Wednesday, June 12, 2019 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 03.35 PM

നൊമ്പരമായി ആ അവധിക്കാലം

''ചിരിയും കളിയുമായി അവധിക്കാലം കൂടാന്‍ പോയ പൗലമി പട്ടേല്‍ തിരിച്ചു വീട്ടിലേക്കെത്തിയത് നഷ്ടപ്പെട്ട വലംകൈയുമായിട്ടാണ്. വേദനകള്‍ക്കിടയിലൂടെ പറന്നു യര്‍ന്ന ആ ഫിനിക്‌സ് പക്ഷിയെക്കുറിച്ച്...''
uploads/news/2018/07/236421/PaulamiPatel260718.jpg

എനിക്ക് 28 വയസ്സ്. 12 വയസ്സില്‍ എനിക്കെന്റെ വലം കൈ നഷ്ടപ്പെട്ടു, അന്‍പതിലധികം ഓപ്പറേഷനുകള്‍ ചെയ്തു, ശരീരം മുഴുവന്‍ പൊള്ളലിന്റെ പാടുകളുണ്ട്... പക്ഷേ എങ്കിലും ഞാന്‍ സന്തുഷ്ടയാണ്. ഞാനെന്റെ ജീവിതം പൂര്‍ണ്ണമായും ആസ്വദിക്കുന്നു. എന്നെ തടയാന്‍ ഒന്നിനും കഴിയില്ല. എന്റെ പോരാട്ടങ്ങളെ ഞാന്‍ നേരിട്ടിട്ടുണ്ട്, ഇനിയുമത് തുടരുകയും ചെയ്യും. ദിവസവും എനിക്ക് ആഘോഷമാണ്... പൗലമി പട്ടേല്‍ സ്വന്തം കൈപ്പടിയിലെഴുതിയ കുറിപ്പാണിത്.

നൃത്തത്തിലും ചിത്രരചനയിലും സ്‌പോര്‍ട്‌സിലും തിളങ്ങി നിന്ന ഒരു പെണ്‍കുട്ടിക്ക് 12 വയസ്സില്‍ വലതു കൈ നഷ്ടപ്പെടുക...ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു ആ പ്രഹരം... പക്ഷേ ആ വീഴ്ചയില്‍ നിന്നവള്‍ ഉയര്‍ന്നു പൊങ്ങി, ഫിനിക്‌സ് പക്ഷിയെപ്പോലെ. സിനിമയെ വെല്ലുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ ജീവിതം കൈപ്പിടിയിലൊതുക്കിയ മുംബൈ സ്വദേശിനി പൗലമി പട്ടേലിന്റെ.

ഇത് എന്റെ കഥ.


അച്ഛന്റെ സഹോദരന്റെ വീട്ടില്‍ വേനലവധി ചെലവഴിക്കുന്നത് എന്റെ സ്ഥിരം ശീലമായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴും പതിവു മുടക്കിയില്ല. എന്നാല്‍ ഹൈദരാബാദിലേക്കുള്ള എന്റെ ആ യാത്ര ജീവിതം മാറ്റി മറിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. 2001 ലെ വേനലവധിക്കാലം. എല്ലാ ദിവസത്തെയും പോലെ അന്നും ഞാനും കസിന്‍സും ഒരുമിച്ച് കളിക്കുകയായിരുന്നു.

മുതിര്‍ന്നവര്‍ ഉച്ചമയക്കത്തിലേക്കു കടക്കുന്ന സമയത്ത് ഞങ്ങള്‍ പതിവു വിനോദങ്ങളില്‍ നിന്ന് മാറി മീന്‍ പിടിക്കാന്‍ തീരുമാനിച്ചു. അതിനു വേണ്ടിയുള്ള സാധനങ്ങള്‍ തിരഞ്ഞ് ഞങ്ങള്‍ രണ്ടാംനിലയിലെത്തി. അവിടെകിടന്ന ഒരു ചെറിയ ഇരുമ്പ് ദണ്ഡ് കണ്ണിലുടക്കിയത് പെട്ടെന്നാണ്.
ചൂണ്ടയാക്കി ചുഴറ്റി വീശാനത് നല്ലതാവുമെന്ന് കരുതി ഞാനതിനൊരു ശ്രമം നടത്തി. എന്നാല്‍ അപ്രതീക്ഷിതമായി ആ ദണ്ഡ് എന്റെ കൈയില്‍ നിന്ന് വഴുതി പുറത്തേക്ക് തെറിച്ചു പോയി. അടുത്തുള്ള ഇരുമ്പ് കസേരയില്‍ താങ്ങി ഞാനത് പിടിക്കാനുള്ള ശ്രമം നടത്തി.

uploads/news/2018/07/236421/PaulamiPatel260718e.jpg

പക്ഷേ എനിക്കു മറ്റൊരു കമ്പിയില്‍ പിടുത്തം കിട്ടിയതും ശരീരത്തിലേക്കൊരു വൈബ്രേഷന്‍ വന്നതും വളരെ പെട്ടെന്നാണ്, 11,000 വോള്‍ട്ടു വൈദ്യുതി കമ്പിയായിരുന്നു അതെന്ന് തിരിച്ചറിയാന്‍ എനിക്കന്നു പറ്റിയില്ല! പൊടുന്നനെ എന്റെ ശരീരത്തിനുള്ളിലേക്ക് വൈദ്യുതി കടന്നു. ഒരു സെക്കന്‍ഡിനുള്ളില്‍ എത്രമാത്രം വൈദ്യുതി കയറിയിറങ്ങിയെന്നറിയില്ല.

വേദന കൊണ്ട് പുളഞ്ഞ എന്നെക്കണ്ട് മറ്റുള്ളവര്‍ നിലവിളിച്ചു. മുതിര്‍ന്നവരെത്തി കാര്യം മനസ്സിലാക്കി വൈദ്യുതി കെടുത്തിയപ്പോഴാണ് ഞാനതില്‍ നിന്ന് വേര്‍പെട്ടത്. പൊള്ളിക്കുടുന്ന ശരീരവും, അടര്‍ത്തി മാറ്റാന്‍ കഴിയാത്ത തുണിക്കഷണങ്ങളും രക്തത്തില്‍ കുളിച്ച ഞാനും... കണ്ടു നിന്നവര്‍ക്ക് സ്ഥലകാലബോധം വന്നതോടെ എന്നെയും കൊണ്ടവര്‍ അപ്പോളോ ആശുപത്രിയിലേക്ക് കുതിച്ചു.

ഫോണ്‍കോളും സമ്മതപത്രവും


അച്ഛനെ വിളിച്ച് അവര്‍ വിവരം പറഞ്ഞെന്നും അമ്മയതൊന്നും വിശ്വസിച്ചില്ലെന്നും ആരൊക്കെയോ പറയുന്നത് കരച്ചിലിനിടയിലും ഞാന്‍ കേട്ടു. എന്‍ജിനീയറായ അച്ഛന് കാര്യത്തിന്റെ ഗൗരവം മനസ്സിലായതോടെ ഒറ്റമകളെ കാണാന്‍ മുംബൈയില്‍ നിന്നവര്‍ ആദ്യ ഫ്‌ളൈറ്റ് കയറി ഹൈദരാബാദിലേക്ക് പുറപ്പെട്ടു. അപ്പോഴേക്കും അടര്‍ന്നു വീഴുന്ന ശരീരഭാഗങ്ങളുള്ള എന്നെ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു.

സുന്ദരിയായ മകള്‍ 7580% പൊള്ളലേറ്റ് ബാന്‍ഡേജാല്‍ ചുറ്റപ്പെട്ട് ഐ.സി.യുവില്‍ ജീവനു വേണ്ടി പോരാടുന്ന രംഗം കാണുന്ന അച്ഛന്റെയും അമ്മയുടെയും ചിന്തകള്‍ എനിക്കിന്നും ആലോചിക്കാനാവുന്നില്ല.

തിരിച്ചറിവില്ലാത്തതു കൊണ്ടും അബോധാവസ്ഥയിലായിരുന്നതു കൊണ്ടും എന്നെക്കാള്‍ കഠിനമായി പിന്നീടുള്ള ദിവസങ്ങളെ നേരിട്ടത് അച്ഛനും അമ്മയുണ്. ആദ്യ ദിവസങ്ങളില്‍ എത്രമാത്രം പൊള്ളലുണ്ടായെന്നും ശരീരത്തില്‍ ഏതൊക്കെ ഭാഗങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും അവര്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.

മിക്ക കേസുകളിലും ഇത്രയും വൈദ്യുതി ശരീരത്തിനുള്ളില്‍ പ്രവഹിക്കുന്നവര്‍ ആ നിമിഷം മരിച്ചു പോകും. അതുകൊണ്ടു മകളുടെ ജീവന്‍ തിരിച്ചു കിട്ടി എന്ന അത്ഭുതമാണ് ഡോക്ടര്‍മാര്‍ ആദ്യം എന്റെ അച്ഛനമമ്മാരോട് പങ്കുവച്ചത്. അവരെ സംബന്ധിച്ച് അതു തന്നെ വലിയ കാര്യമായിരുന്നു.

എനിക്കെന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അവരോടു വിശദീകരിച്ചത് പിന്നീടാണ്. വലതു ഭാഗത്തു കൂടി എന്റെയുള്ളിലേക്ക് കടന്ന വൈദ്യുതി ശരീരത്തിലൂടെ സഞ്ചരിച്ച് ഇടതുകാലിലൂടെയാണ് പുറത്തേക്ക് പോയതത്രേ. അതിനാല്‍ എന്റെ വലതു കൈ ഗുരുതരമായി തകര്‍ന്നു. ഇടതു കാലില്‍ ചര്‍മ്മമോ, ടിഷ്യുവോ മസിലുകളോ ഒന്നും അവശേഷിച്ചിരുന്നില്ല.

ഒരാഴ്ചയിലധികം നഗ്നയായിട്ടാണ് വാര്‍ഡില്‍ കിടന്നത്. വലതു കൈയിലെ പഴുപ്പ് പടരാന്‍ തുടങ്ങിയതോടെ ജീവനാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് ഡോക്ടര്‍മാര്‍ മുബൈയിലെ ഡോക്ടര്‍മാരില്‍ നിന്ന് ഉപദേശം തേടി. അവസാനം വലതു കൈ മുറിച്ചു കളയാനുള്ള തീരുമാനമെടുക്കേണ്ടി വന്നു. അതിനുള്ള സമ്മതപത്രത്തില്‍ ഒപ്പിടുമ്പോള്‍ അച്ഛന്റെ കണ്ണുനീരിനാല്‍ ആ പേപ്പര്‍ കുതിര്‍ന്നിരുന്നു.

uploads/news/2018/07/236421/PaulamiPatel260718a.jpg
* പൗലമി മാതാപിതാക്കള്‍ക്കൊപ്പം

പിന്നീടുള്ള യാത്രകള്‍


ആദ്യ സര്‍ജറിക്കു ശേഷം ഒരു മാസം കൂടി ഹൈദരാബാദിലായിരുന്നു. യാത്ര ചെയ്യാവുന്ന നിലയിലേക്ക് മാറിയപ്പോള്‍ എയര്‍ ആംബുലന്‍സില്‍ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലേക്ക് മാറ്റി. വീണ്ടും ഒരു മാസത്തോളം ആശുപത്രികിടക്കയില്‍. ഇടതു കൈയും കാലും നിലനിര്‍ത്തുക എന്ന വെല്ലുവിളിയില്‍ അവിടെചില മൈനര്‍ സര്‍ജറികളും നടത്തി.

പക്ഷേ അതില്‍ ചര്‍മ്മവും മസിലുമൊന്നും അവശേഷിക്കുന്നില്ലെന്ന് ഡോക്ടര്‍മാരി ല്‍ നിന്നറിഞ്ഞതോടെ അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷയറ്റു. എങ്കിലുമവര്‍ തളര്‍ന്നില്ല. ഒരു പിടിവള്ളി കിട്ടുമെന്നവര്‍ ഉറച്ചു വിശ്വസിച്ചു. എന്റെ അടിവയര്‍ കീറി അത് അവശേഷിക്കുന്ന കൈഭാഗങ്ങളില്‍ വച്ചു പിടിപ്പിച്ചാല്‍ ഒരുപക്ഷേ ശരിയാകാമെന്ന് സീനിയര്‍ ഡോക്ടര്‍ പറഞ്ഞതോടെ പിന്നീടതിനുള്ള ശ്രമങ്ങള്‍ തുടങ്ങി.

ഇടതുകൈ അടിവയറ്റിലേക്ക് കടത്തിവച്ച് അവിടേക്ക് മാംസം വളര്‍ത്തിയെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവസാനം എന്റെ കൈയിലേക്ക് മാംസം വന്നു തുടങ്ങി. പിന്നീട് 12 മണിക്കൂര്‍ നീണ്ടു നിന്ന സര്‍ജറിയിലൂടെ ഇടതുകൈയിലേക്ക് 12 ഇഞ്ച് നീളമുള്ള സെ ന്‍സറി ഞരമ്പുകള്‍ വച്ചു. അക്കാലത്തൊ ന്നും എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു.

ഒരിക്കല്‍ പോലും അമ്മയോ അച്ഛനോ എനിക്കു മുന്നില്‍ നിന്ന് കരഞ്ഞില്ല. എന്താണ് സംഭവിച്ചതെന്ന് അമ്മയോട് ചോദിക്കുമ്പോള്‍, എന്റെ വലതു കൈ എവിടെയെന്ന് അന്വേഷിക്കുമ്പോള്‍ അമ്മ ഒരു ചെറുപുഞ്ചിരിയോടെ അത് വളര്‍ന്നു വരുമെന്ന്് പറയും. ഉള്ളില്‍ തീക്കനല്‍ വച്ചാണ് അമ്മയത് പറഞ്ഞിരുന്നതെന്ന് ഇന്നെനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

അച്ഛന്റെ നിയമം


45 സര്‍ജറികള്‍ കഴിഞ്ഞപ്പോള്‍ എന്നെ വീട്ടിലേക്ക് വിട്ടു. അന്നൊക്കെ അച്ഛനും അമ്മയ്ക്കും എന്നെയിങ്ങനെ കാണുന്നതിലും സങ്കടം നല്‍കിയിരുന്നത് ആശ്വസിപ്പിക്കാനെത്തുന്ന സന്ദര്‍ശകരായിരുന്നു. ഒരത്ഭുതവസ്തുവിനെ പോലെ എന്നെ നോക്കി, എന്റെ ജീവിതം അവസാനിച്ചു എന്നു പറയും.

ഒറ്റ മകളല്ലേ ഉള്ളൂ ഇനിയെന്തു ചെയ്യും എന്ന ആശങ്കകള്‍ പരസ്പരം പങ്കുവയ്ക്കും. എന്റെ പൊള്ളലുകള്‍, പാടുകള്‍, മുറിച്ച ഇടതു കൈ എന്നിവ കാണാനായി പുതപ്പിച്ചിരുന്ന ബ്ലാങ്കെറ്റുകള്‍ മാറ്റി കൊടുക്കണമെന്ന് അവരെന്റെ അച്ഛനോടും അമ്മയോടും ആവശ്യപ്പെടുമായിരുന്നു.

അന്നൊക്കെ എനിക്കു നേരെ ചൂണ്ടിയിരുന്ന വിരലുകള്‍, പൊള്ളലേല്‍പ്പിച്ച വൈദ്യുതിയേക്കാള്‍ വേദനിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്. എന്നാല്‍ ഈ അപമാന മനോഭാവം സഹിക്കാന്‍ അച്ഛനുമമ്മയും തയ്യാറായില്ല. അതിനാല്‍ മോളോട് ആരും സംസാരിക്കേണ്ട, തമാശ പറയാനും ചിരിപ്പിക്കാനും മാത്രമായി ആ മുറിയിലേക്ക് ആരെങ്കിലും വന്നാല്‍ മതിി യെന്നനിയമം അച്ഛന്‍ വച്ചു. സത്യത്തില്‍ ആ നിയമം, എനിക്കതൊരു പുനര്‍ജനി തന്നെയായിരുന്നു.

പറന്നു തുടങ്ങിയപ്പോള്‍


ഒരു വര്‍ഷം നഷ്ടമായെങ്കിലും പ്രിന്‍സിപ്പളും സ്‌കൂളിലെ അദ്ധ്യാപകരും സുഹൃത്തുക്കളും തന്ന പിന്തുണയായിരുന്നു എന്റെ മറ്റൊരു ശക്തി. മറ്റ് ക്ലാസിലെ കുട്ടികള്‍ അതിശയത്തോടെ നോക്കുമെന്നതു കൊണ്ട് വീട്ടിലിരുന്ന് പഠിച്ചാല്‍ മതിയെന്നു സ്‌കൂ ള്‍ അധികൃതര്‍ പറഞ്ഞു.

ഇതിനിടെ എനിക്ക് കൃത്രിമ കൈ വച്ചു. പഠന ഭാഗമായി എഴുതിത്തുടങ്ങണമെന്നതായിരുന്നു പിന്നീടുള്ള കടമ്പ. ആയുര്‍വേദ ചികിത്സയിലൂടെ മാത്രമേ അതു പറ്റൂ. വേദനയുടെ കാഠിന്യം തുടങ്ങിയത് അവിടെനിന്നാണ്.

uploads/news/2018/07/236421/PaulamiPatel260718b.jpg
* പൗലമിയും സന്‍ദീപും വിവാഹവേളയില്‍

ആദ്യമാദ്യം കൈ പതുക്കെ പൊക്കാനൊക്കെ ശ്രമം നടത്തി. കീറിമുറിക്കുന്ന അസഹനീയമായ വേദനയായി ഫലം. ഓരോ തവണ കൈ പൊക്കുമ്പോഴും വലിഞ്ഞു മുറുകുന്നതു പോലെയും അടരുന്നതു പോലെയും തോന്നും. അതു സഹിച്ച് ഞാന്‍ പതിയെ കൈ പൊക്കിത്തുടങ്ങി. കാരണം തോല്‍ക്കാന്‍ എനിക്കു മനസ്സില്ലായിരുന്നു. പിന്നീട് പേന വച്ച് എഴുതാന്‍ നോക്കി.

വഴങ്ങിക്കിട്ടാനുള്ള മടി വീണ്ടുമെന്റെ കൈ കാണിച്ചു. പരാജയപ്പെടില്ല എന്നു മനസ്സിലായതോടെ കൈ എനിക്കു മുന്നില്‍ തോറ്റു. അങ്ങനെ ഒരു പേജില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരക്ഷരമെഴുതി. മടുപ്പില്ലാതെ ഞാന്‍ വീണ്ടും ശ്രമിച്ചു.

അക്കാലത്ത് വായിച്ച മറ്റില്‍ഡ എന്ന നോവല്‍ ബുക്കിലേക്ക് പകര്‍ത്താനായി പിന്നീടുള്ള ശ്രമം. ആദ്യമെഴുതിയ ഓരോ വാചവും ഒരു പേജില്‍ ഉള്‍ക്കൊള്ളാനാവാത്തതായി. എങ്കിലും ദിവസവും അഞ്ചു പേജെങ്കിലുമെഴുതും. അമ്മയായിരുന്നു അന്നെന്റെ പ്രേരണ. ജോലി കഴിഞ്ഞെത്തുന്ന അച്ഛനുമതൊരു വിസ്മയമായി. ഞാനിത്രയും എഴുതുന്നുണ്ടല്ലോ എന്ന അത്ഭുതമായിരുന്നു അച്ഛന്റെ മുഖത്തെപ്പോഴും കണ്ടിരുന്നത്.

അങ്ങനെ ഒരു നോവല്‍ മുഴുവനെഴുതിക്കഴിഞ്ഞപ്പോള്‍ ഒരു വരിയില്‍ ഒരു വാചകമെഴുതുന്ന നിലയിലേക്ക് ഞാന്‍ ഉയര്‍ന്നു. നോവല്‍ എഴുതിക്കഴിഞ്ഞതു മുതല്‍ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലായി. വര്‍ഷാന്ത്യമായപ്പോഴേക്കും റൈറ്ററിന്റെ സഹായത്തോടെ ഞാന്‍ പരീക്ഷ മുഴുവനെഴുതി. ബികോം പഠിക്കാനായി വീട്ടില്‍ നിന്ന് മാറി നിന്നപ്പോഴാണ് എല്ലാം തനിയെ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നത്. അവിടുന്ന് എം.ബി.എ വരെ നേടി.

അതിജീവന വെല്ലുവിളി


സത്യത്തില്‍ രണ്ടാം ജന്മം തന്നെയായിരുന്നു എന്റേത്. വേദനസംഹാരികളെ ആശ്രയിക്കാതെയാണ് ഓരോ ചികിത്സയും ചെയ്തത്. ആ ബലമൊക്കെ പിന്നീടുള്ള ജീവിതത്തില്‍ വലിയ വഴിത്തിരിവുകളായി. തുടക്കത്തില്‍ എല്ലാക്കാര്യത്തിനും എനിക്ക് അമ്മ വേണമായിരുന്നു. അമ്മയായിരുന്നു എന്റെ പോസിറ്റീവ് എനര്‍ജി. ഉള്ളിലെ വേദന അടക്കിപ്പിടിച്ച് അമ്മയെനിക്ക് താങ്ങും തണലുമായി. കുളിക്കാനും വസ്ത്രം ധരിക്കാനുമൊക്കെ അമ്മയെ ആശ്രയിക്കേണ്ടതായി വന്നു.

പ്രായം കൂടുന്തോറും കൂടുതല്‍ കാര്യങ്ങള്‍ക്ക് അമ്മയെ ആശ്രയിക്കേണ്ടതായി വന്നു. ഋതുമതിയായപ്പോള്‍ പാഡ് മാറ്റിത്തരാന്‍ പോലും അമ്മ വേണ്ടി വന്നു. മനസ്സു കൈവിട്ട അവസരങ്ങളായിരുന്നു അത്. കൊച്ചു കുഞ്ഞിനെയെന്ന പോലെ അമ്മയതൊക്കെ ചെയ്തു തരുമ്പോള്‍ മനസ്സില്‍ അടക്കിവച്ച കണ്ണീരു കൊണ്ട് ആ കാല്‍പ്പാദങ്ങള്‍ ഞാന്‍ കഴുകിയിട്ടുണ്ട്.

സ്‌കൂളില്‍ ഞാന്‍ ബാത്ത്‌റൂം ഉപയോഗിക്കാറേയില്ലായിരുന്നു. മൂത്രമൊഴിക്കാ തെ വീട്ടിലെത്തും വരെ പിടിച്ചു നില്‍ക്കും. അങ്ങനെ എത്ര എത്ര വെല്ലുവിളികള്‍. എന്റേതായ വഴികളിലൂടെയാണ് ഞാന്‍ ഓരോ വെല്ലുവിളികയെയും അതിജീവിച്ചത്. കൈ കൊണ്ടു ചെയ്യേണ്ടത് കാലുകളിലൂടെ ചെയ്ത് ഞാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. ഇലാസ്റ്റിക് പാന്റുകളും സ്‌കര്‍ട്ടും, സിബ്ബും ബട്ടന്‍സുമില്ലാത്ത ഒഴുകികിടക്കുന്ന വസ്ത്രങ്ങളും ധരിക്കാന്‍ തുടങ്ങി.ടി.വി റിമോട്ടില്‍ ചാനല്‍ മാറ്റാന്‍ കാലുകളെ ആശ്രയിച്ചു.

uploads/news/2018/07/236421/PaulamiPatel260718c.jpg
* പൗലമിയും സന്‍ദീപും വിവാഹവേളയില്‍

ബാഗിന്റെ സിപ്പ് അഴിക്കാനും വസ്ത്രം ധരിക്കാനും തലമുടി കെട്ടാനും വരെ പറ്റി. ആദ്യമൊക്കെ പുറത്തിറങ്ങുമ്പോള്‍ ദേഹം മുഴുവന്‍ മൂടിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. പാടും മറ്റും ആരെങ്കിലും കാണുമോ എന്ന ആശങ്കയായിരുന്നു. വലതു കൈ കൃത്രിമമാണെന്നു തോന്നാതിരിക്കാന്‍ ഫുള്‍സ്ലീവ് ധരിക്കുമ്പോള്‍, കാലിലെ മുറിപ്പാടുകള്‍ കാണാതിരിക്കാന്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ഒഴിവാക്കി.

എന്നാല്‍ സ്വന്തം കുറവുകളെ കുറവുകളായി കാണാതെ പോസിറ്റീവായി കണ്ടു തുടങ്ങിയപ്പോള്‍ ആ ചിന്തകളൊക്കെ മാറി. ഈശ്വരന്‍ തന്ന വരദാനമാണ് ഈ രണ്ടാം ജന്മമെന്നു തിരിച്ചറിഞ്ഞപ്പോള്‍ ലോകത്തിനു മുന്നില്‍ കൈകള്‍ വീശി ഞാന്‍ നടന്നു തുടങ്ങി.

ദൈവത്തിന്റെ അദൃശ്യകരങ്ങള്‍


ഞാനും സന്‍ദീപും ഒരുമിച്ചത് ദൈവാനുഗ്രഹം കൊണ്ടാണ്. എം.ബി.എക്കു പഠിക്കുമ്പോഴാണ് പൊതുസുഹൃത്തുക്കള്‍ വഴി സന്‍ദീപ് ജോട്‌വാനിയെ പരിചയപ്പെടുന്നത്. അതിശയമോ അത്ഭുതമോ കാണിക്കാതെ സന്‍ദീപ് എന്നോട് സംസാരിച്ചു തുടങ്ങിയതു തന്നെയാണ് ഞങ്ങള്‍ സുഹൃത്തുക്കളാകാനുള്ള കാരണം.

റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറുമ്പോള്‍ എനിക്കുള്ള ആഹാരം സന്‍ദീപ് ആദ്യം ഓര്‍ഡര്‍ ചെയ്യും. ചെറു കഷണങ്ങളാക്കി എനിക്കു തന്ന ശേഷമാണ് സ്വന്തം ഫുഡ് ഓര്‍ഡര്‍ ചെയ്യുക.

എനിക്കു പറ്റിയ അപകടവും അതിന്റെ നഷ്ടങ്ങളും അറിയാമായിരുന്നിട്ടും സന്‍ദീപ് ഒരിക്കലുമത് ചോദിച്ചിട്ടില്ല. എല്ലാവരുടെയും ജീവിതത്തില്‍ കീറിമുറിഞ്ഞ ഭാഗങ്ങളുണ്ടാകുമെന്നും, അത് ശാരീരികമോ മാനസികമോ ആകാമെന്നും, മുറിഞ്ഞു പോയ കഷണങ്ങളെ കൂട്ടിയോജിപ്പിച്ച് സുന്ദരമായി ജീവിക്കുന്ന ആളാണ് ഞാനെന്നുമായിരുന്നു സന്‍ദീപിന്റെ കാഴ്ചപ്പാട്. അതുകൊണ്ട് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ എതിരു പറയാന്‍ തോന്നിയില്ല. അങ്ങനെ 2014 ല്‍ സന്‍ധീപ് എന്റെ കഴുത്തില്‍ താലികെട്ടി.

എന്റെ അച്ഛന്‍ ഏറ്റവുമധികം ആഘോഷമാക്കിയ ദിവസമായിരുന്നു അന്ന്. സ്വപ്നം കണ്ടിരുന്ന എല്ലാ തയാറെടുപ്പും നടത്തി, എനിക്കു തരാവുന്ന എല്ലാ സന്തോവും തന്ന്, ഒരു രാജകുമാരിയെപ്പോലെ ഒരുക്കിയാണ് മണ്ഡപത്തിലേക്ക് വിട്ടത്. ഒരുപക്ഷേ ആശുപത്രിയില്‍ കിടന്നപ്പോള്‍ അച്ഛനിത്രയും കണ്ണീര്‍ പൊഴിച്ചു ഞാന്‍ കണ്ടിട്ടില്ല. സന്‍ദീപിന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറിയപ്പോള്‍ മറ്റൊരച്ഛനും അമ്മയും എനിക്കു വേണ്ടി മനസ്സിന്റെ വാതില്‍ തുറന്നിട്ടിരുന്നു. എല്ലാം ഈശ്വരന്റെ അനുഗ്രഹം.

സ്വപ്നങ്ങള്‍ ഇനിയുമേറെ...


ഇപ്പോള്‍ അച്ഛന്റെ ബിസിനസ്സ് സംരംഭത്തിലും ഞാനുണ്ട്. സന്‍ദീപും ഫാമിലി ബിസിനസ്സിലാണ്. കാലിടറി പോകാതിരിക്കാന്‍ ദൈവം അനുഗ്രഹമായിത്തന്ന കുടുംബമാണ് ഏറ്റവും വലിയ ശക്തി. പണ്ട് അമ്മ പലപ്പോഴും കൈകാലുകള്‍ നഷ്ടപ്പെട്ടവരെ പരിചയപ്പെടുത്തിയിട്ടുണ്ട്.
uploads/news/2018/07/236421/PaulamiPatel260718d.jpg
* പൗലമിയും സന്‍ദീപും സന്‍ദീപിന്റെ മാതാപിതാക്കള്‍ക്കൊപ്പം

അവരോടൊക്കെ സംസാരിക്കുമ്പോള്‍ എനിക്കു സംഭവിച്ചത് എത്രയോ തുച്ഛമെന്ന് തോന്നും. അത് എപ്പോഴുമൊരു പ്രചോദനമായിരുന്നു. അതുകൊണ്ടാണ് വണ്ടിയോടിക്കാനും എഴുതാനും സ്‌കൈ ഡൈവിംഗിനും ബഞ്ചി ജംമ്പിങിനുമൊക്കെ സമയം കണ്ടെത്തിയത്. ചെയ്യാന്‍ പറ്റില്ല എന്നെനിക്ക് തോന്നുന്നതൊക്കെ ചെയ്യണം.

വൈകല്യങ്ങളില്ലാത്ത ജീവിതവും വൈകല്യങ്ങളെ മറികടന്ന ജീവിതവും... ഇതു രണ്ടും ഞാന്‍ അനുഭവിച്ചു. ജീവിതത്തിന്റെ ഭാഗമാണെല്ലാം. ഒരിക്കലും തളരരുത്, തളര്‍ത്താന്‍ അനുവദിക്കുകയുമരുത്. ഒരുപാട് മുന്നോട്ടു പോകാനുണ്ടെനിക്ക്. ഒരു കൈയില്ലെങ്കിലെന്താണ്, കിട്ടിയതില്‍ വച്ച് ഏറ്റവും നല്ല ജീവിതമാണ് ഞാനിപ്പോള്‍ ആസ്വദിക്കുന്നത്.

ഹൃദയസ്പര്‍ശിയായ കഥകള്‍ കേട്ടുകേഴ്‌വിയെങ്കിലും ഇതുപോലെയുള്ള ഫിനിക്‌സ് പക്ഷികളാണ് ജീവിതം എത്ര സുന്ദരമെന്ന് പഠിപ്പിക്കുന്നത്...

ലക്ഷ്മി ബിനീഷ്

Ads by Google
Thursday 26 Jul 2018 03.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW