Wednesday, December 19, 2018 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 27 Jul 2018 12.49 AM

ദിലീപിനെ കല്ലെറിയുമ്പോള്‍...

uploads/news/2018/07/236577/2.jpg

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളില്‍ ഒരാളാണ്‌ നടന്‍ ദിലീപ്‌. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട്‌ എണ്‍പത്തിരണ്ട്‌ ദിവസം ജയിലില്‍ കിടന്നു. കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. ദിലീപ്‌ കുറ്റവാളിയാണെന്നു തെളിഞ്ഞാല്‍ കോടതി ശിക്ഷിക്കും. ശിക്ഷിച്ചാല്‍ അകത്തുകിടക്കും. ശിക്ഷിച്ചില്ലെങ്കില്‍ പുറത്തുകിടക്കും. പൊതുവേ ഏതൊരു കേസിന്റെയും നില.

കേരള ചരിത്രത്തില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാള്‍ക്കും നടന്‍ ദിലീപിന്റെ ഗതികേടുണ്ടായിട്ടില്ല. കേസിലെ പ്രതിയെ ശിക്ഷിക്കപ്പെട്ടവനായി പരിഹസിക്കുന്ന അവസ്‌ഥ; ജുഡീഷ്യറിക്കുപകരം, ഓരോ മലയാളിയും തന്നാലാകുംവിധം പ്രതിക്കെതിരേ വിധി നടപ്പാക്കുന്ന നില. ദിലീപ്‌ എന്നുച്ചരിച്ചാല്‍പോലും സ്‌ത്രീവിരുദ്ധത. ദിലീപ്‌ കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കട്ടെയെന്നു പ്രതികരിച്ചാല്‍, ഇതാ വേട്ടക്കാരനൊപ്പം എന്നാകും മറുപടി. നടിക്കൊപ്പമോ നടനൊപ്പമോ എന്നതു കാല്‍പ്പനികപ്രയോഗമാണ്‌. നീതിക്കും ന്യായത്തിനും ഒപ്പമാണ്‌ നില്‍ക്കേണ്ടത്‌.

നടിക്കൊപ്പം, ഇരയ്‌ക്കൊപ്പം എന്നു കണ്ണീര്‍ വീഴ്‌ത്തുന്നവര്‍, പ്രതിക്കു പരമാവധി ശിക്ഷ കിട്ടാന്‍ ആവശ്യമായ തെളിവുകള്‍ കോടതിക്കു കൈമാറുകയാണു വേണ്ടത്‌. കേസ്‌ അട്ടിമറിക്കാതിരിക്കാനുള്ള ജാഗ്രത കാണിക്കുകയാണു വേണ്ടത്‌. പ്രതിക്കു സാമൂഹികവിലക്ക്‌ കല്‍പ്പിച്ചതുകൊണ്ട്‌ പ്രയോജനമില്ല. സാമൂഹികവിലക്ക്‌ പൗരാവകാശലംഘനമാണ്‌. ദിലീപ്‌, കുറ്റക്കാരനല്ലാതിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിക്കാന്‍ അദ്ദേഹത്തിന്റെ സ്‌നേഹിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവകാശമുണ്ട്‌.

അയാള്‍ നിരപരാധിയാണെങ്കില്‍ അതു കോടതിയെ ബോധ്യപ്പെടുത്തട്ടെയെന്ന്‌ അദ്ദേഹത്തിന്റെ ഒരു സ്‌നേഹിതന്‍ അഭിപ്രായപ്പെട്ടെങ്കില്‍ അതെങ്ങനെ സ്‌ത്രീവിരുദ്ധതയാകും? ദിലീപ്‌ തന്നെ ബലാത്സംഗം ചെയ്‌തെന്നു നടി പരാതിപ്പെട്ടിട്ടില്ല. എന്നാല്‍, ബിഷപ്‌ ബലാത്സംഗം ചെയ്‌തെന്നു കന്യാസ്‌ത്രീ പരാതിപ്പെട്ടു. എന്നിട്ടും ബിഷപ്‌ പ്രതിയല്ല; അറസ്‌റ്റുമില്ല. ബിഷപ്പിനൊപ്പമോ കന്യാസ്‌ത്രീക്കൊപ്പമോ എന്ന ചര്‍ച്ചയില്ല. ബിഷപ്പിനെ പിന്തുണയ്‌ക്കുന്നവരെ മോഹന്‍ലാലിനെ ആക്ഷേപിക്കുന്നതുപോലെ ആക്ഷേപിക്കുന്നില്ല; 105 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി ഉണ്ടാകുന്നില്ല.

ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസിയുടെ ഭാര്യ വൈദികര്‍ ബലാത്സംഗം ചെയ്‌തെന്നു പരാതിപ്പെട്ടു. ഒന്നാം പ്രതി വൈദികന്‍ പരാതിക്കാരിയെ തിരിച്ചാക്ഷേപിച്ചു. അതുംപോരാഞ്ഞ്‌ തന്റെ മാതൃഇടവകയില്‍ ഞായറാഴ്‌ച ചെന്ന്‌ കുര്‍ബാന കൈപ്പറ്റി. ബലാത്സംഗകുറ്റം ആരോപിക്കപ്പെട്ടിട്ടില്ലാത്ത മൂന്നാം പ്രതി വൈദികന്‍ അറസ്‌റ്റ്‌ ചെയ്യപ്പെട്ട്‌ ജയിലില്‍കിടന്നു.

ഒന്നാംപ്രതി കുര്‍ബാന വീഞ്ഞിനുവേണ്ടി വാ തുറന്നുവയ്‌ക്കുന്നു. ഒന്നാംപ്രതിയുടെ തുറന്നവായ കണ്ടു ഭയന്ന്‌ നീതിദേവത കണ്ണടയ്‌ക്കുന്നു, ഇതെന്തുകുര്‍ബാന? ബലാംത്സംഗക്കേസിലെ ഒന്നാംപ്രതി സത്യവിശ്വാസികള്‍ക്കൊപ്പം കുര്‍ബാനയ്‌ക്കായി വായ തുറക്കുന്നു. ദിലീപ്‌ നിരപരാധിത്വം തെളിയിച്ച്‌ പുറത്തുവരട്ടെയെന്ന്‌ പ്രാര്‍ത്ഥിക്കുന്നുവെന്ന്‌ മോഹന്‍ലാല്‍ പറഞ്ഞാല്‍ അതെങ്ങനെ സ്‌ത്രീവിരുദ്ധമാകും? പ്രതിയെ പിന്തുണയ്‌ക്കലാകും? മലയാളികള്‍ എല്ലാം ഒരേ ദൈവത്തെ വിളിക്കണം എന്നുപറയുംപോലെ ബാലിശമാണ്‌ ഈ വിമര്‍ശനം. ഇങ്ങനെ പോയാല്‍ ദിലീപെന്ന പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകനും സ്‌ത്രീവിരുദ്ധന്‍, വേട്ടക്കാരനൊപ്പമുള്ളവന്‍ എന്നൊക്കെ വിമര്‍ശിക്കപ്പെടും.

അവള്‍ക്കൊപ്പമോ അവനൊപ്പമോ എന്ന ചോദ്യം വിവരദോഷമാണ്‌. സത്യത്തിനൊപ്പമോ? അസത്യത്തിനൊപ്പമോ? നീതിക്കൊപ്പമോ? നീതികേടിനൊപ്പമോ? എന്നാണ്‌ ചോദിക്കേണ്ടത്‌. കേരളത്തില്‍ നിരവധി രാഷ്ര്‌ടീയനേതാക്കള്‍ സിവില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായുണ്ട്‌. ചിലര്‍ വിചാരണ നേരിടുന്നു. മറ്റു ചിലര്‍ ജാമ്യത്തിലാണ്‌. വേറെ ചിലര്‍ കോടതി ഉത്തരവുകളുടെ പിന്‍ബലത്തില്‍ പുറത്തുനില്‍ക്കുന്നു.

ഇവര്‍ക്കാര്‍ക്കുമില്ലാത്ത സാമൂഹിക അയിത്തം ദിലീപിനുമാത്രമായി എന്തിനു പ്രഖ്യാപിക്കണം? പ്രതിയായ മന്ത്രിക്കൊപ്പമോ എം.പിക്കൊപ്പമോ എന്നാരും ചോദിക്കുന്നില്ല. പ്രതിയായ നേതാവിനൊപ്പമോ ഇരകളായ ജനങ്ങള്‍ക്കൊപ്പമോ എന്ന്‌ ഒരു ചോദ്യം ഉയരാത്തതെന്ത്‌?
തിരുവനന്തപുരത്തെ ഉരുട്ടിക്കൊലക്കേസിലെ രണ്ടു പ്രതികളായ പോലീസ്‌ ഏമാന്‍മാര്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു.

സി.ബി.ഐ. പ്രതികളാക്കിയ ഇവര്‍ പോലീസ്‌ സേനയില്‍ ശമ്പളംപറ്റി തുടരുകയായിരുന്നു. വധശിക്ഷയ്‌ക്കര്‍ഹരായ കൊലക്കേസ്‌ പ്രതികള്‍ പൊതുഖജനാവില്‍നിന്നു ശമ്പളംപറ്റി കഴിയുകയായിരുന്നു. ഇതുപോലെ ശമ്പളംപറ്റുന്ന എത്രയോ പ്രതികള്‍; പോലീസിലും ജനപ്രതിനിധികളിലും. ദിലീപെന്താ പൊതുഖജനാവില്‍നിന്ന്‌ ശമ്പളം പറ്റുന്നുണ്ടോ?

Ads by Google
Ads by Google
Loading...
TRENDING NOW