Thursday, November 08, 2018 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Thursday 26 Jul 2018 02.28 AM

രാമായണത്തിലെ ജനിതക രഹസ്യം - ദേഹമാകുന്നത്‌ പഞ്ചഭൂതാത്മകം

uploads/news/2018/07/236356/re4.jpg

പഞ്ചഭൂതങ്ങള്‍ കൊണ്ട്‌ നിര്‍മിക്കപ്പെട്ടതാണു മനുഷ്യശരീരം. രാമായണത്തില്‍ ഒരു ഭാഗം പരാമര്‍ശിക്കുന്നതു പുനര്‍ജന്മത്തേക്കുറിച്ചാണ്‌.
ജീവന്‍ ഭൂമിയിലേക്കു വന്നു ശരീരമെടുക്കുന്നതു കര്‍മബന്ധം കൊണ്ടാണ്‌. "കര്‍മമൊടുങ്ങുമ്പോള്‍ ഇന്ദു തന്‍ മണ്ഡലേ നീഹാരമായി" എന്ന വരികള്‍ പ്രതിപാദിക്കുന്നത്‌ ഇതേക്കുറിച്ചാണ്‌. ഒരു ജീവന്‍ ശരീരം വെടിഞ്ഞാല്‍ 12 മാസം പ്രേതമണ്ഡലത്തില്‍ വസിക്കുന്നു.

പിന്നീട്‌ ശ്രാദ്ധ കര്‍മ്മത്തിന്റെ ശക്‌തി ഉള്‍ക്കൊണ്ടുവേണം പിതൃമണ്ഡലത്തിലേക്കു ഗമിക്കാന്‍. പുനര്‍ജന്മമുളള ആത്മാക്കള്‍ ചന്ദ്രമണ്ഡലത്തിലേക്കാണു പ്രവേശിക്കുന്നത്‌. ഈ പിതൃതന്മാത്രകള്‍ മേഘപാളികളില്‍ കയറിപ്പറ്റി മഴയായി ഭൂമിയില്‍ പതിച്ച്‌ അതു പിന്നെ ധാന്യങ്ങളിലും ഫലവര്‍ഗങ്ങളിലും കയറിപ്പറ്റും.

പിന്നീട്‌ അത്‌ കഴിക്കുന്ന പുരുഷന്റെ രക്‌തത്തില്‍ ലയിച്ച്‌ ഓജസായി സ്‌ത്രീയുടെ ഗര്‍ഭാശയത്തില്‍ സന്നിവേശിച്ച്‌ ഭൂമിയിലേക്കു ജനിക്കുന്നു. ഇതാണു പുനര്‍ജന്മചക്രത്തേക്കുറിച്ചു രാമായണം വിശദമാക്കുന്നത്‌. ശരീരത്തേയാണു ക്ഷേത്രമായി കല്‍പ്പിക്കുന്നത്‌.

ശരീരത്തിലെ ജീവന്‍ കര്‍മമൊടുങ്ങുമ്പോള്‍ ഈശ്വര തലത്തിലേക്കു അയനം (സഞ്ചാരം) ചെയ്യുന്നു. അതിനെയാണ്‌ രാമായണം (രാമന്റെ അയനം-സഞ്ചാരം) എന്നു പറയുന്നത്‌. പഞ്ചഭൂതങ്ങള്‍, പഞ്ചതന്മാത്രകള്‍, ദശേന്ദ്രിയങ്ങള്‍, പ്രാണന്‍, അന്തഃകരണം എന്നീ തത്ത്വങ്ങളുടെ ബ്രഹ്‌മാണ്ഡമടക്കമുളള സമുച്ചയത്തേയാണു ക്ഷേത്രമെന്നു പറയുന്നത്‌.

ക്ഷേത്രോപാധിയില്‍ ഉപഹിതനായ ജിവന്‍ അതില്‍ നിന്നതീതമായിരിക്കുന്നു. ജീവനെന്നും പരമാത്മാവെന്നും പറഞ്ഞാല്‍ രണ്ടല്ല ഒന്നുതന്നെയെന്ന തത്ത്വവിചാരംകൊണ്ട്‌ ജഗത്തിന്റെ മിഥ്യാത്വം ബോധിച്ച്‌, തീവ്രവൈരാഗ്യം കൊണ്ട്‌ സംസാരത്തില്‍നിന്നു നിവൃത്തനായി ശമം, ദമം, തിതിക്ഷ, ഉപരതി, ശാസ്‌ത്രാഭ്യാസം, തത്ത്വചിന്ത, ദ്വന്ദ്വജയം എന്നീ അഭ്യാസങ്ങളെക്കൊണ്ട്‌ ക്രമേണ ജീവ പരമാത്മാക്കളുടെ ഐക്യത്തേ ഉല്‍ബോധിപ്പിക്കുമ്പോള്‍ ശരിയായ അറിവുണ്ടാവും.

ആ അറിവ്‌ തന്നെയാണു ജ്‌ഞാനം. മഹാത്മാവായ ഗുരു മഹാവാക്യോപദേശം ചെയ്‌ത്‌ ജീവപരമാത്മാക്കളുടെ ഐക്യത്തേ ഉല്‍ബോധിപ്പിക്കുമ്പോള്‍ ജീവനും ഈശ്വരനും ഒന്നാണെന്നുറയ്‌ക്കുന്നു. ആ അനുഭൂതിയാണ്‌ പരമജ്‌ഞാനം. ഈ ജ്‌ഞാനം വളര്‍ന്ന്‌ മായ നീങ്ങി ജീവന്‍ പരമാത്മാവില്‍ വിലയം പ്രാപിക്കും. ഈ അവസ്‌ഥയാണ്‌ മുക്‌തി.

രാമനെ എതിര്‍ത്ത രാവണനു മുക്‌തി ലഭിച്ചു. കാരണം രാവണന്‍ ഭഗവാന്റെ കരങ്ങള്‍ കൊണ്ടാണ്‌ മരണം വരിച്ചത്‌. ഈശ്വരന്‍ ഭജി്‌ക്കുന്നവനും എതിര്‍ക്കുന്നവനും വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെ മോക്ഷദായകനാണ്‌.

ജീവന്റെ തത്ത്വത്തേക്കുറിച്ചും ജനന മരണങ്ങളെക്കുറിച്ചും പുനര്‍ജന്മത്തേക്കുറിച്ചും പ്രതിപാദിക്കുന്ന അദൈ്വതീയ ശാസ്‌ത്രമാണ്‌ രാമായണം.

**** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW