Tuesday, May 21, 2019 Last Updated 19 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 04.11 PM

വിട്ടൊഴിയാതെ മാനസിക പിരിമുറുക്കം

''ജീവിതം ആസ്വദിക്കേണ്ട കാലമാണ് യൗവനം. എന്നാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നത് യുവാക്കളാണ്. എന്തുകൊണ്ടാണ് ഇവര്‍ ചെറുപ്രായത്തില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് അടിമകളാകുന്നത്?''
uploads/news/2018/07/236427/mentaltenstion260718.jpg

ഉത്തരം അറിയാമായിരുന്നിട്ടും അതു പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാതെ ലീന ഇന്റര്‍വ്യൂബോര്‍ഡിനു മുമ്പില്‍ ഇരുന്നു. ആധി നിറഞ്ഞ മനസുമായി. എന്തെന്നറിയാത്ത ഒരു ടെന്‍ഷന്‍ ഒരു ആത്മവിശ്വാസക്കുറവ്.

സ്വന്തമായി നിലപാടുകള്‍ എടുക്കേണ്ടി വരുമ്പോള്‍ നമ്മുടെ ചെറുപ്പക്കാര്‍ പതറിപ്പോകുന്നുവോ? യുവത്വത്തിന്റെ ഈ ആത്മവിശ്വാസക്കുറവിന് പല കാരണങ്ങളുണ്ട്. ഇന്ന് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കാണ് തിരക്ക്.

ജീവിതം ഒന്ന് ആസ്വദിക്കാന്‍പോലും കഴിതാത്തത്ര തിരക്ക്. മറ്റുള്ളവരെ കാണുമ്പോള്‍ ചിരിക്കാന്‍പോലും കഴിയാത്ത വിധം തിരക്കുകളുടെ ലോകം സ്വയം സൃഷ്ടിച്ചെടുക്കയാണ് പലരും. മൊബൈല്‍ ഫോണില്‍ പറഞ്ഞു തീര്‍ക്കുന്ന വീട്ടുകാര്യങ്ങള്‍. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ചെലവഴിക്കാന്‍ സമയം തികയുന്നില്ലെന്ന പരാതി.

യുവത്വത്തിന്റെ ഊര്‍ജ്ജസ്വലമായ സമയത്ത് ആധി പിടിച്ച് പരക്കം പാഞ്ഞിട്ട് വാര്‍ധക്യത്തില്‍ നഷ്ടപ്പെടുത്തിക്കളഞ്ഞ ദിവസങ്ങളുടെ വിലയോര്‍ത്തിട്ട് എന്തുപ്രയോജനം. സമ്പന്നതയ്ക്കും പ്രശസ്തിക്കും നടുവില്‍ നില്‍ക്കുന്നവര്‍ക്കുപോലും ജീവിതത്തില്‍ എന്തോ ഒരു നഷ്ടബോധം തോന്നുന്നത് അതുകൊണ്ടാണ്.

മോഡേണ്‍ ജീവിതശൈലിയുടെ ഭാഗമാണെന്ന പഴിചാരലുകള്‍ക്കപ്പുറം നിന്ന് ചിന്തിച്ചു നോക്കൂ. മനുഷ്യന്റെ ആര്‍ത്തിയോളമെത്തിയ ആഗ്രഹങ്ങളല്ലേ ഇതിനെല്ലാം കാരണം. ആഗ്രഹിച്ചതെല്ലാം വാങ്ങി കൂട്ടാനുള്ള ഷോപ്പിംഗ് ഭ്രമം. അതിന് പണം വേണം. അത് സമ്പാദിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ജീവിതത്തില്‍ തിരക്കൊഴിഞ്ഞ നേരം ഇല്ലാതായി.

സമയം തികയുന്നില്ല


ജീവിതത്തിന്റെ ഗതിവേഗം മാറിയപ്പോള്‍ ബന്ധങ്ങളിലെ സ്‌നേഹവും ആദരവും നഷ്ടപ്പെട്ടു. സന്തോഷവും സങ്കടവും ഒരുപോലെ പങ്കുവയ്ക്കപ്പെടുന്ന ഇടമാണ് വീട്. എന്നാല്‍ കൂട്ടുകുടുംബങ്ങള്‍ മാറി അണുകുടുംബങ്ങളായി മാറിയതോടെ പങ്കുവയ്ക്കലുകള്‍ ഇല്ലാതായി. ഒന്നിനും സമയം തികയുന്നില്ലെന്ന പതിവു പല്ലവിതന്നെയാണ് ഇവിടെയും കാരണം. ഒരു ഓഫീസില്‍ മാത്രം കുത്തിയിരുന്നു ചെയ്യുന്ന ജോലി യുവതലമുറയ്ക്ക് അത്ര സ്വീകാര്യമല്ല.

മത്സരബുദ്ധിയോടെ മുന്നേറാനാണ് അവര്‍ക്ക് താല്പര്യം. ഒരുസമയം പല കാര്യങ്ങള്‍ ചെയ്യാനും ഒന്നിലധികം സ്ഥലങ്ങളില്‍ ഓടിയെത്താനും വെമ്പുന്ന ചെറുപ്പക്കാര്‍. ഇതിനിടയില്‍ വീണുകിട്ടുന്ന ഇടനേരങ്ങള്‍ കംപ്യൂട്ടര്‍, മൊബൈല്‍ഫോണ്‍, ടെലിവിഷന്‍ തുടങ്ങിയവയിലേക്ക് ഒതുങ്ങി വീട്ടിനുള്ളില്‍തന്നെ സ്വകാര്യ ലോകങ്ങള്‍ തീര്‍ക്കുന്നു.

കുടുംബത്തിലുള്ളവര്‍ക്കു പരസ്പരം സംസാരിക്കാന്‍ സമയം കിട്ടാഞ്ഞിട്ടല്ല സ്‌നേഹം മനസിലുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ അച്ഛനും അമ്മയ്ക്കും മക്കള്‍ക്കും കഴിയാതെ പോകുന്നുവെന്ന സങ്കടകരമായ അവസ്ഥ. ഇത് നമ്മുടെ കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയേക്കാം. ഇത് മറികടക്കാന്‍ കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകതന്നെ വേണം. മാനസികസമ്മര്‍ദങ്ങളും, പിരിമുറുക്കവും നിറഞ്ഞ മലയാളിയുടെ പുത്തന്‍ ജീവിത ചുറ്റുപാടില്‍ ഏറെ ആശ്വാസകരമായിരിക്കും.

മോഹവലയം


മോഹങ്ങളുടെ ഒരു വലിയ ചാക്ക് തലയില്‍ ചുവന്നുകൊണ്ടാണ് യുവാക്കള്‍ ജോലിയ്ക്കു കയറുന്നതുതന്നെ. ഒന്നുംകൊണ്ടും തൃപ്തിപ്പെടാന്‍ തയാറല്ലാത്ത ഇവരെ പരമാവധി ചൂഷണം ചെയ്തു വലിച്ചെറിയുക എന്നതാണ് പല കമ്പനികളും ചെയ്യുന്നത്. യുവത്വത്തിന്റെ ചുറുചുറുക്കും ഉത്സാഹവും നഷ്ടപ്പെടുന്നതോടെ ജോലിയില്‍നിന്നും പിരിഞ്ഞു പോകേണ്ട അവസ്ഥ.

നാലുപേര്‍ക്കുമുമ്പില്‍ ആളാകാന്‍ വരുമാനത്തിലധികം ചെലവാക്കി വാങ്ങിക്കൂട്ടുന്ന ആര്‍ഭാടവസ്തുക്കള്‍. പൊങ്ങച്ച സംസ്‌കാരത്തിന്റെ ഇരകളായി മലയാളി യുവത്വം മാറിക്കഴിഞ്ഞെന്നതിനുള്ള തെളിവാണിത്. കൈയിലുള്ള പണം തീര്‍ന്നാല്‍ കടം വാങ്ങിയാണ് ധൂര്‍ത്ത്.

uploads/news/2018/07/236427/mentaltenstion260718a.jpg

സ്വയം വരുത്തിവയ്ക്കുന്ന കടക്കെണിയില്‍നിന്ന് പുറത്തു ചാടാനുള്ള നെട്ടോട്ടമാണ് പിന്നെ. തരക്കേടില്ലാതെ ശമ്പളം വാങ്ങുന്നവര്‍പോലും മാസം പകുതിയെത്തുമ്പോള്‍ ഒഴിഞ്ഞ കീശയുമായി അടുത്ത ശമ്പളത്തിനായി കാത്തിരിക്കുന്നു. അതിനിടയില്‍ കൊള്ളപ്പലിശക്കാരന്റെ വലയിലും ഇവര്‍ചെന്നു പെട്ടേക്കാം.

പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോഴുള്ള ടെന്‍ഷനും മാനക്കേടും പലപ്പോഴും വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കുവരെ ചെറുപ്പക്കാരെകൊണ്ടെത്തിച്ചേക്കാം. ജീവിതത്തിലേക്ക് ഇങ്ങനെ വലിച്ചടിപ്പിക്കുന്ന ആധികളെക്കാള്‍ വരവറിഞ്ഞു ചെലവഴിക്കണമെന്ന മുതിര്‍ന്ന തലമുറയുടെ ഉപദേശത്തിനു ചെവികൊടുക്കുന്നതല്ലേ നല്ലത്.

കുട്ടിക്കളിയില്‍ നിന്നു ഉത്തരവാദിത്വങ്ങളിലേക്ക്


കുട്ടിക്കളിമാറി ഉത്തരവാദിത്വങ്ങള്‍ സ്വന്തം തലയില്‍ വരുന്നതോടെയാണ് പിരിമുറുക്കങ്ങളുടെ ആരംഭം. സ്‌കൂളിലും കോളജിലും അടിച്ചുപൊളിക്കുന്നതുമാത്രമല്ല ജീവിതമെന്നുള്ള തിരിച്ചറിവാണ് സ്‌ട്രെസിലേക്കു നയിക്കുന്നത്. കുട്ടികളെ വളര്‍ത്തുന്ന ശൈലിയില്‍ വന്ന മാറ്റങ്ങളല്ലേ സമ്മര്‍ദങ്ങളില്‍ അവര്‍ തകര്‍ന്നു പോകുന്നതിനു കാരണം.

ഒരിക്കലും ഒരു മാതാപിതാക്കളും തങ്ങളുടെ മക്കളെ മോശക്കാരായല്ല വളര്‍ത്തുന്നത്. പിന്നെയോ ജീവിത യാഥാര്‍ഥ്യങ്ങളില്‍നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തി അമിതസംരക്ഷണത്തിലാണ് പലകുട്ടികളേയും വളര്‍ത്തുന്നത്. കുട്ടികളുടെ സ്വന്തമായ അഭിപ്രായങ്ങളേക്കാള്‍ മാതാപിതാക്കളുടെ സ്വപ്നങ്ങളുടെ ചട്ടക്കൂടില്‍ അവരെ വളര്‍ത്തിയെടുക്കുന്നു.

ചോദിക്കുന്നതെല്ലാം ഇല്ലാത്ത പണം ഉണ്ടാക്കി വാങ്ങിക്കൊടുത്തും അമിത സ്‌നേഹപ്രകടനങ്ങളിലൂടെയും അവരെ വളര്‍ത്തിയെടുക്കുമ്പോള്‍ ജീവിതത്തെ നേരിടാനുള്ള പക്വത കുട്ടികള്‍ക്കില്ലാതെ വരുന്നു. പുസ്തകത്തില്‍നിന്നു കാണാതെ പഠിച്ചും കളിക്കാന്‍പോലും പുറത്തുവിടാതെ മുറിക്കുള്ളില്‍ അടച്ചിട്ടു വളര്‍ത്തുന്ന രീതി മാറണം. ജീവിതത്തിന്റെ കയ്പും മധുരവും അറിഞ്ഞ് അവര്‍ വളരട്ടെ. ജീവിതത്തെ നേരിടാനുള്ള അനുഭവമാണ് പ്രതിസന്ധികളില്‍ അവര്‍ക്കു തുണയാകുക.

ബന്ധങ്ങള്‍ ബന്ധനങ്ങള്‍


മലയാളി യുവത്വത്തിന്റെ മനസമാധാനം തകര്‍ക്കുന്ന പ്രധാന വില്ലനായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു. മൊബൈല്‍ഫോണ്‍ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ആര്‍ക്കും സങ്കല്പിക്കാന്‍പോലും കഴിയില്ല. അത്രയ്ക്ക് യുവതലമുറയുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു ഈ ഉപകരണം.

മൊബൈലിന്റെ ഗുണങ്ങളേക്കാള്‍ ദുരുപയോഗം കൊണ്ടുള്ള പ്രശ്‌നങ്ങളാണ് കൂടുതല്‍. വഴിതെറ്റിക്കുന്ന ബന്ധങ്ങള്‍, ഒരു മിസ്‌കോളിനപ്പുറം പതുങ്ങിയിരിക്കുന്ന അപകടകരമായ സൗഹൃദങ്ങള്‍, റോഡപകടങ്ങള്‍, ലൈംഗിക ദുരുപയോഗങ്ങള്‍ തുടങ്ങി മൊബൈല്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നീണ്ടുപോകുന്നു.

പ്രത്യേകിച്ച് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള മൊബൈലിലെ സൗകര്യം. ഒരു മെസേജ് അയച്ചു കഴിഞ്ഞാല്‍ മറുപടി വരുന്നതുവരെ മനസില്‍ നിറയുന്ന ഉത്കണ്ഠ. പ്രത്യേകിച്ച് പ്രണയിനികളാണെങ്കില്‍ മറുപടി വരുന്നതുവരെയുള്ള ഇടവേളയില്‍ മനസിന് അനുഭവപ്പെടുന്ന പിരിമുറുക്കം.

നിത്യജീവിതത്തില്‍ ചിട്ടയോടെ ചെയ്തിരുന്ന പല പ്രവര്‍ത്തികളും തകിടം മറിക്കുന്നതിനും അമിത മൊബൈല്‍ ഉപയോഗം കാരണമാകാം. സമയം കൂടുതല്‍ അപഹരിക്കപ്പെടുമ്പോള്‍ ചെയ്തുതീര്‍ക്കേണ്ട പല ജോലികളും സമയത്തിനു തീര്‍ക്കാന്‍ കഴിയാതെവരികയും സമ്മര്‍ദങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യാം.

എല്ലാ വിവരങ്ങളും ഒരു വിരല്‍ തുമ്പില്‍ ഒരു വിളിപ്പുറത്തിനകലത്തു നില്‍ക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ശത്രുവല്ല. പക്ഷേ അത് എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്.

മാറുന്ന ജീവിത രീതികള്‍


നഗരവത്ക്കരണത്തിന്റെ തിരക്കുകള്‍ക്കൊപ്പം നീങ്ങുമ്പോള്‍ മാനസികമായി മാത്രമല്ല ശാരീരികമായും യുവത്വം തളര്‍ന്നു പോയേക്കാം. ഭക്ഷണം കഴിക്കാന്‍പോലും സമയമില്ലാതെ തിരക്കുകള്‍ക്കൊപ്പം പരക്കം പായുമ്പോള്‍ അള്‍സര്‍, ഗ്യാസ്ട്രബിള്‍ തുടങ്ങി നിരവധി രോഗങ്ങള്‍ക്കും അടിമപ്പെടുന്നു. വിഷമങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്നത്രെ അടുപ്പമുള്ള സുഹൃത്ത് ബന്ധങ്ങളും പുതുതലമുറയില്‍ കുറവാണ്.

മനസ് അസ്വസ്ഥമാകുമ്പോള്‍ അത് ആരോടെങ്കിലും തുറന്നു പറയുന്നത് ഏറെ ആശ്വാസകരമാണ്. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അത് മനസിലാക്കാനുമുള്ള മനസ് നഷ്ടപ്പെട്ടുപോയ ഒരു തലമുറയ്ക്ക് ചങ്ങാത്തത്തിന്റെ വില തിരിച്ചറിയപ്പെടാന്‍ കഴിഞ്ഞെന്നു വരില്ല.

വിഷാദരോഗങ്ങള്‍ക്ക് അടിമപ്പെട്ട് മാനസികരോഗവിദഗ്ധരുടെ അടുത്തേക്ക് ഓടുന്നതിലും എത്രയോ നല്ലതാണ് മനസമാധാനം കാത്തുസൂക്ഷിക്കുന്നത്. ജീവിതമൂല്യങ്ങള്‍ മുറുകെ പിടിച്ച് പങ്കുവയ്ക്കലുകളില്‍ സന്തോഷം കണ്ടെത്തുന്നതല്ലേ മാറുന്ന ജീവിതശൈലിയെ കുറ്റപ്പെടുത്തുന്നതിലും നല്ലത്.

uploads/news/2018/07/236427/mentaltenstion260718b.jpg

ടെന്‍ഷന്‍ കുറയ്ക്കാന്‍


ഇന്നത്തെ ഏതൊരു ചെറുപ്പക്കാരനോടു സംസാരിച്ചാലും സ്‌ട്രെസ്, ടെന്‍ഷന്‍ സ്ഥിരം കേള്‍ക്കുന്ന വാക്കുകളാണിവ. ഇവ ജീവിതത്തില്‍നിന്നു അടര്‍ത്തി മാറ്റാനാവില്ല. കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിന് അല്പം ടെന്‍ഷന്‍ നല്ലതാണ്. എന്നാല്‍ അത് അധികമാകുമ്പോഴാണ് പ്രശ്‌നം. അല്പമൊന്നു മനസുവച്ചാല്‍ ആര്‍ക്കും ടെന്‍ഷന്‍ കുറച്ചു നിര്‍ത്താം. അതിന് ടെന്‍ഷന്‍ ബാലന്‍സ് ചെയ്തു നിര്‍ത്താനുള്ള കഴിവാണ് വേണ്ടത്.

നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടില്‍നിന്നും ഒരു ആവശ്യം ഉണ്ടാകുമ്പോള്‍ അതിനെ തരണം ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ പിരിമുറുക്കം തോന്നി തുടങ്ങും. ആരംഭത്തിലുള്ള ഈ ചെറിയ ടെന്‍ഷന്‍ കാര്യങ്ങള്‍ സൂക്ഷ്മമായി പഠിക്കാനും സ്വന്തം കഴിവിനെ ഉപയോഗപ്പെടുത്താനുമുള്ള ശാരീരികവും മാനസികവുമായ തയാറെടുപ്പ് മാത്രമാണ്. മൂന്ന് രീതിയില്‍ സ്‌ട്രെസ് തരണം ചെയ്യാവുന്നതാണ്.

1. പൊരുത്തപ്പെടുക :


നമുക്ക് ലഭ്യമായ സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി അതിനോട് കൃത്യമായി പ്രതികരിക്കുന്നു. അല്ലെങ്കില്‍ കുറവുകള്‍ മനസിലാക്കി അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്നു. ഉദാഹരണമായി പരീക്ഷ അടുക്കുമ്പോള്‍ ഉത്സാഹത്തോടെ പഠിക്കുക.

2. പ്രതിരോധിക്കുക :


സ്വന്തം ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള സാധ്യത അപ്രാപ്യമാണെന്നുകണ്ടു പരമാവധി ഒഴിഞ്ഞുമാറുക. ഉദാഹരണമായി പരീക്ഷ അടുക്കുമ്പോള്‍ ഇത്തവണ ഇനി സമയമില്ല അടുത്ത തവണ നേരത്തെ പഠിച്ചു തുടങ്ങാമെന്ന ചിന്ത.

3. നിസഹായനാവുക :


ചുറ്റുപാടുകളുടെ വെല്ലുവിളികള്‍ക്കുമുമ്പില്‍ രോഗാവസ്ഥയുടെ അനുകമ്പ നേടിയെടുക്കുക. ഉദാഹരണമായി പരീക്ഷാ ദിവസം തലവേദന, ഛര്‍ദ്ദി മുതലായവ ഉള്ളതായി അഭിനയിക്കുക.

ടെന്‍ഷന്‍ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ചിലരില്‍ ഇതിന്റെ അളവ് കൂടുതലായിരിക്കും. ജീവിതത്തെ ഉത്സാഹത്തോടെ മുന്നോട്ടുകൊണ്ടു പോകണമെങ്കില്‍ അല്പം ടെന്‍ഷനൊക്കെ വേണം. എന്നാല്‍ അത് അതിരുവിടുന്നതാണ് പ്രശ്‌നം. 'എന്തൊരു ടെന്‍ഷന്‍ സഹിക്കാന്‍ വയ്യേയെന്നു' വിലപിക്കുന്നവര്‍ക്ക് ആധി കുറയ്ക്കാന്‍ ചില നിര്‍ദേശങ്ങള്‍.

1. ടെന്‍ഷന്‍ സര്‍വവ്യാപിയാണ്. ജീവിതത്തില്‍ എല്ലാവരെയും ഇത് പിടികൂടാം. ചെറിയ തോതിലുള്ള ടെന്‍ഷന്‍ കാര്യങ്ങള്‍ വ്യക്തമായും കൃത്യമായും ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് സ്വയം മനസിലാക്കുക.
2. ദിവസവും കുറച്ചു സമയം ശാന്തമായൊരിടത്ത് സ്വസ്ഥമായി ഇരുന്ന് മെഡിറ്റേഷന്‍ ചെയ്യുന്നത് ആധി കുറയ്ക്കാന്‍ സഹായിക്കും.

3. ടെന്‍ഷന്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വ്യായാമം. ശരീരവും മനസും ഒരുപോലെ ആരോഗ്യകരമാക്കാന്‍ യോഗയിലൂടെ കഴിയും.
4. ജോലിത്തിരക്കുകളില്‍നിന്ന് അകന്ന് സ്വസ്ഥമായ യാത്ര പോകുന്നത് എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതാക്കാന്‍ നല്ലതാണ്.

5. ജീവിതത്തോടുള്ള പോസിറ്റീവായ സമീപനമാണ് ടെന്‍ഷന്‍ മറികടക്കാനുള്ള മറ്റൊരു മാര്‍ഗം. നല്ല പുസ്തകങ്ങള്‍ വായിക്കുന്നതും ജീവിതത്തില്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുള്ള സന്തോഷകരമായ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതും ടെന്‍ഷന്‍ മറികടക്കാന്‍ സഹായിക്കും.

കടപ്പാട്:
സോണി തോമസ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, പാല

Ads by Google
Ads by Google
Loading...
TRENDING NOW