Saturday, November 17, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.48 AM

ദുരിതാശ്വാസം വേഗത്തിലാക്കണം

uploads/news/2018/07/236576/1.jpg

അടുത്തകാലത്തെങ്ങും ഉണ്ടാകാത്ത വിധം കാഠിന്യമേറിയ കാലവര്‍ഷമായിരുന്നു രണ്ടാഴ്‌ചയോളമായി കേരളത്തില്‍. തുടര്‍ച്ചയായി ദിവസങ്ങളോളം പെയ്യുന്ന മഴ കേരളത്തില്‍ ചില മലയോരങ്ങളിലേക്കു മാത്രമായി ചുരുങ്ങിയിട്ട്‌ വര്‍ഷങ്ങളായി. മറ്റു സ്‌ഥലങ്ങളിലുള്ള പുതുതലമുറയ്‌ക്ക്‌ അതു കേട്ടുകേള്‍വി മാത്രമുള്ള കാര്യമായിരുന്നു. ഈ വര്‍ഷം പക്ഷേ, സ്‌ഥിതി മാറി. കഴിഞ്ഞ മേയില്‍ ആരംഭിച്ച മഴയ്‌ക്ക്‌ ഇനിയും ശമനമായിട്ടില്ല. ഇനിയും ശേഷിക്കുന്ന കര്‍ക്കിടകം ദിവസങ്ങളില്‍ മഴയുടെ ശക്‌തി കുറയാമെന്നുമാത്രം. മഴയുടെ ആദ്യ ഘട്ടത്തില്‍ മലബാര്‍ മേഖലയിലാണു നാശനഷ്‌ടം വിതച്ചതെങ്കില്‍ രണ്ടാംഘട്ടം തെക്കന്‍ കേരളത്തിലും, പ്രത്യേകിച്ച്‌ മധ്യതിരുവിതാംകൂറിലുമായിരുന്നു വിനാശകാരിയായത്‌. തുടര്‍ച്ചയായി പെയ്‌ത മഴയില്‍ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അനേകം പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
പലയിടത്തും ദിവസങ്ങളോളം വെള്ളപ്പൊക്കം ദുരിതം വിതച്ചു. ഇന്നേ ദിവസം പോലും ഈ ദുരിതത്തില്‍നിന്നു കരകയറാത്ത സ്‌ഥലങ്ങളുണ്ട്‌. പ്രാഥമിക കൃത്യങ്ങള്‍ പോലും ചെയ്യാനാവാതെ സ്‌ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ളവര്‍ വിഷമിക്കുന്നു. അനേകം കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. കാരണം, വീടുകളിലേക്ക്‌ പോകാന്‍ പറ്റുന്ന അവസ്‌ഥയല്ല. പലരുടെയും വീടുകളിലാകട്ടെ വളരെയധികം നഷ്‌ടമുണ്ടായി. വീട്ടുപകരണങ്ങള്‍ കേടുവന്നു, സര്‍ട്ടിഫിക്കറ്റുകളും വിലപ്പെട്ട രേഖകളുമൊകെ നഷ്‌ടപ്പെട്ടു. നഷ്‌ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ വേറെ. വെള്ളപ്പൊക്കത്തില്‍ കൃഷിനശിച്ചത്‌ പല കുടുംബങ്ങള്‍ക്കും ജീവിതമാര്‍ഗം ഇല്ലാതാക്കുന്നതുമായി.
ഇനിയെന്ത്‌ എന്ന്‌ ആകുലപ്പെട്ടിരിക്കുന്ന ജനങ്ങള്‍ക്ക്‌ ആശ്വാസമേകാന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ വേഗത്തിലുള്ള നടപടിയെടുക്കണം. ആകെ നിരാശരായിരിക്കുമ്പോള്‍ കിട്ടുന്നതൊന്നും മതിയാവില്ല എന്ന അവസ്‌ഥയിലായിരിക്കും ജനങ്ങള്‍. അങ്ങനെയുള്ളവരെ പരമാവധി സമാധാനിപ്പിച്ചും തൃപ്‌തരാക്കിയും നിര്‍ത്തുക എന്നത്‌ പ്രാധാന്യമുള്ള കാര്യമാണ്‌. കാലവര്‍ഷക്കെടുതി സംബന്ധിച്ച പൂര്‍ണമായ റിപ്പോര്‍ട്ട്‌ കിട്ടിയിട്ട്‌ നടപടിയെടുക്കാം എന്ന നിലപാടാണ്‌ കേരള മന്ത്രിസഭ കൈക്കൊണ്ടിരിക്കുന്നത്‌. ഇതു ജനങ്ങളില്‍ സംശയവും എതിര്‍പ്പും ഉണ്ടാക്കിയേക്കാം. ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിതമായി പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്‌. ഇതിന്റെ ചുവടുപിടിച്ചുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ വേണ്ടത്‌. തകര്‍ന്ന റോഡുകള്‍ സഞ്ചാര യോഗ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുകയും വേണം.
കേരളത്തില്‍ നിന്ന്‌ സര്‍വകക്ഷി സംഘം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടതിന്റെ പിറ്റേന്നു തന്നെ കേന്ദ്രമന്തി കിരണ്‍ റിജിജു പ്രളയദുരിതം കാണാന്‍ ഇവിടെയെത്തിയിരുന്നു. പ്രളയത്തിന്റെ കാഠിന്യം അദ്ദേഹത്തിനു മനസ്സിലായിട്ടുണ്ടാവണം. ക്യാമ്പുകളില്‍നിന്ന്‌ അദ്ദേഹം ദുരിതബാധിതരുടെ സങ്കടങ്ങള്‍ കേട്ടിരുന്നു. കേന്ദ്രസംഘം ഉടന്‍ എത്തുമെന്നാണു മന്ത്രി ബുധനാഴ്‌ച ലോക്‌സഭയില്‍ പറഞ്ഞത്‌. അവരുടെ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും കേന്ദ്ര സഹായം കിട്ടുന്നതെന്നതിനാല്‍ സന്ദര്‍ശനം വൈകാതിരിക്കുക എന്നത്‌ പ്രധാനമാണ്‌.

Ads by Google
Friday 27 Jul 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW