Sunday, June 30, 2019 Last Updated 17 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 02.30 AM

കുട്ടനാട്‌ മുങ്ങിയപ്പോഴും സൈന്യത്തെ വിളിക്കാന്‍ മറന്ന്‌ സര്‍ക്കാര്‍

uploads/news/2018/07/236360/bft4.jpg

കുട്ടനാട്ടില്‍ പ്രളയജലം അപകടകരമായി ഉയര്‍ന്നപ്പോഴും സംസ്‌ഥാന സര്‍ക്കാര്‍ ദുരന്ത നിവാരണ നയത്തെ അവഗണിച്ചു. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ കര, നാവിക, വ്യോമസേനകളുടെയും തീരസംരക്ഷണസേനയുടെയും സേവനം തേടണമെന്നു സംസ്‌ഥാന സര്‍ക്കാര്‍ 2010 ജൂണ്‍ 19ന്‌ അംഗീകരിച്ച ദുരന്ത നിവാരണ നയത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. കുട്ടനാട്ടിലെ പ്രളയ മേഖലയില്‍ ഈ നാലുവിഭാഗങ്ങളുടെയും സേവനം അവശ്യമായ ഘട്ടത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പാലിച്ചത്‌ ജനങ്ങളുടെ ദുരിതം വര്‍ധിക്കാന്‍ കാരണമായതായി വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സേവനം തേടാതിരുന്നതിനു പിന്നില്‍ ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയ ലക്ഷ്യമാണെന്നും ആരോപണമുണ്ട്‌.
ഫ്‌ളോട്ടിങ്‌ പ്ലാറ്റ്‌ഫോം, ഫ്‌ളോട്ടിങ്‌ ബ്രിഡ്‌ജസ്‌, മെഡിക്കല്‍ സംഘങ്ങള്‍, വാര്‍ത്താവിനിമയ സംവിധാനം, മുങ്ങല്‍ വിദഗ്‌ധര്‍ തുടങ്ങിയ സേവനങ്ങള്‍ കുട്ടനാട്ടിലെത്തിക്കാന്‍ കര, നാവിക സേനകള്‍ക്കു കഴിയുമായിരുന്നു. ചെന്നൈയില്‍ പ്രളയകെടുതി ഉണ്ടായപ്പോള്‍ വന്‍ ദുരന്തത്തില്‍ നിന്നും നഗരവാസികളെ രക്ഷിക്കാന്‍ സൈന്യം ഇടപെട്ടിരുന്നു. ദുരന്ത നിവാരണ നയത്തില്‍ സേവന ദാതാക്കളുടെ പട്ടികയില്‍ ഒന്നാം സ്‌ഥാനം സൈന്യത്തിനാണ്‌ നല്‍കിയിട്ടുള്ളത്‌. ആള്‍ നാശം, വസ്‌തുവകകളുടെ നഷ്‌ടം എന്നിവ കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സൈന്യത്തെ സേവന ദാതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.
ദുരന്ത സാധ്യതകള്‍ മുന്‍കൂട്ടി മനസിലാക്കാന്‍ പോലും സര്‍ക്കാരിനു കഴിഞ്ഞില്ല. സംസ്‌ഥാന ദുരന്തനിവാരണ നയത്തില്‍ നാല്‌ കാര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കികൊണ്ട്‌ അതിനുള്ള സോഫ്‌റ്റ്‌വേറുകള്‍ വികസിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ ഒന്നുപോലും ഉപയോഗിക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞില്ല. ഏതെങ്കിലും ജില്ലയില്‍ പ്രകൃതിക്ഷോഭം ഉണ്ടായാല്‍ നാശനഷ്‌ടങ്ങളുടെ വിവരപ്പട്ടിക തയാറാക്കാനായി ഇന്‍ഡിസ്‌ ഡാറ്റാ എന്ന സോഫ്‌റ്റ്‌വെയര്‍ രൂപീകരിച്ചിട്ടുണ്ട്‌. ഓരോ ജില്ലയിലേയും വിഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ ഡിസാസ്‌റ്റര്‍ റിസോഴ്‌സ്‌ നെറ്റ്‌ വര്‍ക്ക്‌ എന്ന ഓണ്‍ലൈന്‍ ഡേറ്റ ബേസില്‍ ലഭ്യമാണ്‌. എന്നാല്‍ നാശനഷ്‌ടങ്ങളുടെ പട്ടിക ഇനിയും നാളുകളെടുത്തു തയാറാക്കാനാണ്‌ ഇപ്പോഴും അധികൃതര്‍ ശ്രമിക്കുന്നത്‌.
ദുരന്ത സാധ്യതാ ലഘൂകരണം സംബന്ധിച്ച്‌ വ്യക്‌തമായ നിര്‍ദേശം ദുരന്ത നിവാരണ നയത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും അത്‌ ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല. പ്രകൃതി ദുരന്ത സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട്‌ കെട്ടിട നിര്‍മാണച്ചട്ടം പരിഷ്‌ക്കരിക്കണമെന്നാണ്‌ ഇതില്‍ പറഞ്ഞിട്ടുള്ളത്‌. ദുരന്തം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന നിര്‍ദേശവും ജലരേഖയായി. പ്രളയ നിയന്ത്രണ ഡാം, പുനരധിവാസ കേന്ദ്രങ്ങളുടെ നിര്‍മാണം, പ്രളയ ജലത്തിന്റ ഗതി തിരിച്ചുവിടാനുള്ള ചെറുകിട ജലസേചന സംവിധാനങ്ങള്‍, പ്രളയത്തെ നേരിടാനുള്ള ബോധവല്‍കരണം എന്നിവയൊക്കെ കടലാസിലൊതുങ്ങി. മൂന്നുമാസം കൂടുമ്പോള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരണമെന്ന നിര്‍ദേശവും ആലപ്പുഴ, പത്തനംതിട്ട അടക്കമുള്ള ജില്ലകളില്‍ പാലിക്കപ്പെടുന്നില്ല. ചുഴലിക്കാറ്റ്‌, വെള്ളപ്പൊക്കം എന്നിവയെ നേരിടാനുള്ള പരിശീലനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടപ്പാക്കണമെന്ന നിര്‍ദേശം തുടക്കത്തില്‍തന്നെ അധികൃതര്‍ ചിരിച്ചുതളളി.

പ്രകൃതിദുരന്ത ലഘൂകരണ പദ്ധതി
..
1994 ല്‍ ജപ്പാനിലെ യോക്കോഹോമയില്‍ നടത്തിയ ആഗോള ദുരന്ത ലഘൂകരണ ശില്‍പശാലയുടെ ചുവടുപിടിച്ച്‌ കേന്ദ്ര കൃഷി മന്ത്രാലയം 1995ലാണ്‌ പ്രകൃതി ദുരന്ത ലഘൂകരണ പദ്ധതി ആരംഭിച്ചത്‌.
ഇതിന്റെ കീഴില്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ ക്യാമ്പസില്‍ നാഷണല്‍ ഡിസാസ്‌റ്റര്‍ മാനേജ്‌മന്റ്‌ സെന്ററും സംസ്‌ഥാനങ്ങളില്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രെയിനിങ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ദുരന്ത നിവാരണ പരിശീലന കേന്ദ്രങ്ങളും ആരംഭിച്ചു. കേരളത്തില്‍ 1999 മുതല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലാന്‍ഡ്‌ മാനേജ്‌മന്റില്‍ ഈ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു.
2003 മുതല്‍ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസാസ്‌റ്റര്‍ മാനേജ്‌മന്റായി മാറുകയും 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം ഒരു ഭരണ ഘടനാ സ്‌ഥാപനമാവുകയും ചെയ്‌തു. 2006 മുതല്‍ ഇന്‍സ്‌ടിട്യൂറ്റ്‌ ഓഫ്‌ ലാന്‍ഡ്‌ ആന്‍ഡ്‌ ഡിസാസ്‌റ്റര്‍ മാനേജ്‌െമന്റ്‌ ആയി മാറി. പ്രകൃതിദുരന്തങ്ങള്‍ നേരിടാനുള്ള വിവിധ പഠനങ്ങള്‍ നടത്താനും പരിശീലനം നല്‍കുന്നതിനും സംസ്‌ഥാന ദുരന്തനിവാരണ നയം 2010 പ്രകാരം ഈ സ്‌ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കുട്ടനാട്ടില്‍ യാതൊരു ഫലവുമുണ്ടായില്ല.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Thursday 26 Jul 2018 02.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW