Tuesday, August 14, 2018 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.32 AM

ഇമ്രാന്‍ ഖാന്‍ കൊടുങ്കാറ്റില്‍ അതികായര്‍ 'ക്ലീന്‍ബൗള്‍ഡ്‌ '

uploads/news/2018/07/236521/1.jpg

ഇസ്ലാമാബാദ്‌: പാകിസ്‌താന്‍ പൊതുതെരഞ്ഞെടുപ്പിലെ ഇമ്രാന്‍ ഖാന്‍ തരംഗത്തില്‍ അടിപതറിയ അതികായരില്‍ മുന്‍പ്രധാനമന്ത്രി ഷാഹിദ്‌ കാഖാന്‍ അബ്ബാസി, അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്‌താന്‍ മുസ്ലിം ലീഗ്‌(നവാസ്‌) പ്രസിഡന്റ്‌ ഷഹ്‌ബാസ്‌ ഷെരീഫ്‌, തീവ്രവലതുപക്ഷ പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമി മേധാവി സിറാജുല്‍ ഹഖ്‌ എന്നിവരും. തെഹ്‌രീക്‌-ഇ-ഇന്‍സാഫ്‌ (പി.ടി.ഐ) നേതാവും പാക്‌ ക്രിക്കറ്റ്‌ ടീം മുന്‍നായകനുമായ ഇമ്രാന്‍ ഖാന്‍ മത്സരിച്ച അഞ്ചു സീറ്റിലും മേധാവിത്വം പുലര്‍ത്തി.
അഴിമതിക്കേസില്‍ തടവുശിക്ഷയനുഭവിക്കുന്ന മുന്‍പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ സഹോദരനാണു ഷഹ്‌ബാസ്‌ ഷെരീഫ്‌. പാനമ പേപ്പര്‍ അഴിമതിക്കേസില്‍ നവാസിനെ സുപ്രീം കോടതി അയോഗ്യനാക്കിയതിനേത്തുടര്‍ന്ന്‌ പ്രധാനമന്ത്രിയായ അബ്ബാസി ജന്മനാടായ റാവല്‍പിണ്ടിയിലെ നാഷണല്‍ അസംബ്ലി (എന്‍.എ)-57 മണ്ഡലത്തില്‍നിന്നും ഇസ്ലാമാബാദിലെ എന്‍.എ-53 മണ്ഡലത്തില്‍നിന്നുമാണു ജനവിധി തേടിയത്‌. രണ്ടിടത്തും അദ്ദേഹം തോറ്റതായാണ്‌ അനൗദ്യോഗികഫലം. അബ്ബാസിയുടെ പിതാവ്‌ 1985-ലും തുടര്‍ന്ന്‌ അബ്ബാസി 1990, 93, 97, 2008, 2013 വര്‍ഷങ്ങളിലും ജയിച്ച (എന്‍.എ)-57 മണ്ഡലം പാകിസ്‌താന്‍ മുസ്ലിം ലീഗി(എന്‍)ന്റെ ഉരുക്കുകോട്ടയാണെന്നതു തോല്‍വിയുടെ ആഘാതം ഇരട്ടിയാക്കി. പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി (പി.പി.പി) അധ്യക്ഷനും മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി മത്സരിച്ച രണ്ടു സീറ്റുകളില്‍ ഒരിടത്തു ജയിച്ചു.
പരാജയപ്പെട്ട മറ്റു പ്രമുഖരില്‍ മുത്താഹിദ മജ്‌ലിസ്‌-ഇ-അമാല്‍ പ്രസിഡന്റ്‌ മൗലാന ഫസ്‌ലുര്‍, പഞ്ചാബ്‌ പ്രവിശ്യയിലെ മുന്‍നിയമമന്ത്രിയും നവാസ്‌ ഷെരീഫിന്റെ വിശ്വസ്‌തനുമായ റാണാ സനാവുള്ള, പി.എം.എല്‍. (എന്‍) നേതാവും മുന്‍ആഭ്യന്തരമന്ത്രിയുമായ ചൗധരി നിസാര്‍ അലി ഖാന്‍ എന്നിവരും ഉള്‍പ്പെടുന്നു. സനാവുള്ള മത്സരിച്ച ഫൈസലാബാദ്‌ പി.എം.എല്‍. (എന്‍) ശക്‌തികേന്ദ്രമാണ്‌. ഇവിടെ പി.ടി.ഐ. സ്‌ഥാനാര്‍ഥിക്കാണു വിജയം. പി.എം.എലി(എന്‍)ന്റെ കരുത്തനായ നേതാവ്‌ ഖ്വാജ സാദ്‌ റഫീഖിനെ ലഹോറില്‍ മലര്‍ത്തിയടിച്ചതു സാക്ഷാല്‍ ഇമ്രാന്‍ ഖാനാണ്‌. സിന്ധ്‌ മുന്‍മുഖ്യമന്ത്രി അര്‍ബാബ്‌ റഹിമും (ഒമര്‍കോട്ട്‌) മഹാത്മാ ഗാന്ധിയുടെ ഉറ്റസുഹൃത്ത്‌ കൂടിയായിരുന്ന ഖാന്‍ അബ്‌ദുള്‍ ഘഫാര്‍ ഖാന്റെ കൊച്ചുമകന്‍ അസ്‌ഫന്‍ദ്യാര്‍ വാലി ഖാനും (എന്‍.എ-24) പി.പി.പി. സ്‌ഥാനാര്‍ഥികളോടു പരാജയപ്പെട്ടു.

Ads by Google
Friday 27 Jul 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW