സംസ്ഥാനപോലീസില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം 1,129 എന്നാണ് ഔദ്യോഗികകണക്ക്. മൂന്നുവര്‍ഷം മുമ്പ് 654പേരായിരുന്നു ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. 10 ഡിവൈ.എസ്.പിമാരാണ് ഈ പട്ടികയിലുള്ളത്. അതിലൊരാള്‍ ഉദയകുമാര്‍ കേസില്‍ ഇന്നലെ മൂന്നുവര്‍ഷം തടവിനു കോടതി ശിക്ഷിച്ച ഉദ്യോഗസ്ഥനാണ്.
കസ്റ്റഡിമര്‍ദനം മുതല്‍ ഡ്യൂട്ടിസമയത്തല്ലാതെ കേസുകളുണ്ടാക്കിയവര് വരെയാണ് ഈ പോലീസ് ക്രിമിനല്‍ പട്ടികയിലുള്ളത്. കസ്റ്റഡി മര്‍ദനം, സ്ത്രീപീഡനം, ലഹരിമരുന്ന്, കൈക്കൂലി എന്നിവയാണു കേസുകളില്‍ പ്രധാനം. പോലീസിലെ ക്രിമിനലുകളെക്കുറിച്ചു ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയതിനെത്തുടര്‍ന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടിലാണു പട്ടിക നല്‍കിയത്.
ഉദയകുമാറിനെ ഉരുട്ടിക്കൊന്നകേസില് 13 വര്‍ഷത്തിനുശേഷമാണു ശിക്ഷ വന്നതെങ്കില്‍ പാലക്കാട് സമ്പത്ത് കസ്റ്റഡിമരണക്കേസില്വിചാരണപോലും പൂര്‍ത്തിയായിട്ടില്ല. പാലക്കാട് പുത്തൂരില്‍ 2010 മാര്‍ച്ച് 29നാണു വീട്ടമ്മയായ ഷീലയെ സമ്പത്തടക്കമുള്ളവര് മോഷണത്തിനിടെ കൊലപ്പെടുത്തിയത്. എന്നാല്‍ സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതോടെ കേസ് തിരിഞ്ഞുമറിഞ്ഞു പ്രതിസ്ഥാനത്തു പോലീസായി. രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ ആദ്യഘട്ട പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചെങ്കിലും പിന്നീട് ഇവരെ ഒഴിവാക്കി. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് കോടതി ഇടപെട്ട് സി.ബി.ഐക്കു വിടുകയായിരുന്നു. ഒരു ഡിവൈ.എസ്.പി., ഒരു സി.ഐ, രണ്ട് എസ്.ഐമാര്‍, ഒമ്പതു പോലീസുകാര്‍ എന്നിവരടങ്ങുന്ന 14 പോലീസ് ഉദ്യോഗസ്ഥരാണു പ്രതികള്‍. കേസിന്റെ വിചാരണ തുടരാത്തതിനാല്‍ പ്രതികളെല്ലാവരുംസര്വീസില് തിരികെ കയറി. ചിലര്‍ക്കു സ്ഥാനക്കയറ്റവും ലഭിച്ചു.
നക്സല്‍ വര്‍ഗീസിനെ വെടിവച്ചുകൊന്ന കേസില്‍ ഐ.ജി. ലക്ഷ്മണയെ സി.ബി.ഐ. കോടതിയാണു കുറ്റക്കാരനെന്നു കണ്ട് ശിക്ഷിച്ചത്. കോട്ടയത്തെ പ്രവീണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഡിവൈ.എസ്.പി. ഷാജിയായിരുന്നു. ഇയാളും കൂട്ടുപ്രതികളും കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ 35 വര്‍ഷം മുമ്പ് ഭുവനചന്ദ്രന് എന്നയാളെ പോലീസ് ഇരുട്ടിക്കൊന്നത് തന്റെ കടയില്‍നിന്നു പഴം കഴിച്ച പോലീസുകാരനോടു കാശുചോദിച്ചതിനാണ്. ഫോര്‍ട്ട് സ്റ്റേഷന് സാക്ഷ്യം വഹിച്ച സമാനമായ കൊലപാതകമാണ് ഉദയകുമാറിന്റേത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്തുതന്നെ ഐസക്ക് എന്ന സിനിമാ തിയറ്റര്‍ തൊഴിലാളിയെ അടിച്ചുകൊന്നതും പോലീസുകാര്‍ ചേര്‍ന്നായിരുന്നു. 10 പോലീസുകാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.
കൊച്ചിയില്‍ മട്ടാഞ്ചേരിയില്‍ ഒരാളെ പുഴയില്‍ മുക്കിക്കൊന്ന കേസില്‍ അറസ്റ്റിലായത് ഡിവൈ.എസ്.പി. ഏബ്രഹാം ചെറിയാനായിരുന്നു. കീഴ്ക്കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതേ വിട്ടു. നെടുമ്പാശേരിയില്നടന്ന മനുഷ്യക്കടത്തില്‍ അഞ്ചുപോലീസുകാരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നു. എറണാകുളം ജില്ലയില്‍ മുളന്തുരുത്തിയില്‍ സൈക്കിളില്‍ പോയ വിദ്യാര്‍ഥികളെ ജീപ്പിടിച്ചു കൊന്ന കേസിലെ പ്രതികള്‍ പോലീസുകാരായിരുന്നു. കേസ് എടുത്തെങ്കിലും സുപ്രീംകോടതി ഇടപെട്ട്എഫ്.ഐ.ആര്. റദ്ദാക്കി.
കസ്റ്റഡി മരണക്കേസില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ വിവാദം സൃഷ്ടിച്ചത് ഏതാനും മാസങ്ങള്‍ക്കുമുമ്പ് വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണമാണ്. വീടാക്രമണ കേസിനെത്തുടര്‍ന്ന് റൂറല്‍ എസ്.പിയുടെ നിയമവിരുദ്ധസംഘമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതും അതിക്രൂരമായ മര്ദനത്തിനിരയാക്കുന്നതും. സംഭവത്തില്‍ വരാപ്പുഴ എസ്.ഐ., എറണാകുളം റൂറല്‍ എസ്.പിയുടെ ടൈഗര്‍ സ്ക്വാഡിലെ മൂന്ന് പോലീസുകാര്‍ എന്നിവര്‍ പ്രതികളായി. വരാപ്പുഴ സി.ഐ. ക്രിസ്പിന് സാമും മറ്റു ചില പോലീസ് ഉദ്യോഗസ്ഥരും സസ്പെന്‍ഷനിലുമായി. കേസില്‍ ആരോപണവിധേയനായ മുന്‍ റൂറല്‍ എസ്.പി: എ.വി. ജോര്‍ജ് സസ്പെന്‍ഷനിലുമാണ്.
ബൈജു ഭാസി