസം. അന്നാണു വ്യാസജയന്തിയും ഗുരുപൂര്‍ണിമയുമായി ആചരിക്കുന്നത്‌. ഗുരുക്കന്മാരില്‍ പ്രഥമഗണനീയനായിട്ടാണു വ്യാസമഹര്‍ഷിയെ കാണുന്നത്‌.
ഗുരു എന്നാല്‍ ശരീരമല്ല. അറിവാണ്‌. ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അറിവിനെയാണു ഗുരുവായി പൂജിക്കുന്നത്‌. ഗുരുവില്ലാതെ ഒരു വിദ്യയും ഫലപ്രാപ്‌തിയിലെത്തില്ല. അപ്പോള്‍ ആധ്യാത്മികതയുടെ കാര്യം പറയേണ്ടതില്ലല്ലോ.
അച്‌ഛന്‍, അമ്മ, അഗ്‌നി, ആത്മാവ്‌, അദ്ധ്യാപകന്‍ എന്നീ അഞ്ചു പേരെയും ഗുരുക്കന്മാരായി കാണണമെന്ന്‌ മഹാഭാരതം വനപര്‍വം ഉദ്‌ഘോഷിക്കുന്നു. എന്നാല്‍, ആധ്യാത്മികമാര്‍ഗത്തിലുള്ളവര്‍ക്കു ലക്ഷ്യത്തിലെത്താന്‍ സദ്‌ഗുരുവിന്റെ, ബ്രഹ്‌മജ്‌ഞാനികളുടെ സംസര്‍ഗം അത്യന്താപേക്ഷികമാണ്‌. പരമസത്യത്തിന്റെ മൂര്‍ത്തരൂപമാണ്‌ ഗുരു. ഗുരു ഈശ്വരന്‍ മനുഷ്യരൂപം ധരിച്ചതാണെന്നോര്‍ക്കണം. അതുകൊണ്ടുതന്നെ ഗുരുവിനു സര്‍വജ്‌ഞത്വവും സര്‍വവ്യാപകത്വവുമുണ്ട്‌.
ഗുരു പറയുന്നത്‌ അനുസരിക്കലാണ്‌ ഏറ്റവും വലിയ ഗുരുസേവ. ഗുരുവിനെപ്പോലെ സര്‍വരിലും ഈശ്വരനെ ദര്‍ശിക്കലാണു ഗുരുത്വം. വിശക്കുന്നവനു ഭക്ഷണംകൊടുക്കുകയും നിസഹായാവസ്‌ഥയില്‍ സഹായിക്കുകയും ചെയ്യുന്നത്‌ ഏറ്റവും ശ്രേഷ്‌ഠമായ ഗുരുസേവയ്‌ക്കു തുല്യമാണ്‌.
വേദങ്ങളെ വിഭജിച്ചു ക്രോഡീകരിച്ച മഹര്‍ഷി വേദവ്യാസനെ ആദിഗുരുവായി സങ്കല്‍പ്പിച്ചാണു വ്യാസജയന്തി അല്ലെങ്കില്‍ വ്യാസപൂര്‍ണിമ ഗുരുപൂര്‍ണിമയായി ആഘോഷിക്കുന്നത്‌.
ഗുരുവില്ലാതെ സത്യം സാക്ഷാത്‌കരിക്കുക പ്രയാസം. നാലുതരം ശിഷ്യന്മാരെക്കുറിച്ച്‌ പറയുന്നു. ഉത്തമനായ ശിഷ്യനു ഗുരുവിന്റെ ഒരു നോട്ടം ലഭിച്ചാല്‍ മതി സത്യം സാക്ഷാത്‌ക്കരിക്കും. ആത്മവിചാരം ചെയ്യുന്ന ഒരു ശിഷ്യനു ഗുരുവിന്റെ ഒരു വാക്ക്‌ കേള്‍ക്കാനിടയായാല്‍ അത്‌ അമൃതംപോലെ അവനെ പൂര്‍ണനാക്കും. മൂന്നാമത്തെ തരത്തിലുള്ള ശിഷ്യനു ഗുരുവിന്റെ ഉപദേശങ്ങള്‍ ശകുനപക്ഷി(ഉപ്പന്‍)യുടെ ചിലയ്‌ക്കല്‍ പോലെയായിത്തീര്‍ന്നു ക്രമേണ മേല്‍ഗതിയിലേക്കു നയിക്കും. നാലാമത്തെ തരത്തിലുള്ള ശിഷ്യന്‍ തേന്‍ കുടിച്ച്‌ മയങ്ങിക്കിടക്കുന്ന തുമ്പി മറ്റൊരു തുമ്പിയുടെ മൂളല്‍ കേട്ട്‌ ഉണരുന്നപോലെയാണ്‌. അതായത്‌ ഗുരുവില്‍നിന്ന്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ഉപദേശം കിട്ടിക്കൊണ്ടിരിക്കണം.ഗുരു പരമകാരുണികനാണ്‌, അഹൈതുക കൃപാസിന്ധുവാണ്‌. പക്ഷികള്‍ മുട്ട വിരിയുന്നതിനു ചിറകുകൊണ്ടുമൂടി അടയിരിക്കും. പക്ഷികള്‍ സ്‌പര്‍ശം കൊണ്ടു തങ്ങളുടെ മുട്ടകള്‍ വിരിയിക്കുന്ന പോലെ ഗുരു മനസുകൊണ്ടും ദൃഷ്‌ടികൊണ്ടും സ്‌പര്‍ശം (തലോടല്‍) അനുഗ്രഹിച്ചുകൊണ്ടും അനുഗ്രഹിച്ച്‌ ശിഷ്യനെ തന്നെപ്പോലെയാക്കുന്നു.ഒരു ജന്മത്തിലെ ദുരിതങ്ങള്‍ തന്നെ ഇല്ലാതാക്കുന്നതു കഷ്‌ടം. അപ്പോള്‍ പിന്നെ ജന്മാന്തരങ്ങളായി ആര്‍ജിച്ചിട്ടുള്ള ദുരിതങ്ങളും പാപങ്ങളും മാറ്റി ജീവനെ രക്ഷപ്പെടുത്തി മുക്‌തനാക്കുന്ന ഗുരുവിന്റെ ഉത്തരവാദിത്വവും മഹത്വവും ചെറുതൊന്നുമല്ല.ഉത്തമനായ ഗുരുവിന്റെ, ജ്‌ഞാനിയുടെ സംസര്‍ഗത്തിലെത്തിച്ചേരുന്ന വിശേഷമായ അവസ്‌ഥ, പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതുകൊണ്ടോ ശാസ്‌ത്രപഠനംകൊണ്ടോ മറ്റുതരത്തിലുള്ള സത്‌കര്‍മ്മങ്ങള്‍കൊണ്ടോ ലഭിക്കുന്നതല്ല.അദ്ധ്യാത്മികവിദ്യയില്‍ ഗുരുവിനുള്ള സ്‌ഥാനം ഏറെ വലുതാണ്‌. മഹാവാക്യങ്ങള്‍ ആവര്‍ത്തിച്ച്‌ മനനംചെയ്‌താലും ഗുരുവിന്റെ അനുഗ്രഹമില്ലാതെ അഹം ബ്രഹ്‌മാസ്‌മി- ഞാന്‍ ബ്രഹ്‌മമാകുന്നു-എന്ന അനുഭവം ഉണ്ടാകില്ല. കരുണാനിധിയായ ഗുരുവിന്റെ അനുഗ്രഹംകൊണ്ടേ ജ്‌ഞാനം (ഉപദേശം) അനുഭവസ്വരൂപമായിത്തീരുകയുള്ളൂ.
വേദത്തിനു ശ്രുതിയെന്നു പറയും. കേള്‍ക്കപ്പെടുന്നതെന്തോ അതാണു ശ്രുതി. യോഗശാസ്‌ത്രത്തില്‍ തന്റെ ശോത്രത്തിനും ബാഹ്യാകാശത്തിനും അഭേദമായ ഒരു സമനില ഉപദേശിക്കപ്പെട്ടിരിക്കുന്നു.
അത്‌ അനുഷ്‌ഠിക്കുമ്പോള്‍ ദിവ്യശോത്രം ലഭിക്കുന്നു. ആ ദിവ്യ ശോത്രംകൊണ്ട്‌ ആകാശത്തില്‍ സ്‌ഥിരമായിക്കിടക്കുന്ന അനാദിശബ്‌ദതരംഗങ്ങളെ അധികാരപുരുഷന്‌ അറിയാന്‍ കഴിയും. അത്തരം മന്ത്രങ്ങള്‍ക്കുള്ള അറിവ്‌ ലഭിച്ചവരാണ്‌ മഹര്‍ഷിമാര്‍. അങ്ങിനെ കേള്‍ക്കപ്പെട്ടതാണു ശ്രുതി എന്നു സംസ്‌കൃതത്തിലും എഴുതാക്കിളവി (എഴുതിവയ്‌ക്കാത്ത മുത്തശി) എന്നു തമിഴിലും അറിയപ്പെടുന്നത്‌. ഇത്തരം വേദമന്ത്രങ്ങളെ വിഭജിച്ച്‌ വരുംതലമുറയ്‌ക്കുവേണ്ടി എഴുതിച്ചിട്ടപ്പെടുത്തിയത്‌ വേദവ്യാസനാണ്‌.
അതുകൊണ്ട്‌ വേദവ്യാസന്‌ ആദിഗുരു എന്ന സ്‌ഥാനം നല്‍കി അദ്ദേഹത്തിന്റെ ജന്മദിനമായിക്കരുതുന്ന ആഷാഢമാസത്തിലെ പൗര്‍ണമി ഗുരുപൂര്‍ണിമയായി കാലങ്ങളായി ആചരിക്കുന്നു ഓരോരുത്തര്‍ക്കും അവരവരുടെ ഗുരുവിനെ പൂജിക്കാനും ആദരിക്കാനുമുള്ള അസുലഭ സുദിനംകൂടിയാണ്‌ ഗുരുപൂര്‍ണിമ.

(ആര്‍ട്‌ ഓഫ്‌ ലിവിങ്‌ മലയാളം പ്രസിദ്ധീകരണമായ ഋഷിമുഖിന്റെ ചീഫ്‌ എഡിറ്ററാണ്‌ ലേഖകന്‍)

സ്വാമി രാജേശ്വരാനന്ദ സരസ്വതി

Ads by Google
Friday 27 Jul 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW