Monday, January 21, 2019 Last Updated 16 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.50 AM

ഇമ്രാന്‍ ഖാന്‍ പാക്‌ 'ക്യാപ്‌റ്റന്‍'

uploads/news/2018/07/236578/3.jpg

പുതിയ പാകിസ്‌താന്‍ സൃഷ്‌ടിക്കുമെന്ന വാഗ്‌ദാനത്തിലൂടെയാണ്‌ ഇമ്രാന്‍ ഖാന്‍ പാക്‌ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ചത്‌. രാജ്യം ഏറെക്കാലമായി തേടുന്ന ധീരനായ, അഴിമതിരഹിതനായ നേതാവിനെയാണ്‌ ഇമ്രാന്‍ ഖാനിലൂടെ ലഭിച്ചിരിക്കുന്നതെന്ന്‌ അനുയായികള്‍ ആവേശത്തോടെ പറയുന്നു.
പാകിസ്‌താന്റെ കിഴക്കന്‍ നഗരമായ പഞ്ചാബ്‌ പ്രവിശ്യയിലെ ലാഹോറില്‍ പണവും സ്വാധീനവുമുള്ള പഷ്‌തൂണ്‍ കുടുംബത്തിലായിരുന്നു ഇമ്രാന്‍ ഖാന്റെ ജനനം. സ്‌കൂള്‍, കോളജ്‌ വിദ്യാഭ്യാസം ലാഹോറില്‍. 1975 ല്‍ ഓക്‌സ്‌ഫോഡ്‌ സര്‍വകലാശാലയില്‍നിന്ന്‌ തത്വശാസ്‌ത്രം, രാഷ്‌ട്രതന്ത്രശാസ്‌ത്രം, ധനതത്വശാസ്‌ത്രം എന്നിവയില്‍ ബിരുദം നേടി.
പാക്‌ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റനായ ഇമ്രാന്‍, 1992 ലെ ലോകകപ്പ്‌ ക്രിക്കറ്റില്‍ രാജ്യത്തെ വിജയത്തിലേക്കു നയിച്ചു. ഇതോടെ ഇമ്രാന്‍ പാകിസ്‌താന്റെ വീരനായകനായി. ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷം ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. രാജ്യത്തെ ആദ്യ സ്‌പെഷലൈസ്‌ഡ്‌ കാന്‍സര്‍ സെന്റര്‍, പഞ്ചാബിലെ മിയാന്‍വാലിയില്‍ സ്വകാര്യ ടെക്‌നിക്‌ കോളജ്‌ എന്നിവ സ്‌ഥാപിച്ചു. അര്‍ബുദം മൂലം മരിച്ച അമ്മ ഷൗക്കത്ത്‌ ഖനൂമിന്റെ പേരിലാണ്‌ കാന്‍സര്‍ സെന്റര്‍ തുടങ്ങിയത്‌.
ഉദ്യോഗസ്‌ഥവൃന്ദത്തിന്റെ അഴിമതിയില്‍ മനംമടുത്ത്‌ 1996 ല്‍ ഇമ്രാന്‍ഖാന്‍ രാഷ്‌ട്രീയത്തിലേക്കിറങ്ങി. എല്ലാവര്‍ക്കും "ഇന്‍സാഫ്‌" (നീതി) വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ പാകിസ്‌താന്‍ തെഹ്‌രിക്‌ ഇന്‍സാഫ്‌ പാര്‍ട്ടി (പി.ടി.ഐ) രൂപീകരിച്ചു. ഭരണകൂടങ്ങളുടെ സ്‌ഥിരതയില്ലായ്‌മയിലും അഴിമതിയിലും മനംമടുത്താണ്‌ രാഷ്‌ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചതെന്നു ഇമ്രാന്‍ ഖാന്‍ പലവട്ടം പൊതുവേദികളില്‍ ആവര്‍ത്തിച്ചു.
2002 ലെ പൊതുതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ മിയാന്‍വാലിയില്‍നിന്നു ജയിച്ച്‌ നാഷണല്‍ അസംബ്ലിയിലെത്തി. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി 2008 ല്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിച്ചു. 2011 ല്‍ ലാഹോറിലും കറാച്ചിയിലും നടത്തിയ റാലികളില്‍ ആയിരക്കണക്കിന്‌ അനുയായികള്‍ എത്തിയതോടെയാണു പാകിസ്‌താനിലെ മറ്റു രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ ഇമ്രാന്‍ ഖാന്റെ ശക്‌തി തിരിച്ചറിഞ്ഞത്‌.
2013 ലെ തെരഞ്ഞെടുപ്പില്‍ വടക്കുപടഞ്ഞാറന്‍ ഖൈബര്‍ പഖ്‌തൂണ്‍ഖ്വയില്‍ ജയിച്ച പി.ടി.ഐ. അഞ്ചു വര്‍ഷം പ്രവിശ്യ ഭരിച്ചു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട്‌ ആരോപിച്ച്‌ നവാസ്‌ ഷെരീഫ്‌ സര്‍ക്കാരിനെതിരേ 2014 ല്‍ നടന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയത്‌ ഇമ്രാനായിരുന്നു. നവാസ്‌ ഷെരീഫിന്റെ അയോഗ്യതയ്‌ക്കും ഇപ്പോള്‍ ജയില്‍വാസത്തിനും കാരണമായ പനാമ അഴിമതിക്കേസുകള്‍ സുപ്രീം കോടതിയിലെത്തിച്ചത്‌ ഇമ്രാന്‍ ഖാനായിരുന്നു. നവാസ്‌ ഷെരീഫിന്റെ വീഴ്‌ചയ്‌ക്കും ഇമ്രാന്‍ ഖാന്റെ ഉയര്‍ച്ചയ്‌ക്കും ചുക്കാന്‍ പിടിച്ചതു സൈന്യമാണെന്നാണു വിമര്‍ശകരുടെ ആരോപണം.

Ads by Google
Friday 27 Jul 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW