Tuesday, November 20, 2018 Last Updated 28 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.32 AM

അധികാരമേറും മുമ്പേ മനസുതുറന്ന്‌ ഇമ്രാന്‍ സൗഹൃദഹസ്‌തം, കശ്‌മീരില്‍ കണ്ണ്‌

uploads/news/2018/07/236524/4.jpg

ഇസ്ലാമാബാദ്‌: ഡല്‍ഹിയിലേക്കു സൗഹൃദത്തിന്റെയും സംഭാഷണത്തിന്റെയും സന്ദേശം നല്‍കുമ്പോഴും പാകിസ്‌താന്റെ കണ്ണ്‌ കശ്‌മീരില്‍ത്തന്നെ. പാകിസ്‌താന്റെ പ്രധാനമന്ത്രിപദത്തിന്‌ അരികെയെത്തിയ ഇമ്രാന്‍ ഖാനും വ്യത്യസ്‌തനായില്ല.
ഇന്ത്യയുമായുള്ള സൗഹൃദമാണ്‌ ആഗ്രഹിക്കുന്നതെന്നും കശ്‌മീരടക്കം എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയാറാണെന്നും പറഞ്ഞതിനൊപ്പം കശ്‌മീരില്‍ ഇന്ത്യ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണെന്ന്‌ ഇമ്രാന്‍ ആരോപിച്ചു. കശ്‌മീരിലെ പ്രശ്‌നത്തിന്‌ സൈനിക ഇടപെടലല്ല പരിഹാരമാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ പാകിസ്‌താന്‍ തെഹ്‌രികെ ഇന്‍സാഫ്‌ (പി.ടി.ഐ) ഏറ്റവും വലിയ കക്ഷിയാകുമെന്ന്‌ ഉറപ്പിച്ചതിനു പിന്നാലെയാണ്‌ ഇമ്രാന്‍ "യു.എസ്‌. പ്രസിഡന്റ്‌ ശൈലിയില്‍" രാജ്യത്തോടായി സംസാരിച്ചത്‌. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയിട്ടില്ലെങ്കിലും വിദേശബന്ധങ്ങള്‍ വരെ അദ്ദേഹം വിഷയമാക്കി.
ബന്ധം മെച്ചപ്പെടുത്തുന്നതിലേക്ക്‌ ഇന്ത്യ ഒരു ചുവട്‌ മുന്നോട്ടുവച്ചാല്‍ ഞങ്ങള്‍ രണ്ടു ചുവട്‌ മുന്നോട്ടുവയ്‌്ക്കാന്‍ തയാറാണ്‌. ക്രിക്കറ്റ്‌ താരമായിരുന്ന കാലത്ത്‌ ഇന്ത്യക്കാരെ അടുത്തറിഞ്ഞിട്ടുണ്ട്‌. ഇരുരാജ്യങ്ങളും യോജിച്ച്‌ പ്രവര്‍ത്തിച്ചാല്‍ തെക്കുകിഴക്കനേഷ്യയിലെ ദാരിദ്ര്യപ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാം. രണ്ടു രാജ്യങ്ങളിലെയും നേതാക്കള്‍ ഒരു മേശയ്‌ക്കു ചുറ്റുമിരുന്നു ചര്‍ച്ച ചെയ്‌ത്‌ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ ജനവാസ മേഖലകളിലെ സൈനികസാന്നിധ്യം മനുഷ്യാവകാശങ്ങളുടെ ലംഘനത്തിലേ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരേയും ഇമ്രാന്‍ ഖാന്‍ ആഞ്ഞടിച്ചു. തന്നെ ബോളിവുഡ്‌ വില്ലനായാണ്‌ അവര്‍ ചിത്രീകരിച്ചത്‌. അമേരിക്ക, ഇറാന്‍, സൗദി അറേബ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി സന്തുലിതമായ ബന്ധമാണ്‌ ആഗ്രഹിക്കുന്നത്‌. ചൈനയുമായുള്ള ബന്ധം ശക്‌തിപ്പെടുത്തും. അഴിമതി തുടച്ചുനീക്കിയ ചൈനയില്‍നിന്ന്‌ പാകിസ്‌താന്‌ ഏറെ പഠിക്കാനുണ്ട്‌. പ്രവാചകന്റെ മദീനയ്‌ക്കു സമാനമായ ക്ഷേമരാഷ്‌ട്രം കെട്ടിപ്പെടുക്കാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇമ്രാന്‍ ഖാനു പിന്നില്‍ പാക്‌ സൈന്യമാണെന്നും ഇന്ത്യയുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം പ്രധാനമന്ത്രിയായാലും പാക്‌ സൈന്യത്തിന്‌ ഇന്ത്യയോടുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ജമ്മു കശ്‌മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ അവര്‍ പിന്തുണ തുടരുമെന്നും മുന്‍നയതന്ത്ര ഉദ്യോഗസ്‌ഥന്‍ ജി. പാര്‍ഥസാരഥി ചൂണ്ടിക്കാട്ടി. ഇമ്രാന്റെ കീഴിലും പാകിസ്‌താന്റെ ഇന്ത്യന്‍ നയത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്ന്‌ കേന്ദ്രമന്ത്രി ആര്‍.കെ. സിങ്‌ പ്രതികരിച്ചു.

Ads by Google
Friday 27 Jul 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW