Wednesday, October 17, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 03.20 PM

അടുക്കള രുചികള്‍ അല്‍പ്പം വ്യത്യസ്തമാക്കാന്‍ ഉണക്കമീന്‍ വിഭവങ്ങള്‍

uploads/news/2018/07/236158/MdmCokry250718.jpg

''ഉണക്കമീന്‍ കൊണ്ട് ടേസ്റ്റിയായ പല നാടന്‍ കറികളും തയാറാക്കാം. അടുക്കള രുചികള്‍ അല്‍പ്പം വ്യത്യസ്തമാക്കാന്‍ ഇനി ഉണക്കമീന്‍ ഒന്നു പരീക്ഷിച്ചുനോക്കൂ...''

ഉണക്ക അയലയും ചേമ്പും തേങ്ങാ അരച്ചുകറി


ആവശ്യമുള്ള സാധനങ്ങള്‍
ഉണക്ക അയല വൃത്തിയാക്കിയത് - 10 എണ്ണം
വെള്ളം - 1 1/2 കപ്പ്
ചേമ്പ് തൊലികളഞ്ഞ് നാലായി മുറിച്ചത് - ഒരെണ്ണം വലുത്
ഉപ്പ് - പാകത്തിന്
പച്ചമുളക് കീറിയത് - 4 എണ്ണം
കുടംപുളി രണ്ടായി കീറിയത് - 4 കഷണം (അല്‍പ്പം വെള്ളത്തിലിട്ടുവയ്ക്കുക)
തേങ്ങ - 11/2 കപ്പ്
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി - 4 അല്ലി
ചുവന്നുള്ളി - 2 അല്ലി
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍
ചുവന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് - 3 എണ്ണം
കറിവേപ്പില - പാകത്തിന്

തയാറാക്കുന്ന വിധം


മീന്‍ വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ച് പത്ത് മിനിറ്റ് വെള്ളത്തിലിട്ടുവയ്ക്കുക. അയലയും കുടംപുളിയും പച്ചമുളക് കീറിയതും പാകത്തിന് ഉപ്പും വെള്ളവും ഒരുമിച്ച് ചേര്‍ത്ത് അടുപ്പില്‍ വച്ച് വേവിക്കുക. ചെമ്മീന്‍ മുക്കാല്‍ വേവാകുമ്പോള്‍ അതിലേക്ക് ചേമ്പ് ചേര്‍ത്ത് വേവിച്ചെടുക്കാം. തേങ്ങ, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ചുവന്നുള്ളി ഇവ ഒരുമിച്ച് അരയ്ക്കുക. മീനും ചേമ്പും പാകത്തിന് വെന്തുകഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് സാവധാനം ഇളക്കുക. ആവശ്യമെങ്കില്‍ മാത്രം ഉപ്പ് ചേര്‍ക്കുക. ചാറ് കൂടുതല്‍ വേണമെന്നുണ്ടെങ്കില്‍ അല്‍പ്പം വെള്ളംകൂടി ഒഴിച്ച് ഇളക്കി ചൂടാക്കുക. അരപ്പ് തിളയ്ക്കുന്നതിന് തൊട്ടു മുന്‍പ് അടുപ്പില്‍നിന്ന് വാങ്ങി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ചുവന്നുള്ളി ചേര്‍ത്ത് മൂപ്പിച്ച ശേഷം കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക. ഇത് അയലക്കറിയില്‍ ഒഴിച്ച് ചെറുതായി ഇളക്കി വയ്ക്കുക. ചൂടോടെ ചോറിനൊപ്പം വിളമ്പാം.

ഉണക്കച്ചെമ്മീന്‍ ചമ്മന്തി


ആവശ്യമുള്ള സാധനങ്ങള്‍
ഉണക്ക ചെമ്മീന്‍ - 2 കപ്പ്
തേങ്ങ ചിരകിയത് - ഒരെണ്ണത്തിന്റെ പകുതി
വറ്റല്‍മുളക്്- 5 എണ്ണം
ഉപ്പ് - പാകത്തിന്
ചെറിയ ഉള്ളി വൃത്തിയാക്കിയത് - 10 എണ്ണം
കറിവേപ്പില - 4 തണ്ട്
മുളകുപൊടി - കുറച്ച്
വാളന്‍പുളി - ഒരു നെല്ലിക്കാ വലിപ്പം

തയാറാക്കുന്ന വിധം


ചീനച്ചട്ടി ചൂടാക്കി ഉണക്ക ചെമ്മീനും വറ്റല്‍മുളകും ചെറിയ ഉള്ളിയും മൂപ്പിച്ചെടുക്കുക. ചെമ്മീനിന്റെ വാലും തലയും കളഞ്ഞ് മാറ്റി വയ്ക്കുക. ചെമ്മീന്‍ ഒഴികെ മറ്റെല്ലാ ചേരുവകളും ഒന്നിച്ച് നന്നായി വെള്ളം തൊടാതെ അരച്ചെടുക്കുക. ശേഷം ചെമ്മീന്‍ ചേര്‍ത്ത് അരച്ചുയോജിപ്പിച്ചെടുക്കാം. മീന്‍ അധികം പൊടിഞ്ഞുപോകാതെവേണം അരയ്ക്കാന്‍. ചോറിനും കഞ്ഞിക്കുമൊപ്പം വിളമ്പാവുന്നതാണ്.
uploads/news/2018/07/236158/MdmCokry250718a.jpg

ഉണക്കമീന്‍ തോരന്‍


ആവശ്യമുള്ള സാധനങ്ങള്‍
ഉണക്കമീന്‍ - 1/2 കിലോ
ചെറിയ ഉള്ളി വൃത്തിയാക്കിയത് - ഒരു കപ്പ്
തേങ്ങ ചിരകിയത് - 1 1/2 കപ്പ്
മുളകുപൊടി - 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
പച്ചമുളക് - 3 എണ്ണം
വെളുത്തുള്ളി - 8 അല്ലി
കറിവേപ്പില - 2 തണ്ട്
ഉപ്പ് - പാകത്തിന്
കുടംപുളി - രണ്ട് കഷണം (അല്‍പ്പം വെള്ളത്തിലിട്ടുവയ്ക്കുക.)
എണ്ണ - ആവശ്യത്തിന്
കടുക് - ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഉണക്കമീന്‍ ചെറിയ കഷണങ്ങളാക്കി മാറ്റിവയ്ക്കുക. തേങ്ങ, മുളകുപൊടി, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, കറിവേപ്പില ഇവ ഒരുമിച്ച് ചതച്ചെടുക്കുക. ചീനച്ചട്ടിയില്‍ കടുക് താളിച്ച് അതിലേക്ക് മീനും അരപ്പും പുളിപിഴിഞ്ഞ വെള്ളവും ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റിയ ശേഷം വാങ്ങിവയ്ക്കാം.

ഉണക്ക ചെമ്മീന്‍ ചക്കക്കുരുമാങ്ങാക്കറി


ആവശ്യമുള്ള സാധനങ്ങള്‍
ഉണക്ക ചെമ്മീന്‍ - 200 ഗ്രാം
ചക്കക്കുരു കനംകുറച്ച് നീളത്തില്‍ അരിഞ്ഞത് - 100 ഗ്രാം
വെള്ളം - 11/2 കപ്പ്
മാങ്ങ കനംകുറച്ച് നീളത്തില്‍ അരിഞ്ഞത് - 100 ഗ്രാം
തേങ്ങ ചിരകിയത് - 11/2 കപ്പ്
മഞ്ഞള്‍പ്പൊടി - 2 ടീസ്പൂണ്‍
മുളകുപൊടി - 4 ടീസ്പൂണ്‍
മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
വെളുത്തുള്ളി - 5 എണ്ണം
ചുവന്നുള്ളി - 4 എണ്ണം
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍ (താളിക്കാന്‍)
കടുക് - 2 ടീസ്പൂണ്‍
ചുവന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


തേങ്ങ, മുളകുപൊടി, മല്ലിപ്പൊടി, വെളുത്തുള്ളി, ചുവന്നുളളി ഇവ ചേര്‍ത്ത് ഉലത്തി അരയ്ക്കുക. ഉണക്ക ചെമ്മീനും ചക്കക്കുരു കനം കുറച്ച് അരിഞ്ഞതും അല്‍പ്പം വെള്ളമൊഴിച്ച് വേവിക്കുക. ചക്കക്കുരു വേവാകുമ്പോള്‍ മാങ്ങ ചേര്‍ക്കുക. മാങ്ങ വെന്തുകഴിയുമ്പോള്‍ അരപ്പും അല്‍പ്പം വെള്ളവും ചേര്‍ത്ത് ഇളക്കി ചൂടാക്കുക. അരപ്പ് തിളയ്ക്കുന്നതിനുമുന്‍പ് വാങ്ങി വയ്ക്കാം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതില്‍ കടുകിട്ട് പൊട്ടിക്കുക. ചുവന്നുള്ളി ചേര്‍ത്ത് മൂക്കുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക. ഇത് അരപ്പ് ചേര്‍ത്ത് വേവിച്ച ഉണക്ക ചെമ്മീന്‍ കറിയിലൊഴിച്ച് ചെറുതായി ഇളക്കി വയ്ക്കുക. ആവശ്യമെങ്കില്‍ മാത്രം അല്‍പ്പം ഉപ്പ് ചേര്‍ക്കാം.
uploads/news/2018/07/236158/MdmCokry250718b.jpg

ഉണക്കമീന്‍ മസാല


ആവശ്യമുള്ള സാധനങ്ങള്‍
ഉണക്ക തെരണ്ടി - 1/2 കപ്പ്
തേങ്ങ ചിരകിയത് - 1/2 കപ്പ്
ചുവന്നുള്ളി - 10 എണ്ണം (നീളത്തില്‍ അരിഞ്ഞത് )
കറിവേപ്പില - 2 തണ്ട്
സവാള - ഒരെണ്ണം (നീളത്തില്‍ അരിഞ്ഞത്)
തക്കാളി - ഒരെണ്ണം (ചെറിയ ചതുര കഷണങ്ങളായി മുറിച്ചത്)
ഇഞ്ചി - ഒരു ചെറിയ കഷണം (നീളത്തില്‍ അരിഞ്ഞത്)
പച്ചമുളക് - 3 എണ്ണം (നീളത്തില്‍ മുറിച്ചത്)
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
മീന്‍ മസാല - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 3 തണ്ട്
വെള്ളം - 1/2 കപ്പ്
പുളി - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ഉണക്കമീന്‍ കഴുകി അല്‍പ്പസമയം വെള്ളത്തിലിട്ടുവയ്ക്കുക.
ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. ശേഷം സവാള, തക്കാളി, ഇഞ്ചി, പച്ചമുളക് ഇവ ചേര്‍ത്ത് വഴറ്റി അതിലേക്കു പൊടികള്‍ ചേര്‍ത്ത് വെള്ളവും ഒഴിച്ച് മൂടി വേവിക്കുക. വെന്തശേഷം തേങ്ങയും ചു വന്നുള്ളിയും ഒന്നിച്ച് അരച്ച് ആവശ്യമെങ്കില്‍ കുറച്ച് വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ പുളി വെള്ളം ഒഴിക്കുക. ശേഷം മീന്‍ കഷണങ്ങളിടാം. മീന്‍ വെന്തശേഷം അടുപ്പില്‍നിന്നിറക്കി വിളമ്പാം.

ഉണക്കമീന്‍ ചേനകറി


ആവശ്യമുള്ള സാധനങ്ങള്‍
ചേന - 1/4 കിലോ (തൊലികളഞ്ഞ് നീളത്തില്‍ ചെറിയ കഷണങ്ങളാക്കിയത്)
ഉണക്കച്ചെമ്മീന്‍ - 50 ഗ്രാം
കുടംപുളി - ഒരു കഷണം
മുളകുപൊടി - 1 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ഉപ്പ് - പാകത്തിന്
പച്ചമുളക് കീറിയത് - 4 എണ്ണം
കറിവേപ്പില - 2 തണ്ട്
തേങ്ങ ചിരകിയത് - ഒരെണ്ണം
കടുക് - ഒരു ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി ചെറുതായി അരിഞ്ഞത് - 4 എണ്ണം
വറ്റല്‍ മുളക്- 2 എണ്ണം

തയാറാക്കുന്ന വിധം


ഉണക്ക ചെമ്മീന്‍ തലയും വാലും നുള്ളി മാറ്റിവയ്ക്കുക. ചീനച്ചട്ടി ചൂടാക്കി ചെമ്മീന്‍ വറുത്തെടുക്കാം. ശേഷം ചതച്ചെടുക്കാം. മണ്‍ ചട്ടിയില്‍ ചേനയും മഞ്ഞള്‍പ്പൊടിയും ഉപ്പും അല്‍പ്പം വെള്ളവും ചേര്‍ത്ത് ചേന വെന്തുവരുമ്പോള്‍ ചെമ്മീനും മുളകുപൊടിയും ചേര്‍ത്തിളക്കി അടുപ്പില്‍ വച്ച് തിളയ്ക്കുമ്പോള്‍ പുളി ചേര്‍ത്ത് വേവിക്കണം. വെന്ത് പാകമാകുമ്പോള്‍ തേങ്ങ അരച്ച് ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കുക. കറി തിളയ്ക്കരുത്.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും ചുവന്നുള്ളിയും വറ്റല്‍മുളകും ചേര്‍ത്ത് മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക.
uploads/news/2018/07/236158/MdmCokry250718c.jpg

ഉണക്കമീന്‍ അച്ചാര്‍


ആവശ്യമുള്ള സാധനങ്ങള്‍
ഉണക്ക സ്രാവ് ചെറിയ കഷണങ്ങളാക്കിയത് - 1/2 കിലോ
മുളകുപൊടി - 1 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ഇഞ്ചി - ഒരു ചെറിയ കഷണം (നീളത്തില്‍ അരിഞ്ഞത്)
വെളുത്തുളളി - 1/4കപ്പ് (നീളത്തില്‍ അരിഞ്ഞത്)
ഉലുവ - 1/2 ടീസ്പൂണ്‍
വിനാഗിരി - ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
എണ്ണ - ആവശ്യത്തിന്
വെളളം - പാകത്തിന്

തയാറാക്കുന്ന വിധം


മീന്‍ കഷണങ്ങള്‍ കഴുകി വൃത്തിയാക്കി വെള്ളം വാര്‍ന്ന ശേഷം വെളിച്ചെണ്ണ ചൂടാക്കി വറുത്തെടുക്കുക. ഒരു ചീനച്ചട്ടിയില്‍ അല്‍പ്പം എണ്ണയൊഴിച്ച് ചൂടാക്കി കടുകും ഉലുവയും പൊട്ടിച്ച് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ത്ത് വഴറ്റുക. മൂത്തുതുടങ്ങുമ്പോള്‍ മുളകുപൊടി ചേര്‍ത്ത് വീണ്ടും മൂപ്പിക്കുക. ശേഷം ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കാം. പാകമാകുമ്പോള്‍ അടുപ്പില്‍നിന്നിറക്കി വയ്ക്കാം. ഇതിലേക്ക് വിനാഗിരി ചേര്‍ത്തിളക്കി തണുക്കുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കാം.

ഉണക്കമീന്‍ ചതച്ചത്


ആവശ്യമുള്ള സാധനങ്ങള്‍
മുള്ളില്ലാത്ത ഉണക്കമീന്‍ ഏതെങ്കിലും - 100 ഗ്രാം
പച്ചമുളക് - 3 എണ്ണം (അല്ലെങ്കില്‍ മുളകുപൊടി ചേര്‍ത്തും തയാറാക്കാം.)
ചെറിയ ഉള്ളി - 10 എണ്ണം (എണ്ണയില്‍ മൂപ്പിച്ചത്)
ഇഞ്ചി - ഒരു ചെറിയ കഷണം
തേങ്ങ ചിരകിയത് - ഒരെണ്ണത്തിന്റെ പകുതി
ഉപ്പ് - ആവശ്യമെങ്കില്‍

തയാറാക്കുന്ന വിധം


തേങ്ങയും മീനും കല്ലില്‍ വച്ച് ചതച്ചെടുത്തശേഷം ബാക്കി എല്ലാ ചേരുവകളും അതോടൊപ്പം ചതച്ച് ഒരുമിച്ച് യോജിപ്പിച്ചെടുക്കാം. ചോറിനും കപ്പ പുഴുങ്ങിയതിനുമൊപ്പം കഴിക്കാവുന്നതാണ്.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Ads by Google
Loading...
TRENDING NOW